ഇതിലും ഭേദം കൊറോണ പിടിച്ചാൽ മതിയായിരുന്നു എന്ന് ആ പയ്യൻ ഒരുപക്ഷേ ചിന്തിച്ചുകാണും

62

21 വയസ്സിനപ്പുറം പ്രായമില്ലാത്ത ഒരു പയ്യനെ കാറിൽ നിന്ന് വലിച്ചിറക്കാൻ 7-8 പോലീസുകാർ! പകച്ചും ഭയന്നും അച്ഛനെ വിളിച്ച് കരയുന്ന യുവാവ്! മൊബൈൽ തട്ടിപ്പറിക്കൽ! അവന്റെ കുത്തിനുപിടിച്ച് കാറിൽ ചേർത്തുനിർത്തി ആക്രോശം! (അതുകണ്ട് കയ്യടിക്കാൻ ഇന്നേവരെ ഒരു നിയമലംഘനവും നടത്തിയിട്ടില്ലാത്ത കുറേ ജനക്കൂട്ടവും!!) എന്തവാടേയ് ഇത്? ഇങ്ങനെ ചെയ്യണമെന്നാണോ ബഹു.മുഖ്യമന്ത്രിയും ഡിജിപിയുമൊക്കെ നിങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്?മാന്യമായി വിവരങ്ങൾ ബോദ്ധ്യപ്പെടുത്തി നിയമാനുസൃതമായി കേസ് രജിസ്റ്റർ ചെയ്യുകയോ ഫൈൻ അടപ്പിക്കുകയോ ആ കാറു് പിടിച്ചുവയ്ക്കുകയോ എന്താന്ന് വച്ചാൽ അങ്ങ് ചെയ്യണം. അല്ലാതെ അച്ഛന്റെ വണ്ടിയുമെടുത്തിറങ്ങിയ ടെൻഷനിൽ പോലീസിന്റെ പൂണ്ടുവിളയാട്ടം കൂടിക്കണ്ട് സെൻസ് തന്നെ അടിച്ചുപോയി കാറിൽ നിന്നിറങ്ങാൻ കൂട്ടാക്കാതിരുന്ന ആ ചെറുപ്പക്കാരനോട് സി.ഐ എന്ന് പറയുന്നയാൾ കാണിക്കുന്ന പേക്കൂത്ത് ചില സിനിമകളിലെ സൈക്കോപ്പാത്തുകളെ ഓർമ്മിപ്പിക്കുന്നു. ആ പ്രവൃത്തിക്ക് പല ന്യായീകരണങ്ങളും കാണാം, പക്ഷേ, ആ പയ്യന്റെ അപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന് മനസ്സിലാകണമെങ്കിൽ ആൾക്കൂട്ടത്തിനു മുൻപിൽ വച്ച് ഇതേപോലൊന്ന് അപമാനിതനാകണം.ആ ദൃശ്യം ലോകം മുഴുവൻ വൈറലായി കറങ്ങണം.എങ്കിലേ അതിന്റെ തീവ്രത അറിയൂ മിസ്റ്റർ സിഐ പാരിപ്പള്ളി! ഇതിലും ഭേദം കൊറോണ പിടിച്ചാൽ മതിയായിരുന്നു എന്ന് ആ പയ്യൻ ഒരുപക്ഷേ ചിന്തിച്ചുകാണും. മരിക്കുംവരെ അപമാനിതനാകാൻ ഈ ഒറ്റ ദൃശ്യം മതി! ആ ചെറുപ്പക്കാരൻ ചെയ്തത് ശരിയെന്നല്ല, പക്ഷേ അതിനോടുള്ള പോലീസിന്റെ സമീപനം വളരെ വളരെ നിലവാരം കുറഞ്ഞതായിരുന്നു… അത്യന്തം മനുഷ്യത്വ വിരുദ്ധവും.