ഉള്ളുലയ്ക്കുന്ന ‘”കാതല്‍”
‘”കാതല്‍” – A MUST WATCH MOVIE
“എന്റെ ദൈവമേ..!!!”

Santhosh Iriveri Parootty

സ്വവര്‍ഗാനുരാഗിയായ തന്റെ ഭാര്യയായി ജീവിക്കുമ്പോഴും അതൊന്നും പുറമേ കാണിക്കാതെ തന്റെ ഭാര്യ‍ ഇത്രയും വര്‍ഷം നീറി ജീവിക്കുകയായിരുന്നുവെന്ന് തിരിച്ചറിയുന്ന നിമിഷത്തില്‍ മാത്യു ദേവസി(മമ്മൂട്ടി) യുടെ ഉള്ളില്‍ നിന്നും വരുന്നൊരു കരച്ചിലുണ്ട് കാതല്‍ എന്ന സിനിമയില്‍. നിസ്സഹായതയുടെ ആഴക്കയങ്ങളിൽ പെട്ടുള്ള ഹൃദയം നുറുങ്ങിയുള്ള നിലവിളിയില്‍ വിവാഹമോചനത്തിന്റെ തലേന്ന് അയാള്‍ ഭാര്യയെ കെട്ടിപ്പിടിച്ച് തേങ്ങിക്കരയുന്നു. അച്ഛനെല്ലാം അറിയാമായിരുന്നില്ലേ എന്ന് തന്റെ അച്ഛന്റെ തോളിലേക്ക് ചാര്‍ന്ന് കുറ്റബോധത്തോടെ മാത്യു പൊട്ടിക്കരയുന്ന രംഗത്തിലും മമ്മൂട്ടി-ജിയോ ബേബി ടീം വിസ്മയക്കാഴ്ച്ച ഒരുക്കിവെച്ചിരിക്കുന്നു. പത്തൊന്‍പതു വയസ്സുകാരിയായ മകളുടെ മുന്നില്‍ കള്ളം പറഞ്ഞ് പിടിക്കപ്പെടുമ്പോഴുള്ള നിസ്സഹായതയും കയ്യില്‍ നിന്ന് അറിയാതെ താഴേക്ക് വീണുപോകുന്ന മൊബൈല്‍ കുനിഞ്ഞ് നിന്ന് എടുക്കുമ്പോഴുള്ള ഹൃദയഭാരവും അവിസ്മരണീയമാക്കുന്നു മമ്മൂട്ടി .

   കഴിഞ്ഞ ഇരുപതു വര്‍ഷത്തില്‍ കേവലം നാല് തവണയാണ് താനുമായി മാത്യു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും തങ്ങള്‍ക്കുണ്ടായ കുഞ്ഞിനെ താന്‍ അയാളില്‍ നിന്നും ചോദിച്ചുവാങ്ങുകയായിരുന്നു എന്നും ഭാര്യ ഓമന കോടതിയില്‍ പറയുമ്പോള്‍ വിളറിവെളുത്ത്, അപമാനഭാരത്താൽ തല കുനിച്ച്, ഭാര്യയുടെ ബാഗും പിടിച്ച് കോടതിയില്‍ നില്‍ക്കുന്ന മാത്യു ഒരു സങ്കടക്കാഴ്ച്ചയാവുന്നു.സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും സ്വത്വത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ചിന്തിപ്പിക്കുന്നുണ്ട് കാതല്‍. എല്ലാവരും എപ്പോഴെങ്കിലും അവനവനായി തന്നെ ജീവിക്കാൻ ആഗ്രഹിക്കും. അതിന് സമൂഹവും കുടുംബവും കൂച്ചുവിലങ്ങിടുമ്പോഴോ? കുടുംബം എന്ന ഇന്‍സ്റ്റിറ്റ്യൂഷന്‍ അഥവാ സിസ്റ്റം കുരുക്കിയിടുന്നത് ഇത്തരം മനുഷ്യജന്മങ്ങളെയാണ്. സ്വന്തം സ്വത്വത്തിനുമേൽ അടിച്ചേൽപ്പിക്കപ്പെട്ട മാന്യതയുടെ മുഖംമൂടിയണിഞ്ഞു ജീവിക്കുന്ന പരാജിത വ്യക്തിത്വങ്ങൾ. മാതാപിതാക്കളോടും സമൂഹത്തോടുമുള്ള ചോദ്യങ്ങള്‍ ഉറക്കെയുറക്കെ ആവര്‍ത്തിക്കുന്നു കാതല്‍.

