ചാവേറും അശാന്തിയും

1357

 

കാശ്മീരിലെ പുൽവാമജില്ലയിൽ സൈനികവാഹനവ്യൂഹത്തിനു നേരെനടന്ന ചാവേറാക്രമണം (14-02-2019) അത്യന്തം ഹീനമായ ഒന്നുതന്നെയാണ്. മരിച്ച സൈനികർക്കു ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ചിലതുപറയേണ്ടത് അത്യാവശ്യമായിവന്നിരിക്കുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ ചാവേറാക്രമണത്തിന് രാജ്യം സാക്ഷ്യംവഹിച്ചിരിക്കുന്നു. കഴിഞ്ഞ മുപ്പതുവർഷത്തിനിടെ കാശ്മീരിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണം. ഇറാഖിലും സിറിയയിലും അഫ്‌ഗാനിലും പാകിസ്താനിലും ശ്രീലങ്കയിലും ….ഒക്കെ ലോകം കണ്ടുശീലിച്ച ഇത്തരം അക്രമങ്ങൾ ചില അലംഭാവങ്ങൾ കൊണ്ട് നമ്മുടെ രാജ്യത്തിലും സംഭവിക്കുമ്പോൾ രാജ്യസുരക്ഷയോർത്തു  ഓരോ പൗരനും മുൾമുനയിൽ നിൽക്കേണ്ടിവരുന്നു. സ്റ്റേറ്റിന്റെ പിടിപ്പുകേടുകൾ കൊണ്ട് ആയിരക്കണക്കിന് സൈനികരും പൗരന്മാരും ഇതിനോടകം ബലിയർപ്പിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ബാഹ്യവും ആഭ്യന്തരവുമായി രാജ്യസുരക്ഷ വെല്ലുവിളിയിലെന്ന് സദാസമയവും ഉദ്‌ബോധനം നടത്തുകയും അതിനൂതനമായ സുരക്ഷാസംവിധാനങ്ങൾക്കു കോടികൾ മുടക്കുകയും ചെയ്യുന്ന സർക്കാരിന് ഇക്കാര്യത്തിൽ അത്രവേഗം കൈഴുകാൻ സാധിക്കില്ല. തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ പതിവായി കണ്ടുവരുന്ന ഇത്തരം ഹീനമായആക്രമണങ്ങൾ സ്വബോധത്തോടെ ചിന്തിക്കുന്നവരിൽ അനവധി സംശയങ്ങളും ജനിപ്പിക്കുന്നു.

സ്വന്തംജീവൻ നഷ്ടപ്പെടുത്തിക്കൊണ്ടു തന്റെ പ്രസ്ഥാനത്തിനുവേണ്ടിയോ ലക്ഷ്യങ്ങൾക്കുവേണ്ടിയോ അക്രമങ്ങൾ നടത്തുന്നവരെയാണ് സാധാരണഗതിയിൽ വർത്തമാനകാലത്തിൽ നമ്മൾ ചാവേറുകൾഎന്ന് വിളിക്കുന്നത്. എന്നാൽ ചാവേർ എന്ന വാക്കിനും അതുനൽകുന്ന ആശയത്തിന്റെ പ്രയോഗികതയ്ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. രാജാക്കന്മാരുടെ സൈന്യത്തിൽ ചാവേറുകൾ ഉണ്ടായിരുന്നത്രെ. യുദ്ധത്തിന് അണിനിരക്കുമ്പോൾ മുന്നണിയിൽ സ്ഥാനമുറപ്പിക്കുകയും രാജാക്കന്മാരെയും മറ്റു പ്രമുഖരെയും കാത്തുരക്ഷിക്കുകയും ചെയ്യുന്നവരെ ചാവേർ എന്ന് വിളിച്ചിരുന്നു. എതിരാളികളുടെ സൈനികസംവിധാനങ്ങളെ വിമാനം ഇടിച്ചുകയറ്റി നശിപ്പിക്കുന്ന യുദ്ധതന്ത്രം ജാപ്പനീസ് സൈന്യത്തിലെ വൈമാനികർ രണ്ടാംലോകമഹായുദ്ധകാലത്തു പ്രകടിപ്പിച്ചിരുന്നു. ഇത്തരം അക്രമങ്ങളെ വളരെ മഹത്തരമായി അവർ കണക്കാക്കിയിരുന്നു. ‘കാമികാസി’ എന്നാണ് ആ പോരാട്ടമുറ അറിയപ്പെട്ടിരുന്നത്.

