വീണ്ടും വിവാദങ്ങളുടെ അണ തുറക്കുമ്പോൾ…

0
624

കേരളത്തിൽ 2018 ആഗസ്റ്റിലെ മഹാപ്രളയം നാനൂറിലേറെ പേരുടെ ജീവനപഹരിച്ചിരുന്നു. വ്യക്തമായ ആസൂത്രണമില്ലാതെ ഡാമുകൾ തുറന്നുവിട്ടതാണ് പെട്ടന്നുള്ള പ്രളയകാരണം എന്ന് അമിക്കസ് ക്യൂറി കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മുരളി തുമ്മാരുകുടി പ്രതികരിക്കുന്നു.

വീണ്ടും വിവാദങ്ങളുടെ അണ തുറക്കുമ്പോൾ…

Muralee Thummarukudy

കേരളത്തിലെ അണക്കെട്ടുകളാണോ പ്രളയമുണ്ടാക്കിയത് എന്ന ചോദ്യം ഇന്ന് വീണ്ടും ചോദിക്കപ്പെടുകയാണ്. ഇതിപ്പോൾ മൂന്നാമത്തെ തവണയാണ് ഈ ചോദ്യം വരുന്നത്.
ഒന്നാമത് പ്രളയം കഴിഞ്ഞ ഉടൻ, രണ്ടാമത് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യുട്ടിന്റെ റിപ്പോർട്ട് വന്നപ്പോൾ, മൂന്നാമത് ഇപ്പോൾ.
വിഷയത്തെക്കുറിച്ച് എൻറെ അഭിപ്രായം പലരും ചോദിച്ചിട്ടുണ്ട്. ഒറ്റ വാക്കിൽ ഉത്തരം പറയാവുന്നതോ പറയേണ്ടതോ ആയ ഒന്നല്ല ഇത്. ഇക്കാര്യങ്ങൾ അല്പം സങ്കീർണ്ണമാണെന്ന് ഞാൻ ആദ്യമേ പറഞ്ഞു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യുട്ടിന്റെ റിപ്പോർട്ട് വന്നപ്പോൾ അത് പഠിച്ചിട്ട് പറയാം എന്ന് പറഞ്ഞു.

Muralee Thummarukudy

മിക്കവാറും പേർക്ക് ഇതൊന്നും ഇഷ്ടപ്പെട്ടില്ല. കാരണം, എളുപ്പ വഴിയിൽ ക്രിയ ചെയ്യാനാണ് എല്ലാവർക്കും ഇഷ്ടം. ദുരന്തമുണ്ടായാൽ ആരെങ്കിലും ഒരാളെ ഉത്തരവാദി ആയി കണ്ടുപിടിച്ച് അയാളെ ചീത്ത പറയുകയോ രാജിവെയ്പ്പിക്കുകയോ ചെയ്താൽ, അതോടെ ആളുകൾക്ക് സന്തോഷമായി. അങ്ങനെ പറഞ്ഞില്ലെങ്കിൽ പറയാത്തവരെ സ്ഥാപിത താൽപര്യക്കാർ ആക്കി. അടുത്ത ദുരന്തം വരെ പിന്നെ വിഷയത്തിൽ ചിന്തയില്ല, ചർച്ചയും.
ആഗസ്റ്റിൽ നടന്ന ദുരന്തത്തെപ്പറ്റി ഞാൻ നവംബറിലാണ് വിശദമായി ‘ഡാമുകളും ദുരന്തവും’ എന്ന പേരിൽ പോസ്റ്റിട്ടത്. അപ്പോഴേക്കും ആളുകൾക്ക് വിഷയത്തിലെ താല്പര്യം പോയിരുന്നു. ലക്ഷം ഫോളോവേഴ്സും അതിലധികം വായനക്കാരുമുള്ള പോസ്റ്റിന് കിട്ടിയത് 962 ലൈക്ക് ആണ്. ആറു മത്തിയുടെ പടം ഇട്ടതിന് ആയിരത്തി അഞ്ഞൂറ് ലൈക് കിട്ടിയ പ്രൊഫൈൽ ആണെന്ന് ഓർക്കണം.

ഇന്നിപ്പോൾ വീണ്ടും വിഷയം ചർച്ചയാവുന്നു. മിക്കവാറും അന്തിച്ചർച്ചയും ആകും. ഇതിനെ കളിയാക്കിയോ, ഞാൻ അപ്പോഴേ പറഞ്ഞില്ലേ എന്ന മട്ടിലോ പോസ്റ്റിടുന്നവർ ലൈക്കുകൾ തൂത്തു വാരുന്നു. വേണമെങ്കിൽ ഓളത്തിന്റെ മുന്നിൽ എനിക്കും കയറി നിൽക്കാം. അത് വേണ്ട. ദുരന്തം എന്നത് ഗുരുതരവും സങ്കീർണ്ണവുമായ വിഷയമാണ്. അതിനെ ലഘൂകരിച്ച് ഒരു കാരണത്തിലേക്കോ ഒരാളിലേക്കോ എത്തിക്കുന്നതിൽ നിന്നും സമൂഹത്തിന് ഒരു ഗുണവുമില്ല.

എൻറെ അഭിപ്രായം പലരും ചോദിക്കുന്നുണ്ട്. ഞാൻ ഒന്നും പറയില്ല എന്ന് ഉറപ്പിക്കുന്നവരുണ്ട്. രണ്ടു കൂട്ടർക്കും വേണ്ടി ഒരിക്കൽക്കൂടി പറയാം.

