കേരളത്തിന്റെ മുൻകാലങ്ങളിലെ സാക്ഷരതയും ആരോഗ്യ നിലവാരവും

വെള്ളാശേരി ജോസഫ് എഴുതുന്നു

ഇന്ന് കേരളത്തിലും, ഇന്ത്യയിലും ചരിത്രം പറഞ്ഞു മിഥ്യാഭിമാനം സൃഷ്ടിക്കാൻ പെടാപ്പാട് പെടുകയാണല്ലോ പലരും. പക്ഷെ നമ്മുടെ ചരിത്രത്തിലെ വിദ്യാഭ്യാസത്തിൻറ്റേയും, ആരോഗ്യത്തിലേയും

വെള്ളാശേരി ജോസഫ്

നില എന്തായിരുന്നു??? കണക്കുകൾ എന്തൊക്കെയാണ് കാണിക്കുന്നത്??? ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിലുണ്ടായ മാറ്റങ്ങളുടെ ചരിത്രം നോക്കിയാൽ മതി നമ്മുടെ സാക്ഷരതയുടേയും, വായനാ സംസ്കാരത്തിൻറ്റേയും ഗതി മാറിയ കഥ അറിയാൻ. എഴുത്താശാൻമാർ നെത്ര്വത്ത്വം കൊടുത്ത ‘കുടിപ്പള്ളിക്കൂടം’ ഒക്കെ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിലും ഉണ്ടായിരുന്നെങ്കിലും മലബാർ ഉൾപ്പെടെയുള്ള മദ്രാസ് പ്രൊവിൻസിൽ ‘ലിറ്ററസി റെയ്റ്റ്’ ആയി 1901 – ലെ സെൻസസിൽ കാണിക്കുന്നത് പുരുഷൻമാർക്ക് 11.9 ശതമാനവും, സ്ത്രീകൾക്ക് 0.11 ശതമാനവും ആണ്. ഇതിൽ നിന്ന് തന്നെ മൊത്തം ജനസംഖ്യയിൽ എത്ര പേർക്ക് എഴുതാനും, വായിക്കാനും അന്നത്തെ കേരളത്തിൽ കഴിഞ്ഞിരുന്നൂ എന്ന് ഊഹിക്കാം. തിരുവിതാംകൂറിലും, കൊച്ചിയിലും സ്ഥിതി കുറച്ചുകൂടി മെച്ചപ്പെട്ടതായിരുന്നു. ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമായി പിന്നീട് സാക്ഷരതയിൽ കേരളം കണ്ടത് ഒരു വൻ കുതിച്ചു ചാട്ടമാണ്. 1951 ആയപ്പോൾ കേരളത്തിലെ സ്ത്രീകളുടെ സാക്ഷരത 31.5 ശതമാനം ആയി മാറി. അപ്പോഴും ഇന്ത്യയൊട്ടാകെ 7.9 ശതമാനം സ്ത്രീകൾക്ക് മാത്രമേ എഴുത്തും വായനയും അറിയാമായിരുന്നുള്ളൂ. സാക്ഷരത ഉയർന്ന 1950-കൾക്ക് ശേഷമുള്ള കേരളത്തിൽ പ്രൊഫസർ റോബിൻ ജെഫ്രി ചൂണ്ടിക്കാട്ടുന്നത് പോലെ പത്ര മാധ്യമങ്ങളുടെ പ്രസിദ്ധീകരണത്തിൽ ഒരു വൻ വിപ്ലവം തന്നെയുണ്ടായി. ‘ആധുനികത’ എന്ന പ്രതിഭാസത്തിൻറ്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നായി സാമൂഹ്യ ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്ന നോവലുകളുടെ ഉദയവും, വളർച്ചയും മലയാളത്തിലും ഉണ്ടായി. കോട്ടയം കേന്ദ്രമായി മലയാള മനോരമ, മനോരാജ്യം, മംഗളം – തുടങ്ങിയ അനേകം വീക്കിലികൾ പ്രസിദ്ധീകരിക്കപ്പെട്ടു. ജനപ്രിയ നോവലുകളിലൂടെ മലയാളിയുടെ വായനയുടെ തോത് ഉയർത്തുന്നതിൽ ഈ വീക്കിലികൾ വഹിച്ച പങ്ക് നിസ്തുലമാണ്.

ആരോഗ്യത്തിൻറ്റെ കാര്യം പറയുകയാണെങ്കിൽ ‘ഇൻഫൻറ്റ് മോർട്ടാലിറ്റി റെയ്റ്റ്’ അതല്ലെങ്കിൽ ശിശു മരണ നിരക്ക് ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിൽ കേരളത്തിൽ വളരെ ഉയർന്നതായിരുന്നു. അഷ്ട വൈദ്യൻമാർ വാണരുളിയ കേരളത്തിൽ നവജാത ശിശുക്കൾ മരിക്കുന്നതൊക്കെ ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിൽ നിത്യ സംഭവമായിരുന്നു. ദേവകി നിലയങ്ങോടൊക്കെ പറയുന്നത് അന്ന് നമ്പൂതിരി ഇല്ലങ്ങളിൽ ഉണ്ണികൾ മരിക്കുന്നത് പതിവായിരുന്നു എന്നാണ്. പിന്നെ എവിടെയാണ് സാധാരണക്കാരുടെ ജീവിത ചരിത്രത്തിൽ ഇത്ര വലിയ മഹനീയത ഉണ്ടായിരുന്ന ഒരു കാലം നിലനിന്നിരുന്നത്???

Previous articleമദ്യം സഞ്ചരിക്കുമ്പോൾ നമ്മൾ സഞ്ചരിച്ചാൽ ?
Next articleവെളിച്ചം (കവിത )
'വെള്ളാശേരി ജോസഫ്' എന്നത് തൂലികാ നാമ മാണ്. അഴിമുഖത്തിലും, സത്യം ഓൺലെയിൻ പത്രത്തിലും, 24KKERALA എന്ന ഓൺലെയിൻ പത്രത്തിലും വെള്ളാശേരി ജോസഫ് എന്ന തൂലികാ നാമത്തിൽ എഴുതിയിട്ടുണ്ട്. 26 വർഷമായി ഡൽഹിയിൽ താമസം. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലും, ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും (JNU) ആയി പഠിച്ചു. 'വെള്ളാശേരി ജോസഫ്' എന്ന തൂലികാ നാമത്തിൽ എഴുതുന്ന വ്യക്തി ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. 20 വർഷമായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.