Entertainment
‘കതക്’ കാലത്തെ അടയാളപ്പെടുത്തിയ ഷോർട്ട് മൂവി

തയ്യാറാക്കിയത് രാജേഷ് ശിവ
ആസിഫ് അൻവർ രചനയും സംവിധാനവും നിർവ്വഹിച്ച ‘കതക് ‘ ഉന്നതനിലവാരമുള്ള ഒരു ഷോർട്ട് മൂവിയാണ്. എന്തുകൊണ്ടെന്നാൽ ഈ ഷോർട്ട് മൂവി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ പരിധികൾ ഇല്ലാത്തതും ചെറിയ വ്യാഖ്യാനങ്ങളിൽ ഒതുങ്ങാത്തതുമാണ്. ഒരേസമയം ഒന്നിലേറെ ആശയങ്ങളെ പ്രതിഫലിപ്പിക്കാനുള്ള കഴിവ് കലാസൃഷ്ടികൾക്ക് എപ്പോഴും സാധിക്കണമെന്നില്ല. അവിടെയാണ് ‘കതക്’ തുറന്നിടുന്നത്, വിശാലവും ചിന്തനീയവുമായ ആശയങ്ങൾ കാണാൻ. ഈ ഭൂമിയിലെ ബഹളപ്രളയങ്ങളെ തടഞ്ഞുനിർത്തി ഒരു അണക്കെട്ടുപോലെ നമ്മുടെ സ്വകാര്യതയെ സംരക്ഷിക്കുന്ന കതകുകൾ നമുക്ക് തരുന്നത് സ്വകാര്യതയും സംരക്ഷണവും മാത്രമല്ല ചിലപ്പോഴൊക്കെ ബന്ധനങ്ങളും ഒളിച്ചുവയ്ക്കലുകളും കൂടിയാണ്… മറ്റുചിലപ്പോഴൊക്കെ രണ്ടുകാലങ്ങളെ വേർതിരിക്കാനും മനുഷ്യന്റെ വംശീയവൈരുധ്യങ്ങളുടെ കാവൽക്കാരൻ ആകാനും കതകുകൾക്ക് കഴിയുന്നു. പലപ്പോഴും അത് പരോക്ഷം ആയി കാണപ്പെടുന്നു എന്നുമാത്രം. എന്നാൽ പരോക്ഷവും അദൃശ്യവുമായ അത്തരം കതകുകളെ പ്രത്യക്ഷത്തിൽ തന്നെ കാണിച്ചു തരുന്നു ഈ സിനിമയിലെ ‘കതക്’.
മനുഷ്യൻ എന്നും വംശീയ, വിഭാഗീയ ചിന്തകൾക്ക് അടിമയാണ്. നിറം, ഭാഷ, ദേശം, രൂപം, മതം, ജാതി , വർഗം , സമ്പത്ത്..അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങളിൽ ഭിന്നിപ്പിക്കൽ ചിന്ത കൊണ്ടുനടക്കുന്നവർ ആണ്. മറ്റു ഗ്രഹങ്ങളിൽ ജീവനുണ്ടായിരുന്നെങ്കിൽ ‘ഭൂമി ദേശീയത’ ഉയർത്തിപ്പിടിക്കുന്ന നമ്മൾ ഭൂമിക്കുള്ളിലേക്കു വരുമ്പോൾ ‘ഭൂഖണ്ഡ ദേശീയത’യും ഭൂഖണ്ഡത്തിനുള്ളിലേക്കു വരുമ്പോൾ ‘രാഷ്ട്ര ദേശീയത’യും രാഷ്ട്രത്തിനുള്ളിൽ ‘സംസ്ഥാന ദേശീയത’യും സംസ്ഥാനങ്ങൾക്കുള്ളിൽ വരുമ്പോൾ ‘ജില്ലാ പ്രാദേശികവാദവും ‘ ജില്ലകൾക്കുള്ളിലേക്കു വരുമ്പോൾ ‘ഏരിയാ പ്രദേശ വാദവും’ അതിനുള്ളിലേക്ക് വരുമ്പോൾ കുടുംബവാദവും കുടുംബത്തിനുള്ളിൽ എത്തുമ്പോൾ ഞാൻ എന്ന ‘അഹം വാദവും’ കൊണ്ട് നടക്കുന്നു. മതം >ജാതി > ഉപജാതികൾ ആയി വരുന്ന ക്രമവും അങ്ങനെ തന്നെയാണ്. ഭാഷകൾ തമ്മിലുള്ള തർക്കവും കലാപവും കഴിയുമ്പോൾ സ്വന്തം ഭാഷയ്ക്കുള്ളിൽ തർക്കം തുടങ്ങുന്നു, ഏതു ജില്ലക്കാരുടേതാണ് ‘ശുദ്ധഭാഷ’ എന്ന തർക്കം. അതാകട്ടെ സ്ലാങ്ങുകളെ പരിഹസിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. നിറത്തിന്റെ കാര്യം പറയുകയേ വേണ്ട . വെളുപ്പിൽ നിന്നും കറുപ്പിലേക്കുള്ള യാത്രയിൽ നൂറായിരം വംശങ്ങൾ വൈവിധ്യവും വൈരുധ്യവും കൊണ്ടുള്ള പോരാട്ടത്തിലാണ്. സ്ഥാപിക്കലുകളും നിലനിൽപ്പുകളും എന്ന രണ്ടു വിരുദ്ധമായ ആശയധാരകളെ ഏറ്റെടുത്തുകൊണ്ട്.
കതക് ബൂലോകം ടീവിയിൽ കാണാം > https://boolokam.tv/watch/kathaku_aoMV4LHJfLBXKkY160.html
അതായതു സാഹിത്യപരമായി പറയുകയാണെങ്കിൽ ‘മൂല്യശോഷണം വന്ന കവിത’യാണ് ഭൂമിയിലെ ജീവിതം. ഇന്നത്തെ അതെ ഞാൻ തന്നെയാണ് ആദ്യത്തെ മനുഷ്യനും. ചരിത്രാതീത കാലത്തു ഭൂമിയുടെ ഭ്രംശങ്ങളിലും വേലിയിറക്കങ്ങളിലും പിറന്ന ഭൂഖണ്ഡങ്ങളിൽ ഒന്നിൽ ഇരുന്നുകൊണ്ട് മേഘങ്ങളിലും കടലിലും കരയിലും …അത്രമേൽ വിശാലമായി കാലം എഴുതിയ സ്വാതന്ത്ര്യകവിത ഞാൻ വായിച്ചു . എന്റെ കൈകൾ ധ്രുവങ്ങളോളം നീളമുള്ളതായിരുന്നു. എന്റെ കാലുകൾ ഓരോ ചുവടുവയ്പ്പിലും ഭൂഖണ്ഡങ്ങളെ തന്നെ പിന്നിലാക്കിയിരുന്നു. എന്റെ കണ്ണുകൾക്ക് സൗരയൂഥങ്ങളോളം നീളുന്ന കാഴ്ചനൂലുകൾ ഉണ്ടായിരുന്നു. പരിധിയെന്നും അവസാനമെന്നും രണ്ടുവാക്കുകൾ ഞാൻ കേട്ടിട്ടില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ഭാഷയില്ലാത്ത ഞാൻ പരിധിയുടെയും അവസാനത്തിന്റെയും അർത്ഥങ്ങൾ മനസ്സിൽ ചിന്തിച്ചത്. ആ ചിന്ത എന്റെ മുന്നിൽ ഒരു മതിലായി ഉയർന്നുവന്നു. ഏകവചനം വിട്ടു ഞാൻ ബഹുവചനമായി. മതിലിനപ്പുറവും ഇപ്പുറവുമായി . എന്റെ വൻകര കാലവുമായി ഇണചേർന്ന് രാഷ്ട്രങ്ങളെ പ്രസവിച്ചുകൊണ്ടിരുന്നു. ഭ്രംശങ്ങൾ ഞങ്ങളുടെ അകൽച്ചയെ വർധിപ്പിച്ചു . ഞങ്ങൾക്കിടയിൽ കടലുകൾ ചാലുകൾ തീർത്തു. രാഷ്ട്രങ്ങളിൽ ഞാൻ ഭരണകൂടങ്ങളെ പെറ്റിട്ടു. ഞാൻ തന്നെ എന്നെ ബന്ധനത്തിലാക്കി . എന്റെ കൈകാലുകളിൽ കൂടുതൽ കൂടുതൽ വിലങ്ങുകൾ വീണുകൊണ്ടേയിരുന്നു. വിലങ്ങുകൾ തീർത്ത, ‘ജീവിതം’ എന്ന ചെറിയ ഗോളത്തിനുള്ളിൽ ശ്വാസംമുട്ടികൊണ്ടു ഞാൻ നിലവിളിക്കുകായാണ്… ഇനിയും ചുരുങ്ങാൻ വയ്യാ..കാലത്തിന് ഇനിയെങ്കിലും വന്ധ്യംകരണം വേണമെന്ന്. എന്റെ നിലവിളികളെ നിഷ്പ്രഭമാക്കികൊണ്ടു ജീവിതം കാലവുമായി ഇണചേരൽ തുടരുകയാണ്. പേറ്റുനോവിന്റെ ഉച്ചകോടിയിൽ നിൽക്കുമ്പോഴും എനിക്കറിയാം ഞാൻ പെറ്റിടുന്ന കുഞ്ഞിന്റെ പേര് എന്താണെന്ന്. അത് ‘അഹം’ എന്ന വാക്കായിരിക്കും. ഒരുപക്ഷെ അതിനു മുൻപ് ‘കതക് ‘ എന്ന ഈ ഷോർട്ട് ഫിലിമിന്റെ റിവ്യൂ ഞാൻ എഴുതി പൂർത്തിയാക്കുമായിരിക്കാം ….
യുവാക്കൾക്ക് പെട്ടന്ന് പണക്കാർ ആകണം. മയക്കുമരുന്ന്, കുഴൽപ്പണം എന്നീ നിയമവിരുദ്ധതകളെ അവർ അതിനായി സ്വീകരിക്കുന്നു. ആൽബി കുഴല്പണത്തിന്റെ ഒരു കാരിയർ ആണ്. പറഞ്ഞസ്ഥലത്തു സാധനം എത്തിക്കുക, അതിനു നിശ്ചയിച്ച പ്രതിഫലം വാങ്ങുക. ദേഹമനങ്ങാതെ കാശുകിട്ടുന്ന ഇടപാടല്ലേ…പെട്ടുപോയേക്കാം. എന്നാലോ ഇത്തരം തൊഴിലുകളിൽ വിശ്വാസവഞ്ചനയും കള്ളത്തരങ്ങളും കൊണ്ട് പിഴച്ചുപോകാൻ ആകില്ല. ഒരുപക്ഷെ ജീവൻ തന്നെ നഷ്ടപ്പെടും. അതായത് മാന്യതയില്ലാത്ത ഒരു തൊഴിലിൽ പോലും സത്യസന്ധത വേണമെന്നർത്ഥം. മറ്റൊരു കോമഡി പറയട്ടെ… മാന്യതയുള്ള തൊഴിൽ ചെയ്യുന്നവരിൽ ഉള്ളതിനേക്കാൾ എത്രയോ ഇരട്ടി സത്യസന്ധർ മാന്യത ഇല്ലാത്ത തൊഴിൽ ചെയ്യുന്നവരിൽ ഉണ്ട്. ചില സർക്കാരുദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ ഒക്കെ ജനങ്ങളെയും സർക്കാരിനെയും തന്നെ വഞ്ചിച്ചു ജീവിക്കുന്നു. എന്നാലോ ഒരു കള്ളക്കടത്തുകാരൻ അവന്റെ നേതാവിനെ വഞ്ചിക്കാനുള്ള സാധ്യത കുറവാണ്. പക്ഷേ കഥാനായകനായ ആൽബി അവിടെയും പരാജയമാണ്. അവൻ അവന്റെ മുതലാളിയെയും സമർത്ഥമായി പറ്റിക്കാനുള്ള ശ്രമത്തിൽ ആണ് പിടിക്കപ്പെട്ടത്.