കാതല്‍ എന്നാല്‍ മലയാളത്തില്‍ ഉള്‍ക്കാമ്പ് (Essence). തമിഴില്‍ പ്രണയമെന്നും അര്‍ഥം. ഇവിടെയത് പ്രണയത്തിന്റെ ഉള്‍ക്കാമ്പാവുന്നു. ധീരമായ ഒരു പരീക്ഷണചിത്രം. പോൾസൺ സ്കറിയ-ആദർശ് സുകുമാരൻ ടീമിന്റെ തിരക്കഥയിൽ ജിയോ ബേബി സംവിധാനം ചെയ്ത്, മമ്മൂട്ടിയും ജ്യോതികയും മുഖ്യവേഷങ്ങളിലെത്തിയ കാതൽ -ദ കോർ കുടുംബകഥകൾ പലതുവന്നിട്ടുള്ള മലയാള സിനിമയിൽ ധീരമായൊരു ചുവടുവെയ്പ്പാണ്. വെറും കുടുംബകഥ എന്ന ആശയത്തിൽ നിന്ന് ബഹുദൂരം മുന്നോട്ടുപോകുന്നുണ്ട് ഈ ചിത്രം.

മാത്യു, അയാളുടെ ഭാര്യ ഓമന, പിതാവ്, മകൾ എന്നിവരടങ്ങിയ കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ്ചിത്രം പറയുന്നത് . ഇതിനോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടിനെയും ചിത്രം ചര്‍ച്ചാവിഷയമാക്കുന്നു. പ്രമേയത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നുള്ളിടത്താണ് കാതൽ എന്ന സിനിമയുടെ വിഷയം കൂടുതൽ സങ്കീർണമാവുന്നതും ഗൗരവതരമാവുന്നതും കയ്യടി നേടുന്നതും. മാത്യു ദേവസി എന്ന റിട്ടയർഡ് സഹകരണ ബാങ്ക് ജീവനക്കാരൻ ഒരു പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ സ്വന്തം വാർഡിലെ ഇടതുപക്ഷ സ്ഥാനാർഥിയാകുന്നു. പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന ഒരു വാർത്തപുറത്തുവരുന്നത്. ഭാര്യ ഓമന വിവാഹമോചനത്തിനായി കുടുംബകോടതിയിൽ കേസ് കൊടുത്തിരിക്കുന്നു. അതും മാത്യുവിന് തങ്കൻ എന്ന ആൺസുഹൃത്തുമായി സ്വവര്‍ഗബന്ധമുണ്ടെന്ന കാരണം പറഞ്ഞ്. ഒറ്റപ്പെടലിന്റെ വിവിധ മുഹൂര്‍ത്തങ്ങളിലൂടെയാണ് കാതല്‍ പിന്നീട് മുന്നോട്ട് പോവുന്നത്. ഒരു കൂരയ്ക്ക് കീഴെ ജിവിക്കുമ്പോഴും വേറിട്ട ലോകങ്ങളില്‍ കഴിയുന്ന മനുഷ്യജീവികളെ ചിത്രം കാട്ടിത്തരുന്നു.

വാർഡ് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്വന്തം ജീവിതത്തിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് ചിത്രം പറയുന്നത് .അവരവരുടെ ജീവിതം സ്വയം തിരഞ്ഞെടുക്കണം. Ultimate Decision Maker എന്നത് നമ്മൾ തന്നെയാവണം. അല്ലാതെ മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങിയാവരുത് . ഒരാളുടെ തിരഞ്ഞെടുപ്പിനെ അയാളുടെ വ്യക്തിസ്വാതന്ത്ര്യമായികണ്ട് അംഗീകരിക്കാന്‍ സമൂഹവും തയ്യാറാകണം. അല്ലാത്ത പക്ഷം ജീവിതം ഒരു ദുരന്തക്കാഴ്ച്ചയായി മാറും. വിവാഹം മാനസികരോഗത്തെയോ ഒരു വ്യക്തിയുടെ സവിശേഷമായ ഐഡന്റിറ്റിയെയോ മാറ്റിമറിക്കുന്ന ഒറ്റമൂലിയല്ലെന്നും കാതല്‍ ഓര്‍മിപ്പിക്കുന്നു.

