തൊമ്മി വിധേയനായത് പട്ടേലരുടെ പണത്തിനും അധികാരത്തിനും മുന്നിലാണ്, പക്ഷേ നമ്മളിൽ പലരും വിധേയപ്പെട്ട് പോവുന്നത് സമൂഹത്തിനും, ചട്ടങ്ങൾക്കും, കീഴ്‌വഴക്കങ്ങൾക്കുമൊക്കെയാണ്

74

© Keerthana Keerthu

‘ഭാസ്കര പട്ടേലരും എന്റെ ജീവിതവും’ എന്ന പോൾ സക്കറിയയുടെ നോവലിനെ ആസ്പദമാക്കി അടൂർ സംവിധാനം ചെയ്ത സിനിമ. 1994-ൽ പുറത്തിറങ്ങിയ സിനിമയുടെ ഇത്രയും ക്ലാരിറ്റിയുള്ള പ്രിന്റ് അപ്‌ലോഡ് ചെയ്ത അഞ്ജാത സുഹൃത്തിന് നന്ദി. മേൽക്കോയ്മയുടെ കിരീടവും ചൂടി ചൂരൽ കസേരയിൽ ഞെളിഞ്ഞിരുന്ന് തോക്കു ചൂണ്ടുന്ന പട്ടേലരിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. ദക്ഷിണ കന്നടയിൽ ജന്മിയായി വിലസുന്ന പട്ടേലരും കേരളത്തിൽ നിന്ന് വന്ന് കുടിയേറിപാർത്ത തൊമ്മിയെന്ന തൊഴിലാളിയുമാണ് പ്രധാന കഥാപാത്രങ്ങൾ.

അടിമത്വത്തേക്കാൾ വിധേയത്വം അഥവാ submissiveness അപകടകാരിയാവുന്നതെങ്ങനെ എന്നതാണ് സിനിമയുടെ പ്രധാന ആശയം. ഒരടിമയും വിധേയനും തമ്മിലുള്ള വ്യത്യാസം എന്താണ്? അടിമത്വം തന്റെ ഗതികേടാണെന്നും ഉത്തരവാദിത്വമല്ലെന്നും ഒരടിമ ബോധവാനാണ്. എന്നാൽ വിധേയനങ്ങനെയല്ല. അനുസരിക്കേണ്ടുന്നത് തന്റെ കടമയാണെന്ന് അവൻ പതിയെ വിശ്വസിച്ച് തുടങ്ങും. ഒരടിമയുടെ കടമകൾ ഉത്തരവാദിത്വത്തോടെ അവൻ ചെയ്തു തീർക്കും. അടിമയിൽ നിന്നും വിധേയനിലേയ്ക്കുള്ള തൊമ്മിയുടെ ട്രാൻസിഷൻ നമുക്കൊന്ന് നോക്കാം.പട്ടേലരുടെ അടിയും ചവിട്ടും തൊമ്മി എതിർവാ ഇല്ലാതെ വാങ്ങിക്കൂട്ടുമെങ്കിലും പട്ടേലർ തന്റെ ഭാര്യയെ പീഡിപ്പിച്ചു എന്നത് അയാൾക്ക് ഉൾക്കൊള്ളാനായില്ല.