കതക് ബൂലോകം ടീവിയിൽ കാണാം > https://boolokam.tv/watch/kathaku_aoMV4LHJfLBXKkY160.html
മുതലാളിയെ പറ്റിച്ച ആൽബിയും ചെരുപ്പ് മോഷ്ടിച്ച തമിഴനും രണ്ടിടങ്ങളിൽ വിചാരണനേരിടുകയാണ്. പക്ഷെ ആൽബിയെ മുതലാളി പൂട്ടിയിടുന്നില്ല , എന്നാലോ തമിഴനെ വെറുമൊരു ചെരുപ്പിന്റെ പേരിൽ ആൽബിയുടെ സുഹൃത്തുക്കൾ പൂട്ടിയിടുകയാണ്. തമിഴൻ അവന്റെ നാട്ടിലാണ് ഈ കുറ്റം ചെയ്തതെങ്കിൽ ഉറപ്പായും അവനെ പൂട്ടിയിടില്ല. നമ്മുടെ ആൽബിയെ മുതലാളി പൂട്ടാത്തതുപോലെ. കാരണം എന്താ ? ആൽബിയും മുതലാളിയും മലയാളികൾ ആണ്. ചെരുപ്പ് മോഷ്ടിച്ചവൻ വെറും ‘പാണ്ടി’ . എങ്കിൽ പിന്നെ ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവനെ പൂട്ടണം..പൂട്ടുക തന്നെ വേണം. അല്ലേലും ഈ പാണ്ടികൾ എല്ലാം കള്ളന്മാർ എന്നല്ലേ പരിശുദ്ധ മലയാളികളുടെ അഭിപ്രായം.
കബളിപ്പിച്ച പണം കൊണ്ടുകൊടുക്കാൻ ഭീഷണിപ്പെടുത്തിയ മുതലാളിയുടെ മുന്നിൽ നിന്നും ആൽബി കതക് തുറന്ന് ഇറങ്ങിപോകുന്നു. അവിടെ ആ കതക് ശത്രുതയ്ക്കുള്ളിലും പരസ്പരം നിലനിൽക്കുന്ന ഭാഷാപരമായ വംശസ്നേഹം. ഇട്ടുപഴകിയ വെറുമൊരു ചെരിപ്പിന്റെ പേരിൽ തമിഴന് മുന്നിൽ അടഞ്ഞ കതക്, ചെറിയൊരു കുറ്റത്തിലും നിഴലിക്കുന്ന ഭാഷാപരമായ വംശവിദ്വേഷം.
ദുഃഖിതനായി മടങ്ങിയെത്തുന്ന ആൽബി തമിഴനെ പൂട്ടിയിട്ട വിഷയം അറിയുകയും കൂട്ടുകാരെ ശകാരിക്കുകയും ചെയുന്നു. എന്നാൽ താൻ ഒളിപ്പിച്ചുവച്ച പണം തമിഴൻ കിടക്കുന്ന മുറിയിൽ ആണെന്നും എത്രയും വേഗം അതിനെ തിരിച്ചേൽച്ചില്ലെങ്കിൽ പണിപാളും എന്ന് മനസിലാക്കുന്ന ആൽബിയും കൂട്ടുകാരും തമിഴനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ അതിനകം തമിഴൻ ആ കാശ് കണ്ടെടുക്കുന്നു. തമിഴനേക്കാൾ വലിയ ട്രാപ്പിലായ ആൽബിയും കൂട്ടുകാരും വിഷമിച്ചിരിക്കുമ്പോൾ വാതിലിനുള്ളിൽ നിന്നും തമിഴൻ ഭൂതകാലത്തിന്റെ വക്താവായി അവരിലേക്കു വാക്കുകൾ കൊണ്ട് പെയ്തിറങ്ങുന്നു. അവിടെ ആ കതക് രണ്ടു കാലങ്ങൾക്കിടയിലെ ഒരു അതിരാകുന്നു. ഇന്നത്തെ ആൽബിയുടെ ദുരനുഭവം ഇന്നലെകളിലെ തന്റെ അനുഭവമെന്നു തമിഴൻ തന്റെ സംഭവബഹുലമായ കഥ ഉൾപ്പെടെ പറയുമ്പോൾ ആൽബിയിലും ചങ്ങാതിമാരിലും ഉണ്ടാകുന്ന മാനസാന്തരം, അതേ ചെരിപ്പിട്ടു കൊണ്ടു നടന്നുനീങ്ങുന്ന തമിഴന്റെ കാലുകൾ വിളിച്ചുപറയുന്നു.
