എന്റെ ഹർത്താൽ അനുഭവം.

616

1994-ലെ കൂത്തുപറമ്പ് വെടിവയ്പ്പിന്റെ പിറ്റേദിവസമുള്ള ഹർത്താലിന്, മീശമുളയ്ക്കാത്തവന്റെ വിപ്ലവവിഭ്രാന്തികൾ കൊണ്ടല്ല, ബ്രേക്ക്ഫാസ്റ്റ് മൃഷ്ടാന്നം തിന്നിട്ടു മുറ്റത്തു ഏമ്പക്കവും വിട്ടുകൊണ്ടുനിന്ന കുറ്റത്തിനായിരുന്നു പോലീസ് എന്നെ അറസ്റ്റ് ചെയ്തത്. വീട്ടുമുറ്റത്തുനിന്ന എന്നെ എന്തിനാ അറസ്റ്റ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ എസ്‌ഐ തട്ടിക്കയറി. റോഡിന്റെ മധ്യത്താണോടാ നിന്റെ മുറ്റം എന്നായിരുന്നു ആക്രോശം. അപ്പുറത്തെവീട്ടിലെ ഗംഗാധരന്റെ വീടും മുറ്റവും തമ്മിലുള്ള അകലം എട്ടുമീറ്റർ ആണെന്ന് അളന്നുതിട്ടപ്പെടുത്തി കാണിച്ച ഞാൻ എന്റെ വീട്ടിൽ നിന്നും മുറ്റത്തേയ്ക്ക് എട്ടുമീറ്റർ അളന്നപ്പോൾ റോഡിന്റെ മധ്യത്തിലെത്തിയെങ്കിൽ സർക്കാരോ ഞാനോ തെറ്റുകാരൻ എന്ന് ചോദിച്ചു നിരപരാധിത്വം തെളിയിച്ചപ്പോൾ എന്റെ തോളിൽ തട്ടി അഭിനന്ദിച്ച എസ്‌ഐ അന്യൻ സ്റ്റൈലിൽ ഭാവവ്യത്യാസം വരുത്തിക്കൊണ്ട് സ്നേഹപൂർവ്വം എന്നെ ഉയർത്തിയെടുത്തു രണ്ടുവട്ടം ചുഴറ്റി രസിപ്പിക്കുകയും ഒരുപാട് ചിരിപ്പിക്കുകയും ഒരു ബാസ്‌ക്കറ്റ്ബാൾ കളിക്കാരന്റെ ഉന്നത്തോടെ ജീപ്പിലേക്കു എറിയുകയുമായിരുന്നു ഉണ്ടായത്. ജീപ്പിലേക്കു ഭൂഗുരുത്വത്തിന്റെ എല്ലാ ഭാവങ്ങളും ആവാഹിച്ച അവതരപ്പിറവിയായി വീഴുമ്പോൾ സീറ്റിനടിയിൽ എന്റെ സുഹൃത്തുക്കളായ രണ്ടുപേർ വണ്ടിയുടെ ഓരോ അനക്കവും നിലവിളികളായി പുറത്തുവിട്ടുകൊണ്ട് പോലീസിനോടുള്ള നിർഭയത്വം പ്രകടമാക്കി കിടക്കുകയായിരുന്നു.

മീൻമേടിക്കാൻ പുറത്തിറങ്ങിയവരും ഹർത്താലനുകൂലികളും പട്ടയടിക്കാൻ ഇറങ്ങിയവരും കസ്റ്റമേഴ്സ് ഇല്ലാതെ വിഷമിച്ചു നിന്ന പോക്കറ്റടിക്കാരും …അങ്ങനെ സമൂഹത്തിന്റെ ഉന്നതമേഖലകളിൽ വിരാജിക്കുന്ന പലരെയും കുത്തിനിറച്ചു ജീപ്പങ്ങനെ നീങ്ങുമ്പോൾ ‘കാബൂളിവാല’യിൽ ജീപ്പിലിട്ടു കൊണ്ടുപോകുന്ന ശങ്കരാടിയെ ഓർത്തു ഞാൻ അങ്ങനെ തന്നെ ഇരുന്നു. ഇടയ്ക്കിടയ്ക്ക് പോലീസുകാർ പണ്ഡിതന്മാരായി സംസ്കൃതശ്ലോകങ്ങൾ ഉച്ചത്തിൽ ആലപിച്ചുകൊണ്ടിരുന്നു. അതിനു അന്തരക്ഷരി കളിയ്ക്കാൻ ശ്രമിച്ച ഒരു ഹർത്താലനുകൂലി പിന്നീടുള്ള യാത്രയിൽ കാല് മുകളിലും തല ജീപ്പിന്റെ പാതാളഭാഗത്തിലും വച്ചായിരുന്നു യാത്ര ചെയ്തത്. അപ്പോഴേയ്ക്കും, അമിതമായി ധൈര്യം സന്നിവേശിച്ചിരുന്ന ഞാൻ നെഞ്ചുംവിരിച്ചുകൊണ്ട് അമ്മയെ കാണണമെന്നുപറഞ്ഞു കരഞ്ഞപ്പോൾ ജീപ്പ് ഡ്രൈവർ ഉൾപ്പെടെ സകലപോലീസുകാരും കഠിനപദപ്രയോഗങ്ങൾ കൊണ്ട് നിമിഷകവികളായി.

