Entertainment
ഗംഭീര പടം എന്ന വിശേഷണത്തിനപ്പുറം നമ്മളെല്ലാം അറിഞ്ഞിരിക്കേണ്ട ജീവിതവും കഥയുമാണ് മേജർ

കീർത്തി പ്രഭ
മേജർ-തന്റെ ജീവിതം ആത്മാർഥമായി രാജ്യത്തിനു വേണ്ടി സമർപ്പിച്ച ഒരു ധീര ജവാന്റെ കഥ പറയുന്ന സിനിമ.കോഴിക്കോട് ജില്ലയിലെ മലയാളി കുടുംബത്തിൽ റിട്ടയേർഡ് ISRO ഓഫീസറായ കെ ഉണ്ണികൃഷ്ണന്റെയും ധനലക്ഷ്മി ഉണ്ണികൃഷ്ണന്റെയും മകനായി ജനിച്ച് പിന്നീട് ബാംഗ്ലൂരിലേക്ക് താമസം മാറിയ സന്ദീപ് ഉണ്ണികൃഷ്ണൻ എന്ന പോരാളിയുടെ കഥ സിനിമയായപ്പോൾ കേരളത്തിൽ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല എന്നൊരു സങ്കടം ബാക്കി നിൽക്കുന്നു.
സന്ദീപ് ഉണ്ണികൃഷ്ണന്റെ വീരമൃത്യുവിന്റെ കഥ മാത്രമല്ല നമ്മളറിയേണ്ടത്, അദ്ദേഹത്തിന്റെ ജീവിതവും അറിയണം. അതാണ് അറിയേണ്ടതും.മേജറിന്റെ കഥയെഴുതി മേജർ സന്ദീപ് ആയി അഭിനയിച്ച് നമ്മളെ രോമാഞ്ചം കൊള്ളിക്കുകയും കണ്ണ് നനയിക്കുകയും ചെയ്ത അദിവി ശേഷ് സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതരീതിയാണ് എന്നെ ആകർഷിച്ചത് എന്ന് പറഞ്ഞിരുന്നു.
“SANDEEP UNNIKRISHNAN SHOULD BE REMEMBERED NOT FOR THE WAY HE DIED;HE SHOULD BE REMEMBERED FOR THE WAY HE LIVED”…പ്രകാശ് രാജിന്റെ അച്ഛൻ കഥാപാത്രം പറയുന്ന ഈ വാക്കുകൾ മേജർ എന്ന സിനിമ എന്തുകൊണ്ട് കണ്ടിരിക്കണം എന്ന് നമ്മളോട് പറയുന്നുണ്ട്.വെറും ഒരു പട്ടാള സിനിമയല്ല മേജർ.ഓരോ ഇന്ത്യക്കാരനും കേരളീയനും അറിഞ്ഞിരിക്കേണ്ട ജവാൻറെ ജീവിതമാണ്.
ഒരു പട്ടാളക്കാരന്റെ ജീവിതത്തിലെ വൈകാരികതകളെ, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വികാരങ്ങളെ ഏറ്റവും തീവ്രമായി ഒപ്പിയെടുത്തിട്ടുണ്ട് സിനിമയിലെ ഓരോ രംഗങ്ങളും. ആ ജീവിതം അതിന്റെ എല്ലാ ഭാവങ്ങളോടും കൂടെ അനുഭവിപ്പിക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്.പതിനാല് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തെ അതിധീരമായി നേരിട്ട് ജീവത്യാഗം ചെയ്ത മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ മരണ കഥ നമുക്കെല്ലാം അറിയാം. അറിയേണ്ടത് അദ്ദേഹത്തിന്റെ ജീവിതകഥയാണ്. അതാണ് മേജർ.