എന്നാൽ ഇതിനേക്കാൾ ശക്തമായിരുന്നു മുറിക്കുള്ളിൽ നിന്നും തമിഴന്റെ വംശീയവാദ വിരുദ്ധ ഭഗവത്ഗീത. എല്ലാ ഇന്ത്യക്കാരും സഹോദരീസഹോദരന്മാർ എന്ന് നമ്മൾ പ്രതിജ്ഞ ചൊല്ലിയിട്ടു എന്തുഫലമാണ് ? എവിടെയും വിഘടനത്തിന്റെ, വിഭജനത്തിന്റെ വാദം മാത്രമാണ്. അതുതന്നെയാണ് നമ്മുടെ പ്രശ്നവും. അതിർത്തി കടന്നു കേരളത്തിലെത്തിയ തമിഴ്നാടുകാരൻ അതിർത്തി കടന്ന ഉടനെ തമിഴനായി രൂപാന്തരപ്പെടുന്നു, മലയാളികൾക്ക് പുച്ഛിക്കാൻ മാത്രമുള്ള രൂപമാകുന്നു. അവിടെ കേരള തമിഴ്നാട് അതിർത്തി തന്നെ ഒരു വലിയ കതക് ആകുന്നു.
കതക് ബൂലോകം ടീവിയിൽ കാണാം > https://boolokam.tv/watch/kathaku_aoMV4LHJfLBXKkY160.html
കതകുകൾ വലിപ്പം കൂടി കൂടി… അത് ഭൂമിയുടെ തന്നെ കതക് ആകുന്നു. ഇടയ്ക്കിടയ്ക്ക് നമുക്കതു തുറന്നുനോക്കി ‘എലിയൻസിന്റെ’ രൂപത്തെ പരിഹസിച്ചു ചിരിക്കാം…അതോടൊപ്പം ചെറിയ കതകിനെ തുറന്നുനോക്കി ‘തമിഴനെയോ’ ‘ബാംഗാളിയെയോ’ പരിഹസിക്കാം. പിന്നെയും ചെറിയ കതക് ഉണ്ടെങ്കിൽ ..ഉണ്ടെങ്കിൽ മാത്രം അത് തുറന്നുനോക്കി വീട്ടുകാരെയും പരിഹസിക്കാം. പക്ഷെ എല്ലാ കതകുകളും നമ്മൾ വലിച്ചടയ്ക്കുന്നത് ഒരേ വംശീയബോധത്തിന്റെ തള്ളൽ കൊണ്ടുതന്നെ. കതകിനു അകത്തും പുറത്തും ആരെയും സ്ഥിരമായി കാലം പ്രതിഷ്ഠിച്ചിട്ടില്ല. അങ്ങോട്ടുമിങ്ങോട്ടും മാറിയേക്കാം. കതകിനു പുറത്തുനിന്നും അകത്തുളളവനെ പാണ്ടീ എന്ന് വിളിക്കുമ്പോൾ …നിങ്ങള്ക്ക് പിറകിൽ നിങ്ങൾ കാണാത്തൊരു കതകിന്റെ പുറത്തുനിന്നും ഒരുകൂട്ടർ നിങ്ങളെ മദ്രാസീ എന്ന് വിളിക്കുന്നുണ്ടാകും… ജാഗ്രതൈ…
കാലത്തെ അടയാളപ്പെടുത്തിയ ഈ ഷോർട്ട് മൂവി നിങ്ങൾ കാണാതെ പോകരുത്. ഈ കലാകാരന്മാരെ അഭിനന്ദിക്കാനും മറക്കരുത്. ഇതിലെ അഭിനേതാക്കൾ മികച്ച പെർഫോർമൻസ് ആണ് കാഴ്ചവച്ചത്. സംവിധാനവും എഡിറ്റിങ്ങും ക്യാമറയും അവരുടെ ഭാഗം ഭംഗിയാക്കി. കരുത്തുറ്റ ആശയവും കൂടി ചേർന്നപ്പോൾ ഒരു നല്ല സിനിമ രൂപം കൊണ്ടു .
