കായബലമുണ്ടെങ്കിൽ കൊടുക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും കിട്ടും.

ഇത് ഒരു സുഹൃത്ത് ഷെയർ ചെയ്ത പോസ്റ്റിൽ ഇട്ട കമന്റാണ്. അത് ഒരു പോസ്റ്റായി ഇടുന്നു. ശബരിമല സ്ത്രീപ്രവേശനത്തോട് വിയോജിപ്പുള്ള ഒരാളുടെ എതിർവാദഗതികളായിരുന്നു, ചില ചോദ്യങ്ങളായിരുന്നു ആ പോസ്റ്റ്. ഈ വാദഗതികളിൽ ആത്മാർത്ഥതയുള്ളവർ മുമ്പേ തന്നെ സുപ്രീം കോടതിയെ സമീപിക്കേണ്ടിയിരുന്നു. ഇനിയും താമസിച്ചിട്ടില്ല. നാട്ടിൽ കിടന്ന് തമ്മിലടിക്കാതെ റിവ്യൂ ഹർജിയിൽ വിധിവരുന്നതിനുമുമ്പ് കക്ഷിചേരണം. അല്ലെങ്കിൽ നരേന്ദ്രമോഡി അധികാരത്തിൽ നിന്നിറങ്ങും മുമ്പ് ഇത് അദ്ദേഹത്തിന് അയച്ചുകൊടുത്ത് ബോദ്ധ്യപ്പെടുത്തി നിയമനിർമ്മാണം നടത്തണം. അതൊക്കെയാണ് ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും വഴികൾ. അല്ലാതെ പിണറായി വിജയനെ പാഠം പഠിപ്പിക്കാനിറങ്ങിയിട്ട് ഒരു കാര്യവുമില്ല. മുമ്പേ തന്നെ ഉറച്ചുപോയ ചില പാഠങ്ങളാണ് അദ്ദേഹത്തെ നയിക്കുന്നത്. റിവ്യൂ ഹർജിയിലും സ്ത്രീപ്രവേശനത്തിന് അനുകൂലമായി വിധി വരണേ എന്ന് പ്രാർത്ഥിക്കുന്നവർ ഇടതുപക്ഷക്കാരല്ല; അതിന്റെ പേരിൽ മുതലെടുപ്പ് നടത്താൻ ആഗ്രഹിക്കുന്നവരാണ്.

വോട്ട് രാഷ്ട്രീയം മാത്രം നോക്കിയിരുന്നെങ്കിൽ ഇങ്ങനെയൊരു നിലപാട് ഈ സർക്കാർ എടുക്കില്ലായിരുന്നു. ഇടതുപക്ഷത്തിന്റെയും മറുപക്ഷങ്ങളുടെയും നയപരമായ തീരുമാനങ്ങൾ ഒന്നാകാതിരിക്കുന്നത് അവർ തമ്മിൽ ആശയപരമായ വ്യത്യാസങ്ങൾ ഉള്ളതുകൊണ്ടാണ്. മുത്തലാക്ക് ബിൽ കേന്ദ്ര സർക്കാരിന്റെ നയപരമായ ഒരു തീരുമാനമാണ്. അതിലെ വ്യവസ്ഥകളിൽ ചിലതിനോടുള്ള എതിർപ്പുകൾ കാരണം പ്രതിപകക്ഷ കക്ഷികളിൽ ചിലർ എതിർത്ത് വോട്ട് ചെയ്തു. അല്ലാതെ വിശ്വാസത്തിന്റെ പേരും പറഞ്ഞ് മുസ്ലിങ്ങളെ തെരുവിലിറക്കാൻ ആരും നോക്കിയില്ല. ഇപ്പോഴത്തെ മുത്തലാക്ക് നിയമത്തിലെ വ്യവസ്ഥകലിൽ വിവേചനങ്ങളുണ്ടെങ്കിൽ അത് നീതിപീഠവും ഭാവിയിൽ വരുന്നസർക്കരുകളും നോക്കിക്കൊള്ളും. അതല്ല, നിയമം ദുർവിനിയോഗം ചെയ്യുന്നുവെന്ന് ബോധ്യപ്പെട്ടാൽ അന്നും ചോദിക്കാനും പറയാനുമൊക്കെ ഇവിടെ ആരെങ്കിലുമുണ്ടാകും. അല്ലാതെ രാഷ്ട്രീയമുതലെടുപ്പിനായി ആരെയും തെരുവിലിറക്കുകയല്ല വേണ്ടത്. ശബരിമല വിഷയത്തിൽ നയപരമായ തീരുമാനത്തിൽ മാറ്റമുണ്ടായി. സ്ത്രീപ്രവേശനം തടയാൻ. നിയമ വഴികൾക്കുപുറമെ അടുത്ത തവണ എൽ ഡി എഫ് സർക്കാർ വരാതിരിക്കാനുള്ള ജനാധിപത്യപരമായ പ്രവർത്തനങ്ങളും ആകാം. അല്ലാതെ സ്വന്തം പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത് നടക്കുന്ന പാവപ്പെട്ട ബി ജെ പി പ്രവർത്തകരെ (അതെ, മിക്ക ബി ജെ പി പ്രവർത്തകരും പാവപ്പെട്ട വീടുകളിൽ നിന്നുള്ളവരാണ് ഉദ്ദേശിച്ചത്. മറ്റ് പാർട്ടി അണികളെല്ലാം പണക്കാരാണെന്ന് ഇതിനർത്ഥമില്ല). തെരുവിലിറക്കി അവരെ കേസുകളിൽ പെടുത്തിയും അടികൊടുത്തും തിരിച്ചു വാങ്ങിയും കുഴപ്പത്തിൽ ചാടിക്കുകയല്ല വേണ്ടത്. അക്രമം ഉണ്ടാകുമ്പോൾ അത് ഏകപക്ഷീയമാകില്ല. ഇരു പക്ഷത്തും കായബലമുണ്ടെങ്കിൽ കൊടുക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും കിട്ടും. അതുകൊണ്ട് വല്ല നേട്ടവും ഉണ്ടോ? ഉണ്ടായോ? ഉണ്ടായാൽ തന്നെ അത് ഒരു മിടുക്കുമല്ല.

Advertisements