ഡാമുകളും ദുരന്തവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും പഠിച്ചതിന് ശേഷം ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു നവംബറിൽ (15). അധികം ആളുകളൊന്നും അത് ശ്രദ്ധിച്ചില്ല. ഇന്നിപ്പോൾ താല്പര്യമുണ്ടെങ്കിൽ അവർക്ക് അവിടെ പോയി വായിക്കാം. അതല്ലേ ഹീറോയിസം.

====

മുരളി തുമ്മാരുകുടി സൂചിപ്പിച്ച പഴയ പോസ്റ്റ് 

ഡാമുകളും ദുരന്തവും (15 November 2018)

പ്രളയശേഷം നാട്ടിലെത്തിയപ്പോൾ, ആഗസ്ത് ഇരുപത്തി ഒന്നിന് തന്നെ, ഡാമുകളും പ്രളയവും എന്ന വിഷയത്തെക്കുറിച്ച് ഒരു ടെലിവിഷൻ ഇന്റർവ്യൂ കൊടുക്കണമെന്ന് കരുതിയതാണ്. അന്ന് രാവിലെ തന്നെ ആ വിഷയം രാഷ്ട്രീയമായി ഉന്നയിക്കപ്പെട്ടു. പ്രളയത്തിന്റെ നടുക്ക് രാഷ്ട്രീയ വിഷയത്തിൽ സാങ്കേതിക അഭിപ്രായം പറഞ്ഞാൽ ആളുകൾ ശ്രദ്ധിക്കില്ലാത്തതിനാൽ അത് വേണ്ടെന്ന് വെച്ചു. ഇന്നിപ്പോൾ ആർക്കെങ്കിലും അതിൽ താല്പര്യമുണ്ടോ എന്നറിയില്ലെങ്കിലും പറയാം.

2018 – ലെ ദുരന്തത്തിൽ കേരളത്തിലെ സാധാരണ ജനങ്ങൾക്കാകെ ഇപ്പോഴും ബാക്കിനിൽക്കുന്ന ഒരു സംശയം, നമ്മുടെ നദിയിൽ നിർമ്മിച്ചിരിക്കുന്ന ഡാമുകൾ ഈ ദുരന്തത്തെ എങ്ങനെ ബാധിച്ചു എന്നതാണ്. ഡാമുകൾ ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്ന് കൂടുതൽ പേരും ചിന്തിക്കുന്നു. അങ്ങനെ അല്ല എന്ന് സർക്കാർ ഏജൻസികൾ വാദിക്കുന്നു. നിയമസഭയിലും ഈ വിഷയം ചർച്ചയായി. ചർച്ച ചെയ്തവരൊക്കെ എല്ലാ ഡാമുകളെയും ഒരുമിച്ചു കൂട്ടി ‘ശരി’ അല്ലെങ്കിൽ ‘തെറ്റ്’ എന്ന തരത്തിലാണ് കാര്യങ്ങളെ കണ്ടത്. അതുകൊണ്ടു തന്നെ ചർച്ച ശാസ്ത്രീയമായില്ല.

ഒരു സിവിൽ എൻജിനീയർ എന്ന നിലയിലും ദുരന്ത ലഘൂകരണ വിദഗ്ദ്ധൻ എന്ന നിലയിലും ഞാൻ ചില ചോദ്യങ്ങൾ ചോദിക്കാം. ഉത്തരവും ഞാൻ തന്നെ നൽകാം.

1. കേരളത്തിലെ നദികളിൽ അണക്കെട്ടുകൾ ഇല്ലായിരുന്നെങ്കിൽ 2018 – ലെ വെള്ളപ്പൊക്കം ഉണ്ടാകുമായിരുന്നോ?

ഇതിന്റെ ഉത്തരം എളുപ്പമാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴയാണ് ആഗസ്റ്റ് മാസത്തിൽ പെയ്തത്. കേരളത്തിൽ നാല്പത്തിനാല് നദികൾ ഉണ്ട്. അതിൽ എല്ലാത്തിലും ഡാമുകൾ ഇല്ല. എല്ലാ നദികളും കരകവിഞ്ഞൊഴുകി എല്ലായിടത്തും പ്രളയം ഉണ്ടാക്കി. അപ്പോൾ ഡാമുകൾ ഇല്ലായിരുന്നെങ്കിലും ഈ വർഷം വെള്ളപ്പൊക്കം ഉണ്ടാകുമായിരുന്നു എന്നത് വ്യക്തമാണ്.

2. ഡാമുകൾ വെള്ളപ്പൊക്കത്തിന്റെ തീഷ്ണത കുറച്ചിട്ടുണ്ടോ?

