ഇത്തിരി പ്രാദേശികവാദമാണ്…

വൈശാഖൻ തമ്പി (Vaisakhan Thampi) എഴുതുന്നു 

ചില ടീമുകളുണ്ട്; ആർട്ടിക് പ്രദേശത്ത് ചെന്നാൽ പോലും ചിക്കൻ ബിരിയാണി ചോദിയ്ക്കുകയും, അവിടെ അത് കിട്ടില്ല എന്നറിഞ്ഞ് ‘ഇവിടത്തുകാർക്ക് ആഹാരമുണ്ടാക്കാൻ അറിയില്ല’ എന്ന് വിധി പ്രസ്താവിക്കുകയും ചെയ്തുകളയും!

ആർട്ടിക് പ്രദേശമെന്നത് ഇത്തിരി കയറ്റി പറഞ്ഞതാണെങ്കിലും, ഇതുപോലെ അലോസരപ്പെടുത്തുന്ന കമന്റ് പാസ്സാക്കുന്ന ചില ആളുകളുണ്ട്. പ്രത്യേകിച്ച് മലബാർ ഭാഗത്ത്. നേരേ വണ്ടികേറി തിരുവനന്തപുരത്ത് വരും, എന്നിട്ട് തിരുവനന്തപുരത്തെ ഹോട്ടലിൽ കേറും, തിരുവനന്തപുരത്തെ ആഹാരം ഓർഡർ ചെയ്യും, കഴിയ്ക്കും, എന്നിട്ടൊരു ഡയലോഗാണ്- “ഛേയ്, ഇവിടത്തുകാർക്ക് ആഹാരം ഉണ്ടാക്കാൻ അറിയില്ല!”. തിരുവനന്തപുരത്തുകാർ ആരോ മലാബാറീന്ന് പിടിച്ചുവലിച്ചോണ്ട് വന്ന്, ക്രോബാറ് കൊണ്ട് വാ വലിച്ചുതുറന്ന് ആഹാരം വായിലേയ്ക്ക് കുത്തിക്കേറ്റിയതാണെന്ന് തോന്നും ഡയലോഗ് കേട്ടാൽ.

എന്റെ ഭായ്, ആഹാരം എന്നത് ഓരോരോ പ്രദേശത്തിന്റേയും സംസ്കാരത്തിന്റെ ഭാഗമാണ്. അതിൽ തന്നെ, ആ പ്രദേശത്തുള്ളവരിൽ തന്നെ വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത ഇഷ്ടാനിഷ്ടങ്ങളുണ്ടാകും. അപ്പോൾ സ്വാഭാവികമായും മറ്റ് സ്ഥലങ്ങളിലേയ്ക്ക് പോകുമ്പോൾ ചിലപ്പോൾ നമുക്ക് ഇഷ്ടപ്പെടാത്ത, നമ്മുടെ അഭിരുചിയ്ക്ക് യോജിക്കാത്ത ആഹാരമായിരിക്കും അവിടെ കൂടുതൽ. അതിനർത്ഥം അവിടത്തുകാർക്ക് ആഹാരം ഉണ്ടാക്കാനറിയില്ല എന്നല്ല. പട്ടിയേയും പാമ്പിനേയും പഴുതാരയേയും വരെ തിന്നുന്ന നാടുകളുണ്ട്. അതിൽ അവർക്ക് കുഴപ്പമൊന്നും ഇല്ലെങ്കിൽ, പിന്നാർക്കാ കുഴപ്പം? ഉദാഹരണത്തിന്, തിരുവനന്തപുരത്തുകാർ ഉണ്ടാക്കുന്ന ബിരിയാണിയിൽ അവിടത്തുകാർക്ക് പ്രശ്നമൊന്നും തോന്നാത്തിടത്തോളം കാലം അവരത് അങ്ങനെ തന്നെയായിരിക്കുമല്ലോ ഉണ്ടാക്കുക. നിങ്ങളായിട്ട് ഒരു സ്ഥലത്ത് ചെന്നിട്ട്, നിങ്ങൾ വിചാരിക്കുന്ന ആഹാരം നിങ്ങൾ വിചാരിക്കുന്ന രീതിയിൽ കിട്ടിയില്ല എന്നതുകൊണ്ട് ആ നാടിന് മാർക്കിടാൻ നിൽക്കേണ്ട കാര്യമില്ല. തിരുവന്തോരം ഭാഷയിൽ അതിന് മറുപടി, “ഡേയ് അപ്പീ, വേണോങ്കി തിന്ന്*, ഇല്ലെങ്കി മൊട വർത്താനം പറയാതെ എഴിച്ച് പോ!” എന്നാണ്.