Reading Vidheyan: The tale of tyranny and servility“അയാളെ ഞാൻ കൊല്ലും” തൊമ്മി ദേഷ്യത്തോടെ പിറുപിറുത്തു.
അപ്പോഴേക്കും പട്ടേലർ തൊമ്മിയെ ആളെ വിട്ട് വിളിപ്പിച്ചു. തൊമ്മിയ്ക്കും ഭാര്യ ഓമനയ്ക്കും പുതിയ ഉടുപ്പുകൾ വാങ്ങി കൊടുത്തു. ഷാപ്പിലെ എടുത്തു കൊടുപ്പുകാരനായി തൊമ്മിക്ക് ജോലിയും തരപ്പെടുത്തി. ഒപ്പം പട്ടേലരുടെ പ്രധാന അടിമയെന്ന പട്ടവും ചാർത്തിക്കൊടുത്തു. അതോടെ ദേഷ്യമൊക്കെ മറന്ന് തൊമ്മി നിറഞ്ഞങ്ങ് ചിരിക്കുന്നത് നമുക്ക് കാണാം. ആ ചിരിയുടെ പേരും പറഞ്ഞ് ആ പാവത്തിനെ വിലയിരുത്തേണ്ട. അതയാളുടെ ഗതികേട് മാത്രമാണ്. അല്ലെങ്കിലും ഒരു ഗതിയും പരഗതിയും ഇല്ലാത്തവന്റെ വീട്ടിലും അളവിൽ കവിഞ്ഞു പണം കയ്യിലുള്ളവന്റെ വീട്ടിലും മോറൽ സയൻസ് ബുക്കിന് വല്ല്യ സ്ഥാനമൊന്നുമില്ല. പാവപ്പെട്ടവൻ അത് വയ്ക്കാനിടമില്ലാതെ ഉപേക്ഷിച്ച് കളയുകയും ധനികൻ അത് സൗകര്യപൂർവ്വം പണത്തിനിടയിൽ പൂഴ്ത്തി വയ്ക്കുകയും ചെയ്യുന്നു.
മോറൽ സയൻസ് ബുക്കിന്റ പതിപ്പുകൾ അച്ചടിച്ചിറക്കുന്നത് ഇടത്തരക്കാരുടെ, അതായത് മിഡിൽ ക്ലാസ്സ് കുടുംബങ്ങളുടെ എണ്ണം കണക്കിലെടുത്താണ്. അവരത് തുടച്ച് മിനുക്കി പൂജാ മുറിയിൽ വയ്ക്കുകയും ദിവസവും വിളക്കു കൊളുത്തി പ്രാർത്ഥിക്കുകയും അടുത്ത തലമുറയെ പഠിപ്പിക്കുകയും ചെയ്യുന്നു.

GF reviews “Vidheyan” | SATYAMSHOTതൊമ്മിയുള്ളപ്പോഴും ഇല്ലാത്തപ്പോഴുമായി പട്ടേലർ ഓമനയെ കാണാൻ വീട്ടിൽ വരുന്നത് ഒരു പതിവാക്കി. നാളുകൾ നീണ്ട അമർഷത്തിന് ശേഷം തൊമ്മിയും കുറേയധികം കരച്ചിലുകൾക്കു ശേഷം ഓമനയും പതിയെ ഇതുമായി പൊരുത്തപ്പെട്ടു.
“നിനക്കിപ്പോൾ പട്ടേലരിന്റെ സെന്റിന്റെ മണമാണ്. എനിയ്ക്ക് ഇഷ്ടമാണ് ഈ മണം. ഒരു ദിവസം ഞാൻ ഓമനയ്ക്ക് ആ സെന്റ് വാങ്ങി തരും. പക്ഷേ ഓമന എപ്പോഴും എന്റെയാണ്. എന്റേത് മാത്രം.”
വളരെ റൊമാന്റിക് ആയ ഒരു സ്വകാര്യ നിമിഷത്തിൽ തൊമ്മി ഓമനയോട് പറയുന്ന വാക്കുകളാണിവ. തികച്ചും സന്തോഷത്തോടെ. തന്റെ നിസ്സഹായതകളോടെല്ലാം അപ്പോഴേക്കും അയാൾ പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ഇപ്പോൾ അയാൾക്ക് ഒരേയൊരു ആഗ്രഹമേയുള്ളു. ഓമനയുടെ മനസ്സ് എന്നും തനിയ്ക്ക് മാത്രം സ്വന്തമായിരിയ്ക്കണം.

