Share The Article

എഴുതിയത്  : Karthik Sasi

ഞാൻ ചെഗുവേരയേ ഇഷ്ടപ്പെടുന്നു. ഏർണെസ്റ്റോ റാഫേൽ ഗുവേരയിൽ നിന്നും ചേയിലേക്കുള്ള പ്രയാണം നാം അറിയണം.ഗറില്ലാ വാർഫെയറും, ദി ആഫ്രിക്കൻ ഡ്രീമും, ബൊളീവിയൻ ഡയറിയും, മോട്ടോർ സൈക്കിൾ ഡയറിയും ഒക്കെ വായിച്ചത് കൊണ്ട് മാത്രമല്ല. ഒരിക്കലും അത് പോലൊരാൾ ആകാൻ പലർക്കും സാധിക്കില്ല എന്ന തിരിച്ചറിവ് കൂടി കൊണ്ട് തന്നെയാണ്.കഞ്ചാവ് കടിച്ചു പിടിച്ചിരിക്കുന്ന, ലഹരിയെ പ്രണയിച്ച ഒരു മനുഷ്യൻ എന്ന് മാത്രം പലരും കാണുന്നത് ചെഗുവേരയേ അറിയാൻ ശ്രമിക്കാത്തത് കൊണ്ടാണ്.

പ്രത്യയ ശാസ്ത്ര പരമായ എതിർപ്പുകൾ ആകാം, ആകണം,പക്ഷേ അധികാരത്തിന്റെ ചെങ്കോലും, കിരീടവും ഉള്ളം കയ്യിലേക്ക് വരുമായിരുന്നിട്ടും അതെല്ലാം ഉപേക്ഷിച്ചു കൊണ്ട് ആശയ പോരാട്ടങ്ങൾക്കായി ഇറങ്ങി തിരിച്ച മനുഷ്യരുടെ എണ്ണം ചരിത്രത്തിൽ തന്നെ വിരലിൽ എണ്ണാവുന്നവർ മാത്രമേയുള്ളൂ.കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഭരണാധികാരികൾ കാലക്രമേണ സ്വേച്ഛാധിപതികൾ ആകുന്ന ഒരായിരം ഉദാഹരണങ്ങൾ ഉള്ളപ്പോൾ അത് കൊണ്ട് തന്നെ ചെഗുവേര ഒരു യഥാർഥ കമ്മ്യൂണിസ്റ്റ് ആകുന്നു.

സമ്പത്ത് കുന്നോളം സമ്പാദിക്കാൻ ഉള്ള എല്ലാ അവസരവും ഉണ്ടായിട്ടും, സമ്പത്ത് ലഹരിയായി കാണാതെ ഇരുന്ന അയാൾ ശരിയായ വിപ്ലവകാരി ആകുന്നു.അന്നത്തെ കാലത്ത് ഡോക്ടർ ആയ ആ മനുഷ്യന് പോരാട്ടത്തിന്റെ വഴികൾ തിരഞ്ഞെടുക്കുവാൻ കഴിഞ്ഞുവെങ്കിൽ അതെനിക്കോ, നിങ്ങൾക്കോ കഴിയാത്ത ഇടത്തോളം അയാൾ ത്യാഗിയാണ്.അമേരിക്കയേയും, അതിന്റെ സാമ്രാജ്യത്വ നയങ്ങളേയും അവരുടെ ഉഗ്രപ്രതാപ കാലഘട്ടത്തിൽ വെല്ലുവിളിക്കാൻ കഴിഞ്ഞുവെങ്കിൽ അയാൾ ധീരനുമാണ്…..

ചെഗുവേരയുടെ സാമ്പത്തിക തത്വ ശാസ്ത്രങ്ങളേ അപ്രായോഗികവും, ഭ്രാന്തവും ആയി കാണാം, പക്ഷേ ആത്യന്തികമായി മനുഷ്യർ അവരെ കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ എന്ന മാനുഷിക യാഥാർഥ്യം അറിയാതെ പോയ ചെഗുവേരയുടെ മാനസിക ശാസ്ത്ര പഠനത്തിന്റെ അപര്യാപ്തത ആയേ അതിനെ വിലയിരുത്താൻ കഴിയൂ.ഇന്ന് ചേ എന്ന് പറയുന്നവരും, ടീ ഷർട്ട് ഇടുന്നവരും, സഖാവേ എന്ന് വിളിക്കുന്നവരും ആയവരിൽ എത്രത്തോളം പേർ ശരിയായ ചെഗുവേരയേ അറിയുന്നു എന്നതും സംശയമാണ്.

നമ്മുടെ രാജ്യത്തിൽ എത്രയോ മഹാന്മാർ ഉണ്ട് പിന്നെ എന്തിന് ചെഗുവേര എന്ന് ചോദിക്കുന്നതിൽ ഒരു യുക്തി കുറവുണ്ട്. ഏത് ആശയത്തിന്റേയും പ്രചാരകർ ഒരു മുള്ള് വേലിക്കുള്ളിലും ഒതുങ്ങുന്നില്ല,അവരെ പല ഇടങ്ങളിലും ഉള്ളവർ അംഗീകരിക്കുകയും ചെയ്യും.അല്ലെങ്കിൽ ഇന്ത്യയിൽ പിറന്ന ഗാന്ധിജിയ്ക്ക് എങ്ങനെ ലോകം മുഴുവൻ ആരാധകർ ഉണ്ടാകും.ജീസസിന്റേയും, മുഹമ്മദ് നബിയുടേയും പിൻഗാമികൾ എങ്ങനെ ലോകത്ത് മുഴുവൻ ഉണ്ടായി.കാൾമാർക്‌സും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ മാത്രമേ ഒതുങ്ങാവൂ എന്ന് ആര് വാദിച്ചാലും നടക്കില്ലല്ലോ? അത് കൊണ്ട് തന്നെ ചെഗുവേരയ്ക്കെന്താ ഈ വീട്ടിൽ കാര്യം എന്ന് ചോദിക്കുന്നത് തികച്ചും ബാലിശമാണ്.

സംവാദങ്ങൾ ആകാം, വിമർശനങ്ങളും പക്ഷേ അത് ഒരാളെ മനസ്സിലാക്കാതെ കാടടച്ചുള്ള വ്യക്തിഹത്യ ആകരുത്, പ്രത്യേകിച്ച് ലോകം മുഴുവൻ അധികാരവും, സമ്പത്തും ലഹരിയായി കാണുന്നവർ പെരുകുമ്പോൾ അതിൽ നിന്ന് മാറി നടന്ന ചെഗുവേരയേ പോലുള്ളവരോട്. ചെഗുവേരയുടെ ഓർമകൾക്ക് അഭിവാദ്യങ്ങൾ.

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.