ചാവേർ ആദിൽ അഹമ്മദ്

പന്ത്രണ്ടുവർഷത്തിലൊരിയ്ക്കൽ നടന്ന അതിപ്രശസ്തമായ ആഘോഷമായ മാമാങ്കത്തെ കുറിച്ചുകേട്ടിട്ടില്ലാത്ത ഒരു കേരളീയനും ഉണ്ടാകില്ല. എന്നാൽ ആഘോഷമെന്ന് പറയുമെങ്കിലും രക്തരൂക്ഷിതമായിരുന്നു ആ ഉത്സവം . കേരളത്തിന്റെ ചരിത്രത്തിൽത്തന്നെ ചാവേറുകൾ എന്ന വിഭാഗത്തെക്കുറിച്ചു ആദ്യമായി പ്രതിപാദിക്കുന്നത് മാമാങ്കത്തെക്കുറിച്ചുള്ള രേഖകളിലാണ്. തന്നെ ആർക്കുവേണമെങ്കിലും വധിക്കാമെന്ന് ഭരണാധികാരിയായ സാമൂതിരി അനുവാദം നല്കിയിരുന്നു. സാമൂതിരിയെ സംരക്ഷിക്കുന്ന ആയിരക്കണക്കിന് സൈനികരെ നിഷ്പ്രഭമാക്കിവേണം അതുചെയ്യേണ്ടത്. ഇത്തരം വൻസുരക്ഷയെ മറികടന്നു ആ പ്രവർത്തി ആരും വിജയിപ്പിച്ചതായി ചരിത്രംപറയുന്നില്ല. എന്നാൽ കുടിപ്പകകൾ കാരണം ആ വെല്ലുവിളി ഏറ്റെടുത്തു ചാവേറുകളെ നിയോഗിക്കാൻ പലരും പലകാലത്തിലും ശ്രമിച്ചിരുന്നു. ഫലമോ സാമൂതിരിയുടെ ഭടന്മാരാൽ അവരെല്ലാം വധിക്കപ്പെടും. പ്രാർത്ഥനയുടെയും വ്രതങ്ങളുടെയും അചാരാനുഷ്ഠാനങ്ങൾ പാലിച്ചാണ് ചാവേർഭടന്മാർ പോരിനുപോയി സ്വന്തംജീവനെ മറ്റുള്ളവരുടെ വാൾമുനകളിൽ കുരുതികൊടുത്തുകൊണ്ടിരുന്നത്. ചാവേർത്തറയിൽ നിന്നായിരുന്നു ചാവേഭടന്മാരെ അയച്ചിരുന്നത്. മലപ്പുറംജില്ലയിലെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ചാവേർത്തറ വളരെ പ്രശസ്തമാണ്.

കാലംമാറി ചാവേറുകളുംമാറി. ആക്രമണതന്ത്രങ്ങളും ആയുധങ്ങളുംമാറി. ഭീകരസംഘടനകൾ മുതൽ രാഷ്ട്രങ്ങൾ വരെ ചാവേറുകളെ യഥേഷ്ടം ഉപയോഗിക്കുന്നു.വൻസുരക്ഷകൾ തീർക്കുന്ന ചക്രവ്യൂഹങ്ങളെ അനായാസം ഭേദിക്കുന്നു. തീഗോളങ്ങളാകുന്നു .അഭിമന്യുവിനെ പോലെ ചക്രവ്യൂഹങ്ങൾക്കുള്ളിൽ തന്നെ സ്വയമൊടുങ്ങുന്നു. വ്യാപ്തിയുള്ള സ്ഫോടനങ്ങളിലൂടെ ലക്ഷ്യങ്ങൾക്കു പുറമെ നാശനഷ്ടങ്ങളുടെ ബോണസും പലിശയും നേടുന്നു. ഏതൊരു സുരക്ഷാസംവിധാനങ്ങളും ഇവിടെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരാകുന്നു.  മരിക്കാൻ തുനിഞ്ഞിറങ്ങുന്നവനെ നേരിടുക അത്രമേൽ പ്രയാസം തന്നെ. അതുകൊണ്ടുതന്നെ ചാവേറുകൾ നിസ്സാരക്കാരല്ല. സ്വന്തംജീവൻ തൃണവത്ഗണിച്ചു ലക്ഷ്യത്തിനുവേണ്ടി പോരാടുക എന്നതിന് അപാരമായ ധൈര്യംവേണം. അവരുടെ ലക്ഷ്യത്തിന്റെ തെറ്റുശരികൾ നിർവ്വചിക്കപ്പെടുക എന്നത് തികച്ചും ആപേക്ഷികമായ ഒന്നാണ്.

