കാതൽ- ആണും പെണ്ണും ചില സത്യങ്ങളും

ഡോക്ടർ ജിമ്മി മാത്യു സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

തീർച്ചയായും മനോഹരമായ ഒരു സിനിമയാണ് കാതൽ. അന്യലിംഗ ആകർഷണം ഒരു വിഷയം ആയത് കൊണ്ട് തന്നെ, ഇത് കുറച്ചു വിവാദം ഉണ്ടാക്കിയിട്ടുണ്ട്- സ്വാഭാവികം. വലിയൊരു ചൂടൻ ഉടുപ്പ്-കുടുക്ക് വിഷയം അഥവാ ഹോട്ട് ബട്ടൺ ടോപിക് ആണ് സ്വവർഗാനുരാഗം. ആണ്, പെണ്ണ് വൈവിദ്ധ്യങ്ങളൊക്കെ ഇത്തരം പൊള്ളുന്ന ഉടുപ്പ് കുടുക്കുകൾ ആണല്ലോ. രണ്ട് സൈഡുകൾ പിടിക്കുക, അടി കൂടുക- അതാണല്ലോ പതിവ്. ഈ വിഷയത്തിലും അങ്ങനെ തന്നെ.

മിക്ക മത, സാംസ്‌കാരിക പാരമ്പര്യവാദികളും പറയുന്നത് ഇങ്ങനെയാണ്:
ആണ് വേറെ, പെണ്ണ് വേറെ. അവർ തമ്മിൽ മൊത്തം വ്യത്യാസങ്ങൾ ആണ്. ആണിനും പെണ്ണിനും വ്യത്യസ്ഥ സ്വഭാവങ്ങളും റോളുകളും ഉണ്ട്. ആണിന് ഞാൻ ആണാണ് എന്ന് തോന്നും; പെണ്ണുങ്ങളോട് ഒരു ‘ഇത്’ തോന്നും. അവരോട് മാത്രേ തോന്നു. പെണ്ണുങ്ങക്ക് തിരിച്ചും. അപ്പൊ വേറെ വിശേഷം ഒന്നുമില്ലല്ലോ. എല്ലാം പറഞ്ഞ പോലെ.

NB- പിന്നെയേ, ഇതൊക്കെ ആണ് ഞങ്ങടെ ദൈവത്തിനും ഇഷ്ടം. ഇതിനൊക്കെ എതിരു നിന്നാൽ ദൈവം ചെറുതായി നരകത്തീയിൽ ഇട്ടു പൊരിക്കും. പെട്ടന്ന് വെന്തു കോരുകയൊന്നും ഇല്ല. അനന്തമായ കാലത്തോളം ആണ് പൊരിക്കുക.

ഇനി അത് പെട്ടെന്നാക്കാൻ, പെട്ടന്ന് അങ്ങോട്ട് അങ്ങേരുടെ അടുത്തേക്ക് എത്തിക്കാൻ ചെറിയേ ഒരു സഹായം ചെയ്യാനും ഞങ്ങൾക്ക് മടിയില്ല. കേട്ടോടാ എല്ലാരും! കേട്ടോടീ എല്ലാരും? ശരിയപ്പോ.
എതിർ ഗ്രൂപ്പിലെ തീവ്രപക്ഷക്കാർ എന്താണ് പറയുന്നത്?-
ഈ ആണ്, പെണ്ണ് എന്നൊന്നില്ല. അതൊക്കെ സമൂഹത്തിന്റെ നിർമിതി ആണ്. കാക്കതൊള്ളായിരത്തി ഒരുനൂറ്റിഇരുപത്തൊന്പത് തരം സെക്സുകളും ജെൻഡറുകളുമുണ്ട്. ചിലർക്ക് ഇന്ന് ‘ഞാൻ ആണ് ആണ് എന്ന് തോന്നിയാൽ നാളെ ‘ഞാൻ പെണ്ണ്’ ആണ് എന്ന് തോന്നിയേക്കാം. ആണിന്റെ ശരീരമുള്ള ഒരാൾക്ക്- പെണ്ണുങ്ങടെ ഒളിമ്പിക്സിൽ പങ്കെടുക്കാം- എന്റെ ജെൻഡർ വ്യക്തിത്വം പെണ്ണിന്റെ ആയാൽ മതി. ഇതൊക്കെ അങ്ങനെ തന്നെ സമ്മതിച്ചില്ലെങ്കിൽ നീയൊക്കെ മൂരാച്ചി ആണ്, ഹിറ്റ്ലർ ആണ്, ഫാസിസ്റ്റും പിന്നെ എന്തൊക്കെയോയും ആണ്.