കഥാപാത്രം മാത്രമായി മാറുന്ന കൂടുവിട്ടു കൂടുമാറലിലൂടെ വിസ്മയിപ്പിക്കുന്നുണ്ട് മമ്മൂട്ടി വീണ്ടും. അധികം സംസാരിക്കാത്ത, ആളുകളുടെ മുഖത്തുപോലും ശരിക്കും നോക്കാത്ത, താൻ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നുപോലും ശരിക്ക് ധാരണയില്ലാത്ത, അപമാനഭാരത്താല്‍ തലകുനിയുന്ന, എല്ലാം തകര്‍ന്ന് പൊട്ടിക്കരയുന്ന മാത്യുവിനെ മമ്മൂട്ടി ഗംഭീരമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യം തേടുന്ന വീട്ടമ്മയെ ജ്യോതിക മികവുറ്റതാക്കി. സംഭാഷണത്തില്‍ ചില്ലറ കുഴപ്പങ്ങള്‍ തോന്നി. തങ്കനെ അവതരിപ്പിച്ച സുധി കോഴിക്കോടും നിറഞ്ഞ കയ്യടി അർഹിക്കുന്നു. മലയാളികൾ ഇതുവരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത കഥാപാത്രം. അധികം സംസാരമില്ലാതെ നോട്ടംകൊണ്ടും പുഞ്ചിരികൊണ്ടും പ്രേക്ഷകരുടെ ഉള്ളം പൊള്ളിക്കുന്നുണ്ട് തങ്കൻ. കള്ളുകുടിച്ചുള്ള സീന്‍ ഒക്കെ ഗംഭീരം എന്നേ പറയാനാവൂ.

മാത്യുവിന്റെ ചാച്ചനായെത്തിയ ആർ. എസ്. പണിക്കരുടേത് ശക്തനായ അച്ഛൻ കഥാപാത്രമായിരുന്നു. സ്വന്തം മകൻ കടന്നുപോകുന്ന അവസ്ഥ മനസിലാക്കിയിട്ടും അതിനേക്കുറിച്ച് പ്രതികരിക്കാനും സംസാരിക്കാനും കഴിയാതെ വീര്‍പ്പുമുട്ടി ജീവിതം തള്ളിനീക്കുന്ന പിതാവിനെ അദ്ദേഹം കയ്യടക്കത്തോടെ അവതരിപ്പിച്ചു. ചിന്നു ചാന്ദിനി, മുത്തുമണി, കലാഭവൻ ഹനീഫ്, ജോജി മുണ്ടക്കയം എന്നിവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി. കുടുംബ കോടതി ജഡ്ജിനെ മികച്ച രീതിയിലും അത്തരം ജഡ്ജിമാരുടെ ചെറുചലനങ്ങള്‍ പോലും ഒപ്പിയെടുത്തും അവതരിപ്പിച്ചിട്ടുണ്ട് കലാഭവൻ ഹനീഫ. പതിവ് ഒന്നോ രണ്ടോ രംഗങ്ങളില്‍ കടന്നുവരുന്നതിന് പകരം സിനിമയിലെ പ്രധാനമായൊരു കഥാപാത്രമാണ് ഹനീഫയുടെ ജഡ്ജി. അദ്ദേഹത്തോട് മലയാള സിനിമ ചെയ്ത ഈ നീതി പക്ഷേ ഒരുപാട് വൈകിപ്പോയി.