ഇക്കാര്യത്തിൽ ഒറ്റയടിക്ക് ഒരുത്തരം പറയാൻ ബുദ്ധിമുട്ടാണ്. കേരളത്തിലെ ഓരോ ഡാമുകളിലും ഓരോ സ്ഥിതിയായിരിക്കും. പൊതുവെ പറഞ്ഞാൽ ഡാമിന് താഴെ വെള്ളം പൊങ്ങിത്തുടങ്ങിയ സമയത്ത് ഡാമിന് മുകളിൽ പെയ്ത മഴയുടെ ഒരു ഭാഗം ഡാമുകൾക്ക് പിടിച്ചുവെക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് താഴത്തെ വെള്ളപ്പൊക്കത്തിന്റെ തീഷ്ണത കുറയ്ക്കും. എന്നാൽ കേരളത്തിലെ ഏറെ ഡാമുകളും വളരെ ചെറിയ സ്റ്റോറേജ് കപ്പാസിറ്റി ഉള്ളവയാണ്. പെരുമഴ വരുന്നതിന് മുൻപേ തന്നെ അവ ഏതാണ്ട് നിറഞ്ഞിരുന്നു. അതേ സമയം കേന്ദ്ര ജല കമ്മീഷന്റെ കണക്കനുസരിച്ച് ചില അണക്കെട്ടുകളിൽ മൊത്തം സ്റ്റോറേജിലും കൂടുതൽ മഴയാണ് ഓരോ ദിവസവും പെയ്തത്. പെരുമഴ പെയ്ത രണ്ടാം ദിവസം തന്നെ മുകളിൽ പെയ്ത മഴയുടെ അത്രയും വെള്ളം താഴേക്ക് ഒഴുകിത്തുടങ്ങി. അപ്പോൾ ഭൂരിഭാഗം അണക്കെട്ടുകളും വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറച്ചിട്ടില്ല.

ഇടുക്കി അണക്കെട്ടിൽ പക്ഷെ കാര്യങ്ങൾ വ്യത്യസ്തമാണ്. ഏറ്റവും മഴയുള്ള ദിവസങ്ങളിൽ പോലും, മുല്ലപ്പെരിയാറിൽ സ്പിൽ വേ തുറന്നതിന് ശേഷവും, ഇടുക്കി ജലാശയത്തിലേക്ക് ഒഴുകിയെത്തിയ വെള്ളത്തിന്റത്രയും വെള്ളം അവർ താഴേക്ക് ഒഴുക്കിവിട്ടില്ല എന്നാണ് കണക്കുകൾ കാണിക്കുന്നത്. അതുകൊണ്ട് ഇടുക്കിയിലെ അണക്കെട്ടുകൾ തീർച്ചയായും പെരിയാറിലെ വെള്ളപ്പൊക്കത്തിന്റെ തീഷ്ണത കുറക്കാൻ സഹായിച്ചുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. പറവൂരിൽ 1924 ലെ വെള്ളപ്പൊക്കത്തിന്റെ അടയാളത്തിൽ നിന്നും ഒരടി താഴെയാണ് 2018 ലെ വെള്ളപ്പൊക്കത്തിന്റെ നില എത്തിയത്. ഇതിന് കാരണം പെരിയാറിലെ അണക്കെട്ടുകൾ തന്നെയാണ്.

3. ഡാമുകൾ ഏതെങ്കിലും വിധത്തിൽ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത കൂട്ടിയോ?

ഈ ചോദ്യത്തിന് മൂന്ന് ഉത്തരങ്ങൾ ഉണ്ട്.

1. കേരളത്തിൽ അണക്കെട്ടുകൾ ഉണ്ടാക്കിയിരിക്കുന്നതും അവ കൊണ്ടുനടക്കുന്നതും വളരെ പഴയ ചിന്താഗതിക്കനുസരിച്ചാണ്. ജലം ഒഴുകുന്ന നദിയിൽ ഒരു തടസ്സമുണ്ടാക്കി നൂറു ശതമാനം ഒഴുക്കും ഇല്ലാതാക്കുക എന്നതാണ് അതിന്റെ രീതി. നദി എന്നത് വെള്ളം ഒഴുകുന്ന ഒരു കനാൽ മാത്രമല്ല എന്ന് പരിഷ്കൃത ലോകം ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് അണ കെട്ടുന്പോൾ നദിയെ പൂർണ്ണമായും കൊല്ലാതെ ഒരു അടിസ്ഥാന ഒഴുക്ക് നിലനിർത്തുന്ന രീതിയുണ്ട് (environmental flow). കൂടാതെ അണക്കെട്ടിന്റെ മുകളിലുള്ള നദിയും താഴെയുള്ള നദിയും തമ്മിൽ പാരിസ്ഥിതിക ബന്ധം നിലനിർത്താൻ ഫിഷ് ലാഡർ പോലെ ഒരു സംവിധാനവും ഒരുക്കാറുണ്ട്. നമ്മുടെ അണക്കെട്ടുകളിലൊന്നും ഇതില്ല.