പുൽവാമ ചാവേർ ആക്രമണം

ലോകത്തെ അനവധി ഭരണാധികാരികൾ ചാവേറാക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുത്തൂരിൽ നടന്ന ചാവേറാക്രമണത്തിൽ മുൻപ്രധാനമന്ത്രി ശ്രീ.രാജീവ്ഗാന്ധി വധിക്കപ്പെട്ടത് ഏതൊരു ഇന്ത്യക്കാരനും ഹൃദയവേദനയോടെ ഓർക്കുന്നുണ്ടാകും. ലങ്കൻ ഭരണാധികാരിയായിരുന്ന പ്രേമദാസയും ഇത്തരത്തിലാണ് കൊല്ലപ്പെട്ടത്. അനവധി പ്രമുഖർക്കുനേരെ നടന്ന അക്രമങ്ങളെ  പരാജയപ്പെടുത്തിയെങ്കിലും അവയിലൊക്കെ മരിച്ചൊടുങ്ങിയതും ഒരർത്ഥത്തിൽ സുരക്ഷാഭടന്മാർ അല്ലെങ്കിൽ ജനങ്ങൾതന്നെയാണ്. അറിഞ്ഞോഅറിയാതെയോ രാഷ്ട്രത്തിനുവേണ്ടി ബലിയർപ്പിക്കപ്പെടുന്ന ഇവരും  ഒരർത്ഥത്തിൽ ‘ചാവേറു’കൾ തന്നെയാണ്. അമേരിക്കയിൽ 2001 സെപ്തംബർ പതിനൊന്നിന് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ലോകവ്യാപാരകേന്ദ്രത്തിനു നേരെനടന്ന ചാവേറാക്രമണം ആ വലിയ രാഷ്ട്രത്തിന്റെ താളംതന്നെ തെറ്റിച്ചു. അവരുടെ വിദേശനയങ്ങൾ പൊളിച്ചെഴുതാനും കാരണമായി. അതുവഴി ലോകക്രമത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കപ്പെടുകയും അധിനിവേധം കൂടുതൽ ശക്തമാകുകയും ചെയ്തു.

ആധുനികലോകത്തിലെ ഏറ്റവും പഴക്കമേറിയ തർക്കവിഷയങ്ങളിൽ ഒന്നായ കാശ്മീർപ്രശ്നം രണ്ടുരാജ്യങ്ങളുടെ സ്വസ്ഥത  നശിപ്പിക്കാൻ തുടങ്ങിയിട്ട് ഏഴു ദശാബ്ദത്തിലേറെയായി. ബ്രിട്ടിഷ് ഭരണകാലത്ത് മഹാരാജാ ഹരിസിംഗിന്റെ കീഴിലെ ഒരു നാട്ടുരാജ്യമായിരുന്നു ജമ്മുകശ്മീർ. സ്വാതന്ത്ര്യാനന്തരം ഒരു രാജ്യത്തിലും ലയിക്കാതെ നിലകൊണ്ടെങ്കിലും 1947 ഒക്ടോബറിൽ നടന്ന പാകിസ്താന്റെ കൈയേറ്റത്തോടെ ഇന്ത്യയിൽ ലയിക്കുവാൻ രാജാവ് തീരുമാനിച്ചു പക്ഷെ യുദ്ധാനന്തരം ഇന്ത്യയിലും പാകിസ്താനിലുമായി കശ്മീർ വിഭജിക്കപ്പെടുകയുണ്ടായി.