സംവിധായകൻ ആസിഫ് അൻവർ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Azif Anwar
ഞാൻ 2019 സെപ്തംബറിൽ ബിടെക് കഴിഞ്ഞതിനു ശേഷം വർക്ക് ചെയ്യുകയാണ് കൊച്ചി വെല്ലിംഗ്ടൺ ഐലന്റിൽ . ചെറുപ്പം മുതൽ എനിക്ക് സിനിമയോട് ആണ് പാഷൻ. ശരിക്കും കതക് എന്റെ ആദ്യത്തെ ഷോർട്ട് ഫിലിം ആണ്. മൂന്നുനാലു ദിവസം കൊണ്ടാണ് അതിന്റെ ഷൂട്ടിങ് തീർത്തത്. ഇതിനങ്ങനെ പ്രൊഡ്യൂസർ ഒന്നും ഇല്ലായിരുന്നു. ഞങ്ങൾ തന്നെയാണ് ഷെയർ ഇട്ടു ചെയ്തത്.
ഇതിന്റെ കഥ ശരിക്കും നടന്നൊരു സംഭവമാണ്. എന്റെ വീട് കൊച്ചി വൈപ്പിനിൽ ആണ്. അതൊരു ഹാർബർ ഏരിയ ആണ് . എന്റെ അച്ഛനും ഒരു മത്സ്യത്തൊഴിലാളി ആണ്. എന്റെ കൂട്ടുകാർ ഒക്കെ അവിടെ പണിക്കു നിൽക്കുന്നുണ്ട്. അവിടെ ഇതുപോലെ ഒരു തമിഴൻ വന്നു ചെരുപ്പ് എടുത്തുകൊണ്ടു പോകുന്നുണ്ട്. പക്ഷെ ഇതിലെ പോലെ പൂട്ടിയിട്ടൊന്നുമില്ല. എന്നാൽ അയാളെ നല്ലതുപോലെ തല്ലുകയുണ്ടായി. ഇതിൽ ഉള്ളതിനേക്കാൾ കുറച്ചുകൂടി പ്രായം തോന്നിക്കുന്ന ഒരാൾ. അപ്പോൾ ആ സംഭവം കണ്ടപ്പോൾ ഉള്ള എന്റെയൊരു തോന്നൽ ആണ് ഇത്. സെയിം ഇങ്ങനെയൊരു അവസ്ഥ ഒരു മലയാളി ആണ് ചെയ്തിരുന്നതെങ്കിൽ അവന്മാർ ഇത്രയും തല്ലില്ലായിരുന്നു . മറ്റൊരു നാട്ടുകാരനെ ആകുമ്പോൾ എത്രവേണമെങ്കിലും തല്ലാം എന്നൊരു അവസ്ഥയുണ്ടല്ലോ. നമ്മൾ ഇന്ത്യാക്കാർ എന്നൊക്കെ പറഞ്ഞാലും നമുക്കുള്ളിൽ ഞാൻ മലയാളിയാണ് എന്നൊരു അഭിമാനം ഉണ്ടാകുന്നു..കുറച്ചുകൂടി ചുരുങ്ങുമ്പോൾ ഞാൻ കൊച്ചിക്കാരൻ എന്ന അഭിമാനം. മനുഷ്യനെ സെപറേറ്റ് ചെയ്യാൻ വേണ്ടി നമുക്കോരോ കാരണങ്ങളുണ്ട്. മതമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും അതുതന്നെയാണ് ചെയുന്നത്.
നേരത്തെ പറഞ്ഞ ആ സംഭവം , ചെരുപ്പ് എടുത്തതിന്റെ പേരിൽ തമിഴ്നാട്ടുകാരനെ മർദ്ദിച്ച സംഭവം. ഞാൻ ചിന്തിച്ചു ഇയാളെ പൂട്ടി ഇട്ടിരുന്നെങ്കിൽ എന്താകും സംഭവിക്കുക എന്ന്. കാരണം അയാൾക്കൊരു കഥയുണ്ടാകുമല്ലോ.. പിന്നെ ഇതിലെ ആൽബിയുടെ ആ കഥാപാത്രത്തെ പിന്നീട് എഴുതിച്ചേർക്കുകയാണ് ചെയ്തത്. കാരണം പൂട്ടിയിടപ്പെട്ട ആൾക്ക് പുറത്തിറങ്ങണം എങ്കിൽ, അല്ലെങ്കിൽ അയാളെ പൂട്ടിയിട്ടവർക്കു അയാളെ പുറത്തിറക്കണം എന്നൊരു അവസ്ഥ വരികയാണെങ്കിൽ എന്തുചെയ്യണം … എന്ന ചിന്തയിൽ നിന്നാണ് പുതിയൊരു കഥാപാത്രത്തെ ഉൾപ്പെടുത്തി കഥ ഡെവലപ് ചെയ്തത്.