Kerala flood 2018

അതുകൊണ്ടാണ് ചെറുതോണി അണക്കെട്ടിന്റെ താഴെ പുഴ ഇല്ലതായത്. ചെറുതോണി അണക്കെട്ട് കഴിഞ്ഞ 26 വർഷം തുറക്കാതിരുന്നപ്പോൾ അവിടെ ഒരു പുഴ ഉണ്ടായിരുന്നു എന്ന കാര്യം എല്ലാവരും മറന്നു പോയി. 25 വയസ്സുള്ള ഒരു ചെറുതോണിക്കാരന് അണക്കെട്ടിന് താഴെ ഒരു നദിയുണ്ടായിരുന്നു എന്ന് അറിയില്ല. അണക്കെട്ട് ഇല്ലാതാക്കിയ നദിയുടെ കരകളിൽ മാത്രമല്ല, അടിത്തട്ടിൽ പോലും തെങ്ങ് പോലുള്ള ദീർഘകാല വിളകൾ ആളുകൾ കൃഷി ചെയ്തത് അണക്കെട്ട് നൽകിയ (തെറ്റായ) ആത്മവിശ്വാസത്തിലാണ്. ചെറുതോണി പട്ടണം മുതൽ താഴേക്ക് ബസ്‌സ്റ്റാന്റും വീടുകളും ആളുകൾ നിർമ്മിച്ചത് ഈ ആത്മവിശ്വാസത്തിലാണ്. ഇതൊന്നും ശരിയല്ല, ഇത് നദിയായിരുന്നു, അണക്കെട്ട് തുറന്നാൽ ഇവിടെ ഇനിയും വെള്ളം വരും എന്നൊന്നും ആരും അവരോട് പറഞ്ഞില്ല. അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നാൽ വെള്ളത്തിനടിയിൽ ആകുമെന്ന് നൂറു ശതമാനം ഉറപ്പുള്ള സ്ഥലത്ത്, അങ്ങനെ തൊള്ളായിരത്തി എഴുപതുകളിൽ മാർക്ക് ചെയ്ത് വച്ച സ്ഥലത്ത് കൃഷിയും വീടും സ്ഥാപനങ്ങളും ഉണ്ടാക്കിയത് ദുരന്തത്തിന്റെ രൂക്ഷത കൂട്ടി എന്ന് നമുക്കെല്ലാം സമ്മതിക്കാം. അതിന് ഉത്തരവാദികൾ കൃഷി ചെയ്തവരോ, വീട് വെച്ചവരോ, അതിന് മൗനമായോ അല്ലാതെയോ അനുവാദം നല്കിയവരോ, അതിന് പ്രേരിപ്പിച്ചവരോ, നിർബന്ധിച്ചവരോ എന്നതിനെക്കുറിച്ച് ചർച്ചയാകാം.

കേരളത്തിലെ ഓരോ നദിയുടെയും ‘environmental flow’ കണക്കാക്കി വർഷത്തിൽ എല്ലാക്കാലത്തും അത് ഉറപ്പാക്കി അണക്കെട്ടുകൾ അത്രയും സ്ഥിരമായി തുറന്നു വിടുന്ന സംവിധാനം ഉണ്ടാക്കണം. നദിയുടെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കി ഫിഷ് ലാഡർ പോലുള്ള സംവിധാനങ്ങൾ ഉണ്ടാക്കുകയും വേണം. ചുരുക്കത്തിൽ നമ്മുടെ അണക്കെട്ടുകൾ ഇരുപതാം നൂറ്റാണ്ടിലെ രീതികളിലേക്കെങ്കിലും നമുക്ക് ഉടൻ കൊണ്ടുവരണം. (ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കാര്യം പിന്നാലെ പറയാം).

2. ഭൂതത്താൻ കെട്ടിനും താഴെ പെരിയാറിന്റെ ഇരുകരകളിലും വീടും സ്ഥാപനങ്ങളും ഉണ്ടാക്കിയത് ദുരന്തത്തിന്റെ രൂക്ഷത കൂട്ടി എന്ന് ഉറപ്പായും പറയാം. നൂറുവർഷം മുൻപ് പെരിയാർ കര കവിഞ്ഞൊഴുകുന്നത് മിക്കവാറും വാർഷിക സംഭവമായിരുന്നു. കുറച്ചു ക്ഷേത്രങ്ങളും രാജാവിന്റെ ഗസ്റ്റ് ഹൌസും ഒഴിച്ചാൽ നദിക്കരയിൽ ആരും വീടുവെയ്ക്കാറില്ല. വർഷാവർഷം മലവെള്ളം ഒഴുകിവരുന്പോൾ ചെളിയും പാന്പും കയറിവരുന്നിടത്ത് പണം നിക്ഷേപിക്കാൻ ആരാണ് ധൈര്യപ്പെടുന്നത്!

ഇടുക്കിയിൽ അണക്കെട്ട് ഉണ്ടാക്കി പെരിയാറിലെ വലിയ അളവ് വെള്ളം മുവാറ്റുപുഴ ആറിലേക്ക് തിരിച്ചുവിട്ടതും, ഇടമലയാറിൽ അണക്കെട്ട് ഉണ്ടാക്കി മലവെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞതും പെരിയാറിലെ സ്ഥിരമായ ഒഴുക്ക് വലിയ തോതിൽ കുറച്ചു. മലവെള്ളം എന്നത് എന്റെ തലമുറ മറന്നു. പുതിയ തലമുറയ്ക്ക് ഇതൊന്നും അറിയുക കൂടിയില്ല. ഈ അണക്കെട്ടുകൾ നൽകിയ (തെറ്റായ) സുരക്ഷിതത്വത്തിന്റെ പിൻബലത്തിൽ ആണ് പെരിയാറിന്റെ തീരം മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടിയായത്. അങ്ങനെയാണ് വിമാനത്താവളം ഉൾപ്പടെയുള്ള ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപങ്ങൾ നദിയുടെ കരയിലുണ്ടായത്. അതുകൊണ്ടാണ് വെള്ളപ്പൊക്കത്തിൽ കാര്യങ്ങൾ ഇത്ര രൂക്ഷമായത്.

ഇതും വളരെ എളുപ്പത്തിൽ ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു. കേരളത്തിലെ നദികളിലെ ഫ്ളഡ് റിസ്ക് മാപ്പുകൾ അണക്കെട്ട് തുറക്കുന്നത് മാത്രമല്ല പൊട്ടിപ്പോകുന്ന സാഹചര്യം (dam break scenario) കൂടെ കണക്കിലെടുത്ത് തയ്യാറാക്കണം. ഈ പഠനങ്ങളും മാപ്പുകളും എല്ലാവർക്കും ലഭ്യമായിരിക്കണം. ആ റിസ്ക് അറിഞ്ഞു വേണം സർക്കാരും സ്വകാര്യ വ്യക്തികളും പുഴയോരത്ത് നിക്ഷേപങ്ങൾ നടത്താൻ. ഇതറിഞ്ഞിട്ട് വേണം ബാങ്കുകളും ഇൻഷുറൻസുകളും വായ്പ കൊടുക്കാനും ഇൻഷുറൻസ് ലഭ്യമാക്കാനും.

