വെളുത്ത കത്രീനയും എന്റെ ആദ്യ കുര്‍ബാനയും!!! – രഘുനാഥന്‍ കഥകള്‍

301

church

എല്ലാ പട്ടാളക്കാരും ഞായറാഴ്ച രാവിലെ സമയം കിട്ടിയാല്‍ അവരവരുടെ മതപരമായ ആരാധനാ സ്ഥലങ്ങളില്‍ പോയി പ്രാര്‍ഥന നടത്തണമെന്ന് പട്ടാളത്തില്‍ ഒരു നിയമമുണ്ട്. ചെറിയ പട്ടാള യൂണിറ്റുകളില്‍ അമ്പലവും പള്ളിയും മോസ്‌കും എല്ലാം ഒറ്റ മുറിയില്‍ തന്നെ ആയിരിക്കും. പക്ഷെ വലിയ പട്ടാള ക്യാമ്പുകളില്‍ പള്ളിയും മോസ്‌കും അമ്പലവും വേറെ വേറെ സ്ഥലങ്ങളില്‍ ആയിരിക്കും. ദൈവത്തില്‍ വിശ്വാസമുണ്ടായാലും ഇല്ലെങ്കിലും ‘മന്ദിര്‍ പരേഡില്‍’ എല്ലാവരും പങ്കു കൊള്ളണമെന്ന് ആര്‍മിയില്‍ നിര്‍ബന്ധമാണ്. എന്നെപ്പോലുള്ള അല്‍പ വിശ്വാസികള്‍ ഈ സമയം മുതലാക്കി മുങ്ങിക്കളയുകയാണ് പതിവ്.പക്ഷെ പിടി വീണാല്‍ സംഗതി കുഴപ്പമായത് തന്നെ.

എനിക്ക് അമ്പലത്തില്‍ പോകുന്നതിനോട് താല്പര്യം ഇല്ലാത്തതിന്റെ കാരണം ദൈവ വിശ്വാസത്തിന്റെ കുറവല്ല. രാവിലെ സിവില്‍ ഡ്രെസ്സില്‍ ‘ഫാള്ളിന്‍’ ആകണം, മാര്‍ച്ച് ചെയ്തു അമ്പലത്തിലേക്ക് പോകണം, അവിടെ എത്തി മണിക്കൂറുകളോളം ഹിന്ദിക്കാരുടെ ഭജന്‍ കേള്‍ക്കണം ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. തന്നെയുമല്ല ജന്മനാ ഒരു ഹിന്ദുവായ എനിയ്ക്ക് അമ്പലത്തെക്കാള്‍ ഇഷ്ടം ക്രിസ്ത്യന്‍ പള്ളികളാണ്.

അതിനു ചില കാരണങ്ങളുമുണ്ട്.

ക്രിസ്ത്യന്‍ ദൈവങ്ങളായ യേശു, അദ്ദേഹത്തിന്റെ പിതാവ് ശ്രീ ജോസഫ്, മാതാവ് കുമാരി മറിയം എന്നിവര്‍ ഹിന്ദു ദൈവങ്ങളെക്കാള്‍ വിശാലമനസ്‌കരാണ് എന്നുള്ള എന്റെ വിശ്വാസമാണ് അതിന്റെ ഒന്നാമത്തെ കാരണം. നമ്മുടെ ഒരാഗ്രഹം പെട്ടെന്ന് നടന്നു കിട്ടണമെങ്കില്‍ ഒരു കൂട് മെഴുക് തിരി (ഒരെണ്ണമായാലും കുഴപ്പമില്ല) വാങ്ങി മേല്‍പറഞ്ഞവരുടെ മുന്‍പില്‍ കത്തിച്ചിട്ട് നമ്മുടെ ആഗ്രഹം എത്രയും പെട്ടെന്ന് നടത്തിത്തരാന്‍ വളരെ കൂളായി ആവശ്യപ്പെടാം. (ഇത് എനിക്ക് പറഞ്ഞു തന്നത് സത്യ ക്രിസ്ത്യാനിയും ദൈവഭക്തനുമായ മനോജാണ്).