ജീപ്പ് മുന്നോട്ടു നീങ്ങുന്തോറും ആളുകൂടിക്കൊണ്ടിരുന്നു. ഗ്രാമപ്രദേശങ്ങളിൽ യാത്രക്കാരെയുംകൊണ്ട് സർവ്വീസ് നടത്തുന്ന ഒരു ജീപ്പുപോലെയായി. പല പ്രതികളും കഷ്ടപ്പെട്ട് തൂങ്ങിക്കിടന്നൊക്കെ യാത്രചെയ്യുന്നതുകണ്ടാൽ തോന്നും എന്തോ അത്യാവശ്യത്തിന് അവർക്കു സ്റ്റേഷനിൽ എത്തേണ്ടതുണ്ടെന്ന്. പിന്നീടതൊരു പോലീസ് ജീപ്പെന്നു പറയാൻ സാധിക്കാത്തവിധം പൊലീസുകാരെ കാണാൻപറ്റാതായി . പ്രതികൾ അവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന ഒരു നിലയിലേക്ക് കാര്യങ്ങൾ എത്തി.

അങ്ങനെ സ്റ്റേഷനിലെത്തി, കോൺസൻട്രേഷൻ കാമ്പിലേക്കു നടക്കുന്ന ജൂതന്റെ ഭാവമായിരുന്നു എനിക്ക്. ഹർത്താലിന് പിടിക്കപ്പെട്ടാൽ ഒരു പെറ്റിക്കേസിൽ ഉപരി ജീവപര്യന്തമൊന്നും കിട്ടില്ലെന്ന്‌ മനസിലാക്കാനുള്ള ‘കുറ്റ’-ബോധം എനിക്കില്ലായിരുന്നു. മാസത്തിലൊരിക്കലെങ്കിലും കരോൾ കിട്ടുമോ എന്ന്, സാധുവെന്നുതോന്നിച്ച ഒരു പോലീസുകാരോട് ചോദിച്ചപ്പോൾ, കാരോളല്ല പരോൾ എന്ന് തിരുത്തിയിട്ടു നീയെന്തിനാ പഠിക്കുന്നതെന്ന് സ്നേഹത്തോടെ അദ്ദേഹം കുടവയർ വൈബ്രേറ്റ് ചെയ്യിപ്പിച്ചുകൊണ്ട് അലറി. പിരിച്ചുവച്ച മീശയിലെ പത്തോളം രോമങ്ങൾ തെറിച്ചുപോകുന്നതായും കാഴ്‌വായു ദുർഗന്ധം പരക്കുന്നതായും ശ്രദ്ധിച്ചു.

സ്റേഷനുള്ളിൽ എത്തിക്കുകയും വിലാസം കുറിച്ചെടുക്കാനും ആരംഭിച്ചു. ‘അരിശം’കൊണ്ടുണ്ടായ അമിതമായ വിറയൽ എന്നിലെ വാക്കുകളെ ചുമ്മാതങ്ങു കൊടുക്കാൻ കൂട്ടാക്കിയില്ല. എന്നാൽ അവരുടെ ഭീകരമായ നോട്ടങ്ങളിൽ, മൂത്രംപോകുന്നപോലെ വാക്കുകളും വെളിയിൽചാടിക്കൊണ്ടിരുന്നു. അതിനുശേഷം അവിടെയെവിടെയെങ്കിലും പോയി ഇരിക്കാൻ ഞങ്ങളോട് അവർ പറഞ്ഞു. അവിടെ നിറച്ചും പിടിച്ചുകൊണ്ടുവന്നവർ ആയിരുന്നു. . സ്ഥിരംപുള്ളികൾ ബാലരമയും ബാലമംഗളവും വായിച്ചു നിഷ്കളങ്കരായി അവരുടെ ക്രിമിനൽവാസനകളെ ഡിങ്കനിലും മായാവിയിലും നിമജ്ജനം ചെയ്തുകൊണ്ട് കുലുങ്ങിചിരിക്കുന്നു. അവർക്കിടിയിൽ ഞാനും ജീപ്പിലെ സഹയാത്രികരും ഇരുപ്പുറപ്പിച്ചു.

മണിക്കൂറുകൾ വിരസമായങ്ങനെ ഇഴഞ്ഞുനീങ്ങി. വീടിനടുത്തുള്ള രാഷ്ട്രീയസ്വാധീനമുള്ള ഒരാൾ എന്നെ ഇറക്കിക്കൊണ്ടുപോകാൻ വന്നു. ഹർത്താലിന് വീട്ടിൽ തന്നെ ഇരിക്കണം കേട്ടോ.. എന്നുള്ള പോലീസുകാരുടെ സ്നേഹപൂർവ്വമായ ഉപദേശവും ശിരസ്സാവഹിച്ചു ഞാൻ പടിയിറങ്ങി. പിന്നീടുള്ള ഒരു ഹർത്താലിനും പൊലീസിന് എന്റെ രോമത്തിൽ പോലും സ്പർശിക്കാൻ സാധിച്ചില്ല. ഓരോ ഹർത്താലിനും മുറിയടച്ചു അകത്തിരുന്നു,ആരെങ്കിലും വരുന്നുണ്ടോയെന്ന് ജനലിലൂടെ സസൂക്ഷ്മം നിരീക്ഷിച്ചു ഞാനതു ഉറപ്പുവരുത്തിക്കൊണ്ടിരുന്നു.