കേരളത്തിലെ ആദ്യത്തെ VIP കാർ അപകട’ത്തിൻ്റെ ഓർമ്മ

509

കേരളത്തിലെ ആദ്യത്തെ VIP കാർ അപകട’ത്തിൻ്റെ ഓർമ്മ…

•••••••••••••••••••••••••

‘കേരളത്തിലെ ആദ്യത്തെ VIP കാർ അപകടം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ കാറപകടത്തിൻ്റെ ഇരയായി ‘കേരളകാളിദാസൻ’ നിര്യാതനായിട്ടു ഇന്ന് 104 വർഷം തികയുന്നു….

‘കേരളകാളിദാസൻ’ എന്ന അപരനാമധേയത്തിൽ അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാൻ. ‘അഭിജ്ഞാന ശാകുന്തളം’ വിവർത്തനത്തിലൂടെ (1882) ആണ് അദ്ദേഹം ഈ അപരനാമം നേടിയതെങ്കിലും ‘മയൂരസന്ദേശം’ (1894) എന്ന കൃതിയിലൂടെയാണ് അദ്ദേഹം കൂടുതൽ ഓർമ്മിക്കപ്പെടുന്നത്.

കേരളത്തിലെ ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിലാണ് അദ്ദേഹം ജനിച്ചത്. (1845 ഫെബ്രുവരി 19). തിരുവിതാംകൂറിന്റെ മാതൃസ്ഥാനമായി കരുതിയിരുന്ന ആറ്റിങ്ങൽ മഹാറാണി, ഭരണി തിരുനാൾ ലക്ഷ്മി ബായിയെ 1859-ൽ 14-ആം വയസ്സിൽ തമ്പുരാൻ വിവാഹം ചെയ്യുകയും വലിയ കോയിത്തമ്പുരാനാവുകയും ചെയ്തു. ഇവർക്ക് മക്കളുണ്ടായിരുന്നില്ല.

വേദാന്തം തർക്കശാസത്രം വ്യാകരണം തുടങ്ങിയവയിൽ കോയിത്തമ്പുരാൻ അഗ്രഗണ്യനായി. ഇംഗ്ലീഷ് വിദ്യാഭ്യാസവും നേടി.

സ്വാതി തിരുനാളിനു ശേഷം രാജാവായിരുന്ന ഉത്രം തിരുനാളിന്റെ (1846–1860) കാലശേഷം ആയില്യം തിരുനാൾ അധികാരമേറ്റ സമയമായിരുന്നു. ആദ്യകാലങ്ങളിൽ മഹാരാജാവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കേരള വർമ്മയെ 1875-ൽ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്തു. രണ്ടു വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലെ വീട്ടു തടങ്കലിൽ കഴിയുന്നതിനനുവദിച്ചു. കേരള വർമ്മയ്ക്ക് ആലപ്പുഴ കൊട്ടാരത്തിലും അനന്തപുരം കൊട്ടാരത്തിലും അസ്വതന്ത്ര ജീവിതം നയിക്കേണ്ടി വന്നു. ആ അവസരത്തിലാണ് ‘മയൂര സന്ദേശ’മെന്ന മലയാളത്തിലെ പ്രസിദ്ധ സന്ദേശകാവ്യം എഴുതുന്നതിനുള്ള പ്രേരണയുണ്ടായത്.

ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിൽ താമസിക്കുന്ന കാലത്താണ് ഹരിപ്പാട് ക്ഷേത്രദർശനവേളയിൽ മയിലിനെ കാണുകയും അത് അദ്ദേഹത്തിന് ‘മയൂര സന്ദേശ’മെന്ന കാവ്യം ഒരുക്കാൻ പ്രേരണയായി. (അദ്ദേഹത്തെ പാർപ്പിച്ചിരുന്ന ഹരിപ്പാട്ടെ അനന്തപുരം കൊട്ടാരത്തിലെ ‘ഡാണവി’ൻ്റെ -തടവറയുടെ- പടിപ്പുര നിന്ന പ്രദേശം ഡാണാപ്പടി എന്നറിയപ്പെടുന്നു.) 1880-ൽ ആയില്യം തിരുനാൾ നാടു നീങ്ങുകയും അനുജൻ വിശാഖം തിരുനാൾ രാജാവാകുകയും ചെയ്തു. അധികാരത്തിലേറ്റ് വിശാഖം തിരുനാൾ ആദ്യം ചെയ്തത് കേരള വർമ്മയെ വീട്ടു തടങ്കലിൽ നിന്നും മോചിപ്പിച്ച് തിരുവനന്തപുരത്തേക്ക് കൂട്ടി കൊണ്ടു വരികയും ചെയ്തു.

കാളിദാസൻറെ ‘അഭിജ്ഞാന ശാകുന്തളം’ നാടകം മലയാളത്തിലേക്ക് കേരള വർമ്മ തർജ്ജിമ ചെയ്തു. കാളിദാസൻറെ ‘മേഘസന്ദേശ’ത്തെ അനുസരിച്ചാണ് ‘മയൂരസന്ദേശ’മെന്ന സന്ദേശ കാവ്യം മലയാളത്തിലുണ്ടായത്. ദ്വിതീയാകഷര പ്രാസമുളള 141 ശ്ലോങ്ങളാണ് ഇതിലുളളത്. കാവ്യം കാളിദാസ നിലവാരത്തിലുള്ളതല്ലങ്കിലും അക്കാലത്തെ തിരുവതാംകൂർ ഭൂപകൃതി അതിൽ വർണ്ണിക്കുണ്ട്. വെറും 48 ദിവസം കൊണ്ട് എഴുതി തീർത്തതാണ് ഈ കൃതി. ബന്ധനമോചനത്തിനു ശേഷം 14 വർഷം കഴിഞ്ഞാണ് ഈ കൃതി രചിക്കുന്നത്.

‘അക്ബർ’ (1894)-നോവൽ; ‘അന്യാപദേശശതകം’ -കാവ്യം തുടങ്ങിയവ മറ്റു കൃതികൾ.

‘ദ്വിതീയാക്ഷര’ പ്രാസവാദത്തിന്റെ പേരിൽ അനന്തരവൻ എ.ആർ. രാജരാജ വർമ്മയുമായി നടന്ന ആരോഗ്യകരമായ തർക്കങ്ങൾ മലയാള ഭാഷയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ ചില്ലറയല്ല .

അദ്ദേഹം ഭാഗിനേയനും വത്സലശിഷ്യനുമായ കേരളപാണിനി എ. ആർ. രാജരാജ വർമ്മയോടൊപ്പം 1914 സെപ്തംബറിൽ 20-ാം ഹരിപ്പാട്ട് നിന്നു് തിരുവനന്തപുരരത്തേക്കു കാറിൽ പുറപ്പെട്ടു. കായംകുളത്തിനടുത്തുവെച്ച് കാർ ഒരു അപകടത്തിൽ പെട്ടു. അതിനെത്തുടർന്നു് സെപ്തംബർ 22-നു് മരുമകന്റെ കൈകളിൽ കിടന്നുതന്നെ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

മലയാള സാഹിത്യ വികാസത്തിൽ നിർണായക പങ്കു വഹിച്ച കേരള കാളിദാസൻ, കേരളവർമ്മ വലിയ കോയിത്തമ്പുരാൻ അങ്ങനെ ഓർമ്മയായി.
____________________
– ആർ. ഗോപാലകൃഷ്ണൻ | 2019 സെപ്റ്റംബർ 22