3. കേരളത്തിൽ ഡാമുകൾ തുറക്കുന്നതും വേണ്ടപ്പെട്ട ആളുകളെ അറിയിക്കുന്നതും ശരിയായ പ്രോട്ടോകോളുകൾ അനുസരിച്ചല്ല എന്ന് ഈ പ്രളയകാലം വ്യക്തമാക്കി. ഇടുക്കിയിലും ഇടമലയാറിലും ടി വി കാമറകളും മാധ്യമങ്ങളും പുറകേ ഉണ്ടായിരുന്നത് കൊണ്ട് ഇക്കാര്യത്തിൽ കൂടുതൽ സൂക്ഷ്മത ഉണ്ടായി. പക്ഷെ മറ്റിടങ്ങളിൽ ഇത്തരം നല്ല രീതികൾ പാലിക്കപ്പെട്ടില്ല. രാത്രിയിൽ, യാതൊരു മുന്നറിയിപ്പും ഇല്ലാതെ കണ്മുൻപിൽ വെള്ളം കയറിയപ്പോൾ ആണ് ആളുകൾ അണക്കെട്ട് തുറന്ന് വിട്ടത് അറിഞ്ഞത്. ഇത് ഒഴിവാക്കാമായിരുന്നു. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ അണക്കെട്ട് തുറക്കുന്നതിന് മുൻപ് കേരളവും ആയി എങ്ങനെ ചർച്ച ചെയ്യണം എന്നോ അറിയിക്കണം എന്നോ ഉള്ള ഒരു പ്രോട്ടോക്കോൾ ഇല്ല എന്ന് ഈ പ്രളയകാലം തെളിയിച്ചു. ഇതും ശരിയാക്കാനുള്ള അവസരമാണിത്.

കേരളത്തിലെ ഓരോ അണക്കെട്ടുകളും തുറക്കുന്നതിന് കൃത്യമായ മാർഗ്ഗ നിർദേശം വേണം. അണക്കെട്ടുകൾ തുറന്നാൽ നദിയുടെ കരയിൽ എത്ര വരെ വെള്ളം പോകാമെന്ന കണക്കുകൂട്ടൽ വേണം. ഈ സ്ഥലത്തുള്ള എല്ലാ മൊബൈൽ ഫോണിലും ഒരേ സമയം ആ കാര്യം അറിയിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. ഇതൊക്കെ സാങ്കേതികമായി നിസ്സാരവും അനവധി സ്ഥലങ്ങളിൽ ചെയ്യുന്നവയും ആണ്.

4. അണക്കെട്ടുകളാൽ വെള്ളപ്പൊക്കം കുറക്കാൻ സാധിക്കുമായിരുന്നോ?

ഈ ചോദ്യമാണ് വാസ്തവത്തിൽ കൂടുതൽ നന്നായി പഠിക്കപ്പെടേണ്ടിയിരുന്നത്. അയ്യായിരം വർഷമായി മനുഷ്യൻ അണകെട്ടി തുടങ്ങിയിട്ട്. ഓരോ അണയ്ക്കും വ്യത്യസ്ത കാരണങ്ങളായിരിക്കും. കൃഷിക്കായി, വേനലിൽ വെള്ളത്തിന്, വൈദ്യുതിക്ക്, ഓരുവെള്ളം തടയാൻ, താഴെ താമസിക്കുന്നവരുടെ വെള്ളംകുടി മുട്ടിക്കാൻ, വെള്ളം കൊടുക്കാതെയോ അമിതമായി ഒഴുക്കിവിട്ടോ താഴെയുള്ളവരുടെ കൃഷി നശിപ്പിക്കാൻ, വെള്ളപ്പൊക്കം തടയാൻ, ടൂറിസത്തിന്, മീൻവളർത്തലിന് എന്നിങ്ങനെ. ഓരോ അണക്കെട്ടിനും ഒന്നിലധികം ഉദ്ദേശങ്ങളും ഉണ്ടാകാം.

കേരളത്തിലെ അണക്കെട്ടുകൾ പ്രധാനമായും വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനും ജലസേചനത്തിനും വേണ്ടിയാണ്. ചിലയിടത്ത് ടൂറിസത്തിനും കടൽവെള്ളം തടയാനും ഉപയോഗിക്കുന്നു. ഇടുക്കി പ്രധാനമായും വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. അത് നിർമ്മിച്ചതും വൈദ്യുതി ബോർഡ് ആണ്. അതിനാൽ ഇടുക്കിയിലെ അണക്കെട്ടിന്റെ നിയന്ത്രണം വൈദ്യതി ബോർഡിനാണ്. വൈദ്യുതി ഉദ്പാദനം മുതൽ വെള്ളപ്പൊക്ക നിയന്ത്രണം വരെയുള്ള വിവിധ ഉദ്ദേശങ്ങളെ ഏകോപിപ്പിച്ച് റിസർവോയർ മാനേജ് ചെയ്യുന്നതിനെക്കുറിച്ച് അവർ ചിന്തിച്ചിട്ടുണ്ടോ? അതിനുവേണ്ടി ശാസ്ത്രീയമായ മോഡലുകൾ അവർ ഉണ്ടാക്കിയിട്ടുണ്ടോ? ഉപയോഗിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ജനീവയിൽ താമസിക്കുന്ന എനിക്ക് ജൂൺ പതിനാലിന് പഴയ ദുരന്തത്തിന്റെ ചരിത്രവും (99- ലെ വെള്ളപ്പൊക്കം), മഴയുടെ തുടരുന്ന രീതിയും വെച്ച് ഈ വർഷം കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് പറയാൻ സാധിച്ചുവെങ്കിൽ എന്തുകൊണ്ടാണ് ഈ സന്നാഹങ്ങളും ആയി കേരളത്തിൽ ഇരിക്കുന്നവർക്ക് ഈ കാര്യങ്ങൾ ചിന്തയിൽ വരാതിരുന്നത്?