കതക് ബൂലോകം ടീവിയിൽ കാണാം > https://boolokam.tv/watch/kathaku_aoMV4LHJfLBXKkY160.html
കാസ്റ്റിങ് നോക്കിയാൽ… അതിലുള്ള എല്ലാരും കൂട്ടുകാർ ആയിരുന്നു. എല്ലാം പുതുമുഖങ്ങൾ. തമിഴന്റെ വേഷം അഭിനയിച്ചത് തൃശൂർ ഉള്ള ഒരു ചേട്ടനാണ്. അങ്ങനെയൊരു കഥാപാത്രം ചെയ്യാൻ ആളെ കിട്ടാത്തതുകൊണ്ട് ഞങ്ങൾ കാസ്റ്റിങ് കാൾ ഇട്ടിട്ടുണ്ടായിരുന്നു. അതുകണ്ടിട്ടാണ് ആ ചേട്ടൻ നമുക്ക് വിവരങ്ങൾ അയച്ചുതന്നത്. രഘു എന്നാണു ആ ചേട്ടന്റെ പേര്. അദ്ദേഹം ഒരു വീഡിയോ അയച്ചുതന്നു. അതിലെ ചെറിയൊരു സീൻ ഉണ്ട് അത് അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം അഭിനയിക്കുന്ന വീഡിയോ എടുത്തു അയച്ചുതന്നു. അദ്ദേഹത്തിന്റെ ആ പോര്ഷൻ ഒറ്റദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. രാവിലെ അദ്ദേഹം വന്നു..നൈറ്റ് ആയപ്പോൾ അദ്ദേഹം ഷൂട്ടിങ് കഴിഞ്ഞു പോയി. പുള്ളി അത്യാവശ്യം നാടകങ്ങൾ ചെയ്തിട്ടുണ്ട്. ആദ്യമായാണ് ഷോർട്ട് ഫിലിം ചെയുന്നത് എന്ന് പറഞ്ഞു.
അഭിമുഖത്തിന്റെ ശബ്ദരേഖ
ശരിക്കും നമ്മൾ ചുരുങ്ങി ചുരുങ്ങി ഞാൻ എന്ന അവസ്ഥയിലേക്ക് മാത്രം എത്തുകയാണ്. നമ്മൾ ദൂരെ പോകുന്തോറും ചെറുതായിക്കൊണ്ടിരിക്കുകയാണ്. നമ്മൾ ദുബായിൽ ജോലിക്കുപോകുമ്പോൾ നമ്മുടെ രാജ്യം ഏതെന്നു ചോദിച്ചാൽ ഇന്ത്യ എന്ന് പറയും. ഇന്ത്യയിലെത്തുമ്പോൾ നമ്മൾ മലയാളിയും തമിഴനും ആകുന്നു. …അങ്ങനെ ചുരുങ്ങി ചുരുങ്ങി ഞാൻ ..എന്റെ വീട് എന്ന അവസ്ഥയിലേക്കെത്തുന്നു. കതക് എന്ന ടൈറ്റിൽ വന്നതുതന്നെ ..കതക് എന്നത് ഒരു സെപറേഷൻ ആണല്ലോ. അല്ലെങ്കിൽ അതിന്റെ പ്രതീകം ആണല്ലോ. ഈ ഡോറിന്റെ അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന രണ്ടുപേർ ..രണ്ടു പ്രായത്തിലുള്ള, രണ്ടു മതത്തിലുള്ള, രണ്ടു ദേശത്തുള്ള രണ്ടാൾക്കാർ ആണെങ്കിൽ രണ്ടുപേരും ഒരാളാണ്. അതുതന്നെയാണ് നമ്മൾ ഉദേശിച്ചത്. അതായതു രണ്ടുപേർക്കും സെയിം കഥയാണ്. രണ്ടുപേരും രണ്ടുപ്രായം, രണ്ടുപേരും രണ്ടു ജാതി , രണ്ടു മതം… ഇതൊക്കെ മനുഷ്യനെ സെപറേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഘടകങ്ങൾ ആണല്ലോ.. ഇങ്ങനെയൊക്കെ സെപറേറ്റ് ചെയ്താലും അവർക്കു പറയാനുള്ളത് ഒരേ കഥയാണ്..