ഭരണമേതായാലും നാട് നന്നായാൽ മതി

254

ഡോ: എസ്.എസ്. ലാൽ

കേരളം തിളങ്ങി

ഇപ്പോൾ ഡൽഹിയിൽ ആണ്. ഈ 22 വരെ ഞാൻ ഇവിടെയുണ്ട്.

ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചയായി ദേശീയ ക്ഷയരോഗ പരിപാടിയുടെ അന്തർദേശീയ അവലോകനം നടക്കുകയാണ്. ആറ് സംസ്ഥാനങ്ങളിലായിരുന്നു അവലോകം. എന്റെ ടീം പോയത് രാജസ്ഥാനിലായിരുന്നു. എല്ലാ ടീമുകളും ഇന്നലെ തിരികെ ഡൽഹിയിൽ എത്തി.

ഇപ്പോൾ സംസ്ഥാനങ്ങളുടെ പുരോഗതിയെപ്പറ്റി അവതരണം നടക്കുകയാണ്. ആദ്യത്തെ സംസ്ഥാനം കേരളമായിരുന്നു. വാഷിംഗ്ടൺ ഡി.സി. യിൽ അമേരിക്കൻ ഗവണ്മെന്റിൽ പ്രവർത്തിക്കുന്ന വനിതയായിരുന്നു കേരളത്തിലേക്കുള്ള ടീമിനെ നയിച്ചത്. അവരുടെ അവതരണം കേൾക്കെ അവലോകനത്തിൽ പങ്കെടുക്കുന്ന നൂറ്റമ്പതോളം പേരുടെ മുഖത്ത് വിടരുന്ന സന്തോഷവും പ്രതീക്ഷയും പ്രകടമായിരുന്നു. ക്ഷയരോഗത്തെ തടയുന്നതിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്ന് മാത്രമല്ല മറ്റുള്ള സംസ്ഥാനങ്ങളെക്കാൾ ബഹുകാതം മുന്നിലുമാണ്.

കേരളത്തിലെ ആരോഗ്യമന്ത്രിയുടെയും ആരോഗ്യ സെക്രട്ടറിയുടെയും ഐ.എം.എം. യുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും ഡോക്ടർമാർ മുതൽ സാമൂഹ്യാരോഗ്യ പ്രവർത്തകർ വരെയുള്ള ജീവനക്കാരുടെയും അറിവും കഴിവും അർപ്പണ ബോധവും അവതാരക എടുത്തു പറയുകയുണ്ടായി. സ്വകാര്യാശുപത്രികളെ ക്ഷയരോഗ പരിപാടിയുടെ ഭാഗമാക്കുന്നതിൽ ഏറ്റവും വിജയിച്ച സംസ്ഥാനവും കേരളമാണ്. ദേശീയ ഐ.എം.എ. നേതാക്കളായ ഡോ: ആർ.വി. അശോകനും ഡോ: ശ്രീജിത്തും ഇക്കാര്യത്തിൽ രണ്ട് പതിറ്റാണ്ടു മുമ്പ് ദേശീയ മാതൃകകൾ സൃഷ്ടിച്ചവരാണ്. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ അവബോധവും ചർച്ചയായി.

ലോകാരോഗ്യ സംഘടനയുടെ കേരളത്തിലെ ഉദ്യോഗസ്ഥരായ ഡോ: ഷിബു ബാലകൃഷ്ണനും ഡോ: രാകേഷും കളം നിറഞ്ഞു നിന്നു. ആരോഗ്യവകുപ്പിന് അവർ നൽകുന്ന സാങ്കേതിക പിന്തുണയും സഹായവും ചെറുതല്ല. കേരളത്തിന്റെ ക്ഷയരോഗ ഓഫീസർ ഡോ: സുനിൽ എന്റെ ക്ലാസ്മേറ്റ് ആണെന്നതും സന്തോഷം.

കേരളത്തെ അവതരിപ്പിച്ച അമേരിക്കൻ വനിത പലപ്രാവശ്യം പറഞ്ഞ ഒരു കാര്യമുണ്ട്. കേരളവും അതിന്റെ നേട്ടങ്ങളും അവരെ അതിശയിപ്പിക്കുന്നു എന്ന്. അവതരണത്തിന്റെ പല ഭാഗങ്ങളിലും ഞാനും രോമാഞ്ചം അനുഭവിച്ചു. അവസാനം കിട്ടിയ വലിയ കൈയടി എന്റെ മനസും നിറച്ചു.

എന്നെപ്പോലെ അന്തർദേശീയ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മലയാളികളായ യമുനയും ശ്രീനിവാസും ഷിബു വിജയനും ഉമ്മൻ ജോർജും ഒക്കെ എന്റെയൊപ്പമുണ്ട്. അവരും എന്നെപ്പോലെ ഒരുപാട് സന്തോഷിച്ചു. നാടിന്റെ ക്ഷയരോഗ നിയന്ത്രണത്തിൽ സ്വന്തം സംഭാവന ചെയ്തവരാണ് എല്ലാവരും.

ആരോഗ്യ രംഗത്ത് കേരളത്തിന്റെ ഉന്നമനത്തിന് പ്രധാന കാരണം മാറിമാറി വരുന്ന വ്യത്യസ്ത മുന്നണി സർക്കാരുകൾ ആരോഗ്യ രംഗത്തിന് ഒരു പോലെ നൽകുന്ന പ്രാധാന്യമാണെന്ന് ഡോ: ശ്രീനിവാസ് ചർച്ചയിൽ ചൂണ്ടിക്കാണിച്ചു. ഒരു വലിയ സത്യമാണത്.

“ഭരണേമേതായാലും നാട് നന്നായാൽ മതി”

ഡൽഹിയിൽ നിന്ന് അഭിവാദ്യങ്ങൾ.

അഭിമാനത്തോടെ.

ഡോ: എസ്.എസ്. ലാൽ

Image may contain: 1 person

**