ആഗസ്റ്റിൽ തുടർന്ന വലിയ മഴ അപ്രതീക്ഷിതമായിരുന്നു, ഇത്ര മഴ പെയ്യും എന്ന് കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നില്ല എന്നതാണ് മറുവാദം. ഇത് മഴ പെയ്തുവീഴുന്ന വെള്ളം പരമാവധി ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാം എന്നുകരുതുന്ന ഒരു സ്ഥാപനത്തിലെ എൻജിനീയർമാരെ സംബന്ധിച്ചിടത്തോളം ശരിയാണ്. കാരണം ഡാം നിറയുന്നത് വരെ സംഭരിക്കുക, ഡാം നിറഞ്ഞു കഴിഞ്ഞാൽ ബാക്കി പുറത്തു കളയുക. അതാണല്ലോ ശരി. പക്ഷെ മൊത്തം സമൂഹത്തിന്റെ രക്ഷയ്ക്കും നന്മയ്ക്കും വേണ്ടി ഉപയോഗിക്കാനാണ് അണക്കെട്ടുകൾ എന്ന തരത്തിൽ ചിന്തിച്ചിരുന്നുവെങ്കിൽ, ശ്രമിച്ചിരുന്നതെങ്കിൽ ജൂൺ മാസത്തിൽത്തന്നെ ഈ വർഷം വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത അവർ മനസ്സിലാക്കിയേനെ, അണക്കെട്ടുകൾ തുറന്നു വിട്ടേനെ.

ഇത് വളരെ എളുപ്പത്തിലുള്ള ഒരു കണക്കുകൂട്ടലാണ്. ക്രിക്കറ്റ് കളിക്കുന്നവർക്ക് അറിയാവുന്ന ഒരു കാര്യമുണ്ട്. ഒരു ടീം ആദ്യത്തെ അഞ്ച് ഓവറിൽ എടുക്കുന്ന റൺസിന്റെ റേറ്റ് വെച്ച് ഇരുപത് ഓവർ കഴിയുന്പോൾ ഉണ്ടായേക്കാവുന്ന സ്‌കോർ പ്രവചിക്കാം. അതുപോലെ ഏപ്രിൽ മുതൽ പെയ്ത മഴയും ജൂൺ – ജൂലൈ – ആഗസ്റ്റ് മാസത്തിലെ ശരാശരി മഴയുടെ കണക്കുംവെച്ച് ഡാമുകൾ നിറയാനുള്ള സാധ്യത എളുപ്പത്തിൽ പ്രവചിക്കാം. അങ്ങനെ നിറയാൻ സാധ്യതയുണ്ടെന്ന് കണ്ടാൽ ജലനിരപ്പ് ഷട്ടറിന്റെ താഴത്തെ ലെവലിൽ (2373) എത്തുന്പോൾ തന്നെ വെള്ളം കുറേശ്ശെയായി തുറന്നുവിടാം. കാരണം കാലവർഷത്തിന്റെ അവസാനമാകുന്പോഴേക്കും ഡാം നിറയ്ക്കുക എന്നതാണ് ലക്ഷ്യം. അല്ലാതെ ഏറ്റവും വേഗത്തിൽ അണക്കെട്ട് നിറയ്ക്കുക എന്നതല്ല. ഈ കാര്യത്തിന് ആഗസ്റ്റ് പതിനഞ്ചിനും ഇരുപത്തിനുമിടയ്ക്ക് എത്ര മഴ പെയ്തു എന്നത് പ്രസക്തമല്ല. അങ്ങനെ ഒരു ‘സാധ്യത ഉണ്ടോ’ എന്നതാണ് പ്രധാനം. റിസ്ക് മാനേജ്‌മെന്റ് ആണ് നമ്മൾ ചെയ്യുന്നത്. ഒരു പക്ഷെ മഴ അത്ര കനത്തില്ല എന്ന് വരാം, അപ്പോൾ ഡാം തുറന്ന് വെള്ളം വിട്ടത് അല്പം നഷ്ടമായി എന്ന് വരും. അല്ലെങ്കിൽ മഴ കനത്തു, താഴെ പ്രളയം വന്നു, അപ്പോൾ നമ്മൾ മുൻപ് ഉണ്ടാക്കി വച്ചിരുന്ന ‘ബഫർ കപ്പാസിറ്റി’ ഉപയോഗിച്ച് താഴെ വെള്ളപ്പൊക്കം കൂട്ടാതെ നോക്കാം. അണക്കെട്ട് മുൻ‌കൂർ തുറന്നു വിട്ടാൽ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം, അണക്കെട്ടിൽ ബഫർ ഇല്ലാത്തതിനാൽ ഏറ്റവും മഴ ഉണ്ടായ സമയത്ത് വെള്ളപ്പൊക്കം നിയന്ത്രിക്കാൻ പറ്റാത്തതിനാൽ ഉണ്ടാകാവുന്ന സാമ്പത്തിക നഷ്ടം ഇവ തമ്മിലാണ് താരതമ്യപ്പെടുത്തേണ്ടത്. അണക്കെട്ട് തുറന്നാൽ 100 കോടി നഷ്ടപ്പെടുമെന്നും, വെള്ളപ്പൊക്കം നിയന്ത്രിച്ചാൽ 150 കോടി ലാഭം ഉണ്ടാകുമെന്നും ആണെങ്കിൽ ഒരു പക്ഷെ നാം അണക്കെട്ട് ആദ്യമേ തുറക്കില്ല. കാരണം വൈദ്യുതി ഉല്പാദനത്തിൽ നഷ്ടം വരാൻ പോകുന്ന 100 കോടി ‘യാഥാർഥ്യവും’ ഉണ്ടാകാവുന്ന വെള്ളപ്പൊക്കം മൂലമുള്ള നഷ്ടം ‘ഒരു സാധ്യതയും’ ആണ്. മറിച്ച് വൈദ്യുതി നഷ്ടം 100 കോടിയും വെള്ളപ്പൊക്കത്തിന്റെ നഷ്ടം 5000 കോടിയും ആണെങ്കിൽ നമ്മൾ തീർച്ചയായും ആ ‘ബഫർ’ ഉണ്ടാക്കിവെക്കും. ഇതൊക്കെയാണ് റിസ്ക് മാനേജ്‌മെന്റിന്റെ അടിസ്ഥാന രീതി. ഈ നഷ്ടമാണ് ഇത്തവണ സംഭവിച്ചത്. ബോർഡിന് ഉണ്ടാകുമായിരുന്ന ലാഭത്തിന്റെ നൂറിരട്ടിയെങ്കിലും സമൂഹത്തിന് നഷ്ടപ്പെട്ടു.

