എ ആർ റഹ്‌മാന് ശേഷം വീണ്ടും ഇന്ത്യ ഓസ്‍കറില്‍ മുത്തമിട്ടു. ആർ ആർ ആർ എന്ന രാജമൗലി ചിത്രത്തിലൂടെയാണ് ഓസ്‍കാര്‍ ഇന്ത്യയിലെത്തുന്നത്. RRR ചിത്രം ലോകമെമ്പാടും ഒരു സെൻസേഷനായി മാറുകയാണ്. രാജമൗലി, എൻടിആർ, രാംചരൺ കൂട്ടുകെട്ടിൽ ഒരുക്കിയ ഈ ദൃശ്യ വിസ്മയം പാശ്ചാത്യ രാജ്യങ്ങളിലെ ആരാധകരെ എങ്ങനെ ത്രില്ലടിപ്പിക്കുന്നുവെന്ന് എല്ലാവർക്കും അറിയാം. RRR അന്താരാഷ്ട്ര വേദിയിൽ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ലോസ് ഏഞ്ചൽസിൽ നടന്ന ഗോൾഡൻ ഗ്ലോബ് അവാർഡും സ്വന്തമാക്കിയിരുന്നു. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകൻ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‍കാരം ലഭിച്ചിരിക്കുന്നത്.
ആർആർആർ എന്ന് പേര് അവതാരകർ ഉച്ചരിച്ചപ്പോൾ ആഹ്ലാദാരവങ്ങളോടെ രാജമൗലി തുള്ളിച്ചാടി. തൊട്ടടുത്തു നിന്നിരുന്ന ഭാര്യയെ ആലിംഗനം ചെയ്തു. ഓസ്കർ പ്രഖ്യാപിച്ച നിമിഷത്തെ രാജമൗലിയുടെ ഈ വിഡിയോ ട്വിറ്ററിൽ ഏറെ പങ്കുവയ്ക്കപ്പെട്ടു. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയിൽ പരിഗണിക്കാതിരുന്ന ആർആർആറിനെ, ഹോളിവുഡ് സിനിമകൾ ഉൾപ്പെടുന്ന മെയ്ൻ സ്ട്രീം കാറ്റഗറിയിലേക്ക് രാജമൗലി സ്വന്തം നിലയ്ക്ക് അയയ്ക്കുകയായിരുന്നു.