പക്ഷെ ഹിന്ദു ദൈവങ്ങളുടെ അടുത്ത് ഇതു വല്ലതും നടക്കുമോ? ക്ഷിപ്ര പ്രസാദിയായാലും കുറഞ്ഞത് നൂറു രൂപയെങ്കിലും വഴിപാടിനു വേണ്ടി വരും. ക്ഷിപ്ര കോപിയാണ് നിങ്ങളുടെ ഇഷ്ട ദൈവമെങ്കില്‍ വഴിപാടിന്റെ തുക കുറഞ്ഞു പോയതിന്റെ പിഴയായി മറ്റൊരു വഴിപാടു കഴിക്കേണ്ടി വരും. ആ വഴിപാടു നടത്താനുള്ള തുക ഓണ്‍ലൈനില്‍ അയച്ചിട്ട് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും.!!

ഇനി രണ്ടാമത്തെ കാരണം.

സത്യക്രിസ്ത്യാനിയായ ഒരാള്‍ക്ക് എന്ത് കുണ്ടാമണ്ടിയും (കുണ്ടാമണ്ടി മീന്‍സ് പാപം) ചെയ്യാം . അത് പാപമാണെന്ന് തോന്നിയാല്‍ നേരെ പള്ളിയില്‍ പോയി അച്ചനെ നേരില്‍ കണ്ട് ചെയ്ത പാപത്തിന്റെ ഒരു സംഷിപ്ത വിവരണം കൊടുത്താല്‍ അച്ചന്‍ അപ്പോള്‍ത്തന്നെ സ്വര്‍ഗത്തിരിക്കുന്ന ദൈവം തമ്പുരാനെ ഓണ്‍ലൈന്‍ ആയി ബന്ധപ്പെട്ട് കുഞ്ഞാടിന്റെ പാപം ചെയ്യാനുണ്ടായ സാഹചര്യം വിശദമാക്കുകയും കുഞ്ഞാട് നല്ലവനും ദയാലുവും സര്‍വ്വോപരി പള്ളിക്കാര്യങ്ങളില്‍ സാരമായ സംഭാവനകള്‍ ചെയ്യുന്നവനും ആണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യും. അതോടെ കുഞ്ഞാടിന്റെ പാപം ലഘുകരിക്കപ്പെടുകയും ചിലപ്പോള്‍ പാപ മോചനം തന്നെ ലഭിക്കുകയും ചെയ്‌തേക്കാം.

ഈ സൗകര്യം ഹിന്ദു മതത്തിലുണ്ടോ? ഓരോ ഹിന്ദുവും ചെയ്യുന്ന പാപങ്ങള്‍ യമദേവന്റെ അസിസ്റ്റന്റ് ചിത്രഗുപ്തന്‍ അപ്പപ്പോള്‍ തന്റെ ലാപ്‌ടോപ്പില്‍ സേവ് ചെയ്യില്ലേ? കാലാവധി തീരുമ്പോള്‍ ഒരാളെ വിട്ടു മേല്‍പടി പാപിയെ പൊക്കും. എന്നിട്ട് തന്റെ ആപ്പീസ്സില്‍ എത്തിച്ചു ലാപ്‌ടോപ് തുറന്നു പാപത്തിന്റെ കണക്കെടുത്ത് അതില്‍ യമദേവനെക്കൊണ്ട് കൌണ്ടര്‍ സൈന്‍ ചെയ്യിപ്പിച്ചിട്ട് നേരെ നരകത്തിലേക്ക് റെഫര്‍ ചെയ്തു കളയും.!!! അവിടെ എത്തിയാല്‍ പിന്നെ വറുക്കലുംപൊരിക്കലും.. ഹോ…. ഓര്‍ത്തിട്ടു തന്നെ പേടിയാകുന്നു…

ഇതൊക്കെയാണ് എനിക്ക് ക്രിസ്തു മതത്തിലേയ്ക്ക് ഒരു വലതുപക്ഷ ചായ്‌വ് ഉണ്ടാകാന്‍ കാരണം. തന്നെയുമല്ല എന്റെ ഓഫീസിന്റെ മുന്‍പിലൂടെ ഒരു മലയാളി യുവസുന്ദരി എന്നും കോളേജില്‍ പോവുകയും അവളെ ഞാനും അവള്‍ എന്നെയും കടാക്ഷ ശരങ്ങള്‍ എയ്യുകയും പിന്നെ ആ ശരങ്ങള്‍ എല്ലാം ചേര്‍ന്ന് ഒരു ‘ലൈന്‍!’ആയി രൂപാന്തരം പ്രാപിക്കുകയും,അവള്‍ ഒരു യരുശലേം കന്യകയാണ് എന്ന് മനസ്സിലാകുകയും, അവളുടെ പള്ളിയിലെ പേര് ‘കത്രീന മറിയം തോമസ് ആണെന്നും വീട്ടില്‍ ‘രമ്യ’ എന്നാണു വിളിക്കുന്നതെന്നും വ്യക്തമാവുകയും ചെയ്തതോടെ യേശുവിനോടും അദ്ദേഹത്തിന്റെ അനുയായികളോടും എനിക്കുള്ള ആരാധന മൂവാണ്ടന്‍ മാങ്ങ പോലെ പെട്ടെന്ന് കേറി മൂത്തു.

