എന്താണ് ഡോ.ശശി തരൂരിനോടും ഡോ.സരിനോടുമൊക്കെ ആ പാർട്ടിയിലെ ‘സ്ഥിരം ആർട്ടിസ്റ്റു’കൾക്ക് ഇത്ര വിദ്വേഷം കാണാൻ കാരണം?

142

KC Bipin

കോൺഗ്രസുകാർക്ക്, പ്രത്യേകിച്ച് അവരിലെ നേതാക്കളിൽ പകുതിയോളംപേർക്ക് അങ്ങനെയൊരു പ്രത്യേകതയുണ്ട്..എന്തെന്നാൽ അവർ അടപ്പില്ലാത്ത ബക്കറ്റിൽ ജീവനോടെയിട്ട ഞെണ്ടുപോലെയാണ്. രക്ഷപെടാൻ അവസരം ഉണ്ടെങ്കിലും ഒന്നിന്റെ കാലിൽ മറ്റൊന്ന് വലിച്ചു കൊണ്ടേയിരിക്കും..താഴേ വീണുകൊണ്ടേയിരിക്കും !ശശി തരൂർ കോൺഗ്രസിലെ ഒരു ഗസ്റ്റ് ആർട്ടിസ്റ്റാണ് എന്നുപറയുന്നു കൊടിക്കുന്നിൽ സുരേഷ്.. അതെ, അദ്ദേഹത്തിന് അങ്ങനെ പറയാൻ അവകാശമുണ്ട്. ഇരുപത്തിയാറാമത്തെ വയസിൽ അടൂരിൽ നിന്ന് തുടങ്ങിയതാണ് തിരഞ്ഞെടുപ്പും, അധികാര രാഷ്ട്രീയവും. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ‘സ്ഥിരംആർട്ടിസ്റ്റാ’യ കൊടിക്കുന്നിൽ സുരേഷിന് എന്തുംകൊണ്ടും ശശി തരൂരിനെ ഈ തരത്തിലുള്ള മുന്തിയ പ്രയോഗങ്ങളിലൂടെ വിശേഷിപ്പിക്കാൻ അവകാശമുണ്ട്. സുരേഷ് ആള് കൊള്ളാമെന്നു പറയാൻ കെപിസിസി അധ്യക്ഷനും അവകാശമുണ്ട്. കാരണം കൊള്ളാവുന്ന ഒരാളെ തഴഞ്ഞശേഷം, ഒന്നിനും കൊള്ളാത്തവരെയും തുന്നിക്കൂട്ടി കെപിസിസി മാധ്യമ സമിതി തീരുമാനിച്ചത് താങ്കൾ കൂടിയാണല്ലോ.? തഴയപ്പെട്ട ഒരു മിടുക്കന്റെ പേര് ഡോ.പി.സരിൻ എന്നാണ്.

എന്താണ് ഡോ.ശശി തരൂരിനോടും ഡോ.സരിനോടുമൊക്കെ ആ പാർട്ടിയിലെ ‘സ്ഥിരം ആർട്ടിസ്റ്റു’കൾക്ക് ഇത്ര വിദ്വേഷം കാണാൻ കാരണം? എന്തായിരിക്കും മുഴുവൻ സമയ രാഷ്ട്രീയക്കാരനായി വളർന്ന് വരാത്തവരോട് ഇത്ര പുച്ഛം.?
രാഷ്ട്രീയം തൊഴിലാക്കിയവരും തൊഴിൽ രംഗത്തെ മികവ് രാഷ്ട്രീയ മേഖലയിൽ കൂടി ഉപയോഗപ്പെടുത്തിയവരും തമ്മിലുള്ള വ്യത്യാസം അവിടെ മുഴച്ചു കാണാം. അധ്യക്ഷനാവാൻ ആളെ കിട്ടാത്തൊരു പാർട്ടിയിൽ ഡോ.ശശി തരൂരിനെയൊക്കെ ഒരു നിധിപോലെ കാക്കാനുള്ള രാഷ്ട്രീയകാഴ്ചപ്പാട് ഷഷ്ഠിപൂർത്തി പിന്നിട്ട നേതാക്കളിൽ നിന്ന് ആ പാർട്ടി ഇനി പ്രതീക്ഷിക്കരുത് എന്നുവേണം കരുതാൻ.രാഷ്ട്രീയം എന്നാൽ ഞാനും എന്റെ അനുയായികളും എന്ന് ചിന്തിച്ചു നടന്നിരുന്ന കാലത്തിൽ നിന്ന് ലോകം ഒരുപാട് മാറിയിട്ടുണ്ട്. ഇവിടെ പ്രൊഫെഷനലിസം രാഷ്ട്രീയത്തെ അടിമുടി മാറ്റിയിട്ടുണ്ട്. പരമ്പരാഗത സമര മുറകളും, സംഘടന രീതികളും, പ്രവർത്തന/പ്രചരണ രീതികളും മാറിയിട്ടുണ്ട്. വിദ്യാർത്ഥി സംഘടന, യുവജനസംഘടന, പാർട്ടി സംസ്ഥാന നേതൃത്വം എന്നീ പാമ്പും കോണിയും പരിപാടി എല്ലാവരും ശീലിക്കണം എന്ന മനോഭാവം പഴഞ്ചൻ ആണ്‌. മത്സരിച്ച ആദ്യ നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്തിയാകാനും ആദ്യമായി പാർലമെന്റിലേക്ക് വന്നപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയാകാനും ഒരാൾക്ക് കഴിഞ്ഞൊരു രാഷ്ട്രീയഭൂമിയാണ് ഇന്ന് ഭാരതം. അവിടെ കാലം മാറിയതറിയാതെ കോലം കെട്ടിയിട്ട് കാര്യമുണ്ടോ?  കൂടെയുള്ളവനെ ഭയപ്പെടാതെ, അയാളെ തന്റെ രാഷ്ട്രീയ പക്ഷത്ത് ഉപയോഗപ്പെടുത്തുന്നിടത്താണ് മികവ് കാണേണ്ടത്. അതിന് കൊള്ളാവുന്നവരെ മുന്നിൽ നിർത്താനുള്ള വിശാലമനസ് നേതാക്കൾ കാണിക്കണം. അവർക്ക് സംഘടന സംവിധാനങ്ങളിൽ പരിചയം കുറവാണെങ്കിൽ അത്‌ പഠിപ്പിക്കണം. ശീലിപ്പിക്കണം.

ഐക്യരാഷ്ട്ര സഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്തിരുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചയാണ് തരൂർ. Indian Audit & Accounts Service(IAAS) രാജിവച്ചു വന്നയാളാണ് ഡോ.സരിൻ. ഇതൊന്നും പറഞ്ഞിട്ടും മനസിലാകുന്നില്ലെങ്കിൽ ഇത്തരം മിടുമിടുക്കരെ ആ ബിജെപി പാളയത്തിലേക്ക് എറിഞ്ഞുകൊടുക്കണം. അപ്പോൾ കാണാം മുറ്റത്തെ മുല്ലകൾ എന്താണെന്ന്.പ്രിയ സുഹൃത്തുക്കളെ, അസൂയയ്ക്കും കുശുമ്പിനും അമേരിക്കയിൽ വരെ മരുന്നില്ല.