മതപരമായ കാരണംനിർത്തി പാകിസ്ഥാനും ചരിത്രപരമായ കാരണം നിരത്തി ഇന്ത്യയും അവകാശവാദം കടുപ്പിക്കുമ്പോൾ കഷ്ടത്തിലായതു ആ സംസ്ഥാനത്തിലെ ജനങ്ങളാണ്. നിരന്തരമായ മോചനമുദ്രാവാക്യമുയർത്തി കാശ്മീരിലും പാകിസ്താനിലും അനവധി വിഘടനവാദ ഗ്രൂപ്പുകളും മുളച്ചുവന്നു. അവയിൽ രക്തരൂക്ഷിതമായ പോരാട്ടം നയിക്കുന്ന ഭീകരവാദഗ്രൂപ്പുകളും ജനകീയസമരങ്ങൾ നയിക്കുന്ന മിതവാദി ഗ്രൂപ്പുകളും ഉണ്ട്. ഇവരുടെ ലക്ഷ്യങ്ങളും വ്യത്യസ്തമാണ്. ഒരുകൂട്ടർ, കാശ്മീരിനെ പാകിസ്താനിൽ ലയിപ്പിക്കാൻ പോരാടുമ്പോൾ  മറ്റൊരുകൂട്ടർ കശ്മീർ സ്വതന്ത്രരാജ്യമായി നിൽക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യഭരിച്ച പലസർക്കാരുകളും കശ്മീർ വിഷയത്തിൽ കൈക്കൊണ്ട അപക്വമായ നിലപാട് പ്രശ്നങ്ങളെ  ആളിക്കത്തിക്കാൻ സഹായിച്ചു. സ്വയംനിർണ്ണയാവകാശം ജനങ്ങൾക്ക് കൊടുക്കണമെന്നുള്ള പാകിസ്താന്റെ വാദം അംഗീകരിക്കാൻ ഇന്ത്യൻസർക്കാർ ഇതുവരെ തയ്യാറായില്ല. അതിന്റെ കാരണം, വളരെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനതയാണ് അവിടെയുള്ളതെന്ന കാരണത്തിൽ നീതിപൂർവകമായ നിർണ്ണയം ഉണ്ടാകില്ല എന്നുറപ്പുള്ളതിനാൽ തന്നെയാണ്.

പുൽവാമ ചാവേർ ആക്രമണം

മറ്റുമേഖലകളിലെ ഭരണതന്ത്രങ്ങൾ പാളുമ്പോൾ രണ്ടുരാജ്യങ്ങളിലെയും കഴിവുകെട്ട ഭരണാധികാരികൾ ദേശീയമായ വികാരം ആളിക്കത്തിക്കാൻ ശ്രമിക്കും. കശ്മീർ രണ്ടു രാജ്യങ്ങളുടെയും ബലിയാടാണ്. കാശ്മീരിനെ രണ്ടുരാജ്യങ്ങളിലെയും ഭരണാധികാരികൾ തങ്ങൾക്കു അധികാരത്തിലേറാനുള്ള വളഞ്ഞ വഴിയായി കാണുന്നു. ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണെന്നു നിസ്സംശയം പറയാവുന്ന ഈ പ്രദേശത്തെ അരക്ഷിതാവസ്ഥയുടെയും രക്തച്ചൊരിച്ചിലിന്റെയും വേദിയാക്കിയതിൽ ഭരണകൂടങ്ങൾ വഹിക്കുന്ന പങ്കു ചില്ലറയല്ല. കശ്മീരിലെ പ്രശ്നങ്ങൾകാരണം സ്വദേശം ഉപേക്ഷിച്ചു പലായനംചെയ്തു ഇന്ത്യയുടെ മറ്റുകോണുകളിൽ അഭയാർത്ഥികളെപ്പോലെ ജീവിക്കുന്ന അഞ്ചുലക്ഷത്തിലേറെ കാശ്മീരിപണ്ഡിറ്റുകൾ ഇന്ത്യയുടെ കണ്ണുനീരായി തുടരുന്നു. അനവധി യുദ്ധങ്ങൾക്കും ഭീകരാക്രമങ്ങൾക്കും പ്രത്യാക്രമങ്ങൾക്കും ശേഷവും കശ്മീരിലെ പ്രശ്നം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ഇസ്‌ലാമികതീവ്രവാദത്തിനു വിശാലമായ പലകാരണങ്ങളും കണ്ടെത്താനാകുമെങ്കിലും അതിനു പാകിസ്ഥാൻ സഹായത്തോടെ നാന്ദികുറിച്ചതു കശ്മീരിന്റെ മഞ്ഞു ‘പുകയുന്ന’ മണ്ണാണ്.

