വിവേകത്തിൻറെയും മതനിരപേക്ഷതയുടെയും നല്ല ചരിവ്‌

0
160

Karthik Hariharan

വിവേകത്തിൻറെയും മതനിരപേക്ഷതയുടെയും നല്ല ചരിവ്‌

രോഗികളുടെ എണ്ണം പ്രതിദിനം കുത്തനെ ഉയരുമ്പോൾ ഉണ്ടാകുന്ന കുത്തനെ ചരിഞ്ഞ ഗ്രാഫ് സാധ്യമായതിൻറെ പരമാവധി രോഗവ്യാപനത്തിൻറെ വേഗത കുറച്ച് പരമാവധി പരന്ന ഗ്രാഫ് ആക്കലാണ്(flattening the curve) ഒരേയൊരു വിജയസാധ്യത. അതിൽ കേരളം ഇറ്റലിയെയും മൊത്തത്തിൽ ഇന്ത്യയെയും ഒരുപാട് പിന്നിലാക്കിയിരിക്കുന്നു. മാർച്ച്‌ 25 മുതൽ ഇന്നലെവരെയുള്ള 17 ദിവസത്തെ അടച്ചുപൂട്ടലിൽ പ്രതിദിന രോഗവ്യാപനത്തിൻറെ തോത് കേരളത്തിൽ തുടർച്ചയായി 3 ശതമാനത്തിനടുത്തെത്തുന്നു. അങ്ങനെയാണ് ഓരോ ദിവസവും കേരളത്തിൽ ഡിസ്‌ചാർജ് ആവുന്ന രോഗികളുടെ എണ്ണം പുതുതായി രോഗികളാവുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാകുന്ന അവസ്ഥ ഉണ്ടാകുന്നത്.

മാർച്ച് 9 ന് അടച്ചുപൂട്ടൽ ആരംഭിച്ച ഇറ്റലിയിൽ പോലും സമാനമായി അടച്ചിട്ട ആദ്യത്തെ 17 ദിവസങ്ങൾക്കൊടുവിലും പ്രതിദിനം പുതുതായി രോഗികളാവുന്നവരുടെ എണ്ണം പിറ്റേദിവസത്തേതിന്റെ 10 ശതമായിരുന്നു. അവിടെയാണ് അസാധ്യമെന്ന് തോന്നുന്ന നേട്ടം കേരളം കൈവരിച്ചത്. എന്നാൽ ദേശീയതലത്തിൽ നോക്കിയാൽ ലോക്ക് ഔട്ട് തുടങ്ങിയ ദിവസം 15 % വച്ച് രോഗികളുടെ എണ്ണം കൂടിയെങ്കിൽ കണക്ക് ലഭ്യമായ പതിനേഴാം ദിവസവും അതേ അളവിൽ രോഗികളുടെ എണ്ണം കൂടുകയാണ് എന്നതാണ് സ്ഥിതി. അതുകൊണ്ട് ഉത്തരേന്ത്യയിലെ ആളുകൾക്ക് നാലുമണിക്കൂറിനു മുന്നെമാത്രം ലഭിച്ച ലോക്ക് ഔട്ട് അറിയിപ്പിൻറെ അടിസ്ഥാനത്തിൽ ഉണ്ടായ രാജ്യം വിഭജനത്തിനുശേഷം കണ്ട ഏറ്റവും വലിയ കൂട്ടപ്പലായനത്തിന്റെ ഫലം ഇനി പ്രവചനാതീതമാണ്.

ഈ സാഹചര്യത്തിൽ കേരളത്തിൽ ഇനി എന്തുവേണം,ഏതെല്ലാം മേഖലകളിൽ ഇളവുവേണമെന്ന ഉചിതമായ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനാണ് ഉണ്ടാവേണ്ടത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിനിടെ നിശ്ചലമായ കേരളത്തിലെ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്ന രീതിയിലുള്ള ഇളവുകളാണ് ഇനി ഇവിടെ വേണ്ടത്. കോവിഡിനെ ശ്രദ്ധിക്കേണ്ട സമയത്ത് പൗരത്വമില്ലാത്തവരെ കണ്ടെത്തി പുറത്താക്കുന്നതിൽ ശ്രദ്ധകൊടുത്തവർ അതിനുള്ളത് അനുഭവിക്കേണ്ടിവരുന്നത് കേരളവും കൂടെ അനുഭവിക്കേണ്ട കാര്യമില്ല.