മാത്യൂസ് പുളിക്കന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ചു നിന്നു. ക്ളൈമാക്സിലെ ഗാനം ചിത്രത്തിന്റെ വൈകാരിക തീവ്രത പ്രേക്ഷകരിലേക്ക് ആവാഹിക്കുന്നു. ഫ്രാൻസിസ് ലൂയിസിന്റെ എഡിറ്റിംഗ്, സാലു കെ. തോമസിന്റെ ഫ്രെയിംസ് എല്ലാം നന്ന്. ഹോമോസെക്ഷ്വാലിറ്റി സിനിമകളിലെ “സ്ഥിരം” രംഗങ്ങളോ “ചേരുവ” കളോ ഒന്നും ഈ സിനിമയിലില്ല. വിഷയത്തിന്റെ ഗൗരവം ചോരാതെ മറ്റു കാട്ടിക്കൂട്ടലുകൾക്ക് നിൽക്കാതെ ഹോമോസെക്ഷ്വാലിറ്റിയെ അസാധാരണത്വത്തിൽ നിന്ന് മോചിപ്പിക്കുന്നുണ്ട് കാതൽ. മനുഷ്യര്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന അപരിചിതമെന്നു തോന്നാവുന്ന വഴികളിലൂടെയുള്ള ഒരു സഞ്ചാരമാണ് യഥാർഥത്തിൽ ഈ ചിത്രം. അവനവനെ സ്നേഹിക്കാനും സ്വന്തം കാതലിലേക്ക് മടങ്ങാനും ആഹ്വാനം ചെയ്യുന്ന ചിത്രം. ക്വീര്‍ പൊളിറ്റിക്സിനെ ചേര്‍ത്തുപിടിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തെയും ചിത്രം കാട്ടിത്തരുന്നുണ്ട്. ആയർഥത്തിൽ വ്യക്തമായി തന്നെ രാഷ്ട്രീയം പറഞ്ഞു പോവുന്നുമുണ്ട്. കാലം അടയാളപ്പെടുത്തുന്ന രാഷ്ട്രീയ സിനിമ, അല്ലെങ്കില്‍, കാലത്തെ അടയാളപ്പെടുത്തുന്ന സാമൂഹിക സിനിമ, അതാണ് കാതല്‍.

മമ്മൂട്ടിയും ജ്യോതികയും ചേര്‍ന്നൊരുക്കിയ കെമിസ്ട്രി ഗംഭീരം. പരസ്പരം വ്യത്യസ്ത ധ്രുവങ്ങളിൽ നില്‍ക്കുമ്പോഴും ഒന്നിനോടൊന്ന് താങ്ങും തണലുമാകണമെന്ന രസതന്ത്രം അതിമനോഹരമായി വര്‍ക്ക് ചെയ്തിട്ടുണ്ട് ഈ ചിത്രത്തില്‍. ഏത് ദുര്‍ഘട സാഹചര്യങ്ങളിലും പരസ്പരം മനസ്സിലാക്കിയാല്‍ സുഖകരമായ അതിജീവനം സാധ്യമാവുമെന്ന് പറഞ്ഞു വെക്കുന്നു കാതല്‍. ആദ്യം കേള്‍ക്കുമ്പോള്‍ അസംബന്ധമെന്ന് തോന്നിയേക്കാവുന്ന ചില ഉദ്യമങ്ങൾ പിന്നീട് ലളിതവും മനോഹരവുമായ പര്യവസാനത്തിലേക്കും ചായയും നാരങ്ങ സോഡയും കുടിച്ച് മനസ്സിലെ ഭാരങ്ങളെല്ലാം ഇറക്കിവെച്ച് ചിരിച്ചു പിരിയുന്നതു പോലുള്ള ലാഘവമുള്ള മുഹൂർത്തങ്ങളിലേക്കും എത്തിക്കാനാവുമെന്നും സിനിമ കാണിച്ചു തരുന്നുണ്ട്.
കണ്ടിരിക്കണം കാതല്‍, ചില തിരിച്ചറിവുകള്‍ക്കു വേണ്ടി…അവനവനിലേക്കുള്ള ഒരു തിരിഞ്ഞുനടത്തത്തിനു വേണ്ടി…

You May Also Like

ഒരിക്കലും തീരാത്ത യുദ്ധത്തിൽ കുടുങ്ങിയ മൂന്ന് ബാല്യകാല സുഹൃത്തുക്കളുടെ കഥ

Prasanth Prabha Sarangadharan ത്രികോണ പ്രണയവും പരസ്പരമുള്ള സ്നേഹവും വിശ്വാസവഞ്ചനയും പലസ്തീന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളും…

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. സംഗീതം…

‘വഴക്ക്’ കൂടാൻ ടോവിനോ ! വഴക്കിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു

ടൊവിനോയെ നായകനാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമായ ‘വഴക്ക്’ -ന്റെ ട്രെയ്‌ലർ റിലീസ്…

100 കോടി 1000 കോടിയാക്കുന്ന മാജിക് , ഭജ്‌രംഗി ഭായ്ജാന്റെ റെക്കോർഡ് തകർത്ത് കെജിഎഫ് ചാപ്റ്റർ 2

റോക്കിയുടെ കളക്ഷൻ തേരോട്ടം അവസാനിക്കുന്നില്ല. നൂറുകോടിയുടെ മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം ആയിരം കോടി കടന്നു മുന്നേറുകയാണ്.…