ദിവസങ്ങൾ കടന്ന് പോയി. നാട്ടുകാർക്ക് പട്ടേലരെ കൊണ്ട് പൊറുതി മുട്ടി. അവർ തൊമ്മിയുടെ സഹായത്തോടെ പട്ടേലരെ കൊല്ലാൻ തീരുമാനിച്ചു. ഉന്നം തെറ്റി ചീറിയ വെടിയുണ്ട പട്ടേലരുടെ ജീവനെടുത്തില്ലെങ്കിലും സാരമായ പരിക്കുകളോടെ അയാൾ കിണറ്റിന്റെ വക്കിൽ ചെന്നു വീണു. പട്ടേലരുടെ കാലുകളുയർത്തി തൊമ്മി അയാളെ കിണറ്റിലേക്ക് എറിയണമെന്ന് കാണികളായ നമ്മൾ ഒരു നിമിഷം ആഗ്രഹിച്ച് പോവും. പക്ഷേ പൂർണ്ണമായും ഒരു വിധേയനായി മാറിയ തൊമ്മിക്കത് പറ്റുമായിരുന്നില്ല. കാരണം പട്ടേലരെ അനുസരിക്കുന്നതും സഹായിക്കുന്നതും തൊമ്മി തന്റെ ഉത്തരവാദിത്വമായി കണ്ട് തുടങ്ങിയിരുന്നു. “എന്റെ പൊന്ന് യജമാനരേ” എന്ന് വിളിച്ചു കൊണ്ട് തൊമ്മി പട്ടേലരെ പിടിച്ചെഴുന്നേൽപ്പിച്ച് കട്ടിലിൽ കൊണ്ടിരുത്തി. വേദന കുറയാൻ കള്ളും ഒഴിച്ചു കൊടുത്തു. അടുത്ത് നിന്നിരുന്ന ഓമന കരയാൻ തുടങ്ങി.

ഒരു പക്ഷെ വെടിയും ബഹളവുമൊക്കെ കണ്ട് പേടിച്ചിട്ടാവാം അവർ കരഞ്ഞത്. പക്ഷേ അത് കണ്ട് തൊമ്മി ആകെപ്പാടെ അമ്പരന്നു. പട്ടേലർക്ക്‌ മുറിവ് പറ്റിയതിന് ഓമന കരയുന്നതെന്തിനാണ്? ഒടുക്കം ഓമനയുടെ മനസ്സും തനിക്ക് നഷ്ടപ്പെട്ടുവോ? തൊമ്മിക്ക് ശരീരം തളരുന്നത് പോലെ തോന്നി. ചെറിയ മയക്കത്തോടെ അയാൾ കട്ടിലിലേയ്ക്ക് തളർന്ന് വീണു.
ആധിപത്യവും വിധേയത്വവുമൊക്കയായി കാലം കടന്ന് പൊയി. പട്ടേലർ തന്റെ ഭാര്യ സരോജാമ്മയെ കൊല്ലുകയും നാടുവിടുകയും ചെയ്യുന്നു. നാട് മുഴുവൻ പട്ടേലരെ തേടി പരക്കം പായുമ്പോൾ അലഞ്ഞ് തിരിഞ്ഞ് തളർന്ന പട്ടേലർ തൊമ്മിയെ കാണാനെത്തുന്നു. കുറച്ചു നാളത്തേക്ക് നാട്ടിൽ നിന്ന് മാറി നിൽക്കണമെന്നും തൊമ്മി ഒപ്പം ചെല്ലണമെന്നും പട്ടേലർ ആവശ്യപ്പെടുന്നു. തന്റെ യജമാനന്റെ അവസ്ഥ കണ്ട് തൊമ്മി വാവിട്ട് കരയുകയും ഒപ്പം ചെല്ലാമെന്ന് വാക്കു കൊടുക്കുകയും ചെയ്യുന്നു. തൊമ്മി തിരികെ വരുന്നത് വരെ കഴിഞ്ഞുകൂടാനുള്ള പണം ഓമനയ്ക്ക് കൊടുത്ത് അവർ പോകാനൊരുങ്ങുന്നു. ഓമന പേടിയോടെ തൊമ്മിയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.