ഇനി ഇത് സംഭവിക്കരുത്. നമ്മുടെ ഓരോ റിസർവോയറുകളും അവയുടെ വിവിധ ഉപയോഗങ്ങളെ മനസ്സിലാക്കി ലാഭ നഷ്ടങ്ങൾ ശാസ്ത്രീയമായി പഠിച്ചു വേണം ഡാമുകൾ ഓപ്പറേറ്റ് ചെയ്യാൻ. അതിനുള്ള പരിശീലനം നമ്മുടെ യുവാക്കളായ എഞ്ചിനീയർമാക്ക് നൽകണം. ഈ തരം പ്രോട്ടോക്കോളുകൾ ഒന്നും രഹസ്യമാക്കിവെക്കരുത്. ഇതൊക്കെ സമൂഹത്തിന്റെ മൊത്തം സമ്പത്താണ്. നഷ്ടം ഉണ്ടാകുന്പോൾ സഹിക്കുന്നത് എല്ലാവരും ആണല്ലോ.

വാസ്തവത്തിൽ നമ്മുടെ അണക്കെട്ടുകൾ ഉണ്ടാക്കിയത് ആരാണെങ്കിലും അതൊക്കെ സമൂഹത്തിന്റെ പണം ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ ‘ഇലക്ട്രിസിറ്റി ബോർഡിന്റെ അണക്കെട്ട്, ഇറിഗേഷന്റെ അണക്കെട്ട്, വാട്ടർ അതോറിറ്റിയുടെ അണക്കെട്ട്’ എന്നൊന്നും വേർതിരിച്ച് കാണേണ്ട കാര്യമില്ല. അണക്കെട്ടുകൾ മൊത്തം സമൂഹത്തിന്റെ നന്മക്കായാണ് ഉപയോഗിക്കേണ്ടത്. അണക്കെട്ടിലെ ജലത്തിന്റെ ഉപയോഗവും ഡാമിന്റെ പ്രവർത്തനത്തിന്റെ നിയന്ത്രണവും മൊത്തം സമൂഹത്തിന്റെ താല്പര്യം അനുസരിച്ചാണ് ചെയ്യേണ്ടത്. ഓരോ വകുപ്പിന്റേതു മാത്രമായി അണക്കെട്ടുകളെ അവർ കാണുന്പോൾ ആ വകുപ്പിന്റെ ലാഭനഷ്ടം ആയിരിക്കും അവരുടെ പ്രധാന ചിന്ത. നമ്മുടെ അണക്കെട്ടുകൾ എല്ലാം സമൂഹത്തിന്റെ മൊത്തം നന്മ മാത്രം ലക്ഷ്യമാക്കി പ്രവർത്തിപ്പിക്കുന്ന ഒരു സ്വയം ഭരണാധികാരമുള്ള സ്ഥാപനത്തെ ഏൽപ്പിക്കണം. അതിൽ യുവാക്കളായ സാങ്കേതിക വിദഗ്ദ്ധരെ നിയമിക്കണം. അണക്കെട്ടുകളുടെ സുരക്ഷ, റിസർവോയറിന്റെ മാനേജ്‌മെന്റ്, ഡാം ബ്രേക്ക് അനാലിസിസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നിവയിൽ അവർക്ക് ഏറ്റവും നല്ല പരിശീലനം ലഭ്യമാക്കണം. നവകേരളം എന്ന് പറയുന്പോൾ ഇത്തരം വലിയ മാറ്റങ്ങളാണ് വേണ്ടത്.