ശരിക്കും വസ്തുതകൾ എന്താണ്?
ഒരു ഡിസ്ക്ലെയിമർ ആദ്യമേ- ഇതിനെപ്പറ്റിയുള്ള പ്രധാന ലിറ്ററേച്ചർ ഒക്കെ വായിച്ചതിനു ശേഷം ഉള്ള എന്റ്റെ വിലയിരുത്തലുകൾ മാത്രം ആണിവ. റെഫെറെൻസുകൾ ചിലത് മാത്രമേ കൊടുത്തിട്ടുള്ളു. ഇനിയും ഇഷ്ടം പോലെ ബുക്കുകളും പേപ്പറുകളുമുണ്ട്. മറ്റെല്ലാ ശാസ്ത്ര വസ്തുതകളെയും പോലെ നൂറു ശതമാനം തെളിവ് എന്നൊന്നില്ല- ഉള്ള തെളിവുകൾ വെച്ചുള്ള നിഗമനങ്ങൾ മാത്രമേ ഉള്ളു. അല്ലെങ്കിലും ശാസ്ത്രം എന്നാൽ അത്രേ ഉള്ളു.

ബയോളജിക്കൽ സെക്സ്- ബൈനറി അഥവാ ദ്വന്ദ്വം ആണോ?
അതേ. പൊതുവെ പറഞ്ഞാൽ ബൈനറി ആണ്. ജൈവീകമായി പറഞ്ഞാൽ സെക്സുവൽ ആയി കുട്ടികളെ ഉണ്ടാക്കുന്ന എല്ലാ ജീവികളിലും ആണും പെണ്ണും ഉണ്ട്. ആൺ അവയവങ്ങളും പെൺ അവയവങ്ങളും ഉള്ള ഹെര്മഫ്രൊഡിറ്റുകൾ വിരളമായി ഉണ്ട്. സസ്തനികൾ, പക്ഷികൾ എന്നിവയിൽ പൊതുവെ ക്രോമോസോം ആണ് ഇത് നിശ്ചയിക്കുന്നത്. അതായത് ജീനുകൾ തന്നെ. മനുഷ്യരിലും മറ്റ് സസ്തനികളിലും xx ക്രോമസോം (ഒരെണ്ണം അമ്മയിൽ നിന്നും ഒരെണ്ണം അച്ഛനിൽ നിന്നും) ഉള്ള ഭ്രൂണം പെൺ ശരീരത്തോടെ ജനിക്കുന്നു. xy ക്രോമസോം (y അച്ഛനിൽ നിന്നും x അമ്മയിൽ നിന്നും) ഉള്ള ഒരു ഭ്രൂണത്തിൽ ആദ്യത്തെ ഏതാനും ആഴ്ചകൾക്കുള്ളിൽ y ക്രോമസോമിൽ ഉള്ള sry എന്ന ജീൻ ഉണരുന്നു. ഈ ജീൻ ഭ്രൂണത്തിൽ ടെസ്റ്റിസ് അഥവാ വൃഷ്ണങ്ങൾ ഉണ്ടാക്കുന്നു. ഈ വൃഷ്ണം ടെസ്റ്റോസ്റ്റിറോൺ, പിന്നെ ചില മറ്റു ഹോർമോണുകൾ ഒക്കെ ഉണ്ടാക്കുന്നു. ഈ ടെസ്റ്റോസ്റ്റിറോണും മറ്റും പെൺ അവയവങ്ങൾ വളരുന്നത് തടയുകയും ആൺ ശരീരമായി ഭ്രൂണത്തെ മാറ്റുകയും ചെയ്യും. ഇതിന്റെ അഭാവത്തിൽ നല്ല ഒരു പെൺ ശരീരമായി വളരുകയും ചെയ്യും. y ക്രോമോസോം ഉണ്ടെങ്കിലും sry ജീനിൽ തകരാറുണ്ടെങ്കിൽ വ്യക്തി പെണ്ണായി ജനിക്കും. വളരുകയും ചെയ്യും. കൗമാരമാകുമ്പോഴും ഇതേ പോലത്തെ ഹോർമോൺ മാറ്റങ്ങൾ ആണിനും പെണ്ണിനും ഉണ്ടാകും. ഇതിന് അപവാദങ്ങൾ ഉണ്ടാകാം. ആണിന്റേതും പെണ്ണിന്റേതും അല്ലാത്ത അവയവങ്ങളായി കുഞ്ഞുങ്ങൾ ജനിക്കാറുണ്ട്. പക്ഷെ അവയെ രോഗാവസ്ഥകൾ ആയിട്ട് തന്നെയാണ് കാണുന്നത്.