കാശ്മീരിനെ പാകിസ്ഥാനിൽ ലയിപ്പിക്കാൻ പോരാടുന്ന ഭീകരസംഘടനയാണ് ജെയ്ഷെ മുഹമ്മദ്. പാക് പഞ്ചാബിലെ ബഹാവൽപൂർ ആണ് ഈ സംഘടനയുടെ ആസ്ഥാനം. അവരാണ് പുൽവാമയിലെ അക്രമണത്തിന്റെ സൂത്രധാരന്മാർ. 350 കിലോ ഐ.ഇ.ഡി (Improvised Explosive Device . ഈ പേരുകൊണ്ടുദ്ദേശിക്കുന്നത് ‘തൽക്ഷണം തയ്യാറാക്കിയ സ്ഫോടകവസ്തുക്കൾ‘ എന്നാണ്) സ്ഫോടകവസ്തുക്കൾ നിറച്ച കാറ് സൈനികവാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. വ്യൂഹത്തിൽ 78 ബസുകളിലായി 2547 സൈനികരുണ്ടായിരുന്നു. 44 പേർ കൊല്ലപ്പെടുകയും അനവധിപേർക്കു മാരകമായി പരുക്കേൽക്കുകയും ചെയ്തു. വയനാട് ലക്കിടി സ്വദേശിയായ വസന്തകുമാറെന്ന സൈനികനും ഈ ഉഗ്രസ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. കശ്മീരിലെ കാക്കപോറ സ്വദേശിയായ ആദിൽ അഹമ്മദ് ആണ് ചാവേറായത്. ഭീകരസംഘടനയിലെ അംഗങ്ങളെക്കൊണ്ടുള്ള അക്രമങ്ങൾ ആയിരുന്നു സാധാരണ കണ്ടുവന്നതെങ്കിൽ കശ്മീരിലെ യുവാക്കളെ ചാവേറുകളാക്കി വളർത്തി ആക്രമണശൈലിയിൽ മാറ്റം വരുത്താനാണ് ഇപ്പോൾ അവരുടെ ശ്രമം.

യുവാക്കളുടെ മതബോധത്തെയും തൊഴിലില്ലായ്മയെയും മുതലെടുത്താണ് ചാവേറുകളാക്കുന്നത്. ലക്ഷ്യത്തിനു വേണ്ടി മരണപ്പെട്ടാൽ സ്വർഗ്ഗം കിട്ടുമെന്ന് അത്തരക്കാരെ വിശ്വസിപ്പിക്കാൻ വളരെ വളരെ എളുപ്പമാണ്. ഭൂമിയിലെ സ്വർഗ്ഗത്തിൽ ജീവിക്കാതെ വെറും സങ്കല്പമായ ഒരു സ്വർഗ്ഗത്തിനുവേണ്ടി ഉറ്റവരെ ഉപേക്ഷിച്ചു ചിതറിത്തെറിക്കുന്നു. ” കശ്മീരിലെ ജനങ്ങളേ …ഞാൻ ആദിൽ അഹമ്മദ്. ഈ വിഡിയോ നിങ്ങൾ കാണുമ്പോഴേയ്ക്കും ഞാൻ സ്വർഗ്ഗത്തിൽ എത്തിയിട്ടുണ്ടാകും” എന്നാണു  ചാവേർ അവസാനസന്ദേശം വിഡിയോയിൽ അയച്ചത്.
ഇസ്‌ലാം ആത്മഹത്യയെ എതിർക്കുന്ന മതമായിട്ടുകൂടി അതിലുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ഹിംസയുടെ വക്താക്കൾക്ക് സാധിക്കുന്നു എന്നതാണ് വിരോധാഭാസം. പല ഇസ്‌ലാമികരാജ്യങ്ങളിലും ആത്മഹത്യ(ശ്രമം) വളരെ കുറ്റകരമാണ് . അവിടങ്ങളിൽ ആത്മഹത്യാനിരക്കും വളരെ കുറവാണു. എല്ലാ മതങ്ങളും ആത്മഹത്യയെ എതിർക്കുന്നു. വിശുദ്ധയുദ്ധത്തിന്റെ പേരിൽ ലോകമെങ്ങും ആത്മഹത്യചെയ്യുന്ന യുവാക്കളും യുവതികളും കുട്ടികളും മാനവികസംസ്കാരത്തിന്റെ ദുരന്തമുഖങ്ങൾ തന്നെയാണ്. ഏതൊരു ജീവിയേയും പോലെ ജനിച്ചുമരിക്കേണ്ട മനുഷ്യർ മണ്ടത്തരങ്ങൾക്കു വേണ്ടി സ്വയം ചിതറിത്തെറിക്കുന്ന.അവസ്ഥ.   .