കൂടുതല്‍ വിശദമായി അറിഞ്ഞപ്പോള്‍ അവള്‍ ഞങ്ങളുടെ യൂണിറ്റിലെ ഒരു മലയാളി ജൂനിയര്‍ കമ്മീഷണ്ട് ഓഫീസറുടെ മകളാണെന്നും എല്ലാ ഞായറാഴ്ചയും അടുത്തുള്ള പള്ളിയില്‍ വരാറുണ്ടെന്നും വെളിവായി. അതോടെ ഒരു ഹിന്ദുവായി ജനിച്ചതില്‍ എനിക്ക് എന്നോട് തന്നെ ‘പുജ്ഞ്ജം’ തോന്നി. ക്രിസ്ത്യാനി ആയിരുന്നെകില്‍ എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകാമായിരുന്നു. വെളുത്ത കത്രീനയെ കാണാമായിരുന്നു. അവളോടൊപ്പം കുര്‍ബാന കൈക്കൊള്ളാമായിരുന്നു. പക്ഷെ എന്തു ചെയ്യാം? ഞാനൊരു നായര്‍ കുല ജാതനായിപ്പോയില്ലേ?

ഷിറ്റ് …

ഏതായാലും അടുത്ത ഞായറിന് അമ്പലത്തില്‍ പോകുന്നതിനു പകരം ഞാന്‍ പള്ളിയിലോട്ട് വച്ച് പിടിച്ചു. ഞാന്‍ ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ എന്ന് ആരറിയാന്‍? അറിഞ്ഞാല്‍ തന്നെ എന്തു കുഴപ്പം. ഈ നാട്ടില്‍ ആരാധനാ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരുപോലെയല്ലേ? ഞാന്‍ പള്ളിയില്‍ പോകണോ അമ്പലത്തില്‍ പോകണോ എന്ന് തീരുമാനിക്കുന്നത് ഞാനല്ലേ? പട്ടാളമാണോ? ഇതെന്താ വെള്ളരിക്കാ പട്ടാളമോ?

പള്ളിയിലെത്തിയപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചപോലെ തന്നെ കത്രീനയെ കണ്ടു. മറ്റു യരുശലേം കന്യകമാരുടെ കൂടെ അള്‍ത്താരയുടെ അരികിലുള്ള ഗായക സംഘത്തില്‍ ഒരു പാട്ട് പുസ്തകം പിടിച്ചു കൊണ്ട് നില്‍ക്കുന്നു.!! അള്‍ത്താരയുടെ മുന്‍പില്‍ തന്നെയുള്ള ഇരിപ്പിടത്തില്‍ ചെന്നിരുന്ന എന്നെ അവള്‍ കണ്ടു. ഇടക്കിടയ്ക്ക് ഓരോ കടാക്ഷ ശരമെയ്തു.. അത് കൊണ്ട ഞാന്‍ തരളിത പുളകനായി. പുളകിത ഗാത്രനായി..വേറെ ഏതാണ്ടൊക്കെ ആയി…