അവർ കരഞ്ഞത് അപകടത്തിലേക്ക് പോകുന്ന തൊമ്മിയെ ഓർത്തോ തനിച്ചു നിൽക്കാനുള്ള പേടികൊണ്ടോ ആവാം. പക്ഷേ തന്റെ ഭാര്യയുടെ മനസ്സും പട്ടേലർക്കു സ്വന്തമായോ എന്ന സംശയത്തോട് തൊമ്മി അപ്പോഴേക്കും പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു.
വിധേയനായ തൊമ്മി ഓമനയെ സമാധാനിപ്പിച്ചതിങ്ങനെയാണ്:
“കരയല്ലേ ഓമനേ.. പട്ടേലർക്ക് ഞാനുണ്ട്.. പേടിക്കേണ്ട..”
വിധേയത്വം ഒരു മനുഷ്യനെ മൂഢനാക്കുന്നതിങ്ങനെയാണ്.
ഒടുക്കം ആരുടെയോ വെടിയേറ്റ് പട്ടേലർ മരിച്ച് വീഴുമ്പോഴും തൊമ്മി അലറിവിളിച്ചു കരയുകയാണ്. തന്റെ യജമാനൻ മരിച്ചെന്ന ദുഃഖമല്ലാതെ താൻ മോചിതനായി എന്ന സത്യത്തെ അയാൾ തിരിച്ചറിയുന്നുപോലുമില്ല.
“ഓമനേ… യജമാനൻ മരിച്ചു പൊയി..!!”
എന്ന് കരഞ്ഞു വിളിച്ചുകൊണ്ട് തൊമ്മി ഓടുകയാണ്. അയാളുടെ സ്വാതന്ത്ര്യത്തിന്റെ നിമിഷം എന്നാണ് കാണികളായ നമുക്ക് അത് കാണുമ്പോൾ തോന്നുക. പക്ഷേ അതൊന്നും തിരിച്ചറിയാതെ പട്ടേലരുടെ മരണമോർത്ത് തൊമ്മി ഏങ്ങലടിച്ചുകൊണ്ടിരുന്നു.

തൊമ്മി വിധേയനായത് പട്ടേലരുടെ പണത്തിനും അധികാരത്തിനും മുന്നിലാണ്. പക്ഷേ നമ്മളിൽ പലരും വിധേയപ്പെട്ട് പോവുന്നത് സമൂഹത്തിനും, ചട്ടങ്ങൾക്കും, കീഴ്‌വഴക്കങ്ങൾക്കുമൊക്കെയാണ്. രണ്ടിന്റെയും ഫലങ്ങൾ തമ്മിൽ വല്ല്യ വ്യത്യാസം ഇല്ലെന്നതാണ് വാസ്തവം. വിധേയപ്പെട്ട് തലച്ചോർ നിലച്ച് ഒരു യന്ത്രത്തെപ്പോലെ അനുസരണാ ശീലമുള്ളവരായി മാറുമ്പോൾ ആലോചിക്കുക, തനിയ്ക്ക് വേണ്ടത് സ്വാതന്ത്ര്യം ആണെന്നും ഓമന ആഗ്രഹിയ്ക്കുന്ന സുരക്ഷിതത്വം പട്ടേലിന്റെ ജീവന് കാവലിരിയ്ക്കുന്നതല്ലെന്നും തൊമ്മി എവിടെയോ മറന്നു തുടങ്ങിയ പോലെ നിങ്ങളും എന്തെങ്കിലും മറന്ന് തുടങ്ങിയോയെന്ന്.

യുക്തിയില്ലാത്ത ഏതെങ്കിലും ശരികളോട് പൊരുത്തപ്പെട്ട് തുടങ്ങിയോയെന്ന്. നമുക്ക് വേണ്ടിയെന്നും നമ്മുടെ പ്രിയപ്പെട്ടവർക്കു വേണ്ടിയെന്നും കരുതി ചെയ്ത് കൂട്ടുന്നതും ത്യജിയ്ക്കുന്നതുമൊക്ക യഥാർത്ഥത്തിൽ നമുക്ക് വേണ്ടിയാണോ അതോ സമൂഹത്തിന് വേണ്ടിയാണോ എന്ന് വേർതിരിച്ച് കാണാൻ ശീലിക്കുക.രീതികൾക്കും പൊതുശരികൾക്കും വിധേയപ്പെട്ടല്ല നമ്മൾ ജീവിയ്ക്കേണ്ടത്, അവനവന്റെ യുക്തിക്ക് വിധേയപ്പെട്ടാണ്..!!