കഥയിലും പ്രമേയത്തിലും പുതിയ അനുഭവം ഒന്നുമല്ല മേജർ.ഒരുപാട് പട്ടാളക്കഥകൾ കേട്ടിട്ടും കണ്ടിട്ടും ഉള്ള നമ്മൾ മേജർ സന്ദീപിന്റെ കഥ കണ്ടു കഴിയുമ്പോഴേക്കും ഒരു പട്ടാളക്കഥയുടെ ഉദ്വേഗതയിൽ നിറഞ്ഞു നിൽക്കുകയാവില്ല, പകരം അദ്ദേഹത്തോടുള്ള ആദരവിന്റെ ഉയരങ്ങളിൽ കിടന്ന് നൊമ്പരപ്പെടുകയാവും.അതാണ് ഈ സിനിമയുടെ പ്രത്യേകതയും.ഒരു സാധാരണ മനുഷ്യന് വെള്ളവും വെളിച്ചവും ആവുന്ന പ്രണയം,വാത്സല്യം, സ്നേഹം തുടങ്ങിയ വികാരങ്ങളെല്ലാം ഒരു ജവാനും ആഗ്രഹിക്കുന്നുണ്ട്. പലപ്പോഴും അയാൾക്കത് അനുഭവിക്കാൻ കഴിയാതെ വരുന്നു.മോഹങ്ങളും സ്വപ്നങ്ങളും ദേശത്തെ സംരക്ഷിക്കാനുള്ള നിതാന്തജാഗ്രതയിലും സഹിഷ്ണുതയിലും അലിയിപ്പിച്ച് നമ്മുടെയെല്ലാം സ്വാതന്ത്ര്യത്തിന്റെ കവചം ആവുകയാണവർ.
തന്റെ സാഹചര്യങ്ങളെ അറിയുന്ന പ്രിയപ്പെട്ടവരെ ഒരു പട്ടാളക്കാരൻ അർഹിക്കുന്നു.അയാളെ സംബന്ധിച്ച് കണക്കുകൾ സൂക്ഷിക്കുന്ന, അധീനതയിലാക്കാൻ ആഗ്രഹിക്കുന്ന സ്നേഹം പലപ്പോഴും അയാളെ പിരിമുറുക്കത്തിലാക്കാം.ഈ വൈകാരികതകളെ നമ്മളിലേക്ക് ഇറക്കി വച്ച് ഒരു ജവാന്റെ ജീവിതമെന്തെന്ന് നമ്മളെ അനുഭവിപ്പിക്കുകയാണ് മേജർ.
ധീരനായ മേജറിന്റെയും പ്രണയാതുരനായ കാമുകന്റെയും ഭർത്താവിന്റെയും മകന്റെയും ഭാവങ്ങളെല്ലാം എത്ര സൂക്ഷ്മതയോടെയും ഭംഗിയോടെയുമാണ് അദിവി ശേഷ് എന്ന നടൻ മികച്ചതാക്കിയത്.പ്രകാശ് രാജിന്റെ അച്ഛൻ കഥാപാത്രവും അയാളുടെ സംഭാഷണങ്ങളും നിങ്ങളെ പിടിച്ചുലയ്ക്കാൻ പോന്നതാണ്. രേവതി, ശോഭിത ധൂലിപാല,സായി മജ്ഞരേക്കർ തുടങ്ങി എല്ലാ അഭിനേതാക്കളും മേജർ ഹൃദയത്തിൽ സൂക്ഷിക്കേണ്ട ഒന്നാക്കി മാറ്റി.ഒരു ജവാന്റെ അച്ഛനും അമ്മയും ഭാര്യയും കാമുകിയും അയാളോളം തന്നെ സഹിഷ്ണുതയുള്ളവരാവേണ്ടത് എന്തിനാണെന്ന് ചിത്രം നിങ്ങൾക്ക് കാണിച്ചു തരും.
മലയാളികൾക്ക് മറക്കാൻ കഴിയാത്ത പേരാണ് ഹേമന്ത്.2018 ൽ കേരളത്തെ നടുക്കിയ പ്രളയകാലത്തെ രക്ഷാപ്രവർത്തന സംഘത്തിൽ മുൻപന്തിയിലുണ്ടായ സൈനികരിൽ ഒരാളാണ് അന്ന് മേജർ ആയിരുന്ന ഹേമന്ത് രാജ്.സ്വന്തം ജീവൻ പണയം വച്ച്, കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട ഓണാവധി വേണ്ടെന്ന് വച്ച് ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ സേവനങ്ങൾ നിലയ്ക്കാതെ തുടർന്ന് കൊണ്ടേയിരിക്കുകയാണ്.കൂനൂരിലെ ഹെലികോപ്റ്റർ ക്രാഷിന്റെ രക്ഷാദൗത്യ സംഘത്തിലും, ഉത്തരാഘണ്ടിലെയും കാശ്മീരിലെയും പ്രളയത്തിൽ രക്ഷകനായും മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയും ഒക്കെ അദ്ദേഹം തന്റെയുള്ളിലെ കർമധീരനായ മനുഷ്യനെ മറ്റുള്ളവരുടെ ജീവന് കാവലാളാകുവാൻ വിട്ടു നൽകുകയാണ്.ഒരു സൈനികന് വിശ്രമമില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകൾ മേജറിലൂടെ ഒന്നുകൂടി ഓർത്തെടുത്തു .
ഇങ്ങനെ പോരാട്ടവും ജീവിതവും മറ്റുള്ളവർക്കായി സമർപ്പിച്ച ഒരുപാട് രക്ഷകരുടെ മുഖങ്ങൾ മേജർ എന്ന സിനിമ ഓർമിപ്പിച്ചു.ഇത്തരം നടുക്കുന്ന ഓർമകളിൽ നിന്നും നമ്മളെന്നും അകന്നു നിൽക്കാണാനിഷ്ടപ്പെടുന്നത്. ആ പ്രിവിലജ് നമുക്ക് തരുന്ന ധീര ജവന്മാരുടെയും സുരക്ഷ ഉദ്യോഗസ്ഥരുടെയും ജീവിതം അറിയാനുള്ള വഴികൾ ഏത് രൂപത്തിലായാലും തുറന്ന് തന്നെ ഇരിക്കട്ടെ. ഗംഭീര പടം എന്ന വിശേഷണത്തിനപ്പുറം നമ്മളെല്ലാം അറിഞ്ഞിരിക്കേണ്ട ജീവിതവും കഥയുമാണ് മേജർ.
“സാധാരണ ഒരു മരണം ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പോകുമ്പോൾ രാജ്യം മുഴുവനും എന്നെ ഓർമിക്കണം”മേജർ സന്ദീപിന്റെ ഈ ആഗ്രഹം തന്നെ സംഭവിച്ചു. മുംബൈയിലെ ചരിത്ര പ്രധാനമായ താജ് ഹോട്ടലിലും ഒബ്റോയി ട്രൈഡന്റ് ഹോട്ടലിലും ഛത്രപതി ശിവാജി ടെര്‍മിനലിലും
ഭീകരവാദികളെ നേരിടാൻ മേജർ സന്ദീപ് ഉൾപ്പെട്ട സുരക്ഷാ സേന കാണിച്ച ധീരത എല്ലാ നവംബർ 26നും രാജ്യം ഓർമിക്കുന്നു.തിരിച്ചു പിടിക്കലുകളുടെ ആ ദിനങ്ങളിൽ മേജർ സന്ദീപിന്റെയും സുരക്ഷാ സേനയുടെയും ഉറച്ച നീക്കങ്ങൾ രാജ്യം മുഴുവൻ ഉദ്വേഗത്തോടെ നോക്കി നിന്നു.ഏറ്റുമുട്ടലിനിടെ പരിക്കേറ്റവരെയും തന്റെ സഹപ്രവർത്തകരെയും രക്ഷപ്പെടുത്തിയ ശേഷം വീണ്ടും അവര്‍ക്കിടയിലേക്ക് അതിധീരമായി കുതിച്ചു കയറുമ്പോളാണ് മേജർ സന്ദീപ് വെടിയേറ്റു വീണത്. ‘ആരും അടുത്തേക്ക് വരരുത്, അവരെ ഞാന്‍ കൈകാര്യം ചെയ്തോളാം’-ഇതായിരുന്നു സന്ദീപ് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അവസാനം അയച്ച സന്ദേശം എന്ന് അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞിരുന്നു .അത്രമേല്‍ വിരോചിതമായിരുന്ന ആ ജീവിതവും മരണവും മേജർ എന്ന സിനിമയിലൂടെ നമുക്ക് നേരിട്ടെന്ന പോലെ അറിയാം.
524 total views, 4 views today