കാവ് (കുറത്തിയാടൻറെ കവിത)

1148

കവിത : കാവ്
കുറത്തിയാടൻ പ്രദീപ്
*****
തണലാണു തളിരാടയാണ്; നേരിന്റെ
തെളിവാണു കുളിരുമ്മയാണ്
മഴനാരു പുണരുന്ന കനവൊന്നു തഴുകുമ്പൊ-
ളുലയുന്ന മരജാല വരമെന്റെ കാവ്

ചിരിയാണു ചിറകാട്ടമാണ്; കാവെന്റെ-
യുടലാണു തുടിതാളമാണ്
പഴമണ്ണിലൊരു തുള്ളി മഴയേറ്റമണമുണ്ടു
ചിരിതൂകി മണിനാഗമിഴയുന്ന കാവ്

തെളിനീരിനുറവാഴമാണ്‌; ദാഹത്തി-
നഴലാറ്റുമഴകറ്റമാണ്
അറിയാതെ നിഴലിന്റെ മറയത്തു മരുവുന്ന
പല ജീവനുയിരായ കുളമുള്ള കാവ്

ശിലയായി ശവതത്വമായി; പാഴ് ജന്മ-
വിധിയിൽ തപിക്കുമ്പൊഴെന്നെ
ശിവസ്വത്വ ശിഖരത്തിനുയരത്തിനുരുവാക്കി-
യുലരാതെ പുലരുന്ന നലമുള്ള കാവ്

പറയാത്ത ഭരദേവിയാണ്; ജീവന്റെ-
യൊരു കുഞ്ഞു നിഴലാട്ടമാണ്
അധമന്റെ മഴുവേറ്റു മരണത്തിനൊലി കേട്ടു
ഹൃദയം തപിക്കുന്ന മുറിവിന്നു കാവ്

മൃതിയാണ്‌, ശിശുഹത്യയാണ്; നീ തീർക്കു-
മൊരു കാവുമൊരു ലോകമാണ്
ഇനിയൊന്നു നിവരാതെ നിഴലൊന്നു വിടരാതെ
യുണരാതെയുലയാതെയമരുന്നു കാവ്

കനലായി മഴപെയ്തു തീരും; നീ തീർത്ത
മണിസൗധ സുഖലോകമെല്ലാം
ഗതകാല ശിലദൈവമുരുകിശ്ശപിക്കുന്നു
ശവമാകുമൊരു കാവിനഴകില്ലയെങ്കിൽ…!

====

‘കാവ്’ – കവിത കേൾക്കാം