ഏതൊരുരാജ്യത്തിന്റെയും ഭരണകൂടങ്ങളുടെ ദണ്ഡനോപകരണം ആണ് സൈന്യം. പ്രശ്നസങ്കീർണ്ണമായ പ്രദേശങ്ങളിൽ അവർ കാഴ്ചവയ്ക്കുന്ന മനുഷ്യാവകാശലംഘനങ്ങൾക്കു കണക്കില്ല. തങ്ങൾക്കുമുകളിൽ മറ്റാരും ഇല്ലെന്ന അവസ്ഥയിൽ ‘അരാജകപ്രവണ’തയിൽ ജോലിചെയ്യണ്ട സാഹചര്യങ്ങൾ അവർ മുതലാക്കാറുമുണ്ട്. ബലാത്സംഗംപോലും ഭരണകൂടത്തിന്റെ ഒരായുധമായ ലോകമാണിത്. ജനകീയപ്രക്ഷോഭങ്ങളെയും അടിച്ചമർത്താൻ സൈന്യം മടികാണിക്കാറില്ല. യുവാക്കളെ ദേശദ്രോഹം ആരോപിച്ചു കൊടിയ പീഡനങ്ങൾക്കിരയാക്കുന്നു ഇങ്ങനെ ഒരു അരക്ഷിതമായ സമൂഹമാണ് കശ്മീർ. അവിടത്തെ ജനങ്ങൾ ഇന്ത്യൻ ഭരണകൂടത്തെ വെറുക്കാതിരിക്കാൻ തരമില്ല. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാലെന്ന ചൊല്ല് മുതലെടുക്കുന്നതാകട്ടെ പാകിസ്താനും. അവരുടെ അല്ലെങ്കിൽ അവരുടെ ചട്ടുകങ്ങളുടെ വാക്കുകൾ കേൾക്കാൻ ഒരായിരം ചെവികൾ ഇന്നവിടെ കൂർപ്പിച്ചു വച്ചിട്ടുണ്ട്. കോൺഗ്രസ്-ബിജെപി ഭരണങ്ങളുടെ വികലമായ സമീപനങ്ങൾ കാശ്മീരിനെ അടുത്തകാലത്തൊന്നും ശാന്തമാക്കില്ല എന്നാണു സൂചനകൾ കൊണ്ട് മനസിലാകുന്നത്.

