മലയാളത്തിന്റെ കാവ്യസൂര്യന്‍ ഒ.എന്‍.വി കുറുപ്പ് ഓര്‍മയായിട്ട് നാലുവർഷങ്ങൾ, പ്രണാമം

188
Kavalam Anil (കവി, എഴുത്തുകാരൻ)
*
നിന്നെ ഞാനെന്തു വിളിക്കും…?
“പ്രിയസഖി ഗംഗേ പറയൂ
പ്രിയ മാനസനെവിടെ?
ഹിമഗിരി ശൃംഗമേ പറയൂ
എൻ പ്രിയതമനെവിടെ?”
(ചിത്രം – കുമാരസംഭവം)
പ്രേമതപസ്വിയായ പാർവതി പ്രകൃതിയിലെല്ലാം തിരയുന്നത് പ്രിയമാനസനെയാണ്. ഗംഗയോടും ഹിമഗിരിശൃംഗത്തോടും വനതരുവൃന്ദത്തോടും പൊന്മാനുകളോടും ആ തപസ്വിനിക്ക് ഒരേയൊരാളെക്കുറിച്ചേ ചോദിക്കാനുള്ളൂ. ശ്രീരാമൻ വനദേവതമാരോടും മൃഗപക്ഷി സഞ്ചയങ്ങളോടും
വൃക്ഷവ്യന്ദത്തോടും സീതയെക്കുറിച്ചന്വേഷിക്കുന്ന ഭാവതീവ്രമായ രംഗങ്ങളെ ( അധ്യാത്മരാമായണം – എഴുത്തച്ഛൻ ) ഓർമ്മിപ്പിക്കുന്നതാണ് ഈ ഗാനത്തിന്റെ രചനാഭംഗി.
ഇത് സമർപ്പണത്തിന്റെ തീവ്രജ്വാലയാണ്. ആത്മ വിസ്മൃതിയുടെ താഴ്വരയും. മലയാളത്തിന് ഭാവബന്ധുരമായ ഒട്ടേറെ ഗാനങ്ങൾ സമ്മാനിച്ച കവി ഒ.എൻ വിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ പ്രണയത്തിന്റെ, സമർപ്പണത്തിന്റെ അത്യുന്നതിയെ അദ്ദേഹമെങ്ങനെയാണ് ആവിഷ്ക്കരിച്ചതെന്ന് ചില ഗാനങ്ങൾ സൂചിപ്പിച്ച് ശ്രമിക്കാം:
പ്രേമാനുഭൂതികളുടെ വശ്യമായ ആഖ്യാനം ഈ ഗാനങ്ങളുടെ പ്രത്യേകതയാണ്. കഥാസന്ദർഭത്തിന്റെ അതിരുകൾ കടന്ന് അവ സ്വതന്ത്രചേതനയുടെ വിശാലതലങ്ങളിലേയ്ക്ക് ഒഴുകുന്നു.
“മാണിക്യവീണയുമായെൻ മനസ്സിന്റെ ” എന്നു തുടങ്ങുന്ന ഗാനത്തിൽ കാമുകിയുടെ പിണക്കത്തിന്റെയും മൗനത്തിന്റെയും കാരണം ആരായുന്ന കാമുകഹൃദയത്തിന്റെ മൃദുസ്പന്ദനങ്ങൾ കേൾക്കാം. പ്രിയപ്പെട്ടവളുടെ വേദനകൾ പങ്കിടാൻ ആ ഹൃദയം ദാഹിക്കുന്നു. പിണക്കവും മൗനവും പ്രേമം കൂടുതൽ തീവ്രതരമാക്കുകയാണ്. മഞ്ഞു പൊഴിഞ്ഞു, മാമ്പൂ കൊഴിഞ്ഞു – എന്നിട്ടും കാമിനിയുടെ മുഖത്ത് മാത്രം പുഞ്ചിരിയുടെ പ്രകാശം പരക്കുന്നില്ല. അതുകൊണ്ടാവാം പ്രകൃതിയിലുണ്ടാവുന്ന സുഖകരമായ മാറ്റങ്ങൾ പോലും കാമുകന് ആസ്വാദ്യമായി തോന്നാത്തത്.