കുര്‍ബാന തുടങ്ങി. പള്ളിയിലെ നടപടി ക്രമങ്ങള്‍ വശമില്ലാതിരുന്ന ഞാന്‍ മറ്റുള്ളവര്‍ ചെയ്യുന്നത് ശ്രദ്ധിച്ചു..എല്ലാവരും കൈകള്‍ മടിയില്‍ വച്ച് കണ്ണടച്ചിരിക്കുകയാണ് !. ഞാന്‍ കണ്ണടക്കാതെ അവളെത്തന്നെ നോക്കിയിരുന്നു. അതുകണ്ട വികാരിയച്ചന്‍ എന്നെ കണ്ണുരുട്ടി നോക്കി. ഉടനെതന്നെ ഞാന്‍ കണ്ണുകളടച്ച് അവളെ എനിക്ക് കെട്ടിച്ചു തരാന്‍ അവളുടെ പിതാവിന് തോന്നിപ്പിക്കണേ എന്ന് യേശുവിനോട് മുട്ടിപ്പായി അപേക്ഷിച്ചു. സമയം കിട്ടുമ്പോള്‍ ഒരു കൂട് മെഴുക് തിരി കത്തിച്ചേക്കാം എന്ന് ഒരു ഓഫര്‍ കൊടുക്കുകയും ചെയ്തു.

അല്പം കഴിഞ്ഞപ്പോള്‍ ആരോ എന്നെ തോണ്ടി. ഞാന്‍ കണ്ണുതുറന്നു. ഞാനൊഴികെ എല്ലാവരും എഴുനേറ്റു നില്‍ക്കുന്നു. അത് കണ്ട ഞാനും ഉടനെ എഴുനേറ്റു നിന്നു.അപ്പോഴതാ എല്ലാവരും ഇരിക്കുന്നു !! കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും മുട്ട് കുത്തുന്നു.!!!

ഞാന്‍ പുലിവാല് പിടിച്ചത് പോലെയായി…

എപ്പോള്‍ എഴുനേറ്റു നില്‍ക്കണം, എപ്പോള്‍ മുട്ട് കുത്തണം, എപ്പോള്‍ ‘ആമേന്‍’ പറയണം എന്നറിയാതെ ഞാന്‍ വല്ലാതെ പരിഭ്രമിച്ചു.

അള്‍ത്താരയില്‍ നില്‍ക്കുന്ന പട്ടാളത്തിലെ ഒരു ജൂനിയര്‍ കമ്മീഷണ്ട് ഓഫീസര്‍ കൂടിയായ വികാരിയച്ചന്‍ എന്റെ പമ്മലും പരുങ്ങലും വെപ്രാളവും ശ്രദ്ധിക്കുന്നുണ്ട് എന്നെനിക്കു തോന്നി.

കര്‍ത്താവേ കുരിശാകുമോ…?

പള്ളിയില്‍ വരുന്നതിനു മുന്‍പ് അവിടുത്തെ ചിട്ടവട്ടങ്ങള്‍ ഒന്ന് മനസ്സിലാക്കാതെയിരുന്നതില്‍ എനിക്ക് കുറ്റബോധം തോന്നി. ഹിന്ദുവായ ഞാന്‍ അമ്പലത്തില്‍ പോകാതെ പള്ളിയിലെത്തി അവിടുത്തെ ആരാധന ക്രമങ്ങള്‍ക്ക് കടക വിരുദ്ധമായി പ്രവര്‍ത്തിച്ചു വിശുദ്ധ കുര്‍ബാനയ്ക്ക് തടസ്സമുണ്ടാക്കിയ വിവരം പട്ടാളമറിഞ്ഞാല്‍ ഇനിയുള്ള എന്റെ ആത്മീയ ജീവിതം ഭൌതീകമായിത്തന്നെ അവസാനിക്കും.!!

മുന്‍പില്‍ നില്‍ക്കുന്ന കത്രീനയും അവളുടെ കൂടെയുള്ള എസ്. ജാനകിമാരും എന്റെ പരവേശം കണ്ടിട്ട് അടക്കി ചിരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി. പുറകില്‍ നില്‍ക്കുന്ന സത്യ ക്രിസ്ത്യാനികളും എന്റെ സര്‍ക്കസ്സ് കാണുന്നുണ്ട് എന്നെനിക്കു മനസ്സിലായി. ഒരു വിധത്തില്‍ കുര്‍ബാന കഴിഞ്ഞു പുറത്തു ചാടിയ ഞാന്‍ ബാരക്കിലേക്ക് വച്ച് പിടിച്ചു.

പിന്നീടൊരിക്കലും ഞാന്‍ പള്ളിയില്‍ പോയിട്ടില്ല എങ്കിലും ഇപ്പോഴും ഏതെങ്കിലും ക്രിസ്ത്യന്‍ പള്ളി കണ്ടാല്‍ ഉടനെ ഞാന്‍ അറിയാതെ കുരിശു വരച്ചു പോകും…