ആറ്റു നോറ്റുണ്ടാക്കിയ അണക്കെട്ടുകളൊന്നും വൈദ്യുതി ബോർഡോ ഇറിഗേഷൻ വകുപ്പോ ഒന്നും അങ്ങനെ ചുമ്മാ വിട്ടുകൊടുക്കില്ലെന്ന് എനിക്കറിയാം. ബോർഡിലെ എൻറെ സുഹൃത്തുക്കൾ ഇത് വായിക്കുന്നുണ്ടെങ്കിൽ അവർക്ക് എന്നോടല്പം വിരോധം തോന്നാനും വഴിയുണ്ട്. അതുകൊണ്ട് ഞാൻ സമൂഹത്തിന്റെ മാത്രം കാര്യമല്ല, ബോർഡിന്റെ കൂടി കാര്യം ചിന്തിക്കുന്നെന്ന് മനസ്സിലാക്കാനായി രണ്ടു കാര്യങ്ങൾ കൂടി പറയാം.

ഡാമുകൾ ബോർഡിന്റെയാണെന്നും അതിനു പിന്നിലെ ജലാശയത്തിന്റെ പ്രധാന ഉദ്ദേശം വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണെന്നും നമ്മൾ കടുംപിടുത്തം പിടിച്ചാൽ, ബോർഡിന്റെ സ്വകാര്യ സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലാണ് റിസർവോയറിനെ കൈകാര്യം ചെയ്യുന്നതെന്നും അതുകൊണ്ട് ലാഭമുണ്ടാകുന്നത് ബോർഡിനാണെന്നും നമുക്ക് എളുപ്പത്തിൽ വാദിക്കാം. അത്തരം ഒരു സാഹചര്യത്തിൽ താഴെ ഒരു വെള്ളപ്പൊക്കം ഉണ്ടായാൽ വെള്ളപ്പൊക്കം കൊണ്ട് സ്വകാര്യനഷ്ടമുണ്ടായ ഓരോരുത്തർക്കും ബോർഡിനെതിരെ നഷ്ടപരിഹാര കേസ് കൊടുക്കാം. അമേരിക്കയിലൊക്കെ ഇത്തരം ഒരു സംഭവം കൊണ്ട് ഏറെപ്പേർക്ക് നഷ്ടം സംഭവിച്ചാൽ ക്ലാസ് ആക്ഷൻ സ്യുട്ട് എന്നൊരു പണിയുണ്ട്. പുകയില കന്പനികൾ ഇത്തരത്തിൽ ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടപരിഹാരം കൊടുക്കുന്നുണ്ട്. ഓരോ പ്രളയ കാലത്തും നഷ്ടമുണ്ടായ ആളുകൾ എല്ലാം കൂടി വൈദ്യുതി വകുപ്പിനെതിരെ കേസിന് വന്നാൽ ബോർഡിന്റെ കാര്യം കുഴപ്പത്തിലാകും.

സൗരോർജ്ജത്തിന്റെ സാങ്കേതികവിദ്യയുടെ വളർച്ച ജലവൈദ്യുതിയെയും വൈദ്യുതി ബോർഡിനെയും അപ്രസക്തമാക്കാൻ ഇനി അധികനാളുകൾ വേണ്ട. 2030 ആകുന്പോൾ സോളാർ വൈദ്യുതിയുടെ ചെലവ് ജലവൈദ്യുതിയെക്കാൾ കുറയും, ഓരോ വീടുകളും സ്ഥാപനങ്ങളും അവർക്കാവശ്യമുള്ള വൈദ്യതി ഉല്പാദിപ്പിക്കുന്ന കാലം വരും. കേന്ദ്രീകൃത വൈദ്യുതി ഉൽപ്പാദനം അത്യാവശ്യത്തിനു മാത്രമുള്ളതാകും. അതേ കാലത്ത് ബോർഡിന്റെ കൈവശമുള്ള ഓരോ അണക്കെട്ടുകളും ഡീക്കമ്മീഷൻ ചെയ്യേണ്ടിവരും. അത് അക്കാലത്തെ പരിസ്ഥിതി നിയമങ്ങളനുസരിച്ച് ചെയ്യേണ്ടതായി വരും. ഇതിന് ഭാരിച്ച ചെലവ് വരും. താൽക്കാലമെങ്കിലും ബോർഡ് ഇതിനെപ്പറ്റി ചിന്തിച്ചു തുടങ്ങിയിട്ടില്ല. ഇതിനായി പണമൊന്നും മാറ്റിവെച്ചിട്ടുമില്ല. അപ്പോൾ ഒരു വശത്ത് ബോർഡിന്റെ വരുമാനം കുറയുന്നു, മറുവശത്ത് സാമ്പത്തിക ബാധ്യതകൾ കൂടുന്നു. ഇപ്പോൾ നിർബന്ധബുദ്ധി കാണിക്കുന്നവർ അന്ന് പെൻഷൻ കിട്ടാനായി ബുദ്ധിമുട്ടും.

ഇതൊന്നും കടംകഥയല്ല. 2018 ലെ ദുരന്തം 2011 ൽ പ്രവചിച്ച ആളാണീ രണ്ടാമൻ. ഡാമുകൾ ഇപ്പഴേ വിട്ടുകൊടുക്കുന്നതാണ് ബുദ്ധി. ഞാൻ ഇവിടൊക്കെത്തന്നെ കാണും.

മുരളി തുമ്മാരുകുടി