അപ്പൊ ജൻഡർ എന്താണ്? സെക്സുവൽ ഓറിയന്റേഷൻ എന്നാൽ എന്താണ്?
ഇവിടാണ് കൺഫ്യൂഷൻ ഉണ്ടാകുന്നത്. പൊതുവെ പറഞ്ഞാൽ ഈ ഹോർമോണുകൾ ശരീരത്തിൽ എല്ലായിടത്തും പ്രവർത്തിക്കും. മസ്തിഷ്കത്തിലും ഒക്കെ. മൃഗങ്ങളിൽ മസ്തിഷകത്തിൽ ഉള്ള ടെസ്റ്റോസ്റ്റിറോൺ മുതലായ ഹോര്മോണുകളുടെ റോൾ വളരെ വ്യക്തമാണ്. മനുഷ്യരിലും ഇതുണ്ടെന്ന് ശക്തമായ സൂചനകൾ ഉണ്ട്. അത് കൊണ്ട് പൊതുവെ ആണുങ്ങൾക്ക് ഒന്ന് രണ്ടു വയസാകുമ്പോൾ തന്നെ ഞാൻ ആൺ ആണ് എന്ന ആൺ ജെൻഡർ ഐഡന്റിറ്റി ഉണ്ടാകും. വളരുന്നു വരുമ്പോൾ പെണ്ണുങ്ങളോടാണ് ആകർഷണം ഉണ്ടാകുക. ഇതാണ് സെക്സുവൽ ഓറിയന്റേഷൻ. പെണ്ണുങ്ങൾക്ക് നേരെ തിരിച്ചും. ഇതാണ് ഹെറ്ററോസ്‌ക്‌സ്‌വെൽ ഓറിയന്റേഷൻ.

എന്നാൽ ഇങ്ങനെ ആവണമെന്നില്ല. ജൈവിക സെക്‌സും ജെൻഡർ ഐഡന്റിറ്റിയും ഒരു പോലെ അല്ലാതെ വരാം. ഇതാണ് ട്രാൻസ് വ്യക്തികളിൽ സംഭവിക്കുന്നത്. ഇത് പോലെ, ഹോമോസ്‌ക്സ്‌വെൽ ഓറിയെന്റേഷനും ബൈസെക്സ്‌വെൽ ഓറിയെന്റേഷനും വരാം.എന്നാൽ ജൻഡർ എന്ന ജെൻഡർ ഐഡന്റിറ്റിയും സെക്സുവൽ ഓറിയെന്റേഷനും ഒന്നോ രണ്ടോ ജീനുകളിൽ ഒതുങ്ങുന്നവ അല്ല. പല ജീനുകളാണ് അവയെ നിയന്ത്രിക്കുന്നത്. ഇങ്ങനെ ഉള്ള എല്ലാ മനുഷ്യസ്വഭാവങ്ങളും പ്രത്യേകതകളും, ജീനുകൾ, ചുറ്റുപാടുകൾ, സമൂഹം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