“കരുണ “യിലെ ഗാനത്തിൽ , മനസ്സിൽ അകൃത്രിമ പ്രണയത്തിന്റെ ഉറവ് ഊറിയപ്പോൾ വാസവദത്ത അസ്വസ്ഥയാകുന്നു. ധനപതികൾ കനകാഭിഷേകം ചെയ്യു തൊഴുതാൽപോലും അനുഗ്രഹിക്കാൻ മടിക്കുന്ന തന്റെ കണ്ണുകൾ, കൊച്ചുമുനിയെ കാണാൻ ഉഴറുകയാണെന്നവൾ അറിയുന്നു. എന്നാൽ, ആരിലേയ്ക്കാണോ അവയുടെ പ്രേമത്തിന്റെ ഉറവ ഒഴുകിയെത്തിയത്, ആ ഉപഗുപ്തൻ അതിൽ അലിയുന്നില്ല. രാഗവിവശയായ അവൾ സ്വയം ചോദിച്ചു പോകുന്നു,
” എന്തിനീ ചിലങ്കകൾ
എന്തിനീ കൈവളകൾ
എൻ പ്രിയനെന്നരികിൽ
വരില്ലയെങ്കിൽ?”
ഉപഗുപ്തൻ കണ്ടാസ്വദിച്ചില്ലെങ്കിൽ തന്റെ പ്രേമവായ്പിൽ തരളിതനായില്ലെങ്കിൽ എന്തിനാണ് തന്റെ മേനിക്ക് ഈ അലങ്കാരങ്ങൾ? അലങ്കാരങ്ങളും മേനിയും മാത്രമല്ല, തന്റെ വ്യക്തിത്വം പോലും ഈ പ്രേമനിരാസത്താൽ നിഷ്പ്രഭമാകുന്നതായി അവൾക്കു തോന്നുന്നു.
“അർത്ഥഭാണ്ഡങ്ങൾ തൻ കനം
കുറഞ്ഞു പോകുന്നു തോഴീ –
ഇത്തനുകാന്തി തൻ വിലയിടിഞ്ഞിടുന്നു
വൃർത്ഥമായ് തോന്നുന്നു കഷ്ടമവൻ – കാണാ
തെനിക്കുള്ള
നൃത്തഗീതാദികളിലെ നൈപുണിപോലും.”
ആശാന്റെ “കരുണ “യിലെ ഈ വരികളിലെ ആശയമാണ് വ്യത്യസ്തമായ കാവ്യഭാഷയിലൂടെ ഒ എൻ വി വിശദീകരിച്ചിരിക്കുന്നത്. ലാളിത്യവും ഔചിത്യവുമാണതിന്റെ മുഖമുദ്രകൾ.
ഉപഗുപ്തനെ പകൽക്കിനാവ് കാണുന്ന വാസവദത്ത ” വാസനത്തൈലം പൂശി, വാർമുടി കോതിവയ്ക്കാനും വാലിട്ടു കണ്ണെഴുതാനും മറന്നു പോയി. മനസ്സ് പ്രേമത്തിലൂന്നിയപ്പോൾ അവൾ മറ്റെല്ലാം മറക്കുന്നു.
വാസവദത്തയുടെ ആത്മസത്തയെന്ന പോലെ ആശാന്റെ “കരുണ “യുടെ കാവ്യസത്തയും ഉൾച്ചേർന്ന ഒ .എൻ .വി ഗാനമാണിത്.
തുടക്കത്തിൽ സൂചിപ്പിച്ച “പ്രിയസഖി ഗംഗേ” യിലെ ചരണത്തിൽ,
“തിരുമുടി ചൂടിയ തിങ്കൾക്കലയുടെ
കതിരൊളി ഞാനിനി കാണുകില്ലേ?”
