പൊന്നിയിൻ സെൽവനെ വാനോളം പുകഴ്ത്തി കത്രീന കൈഫ്. താരം തന്റെ പുതിയ ചിത്രമായ ഫോൺ ഭൂതിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ ആണ് പൊന്നിയിൻ സെൽവൻ വാനോളം പുകഴ്ത്തിയതും തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചതും. വളരെ നല്ല സംവിധായകർ തെന്നിന്ത്യയിൽ ഉണ്ടെന്നും താരം പറഞ്ഞു. കത്രീന നേരത്തെ തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ബൽറാം താരാദാസ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച കത്രീന മലയാളികൾക്കും സുപരിചിതയാണ്. 2004-ൽ മല്ലീശ്വരി, 2005-ൽ അല്ലാരി പിഡുഗു എന്നീ തെലുങ്ക് ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.
കത്രീനയുടെ വാക്കുകൾ ഇങ്ങനെ
“മണിരത്നം സാർ ചെയ്ത പൊന്നിയിൻ സെൽവനെ നോക്കൂ. എത്ര ഗംഭീരമായ ചിത്രമാണത്. മനോഹരമായ ഫ്രെയിമുകളും ഗാനങ്ങളും. ഈ പ്രായത്തിൽ ഇത്രയും വലിയ ഒരു സിനിമ ചെയ്തത് ഒരു ഐക്കണിക് സംവിധായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഉത്സാഹം എത്രമാത്രമാണെന്ന് തെളിയിക്കുന്നതാണ്.” കത്രീന പറഞ്ഞു.