മലബാർ മലയാളിയുടെ ഭാഷയിൽ ‘മൂർഖന് മുൻപേ തല്ല് കിട്ടാൻ യോഗ്യതയുള്ള തെക്കൻ’ എന്ന നിലയിൽ നമ്മളിത്തരം കാര്യങ്ങളോട് കൂടുതൽ സെൻസിറ്റീവാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ മോഷണം റിപ്പോർട്ട് ചെയ്യപ്പെടുന്നത് തിരുവനന്തപുരത്താണോ? കേരളത്തിലെ ജയിൽപുള്ളികളിൽ ഏറ്റവും കൂടുതൽ തിരുവനന്തപുരംകാരാണോ? ഏറ്റവും കൂടുതൽ അഴിമതിക്കേസ് വരുന്നത് തിരുവനന്തപുരത്തുകാരായ രാഷ്ട്രീയക്കാരുടെ പേരിലാണോ? പിന്നെ എന്തിന്റെ പേരിലാണ് തിരുവനന്തപുരത്തിന് ഈ ചീത്തപ്പേര്? ഒരുപക്ഷേ, കേരളത്തിൽ ഏറ്റവും കൂടുതൽ പേര് മറ്റിടങ്ങളിൽ നിന്ന് വണ്ടി കേറി വന്നിറങ്ങിയിട്ടുള്ള സ്ഥലം തിരുവനന്തപുരമായിരിക്കും. ഒരുപക്ഷേ, തിരുവനന്തപുരംകാരല്ലാത്തവരിൽ ഏറ്റവും കൂടുതൽ പേർ പോയിട്ടുള്ള അന്യജില്ലയും തിരുവനന്തപുരമായിരിക്കും. പാലക്കാടുകാർക്ക് കോട്ടയത്തുപോയ കഥയോ, കോട്ടയംകാർക്ക് പാലക്കാട് പോയ കഥയോ അധികം പറയാനുണ്ടാവില്ല. പക്ഷേ രണ്ടുകൂട്ടർക്കും തിരുവനന്തപുരത്ത് പോയ കഥകൾ പറയാനുണ്ടാകും. അപ്പോ സ്വാഭാവികമായും തിരുവനന്തപുരം കഥകളായിരിക്കും പ്രചരിക്കുന്ന അന്യജില്ലാക്കഥകളിൽ അധികവും. മോശം അനുഭവങ്ങൾക്ക് പ്രചാരം കൂടുതലായിരിക്കും എന്ന ലോജിക്കിൽ അങ്ങനെ തിരുവനന്തപുരം മോശം സ്ഥലമായി! ഓട്ടോക്കാരുടേയും കടക്കാരുടേയുമൊക്കെ കഥകളാണ് എണ്ണത്തിൽ കൂടുതൽ. ജനത്തിരക്കുള്ള നഗരപ്രദേശങ്ങളിൽ പൊതുവേ ആളുകൾ നെട്ടോട്ടത്തിലായിരിക്കും. കസ്റ്റമേഴ്സിനെ പ്ലീസ് ചെയ്താലും ഇല്ലെങ്കിലും ഓട്ടോയിൽ കേറാൻ ആളെ കിട്ടും. പ്രത്യേകിച്ചും സ്ഥിരതാമസക്കാരെക്കാൾ കൂടുതൽ വന്നുപോകുന്ന ആളുകളുള്ള സ്ഥലങ്ങളിൽ. തിരുവനന്തപുരത്തേയും കൊച്ചിയിലേയും ഓട്ടോക്കാരെ ശ്രദ്ധിച്ചാൽ ഇത് മനസിലാകും. അതിനർത്ഥം അവരെല്ലാം കൊള്ളക്കാരാണെന്നല്ല. അവരിൽ മറ്റേത് വിഭാഗത്തിലേയും പോലെ പല തരത്തിലുള്ള ആളുകൾ ഉണ്ടാകും. അവർ എണ്ണത്തിൽ കൂടുതലുമായിരിക്കും. (കോഴിക്കോട്ടെ ‘നന്മ നിറഞ്ഞ’ ഓട്ടോക്കാരിൽ നിന്ന് പല തവണ പണി കിട്ടിയിട്ടുള്ള ആളാണ് ഞാൻ)

ഇനി ഏറ്റവും വലിയ തമാശയെന്താന്നുവെച്ചാൽ തിരുവനന്തപുരം നഗരത്തിലിറങ്ങിയാൽ അവിടെ അവിടത്തുകാരെക്കാൾ കൂടുതൽ അന്യജില്ലക്കാരായിരിക്കും എന്നതാണ്. പലരും നല്ല നല്ല ജില്ലകളിൽ നിന്ന് തിരുവനന്തപുരം എന്ന മോശം ജില്ലയിൽ വന്ന് സ്ഥിരതാമസം ആക്കിയവരാണ്, മനുഷ്യരെന്താ ഇങ്ങനെ!

(‘കന്നുകാലി’യിലെ ‘ന്ന’ അല്ല, ‘ചിന്നത്തമ്പി’യിലെ ‘ന്ന’)

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.