എന്നു ചോദിക്കുമ്പോൾ ഭാവാവിഷ്ക്കാരം അതിന്റെ ഉച്ചകോടിയിലെത്തുന്നുണ്ട്. ആ കതിരൊളി പാർവതിക്ക് പ്രേമസാഫല്യമാണ്. ഹൈമവതഭൂവിന്റെ നന്മയും ഒരു പ്രേമ തപസ്സിന്റെ ഉജ്ജ്വലതയും തപസ്വിനിയുടെ പ്രേമതീവ്രതയും “ഹിമകണത്തിൽ കാനന “മെന്ന പോലെ ഈ ഗാനത്തിൽ ബിംബിച്ച് കാണാം.
മുഗ്ദ്ധപ്രേമവും കാവ്യകല്പനയും ഇഴചേർന്നു നെയ്തൊരു ഗാനമാണ് “സ്വപ്നം ” എന്ന ചിത്രത്തിലേത്. അതിൽ ഭൂമി “സൗരയൂഥത്തിൽ വിടർന്ന കല്യാണസൗഗന്ധിക” മാണ്. കാമുകി “അതിന്റെ സൗവർണ്ണ പരാഗ”വും. അതിന്റെ സൗരഭ്യവുമാണ് കാമുകന്റെ സ്വപ്നം.
അതിനാലയാൾ ചോദിക്കുന്നു:
” നിന്നെ ഞാനെന്തു വിളിക്കും?
എന്നെന്നും തളിർക്കുന്ന സൗന്ദര്യമെന്നോ
എൻ ജീവനോലുന്ന സിന്ദൂരമെന്നോ
എന്നാത്മസംഗീതമെന്നോ !”
ആ സിന്ദൂരം മനസ്സിലെ രാഗം തന്നെയാണ്.
അയാൾ തുടരുകയാണ്:
” ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ
ചൂടാത്ത പൂവിന്റെ നിശ്വാസമെന്നോ …..”
“ചൂടാത്ത പൂവിന്റെ നിശ്വാസ “ത്തിന് നിമിത്തമായത് കാളിദാസന്റെ പ്രയോഗമായ “അനാഘ്രാതം പുഷ്പം “എന്ന പ്രയോഗമായിരിക്കാം. കാവ്യോചിതമായ നവീകരണത്തിന്റെ മാധുര്യം ഇതിലുണ്ട്.
പ്രപഞ്ചത്തിലെ സൗന്ദര്യം, പ്രണയം, സംഗീതം, സൗരഭ്യം , മാധുര്യം, എന്നീ ഗുണങ്ങൾ മാത്രമല്ല എല്ലാ കാവ്യകല്പനകളും കൂടിച്ചേർന്നതാണ് നീ എന്ന് കാമുകൻ പ്രഖ്യാപിക്കുന്നു. ഏതു സംബോധനയ്ക്കാണ് നിന്റെ പൂർണ്ണതയെ ഉൾക്കൊള്ളാനാവുക ? എന്നുകാമുകൻ അത്ഭുതപ്പെടുന്നു.
ഇവിടെ ഒന്നു സൂക്ഷ്മത്തിലേക്ക് പോകേണ്ടതുണ്ട്. മുഗ്ദ്ധപ്രണയത്തിന്റെ മധുരനൊമ്പരം അനുഭവിക്കുന്ന പ്രണയിതാക്കളുടെയെല്ലാം ഉള്ളിൽ ഉത്തരം ലഭിക്കാത്ത ഒരു ചോദ്യമുണ്ടാകും.
“നിന്നെ ഞാൻ എന്തു വിളിക്കും?”
അത് സ്വയം ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴുണ്ടാകുന്ന അനുഭൂതിയാവാം. ഏത് സംബോധനയെക്കാളുമുയരത്തിൽ നിലകൊള്ളുന്ന ആത്മാനന്ദമാവാം. പേലവമായ സ്മൃതി സുഗന്ധമാവാം. ഒരുവേള, വേർപെട്ടുപോയ രണ്ടു ജീവിതങ്ങളുടെ ഇടയിലെ ശൂന്യതയുമാവാം. ഇത്തരത്തിൽ ആലോചനാമൃതമായ വാങ്മയങ്ങൾ മലയാളത്തിന് നൽകിയാണ് ഓയെൻവി വിടവാങ്ങിയത്. നാലാം വാർഷിക ദിനത്തിൽ കവിക്ക് പ്രണാമമർപ്പിക്കട്ടെ.