എത്ര ശതമാനമാണ് ഇതിന്റെ പാരമ്പര്യവശം അഥവാ ഹെറിറ്റബിലിറ്റി? ഹെറിറ്റബിലിറ്റി എന്ന സാധനം എത്ര ശതമാനമാണ് ഒരു സ്വഭാവം ജീനുകൾ നിർണയിക്കുന്നത് ? എന്ന് കാണിക്കുന്നു. ഇത് കണ്ടുപിടിക്കാൻ ട്വിൻ പഠനങ്ങൾ, അഡോപ്‌ഷൻ പഠനങ്ങൾ അങ്ങനെ പല സങ്കേതങ്ങളുമുണ്ട്. വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. “പെർസെന്റേജ്‌ ഓഫ് വാരിയൻസ്” ആണ് ഹെറിറ്റബിലിറ്റി ആയി കണക്കാക്കുക.അതനുസരിച്ച് നോക്കിയാൽ ജെൻഡർ ഐഡെന്റിറ്റിയും സെക്സുവൽ ഓറിയെന്റേഷനും ഏകദേശം അൻപത് മുതൽ അറുപത് വരെ ഹെറിറ്റബിലിറ്റി ഉള്ള സ്വഭാവങ്ങൾ ആണ്!!

ഒരു താരതമ്യത്തിന്, പൊക്കത്തിന്റെ ഹെറിറ്റബിലിറ്റി നോക്കാം- അറുപത് മുതൽ എഴുപത് വരെ!! വലിയ മാറ്റമില്ല!അതായത് ഇതൊക്കെ വലിയ ഒരളവു വരെ ജന്മനാ ഉള്ളതാണ്!! ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ദൈവം അവരെ അങ്ങനെ ആണ് സൃഷ്ടിച്ചത് എന്ന് വിചാരിക്കേണ്ടി വരും. അല്ലെങ്കിൽ സ്വാഭാവികമായുണ്ടാകുന്ന വ്യത്യസ്തതകൾ ആയും കണക്കാക്കാം. അപ്പൊ ഇത് പോലെ ഒരു പുസ്തകം എഴുതാനുള്ളത്ര ഉണ്ട്. അത് വേണ്ട. നിർത്തിയേക്കാം. വ്യത്യസ്തതരം മനുഷ്യർക്കും ജീവിക്കാവുന്ന ഒരു സമൂഹമാണ് നല്ല സമൂഹം. അത്രേ ഉള്ളു.

References:
1. Pillard RC, Bailey JM. Human sexual orientation has a heritable component. Human Biology. 1998 Apr 1:347-65.
2. Coolidge FL, Thede LL, Young SE. The heritability of gender identity disorder in a child and adolescent twin sample. Behavior genetics. 2002 Jul;32:251-7.
3. R. Harley V, N. Goodfellow P. The biochemical role of SRY in sex determination. Molecular reproduction and development. 1994 Oct;39(2):184-93.
4. Frankowski BL, Committee on Adolescence. Sexual orientation and adolescents. Pediatrics. 2004 Jun 1;113(6):1827-32.
5. Bailey JM, Vasey PL, Diamond LM, Breedlove SM, Vilain E, Epprecht M. Sexual orientation, controversy, and science. Psychological science in the public interest. 2016 Sep;17(2):45-101.
6. Whitam FL, Diamond M, Martin J. Homosexual orientation in twins: A report on 61 pairs and three triplet sets. Archives of Sexual Behavior. 1993 Jun;22:187-206.
7. Cahill L. Why sex matters for neuroscience. Nature reviews neuroscience. 2006 Jun 1;7(6):477-84.

You May Also Like

തെന്നിന്ത്യയിൽ തരംഗമായ മമതാ ബൈജു തമിഴിലേക്ക്

ഈ വർഷം ആരംഭിച്ചത് മുതൽ മലയാള സിനിമ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. പ്രേമലു,…

ത്രില്ലർ സിനിമ ഇഷ്ടപ്പെടുന്നവർക്കായി ‘ചൈന മൂൺ’

Unni Krishnan TR China Moon (1994)???????????????? ഒരു കിടിലൻ ക്രൈം ത്രില്ലർ സിനിമ പരിചയപ്പെടാം.…

അവളുടെ രാവുകൾ -ഇത്രയും ശക്തമായ പ്രമേയമുള്ള കരളുലക്കുന്ന രംഗങ്ങളുള്ള ഒരു ചിത്രത്തേയാണോ ആളുകൾ ഇക്കിളിയായി കൊണ്ടാടിയത്

Sudheerks Ks അവളുടെ രാവുകൾ എന്ന ഐ വി ശശിയുടെ സിനിമ ഈ അടുത്ത കാലത്താണ്…

ഏവരും കാത്തിരുന്ന ‘കാസർഗോൾഡ് ‘ട്രെയ്‌ലർ പുറത്തിറങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന…