ന്യായവിലയ്ക്ക് ശുദ്ധമായ മാംസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് തുടക്കമായി. മലപ്പുറത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. വർഷം മുഴുവൻ കിലോയ്ക്ക് 90 രൂപ വിലയ്ക്ക് കോഴികളെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കോഴിയിറച്ചി 140-150 രൂപ നിരക്കിൽ ലഭ്യമാക്കുകയും ലക്ഷ്യമാണ്.

ശുദ്ധമായ രീതിയിൽ മാംസോൽപ്പാദനവും ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനവും ഉറപ്പാക്കുന്ന കേരള ചിക്കൻ ലൈവ് ഔട്ട് ലെറ്റുകളിലൂടെയാണ് കോഴികളെ വിൽപ്പന നടത്തുക. കടകളുടെ ബ്രാൻഡിംഗ്, ആധുനികവൽക്കരണം, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവ നിലവിൽ വരുന്നതോടെ ഇറച്ചിക്കോഴി വിപണനമേഖലയും കാലാനുസൃതമായി നവീകരിക്കപ്പെടും . കമ്പോളവില താഴുമ്പോൾ ഉണ്ടാകുന്ന നഷ്ടം വിലസ്ഥിരതാ ഫണ്ടിലൂടെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.

സ്വന്തമായി ഇറച്ചിക്കോഴി വളർത്തി വിപണനം ചെയ്യുമ്പോൾ വിപണിയിലെ ചാഞ്ചാട്ടം മൂലം ഉണ്ടാകാവുന്ന വലിയ നഷ്ടത്തിൽ നിന്നും കർഷകരും മോചിതരാകും. ആകെ ലാഭത്തിൽ നിന്ന് ഒരു വിഹിതത്തിനും കൃഷിക്കാർക്ക് അർഹതയുണ്ട്. കൂടാതെ അപ്രതീക്ഷിതമായി കർഷകർക്ക് വരാവുന്ന നഷ്ടം നികത്താനായി ലാഭവിഹിതത്തിൽ നിന്നും ഒരു ഭാഗം റിസ്ക് ഫണ്ട് ആയി മാറ്റിവെക്കും. ഇറച്ചിക്കോഴി വളർത്തലിൽ ഏറ്റവും പ്രധാന ഉൽപ്പാദനോപാധിയായ കുഞ്ഞുങ്ങൾ ആവശ്യത്തിന് ലഭ്യമാക്കാൻ നോഡല്‍ ഏജന്‍സിയായ ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റി സംവിധാനമുണ്ടാക്കിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ലഭ്യത മുതൽ കോഴി മാലിന്യ സംസ്കരണം വരെയുള്ള മുൻപിൻ ബന്ധങ്ങളും സാങ്കേതിക വിദഗ്ധരുടെ പിന്തുണയും ഉറപ്പാക്കിയാണ് കേരള ചിക്കൻ പദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.