ഒരേ ജീവിതമാണ്. എത്ര അടുത്ത സുഹൃത്തുക്കൾ ആണെങ്കിലും ചിലരുടെ മനസ്സിൽ തോന്നാം ഇവൻ ഇന്ന മതമാണ്..ഇന്ന ജാതിയാണ് എന്ന ഉൾബോധം. നമ്മൾ ആരും തന്നെ പെർഫെക്ട് അല്ല. നമ്മൾ ബംഗാളി എന്നൊക്കെ പറയും.. എന്നാൽ ആ വാക്കിൽ തന്നെ … അവൻ മറ്റൊരാൾ എന്ന ബോധമാണ് ഉള്ളത്. സൗത്ത് ഇന്ത്യാക്കാരെ മുഴുവൻ ചേർത്തുകൊണ്ട് നോർത്തിന്ത്യൻ വംശീയഭ്രാന്തന്മാർ മദിരാശി എന്ന് വിളിക്കുമ്പോൾ നമുക്കുണ്ടാകുന്ന മനോഭാവം തന്നെയാണ് ചില സംസ്ഥാനക്കാരെ ഒന്നിച്ചു ബംഗാളി എന്ന് നമ്മൾ വിളിക്കുമ്പോൾ ഉണ്ടാകുന്നതും.
കതക് ബൂലോകം ടീവിയിൽ കാണാം > https://boolokam.tv/watch/kathaku_aoMV4LHJfLBXKkY160.html
അടുത്ത ഒരു പ്രോജക്റ്റ് ഞാൻ പ്ലാൻ ചെയ്തിരുന്നു. എന്നാൽ ഒരു പ്രൊഡ്യൂസറെ കിട്ടാത്തതുകൊണ്ട് മുടങ്ങി. നല്ല ബഡ്ജറ്റ് ആകുന്നൊരു പ്രോജക്റ്റ് ആയിരുന്നു. രാത്രിയിൽ നടക്കുന്നൊരു സംഭവവും കാടും ഒക്കെ ആയതുകൊണ്ട് വേണ്ടന്ന് വച്ചു. കതക് തന്നെ ഷൂട്ടിങ് ചെയ്തിട്ട് എനിക്ക് ഇറക്കാൻ സാധിക്കാത്ത അവസ്ഥ വന്നു.. കൊറോണയും മറ്റും വന്നിട്ട്. തമിഴന്റെ കഥാപാത്രത്തിന് ഡബ് ചെയ്തത് എന്റെ അച്ഛനാണ്. അദ്ദേഹം സ്ട്രോക് വന്നു കിടക്കുന്ന സമയത്തായിരുന്നു ചെയ്തത്. അത് മൊബൈലിൽ ഒക്കെയാണ് ചെയ്തത്. ഒരു ഒന്നരവര്ഷത്തോളം ഈ പ്രോജക്റ്റ് പല കാരണങ്ങൾ കൊണ്ട് നീണ്ടുപോയി. ഒരുപാട് പേരുടെ ഹെല്പ് ഇതിനുണ്ട്.
vote for kathaku (download boolokam ott app)
KATHAKU
Production Company: Crazy noise Media
Short Film Description: 8
Producers (,): K M Anwar
Directors (,): Azif Anwar KA
Editors (,): Alan P john
Music Credits (,): Sam cs, rex vijayan sushin shyam
Cast Names (,): Gokul krishna
Sajith.
Fahad
Raghu
Safras
Raheem
Genres (,): Social Drama
Year of Completion: 2021-03-11
Cast
G krishna – Albin Joy
Thamizhan- Raghu
Sajith – Sajith
Baalan- Fahadh
Shafaz- Safras
Shamsukka – Raheem
കതക് ബൂലോകം ടീവിയിൽ കാണാം > https://boolokam.tv/watch/kathaku_aoMV4LHJfLBXKkY160.html
***
2,445 total views, 3 views today