ചായസൽക്കാരങ്ങളും ആലിംഗനങ്ങളും പുടവ കൈമാറലും ഗിമ്മിക്കുകളും ബഡായികളും കൊണ്ട് ചിലർ കാട്ടുന്ന കോമഡികൾ തികഞ്ഞ അശ്ലീലം തന്നെയാണ്. കാതലായ പ്രശ്നങ്ങൾ അങ്ങനെ തന്നെ അവശേഷിക്കുമ്പോൾ അതിനെ മറച്ചുപിടിച്ചിട്ടുള്ള ഇത്തരം ബാഹ്യമായ പ്രഹസനനാടകങ്ങൾ ജനംതിരിച്ചറിയണം. കാശ്മീരിനെ വിട്ടുകൊടുക്കാൻ ഇന്ത്യയും   കശ്മീർ വേണ്ടാന്ന് പറയാൻ പാകിസ്ഥാനും തയ്യാറാകില്ല.അതുകൊണ്ടുതന്നെ പ്രശ്നപരിഹാരം ഈ നൂറ്റാണ്ടിലൊന്നും ഉണ്ടാകില്ല. ഇനിയൊരു യുദ്ധം രണ്ട്‌ രാജ്യങ്ങളുടെയും അന്ത്യം കുറിക്കും. ഒരുപോലെ ആണവശക്തികൾ ആകയാൽ മറ്റുള്ള ആയുധങ്ങളിലെ സന്തുലനം ഇവിടെ മുൻ‌തൂക്കം ആർക്കും നൽകുന്നില്ല. രാഷ്ട്രമെന്നാൽ ജനതയാണ്.ജനങ്ങൾ പരസ്പരം ശത്രുത പേറുന്നവരല്ല. പാകിസ്താനിലെ ഒരു തെരുവ് റിയാലിറ്റി ഷോയിൽ ഇന്ത്യൻ പതാക കീറുന്നവർക്കു ചാനൽ സമ്മാനം പ്രഖ്യാപിച്ചു. എന്നാൽ പങ്കെടുത്തതിൽ തൊണ്ണൂറ്റിയെട്ടു ശതമാനംപേരും അതിനു തയ്യാറായില്ലത്രേ. മറ്റൊരു രാജ്യത്തെ നമ്മൾ ബഹുമാനിക്കണം എന്നാണു പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്. കൂടുതൽ തുക നൽകാമെന്ന് പറഞ്ഞിട്ടും രണ്ടോമൂന്നോ പേരാണ് അത് ചെയ്‌തതത്രെ. ജനങ്ങൾ അതിജീവനത്തിനുവേണ്ടി സാഹചര്യങ്ങളോട് യുദ്ധം ചെയ്യുന്നവരാണ്. അവർക്കു പരസ്പരം വെറുക്കാൻ സാധാരണ അവസ്ഥയിൽ സാധിക്കാറില്ല. ഭരണകൂടങ്ങളുടെ കുതന്ത്രങ്ങൾ അവർക്കില്ലല്ലോ.

‘പട്ടാളക്കാരന്റെ പ്രതിബിംബം’ എന്ന കവിതയിൽ ഞാൻ എഴുതിയൊരാശയമുണ്ട്. ലോകത്തെ എല്ലാ പട്ടാളക്കാരും പരസ്പരം പ്രതിബിംബങ്ങൾ ആണ്. അവർ ആരുടെയോ കൈകളിലെ ഉപകരണങ്ങൾ എങ്കിലും അവരുടെയല്ലാം ഉള്ളിലെ സ്വപ്‌നങ്ങളുടെയും മോഹങ്ങളുടെയും പ്രതിബിംബങ്ങളും ഒന്നുതന്നെ. ഒരാൾ മറ്റേയാൾക്ക്‌ നേരെ ചോക്കുചൂണ്ടുമ്പോൾ രണ്ടുപേരുടെയും പോയിന്റ്റ്ബ്ലാങ്കുകളിൽ ഓർമകളിലൂടെ ചിറകിലേറി വന്നുനിന്നു  പുഞ്ചിരിക്കുന്ന പ്രിയപ്പെട്ടവരുടെ മുഖങ്ങളും ഒന്നുതന്നെ. അതെ അവൻ തിരിഞ്ഞുനോക്കിയാൽ ഒരു യക്ഷിയെ പോലെ രുധിരപാനത്തിന്  ദാഹിച്ചുകൊണ്ടു രാഷ്ട്രം അവനു ആജ്ഞകൾ നൽകുന്നു. ആ രാഷ്ട്രങ്ങളുടെ പ്രതിബിംബങ്ങളും ഒന്നുതന്നെ. മരിച്ചൊടുങ്ങിയ നാല്പത്തിനാലുപേർ അമ്മഭൂമിയ്ക്ക് വേണ്ടി ദേശസ്നേഹികളുടെ ഭാഷയിൽ ‘വീരമൃത്യു’വരിക്കുമ്പോൾ നഷ്ടമാകുന്നത് ജീവിക്കാനുള്ള അവകാശമാണ്. അത് പ്രകൃതി നമുക്കുതന്ന മൗലികാവകാശമാണ്. അത് രാഷ്ട്രങ്ങൾ സ്വയംകല്പിച്ചുവച്ചിട്ടുള്ള മൗലികാവകാങ്ങളുമായി വൈരുദ്ധ്യം പാലിക്കുന്നവയാണ്. അതിർത്തിരേഖകൾ പ്രകൃതിയുടെ ലിപികളല്ലല്ലോ.