ഹർത്താൽ ആഹ്വാനം എന്ന  ക്രിമിനൽ കുറ്റകൃത്യം.

579

സ്വന്തം സ്ഥാപനം അടച്ചും, സ്വയം പണിമുടക്കിയും, സേവനങ്ങൾ നിർത്തിവെച്ചും ഒരാൾ സ്വന്തം ചിലവിൽ നടത്തുന്ന ഹർത്താലും പണി മുടക്കും ന്യായമാണെന്നു മാത്രമല്ല, അതിന്റെ കാരണങ്ങൾ സഹതാപത്തോടെ അന്വേഷിച്ചറിയാനും പൊതുജനത്തെക്കൊണ്ട് കഴിയുന്ന സഹജീവി സ്നേഹം കൊണ്ട് ഹർത്താൽ/പണിമുടക്ക് / സമരം എന്നിവ കൊണ്ട് പ്രതികരിച്ച വ്യക്തിയുടെ പ്രശ്നം ശ്രദ്ധിക്കാനും മനസ്സിലാക്കാനും പരിഹരിക്കാനും സാമൂഹ്യ ജീവികളായ നാം ബാധ്യസ്തരാണ്.

എന്നാൽ, ഈ സഹജീവി സ്നേഹത്തിന്റെ/ ദൗർബല്യത്തിന്റെ മറപിടിച്ച് സംസ്കാര ശൂന്യരായ മാടമ്പിത്വ ഗുണ്ടകളും പൗരോഹിത്യ അടിമകളായ ഭക്ത വേഷം കെട്ടിയ ക്രിമിനൽ സംഘങ്ങളും ജാതിഭ്രാന്തന്മാരും രാഷ്ട്രീയ ഭിക്ഷാംദേഹികളുമായ ക്രിമിനലുകളും നടത്തുന്ന അന്യന്റെ ചിലവിലും മുതൽ മുടക്കിലും വേദനയിലും നഷ്ടത്തിലുമുള്ള ഹർത്താലുകളും സമരങ്ങളും ന്യായീകരിക്കാനാകില്ല. അവ കോടികൾ പിഴയടക്കേണ്ടതും വർഷങ്ങൾ കഠിന തടവു ശിക്ഷ ലഭിക്കുന്നതുമായ ആസൂത്രിത സാമൂഹ്യ ദ്രോഹമായ കുറ്റകൃത്യമായി കണക്കാക്കപ്പെടേണ്ടതുണ്ട്.

ഹർത്താൽ ആഹ്വാനം ഒരു ക്രിമിനൽ കുറ്റമായി നിർവ്വചിക്കേണ്ടതുണ്ട്. … ആരു നടത്തിയാലും. കുറ്റകൃത്യം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ആൾ തന്നെയാണ് എല്ലാ കഷ്ടനഷ്ടങ്ങളുടെയും ഉത്തരവാദി. ഹർത്താൽ ആഹ്വാനം സത്യത്തിൽ ഒരു വാർത്തയല്ല. ഒരു സ്വകാര്യ അജണ്ടയാണ്, പദ്ധതിയാണ്. സ്വന്തം സ്ഥാപനം അടക്കുന്നതു പോലെ അന്യന്റെ സ്വാതന്ത്ര്യത്തിൽ കൈവെക്കാനുള്ള ഹിംസാത്മക ആഹ്വാനം ആരും നടത്തിക്കൂടാത്തതാണ്.

സ്വകാര്യ ലക്ഷ്യങ്ങളായ ഹർത്താൽ ആഹ്വാനങ്ങളെ സാമൂഹ്യ ഭീഷണിയായി പ്രക്ഷേപണം ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും കുറ്റകൃത്യത്തിൽ പങ്കാളിയായി ചേർന്ന് വിവാദങ്ങളുണ്ടാക്കി സബ്സ്ക്രിപ്ഷൻ/ റേറ്റിങ്ങ് കൂട്ടുന്ന മാധ്യമങ്ങളുടെ കഴുകൻ കണ്ണോടു കൂടിയ വ്യാപാര തന്ത്രം കൂടിയാണ്. അതിന്റെ വിലയും നഷ്ടപരിഹാരവും ഹർത്താൽ ആഹ്വാന വാർത്ത പ്രസിദ്ധീകരിക്കുന്നവരും നൽകേണ്ടതുണ്ട്.

അതു കൊണ്ടു തന്നെ ‘ഹർത്താൽ ആഹ്വാനത്തെ’ തന്നെ പിടികൂടണം. അന്യരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ആഹ്വാനം ആരു നടത്തിയാലും അത് ഹിംസയുടെ അഴിച്ചു വിടലാണ്. അതിന്റെ കൂട്ടുപ്രതികളായി ചേരുന്ന മാധ്യമങ്ങളും കോടികളുടെ ബാധ്യതക്ക് ഉത്തരവാദികളായി ത്തീരുന്നുണ്ട്.

ഹർത്താൽ ആഹ്വാനത്തെ നേരിടാൻ ശക്തമായ നിയമം ജനാധിപത്യ സർക്കാർ നിർമ്മിക്കേണ്ടതുണ്ട്. ഉടൻ നടപ്പാക്കേണ്ടതുണ്ട്. ഹർത്താലിന്റെ ഇരയാകുന്നവർക്ക് പൂർണ്ണമായ നഷ്ടപരിഹാരവും സുരക്ഷയും സർക്കാർ നൽകേണ്ടതുണ്ട്.

– ചിത്രകാരൻ ടി.മുരളി
03-01-2019
https://facebook.com/chithrakaran