ഭൂമിയോളം താഴ്ന്നുകൊടുത്തിട്ടു നേടാൻ അത്ര മഹത്വമൊന്നും വിവാഹത്തിനില്ല !

855

നമ്മുടെ വിവാഹക്കമ്പോളം ഈ നാടിന്റെ സാമൂഹ്യപുരോഗതിയില്ലായ്മയുടെ കേന്ദ്രമാണ്. ഇന്നും സ്ത്രീധനവും ആണധികാരത്തിന്റെ അഹങ്കാരങ്ങളും കൊടികുത്തിവാഴുന്ന ഇടം. സമൂഹത്തിൽ നല്ല ജോലിയും വരുമാനവും ഉള്ള പെൺകുട്ടികളെ പോലും എന്തോ ഔദാര്യംപോലെ വിവാഹം കഴിക്കുന്നു എന്നാണു പല പുരുഷൻമാരുടെയും വിചാരം. എന്നാൽ സ്ത്രീകൾക്കു ഇത്തരം പഴഞ്ചന്മാരെ ആവശ്യമില്ല. അവളെ സ്നേഹിക്കുകയും മാനിക്കുകയും ചെയ്യുന്നവനെ മാത്രം അവൾക്കിന്നു മതി. അടുക്കളപ്പണി ചെയ്തു ഭർത്താവിനു പാദസേവ ചെയ്തു കഴിഞ്ഞുകൂടുന്ന സ്ത്രീകളെയാണ് പലർക്കും ഇഷ്ടം. കാലംമാറിയതറിയാത്ത ചില പുരുഷന്മാർ പുരുഷസമൂഹത്തിനു തന്നെ അപമാനമാണ്. ഗീതാ പുഷ്ക്കരൻ (Link > Geetha Pushkaran)എഴുതിയ ഈ പോസ്റ്റ് സ്ത്രീപുരുഷഭേദമന്യേ ഏവരും വായിക്കേണ്ടതുതന്നെ. പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ വായിക്കാം

=====

പ്രിയ പെൺകുട്ടികളേ..

എന്റെയൊരു കൂട്ടുകാരിയുടെ സുന്ദരിയായ ,ബാങ്ക് ജീവനക്കാരിയായ പെൺകുട്ടിക്ക് വിവാഹാലോചന വരുന്നകാലം.. പെൺകുട്ടി
തീർത്തു പറഞ്ഞു ,വരനുമായി ഒന്നോ രണ്ടോ വയസ്സിൽ കൂടുതൽ വ്യത്യാസമുണ്ടാവാൻ
പാടില്ല.
അതെനിക്കിഷ്ടമായി.അങ്ങനെയിപ്പം
ബാലവിവാഹം വേണ്ട.
പെണ്ണിന് എന്താ സമപ്രായക്കാരനെ
വിവാഹം കഴിച്ചുകൂടേ..
എട്ടും പത്തും വയസ്സു മൂത്തവനെത്തന്നെ
കെട്ടിക്കോളണം എന്ന് ആരാ പറഞ്ഞത്?
എന്തു നിയമം?
ഇതിപ്പോൾ പറയാനെന്താ കാര്യം എന്ന്
തോന്നുന്നുണ്ടോ..
Usha Sreekumar ന്റെ കുറിപ്പു വായിച്ചു
സന്തോഷിച്ചിരിക്കുവാരുന്നേ ഞാനും..അതാ

അപ്പോഴാ ബാലാ.. അടുത്തത് …
പയ്യൻ ബാങ്ക് ജീവനക്കാരൻ ..
പെൺകുട്ടി ബാങ്ക് മാനേജർ ..
അവൾ മാനേജർ സ്ഥാനം വേണ്ട എന്ന് എഴുതിക്കൊടുത്താൽ അവൻ അവളെ
കെട്ടിക്കോളാമെന്ന്.
ആഹാ എന്തൊരു ഔദാര്യം ..
അവളെന്താ കെട്ടാൻ മുട്ടി നിക്കുവാണോ..
അവൾ അങ്ങിനെയൊരുത്തനെ
കെട്ടി സായൂജ്യമടയാൻ, അവളെന്താ
കെട്ടാച്ചരക്കായി നിൽക്കയാണോ..

എന്താല്ലേ അഹന്ത ..
എട്ടു പത്തു വയസ്സിന് ഇളപ്പമുള്ള
ഉദ്യോഗത്തിൽ തന്നെക്കാൾ താഴ്ന്ന പദവി
വഹിക്കുന്ന പെണ്ണിനെത്തന്നെ വേണം
ആണിന് ഭരിക്കാൻ –
ഈ എളിമ സാമ്പത്തിക സ്ഥിതിയിൽക്കൂടി
ഒന്നു കാണിക്കാമോ പുരുഷവർഗ്ഗമേ ..
പെണ്ണ് തന്നെക്കാൾ വളരെ താഴ്ന്ന സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിലേതുമതി എന്നു് പറയാമോ?
ഉദ്യോഗം .. പെണ്ണിന്റെ …. ബാങ്കിലെ സബ്സ്റ്റാഫ് മതി എന്നു തീരുമാനിക്കാമോ..

സ്ത്രീധനം ഒന്നും വേണ്ട, പണം വേണ്ട,
പണ്ടം വേണ്ട ,പെൺ വീട്ടിലെ സ്വത്തിന്റെ
വീതം വേണ്ട എന്നു തീരുമാനിക്കാമോ?

ഉമ്മിണി പുളിക്കുമല്ലേ..

ഉദ്യോഗവും സ്ത്രീധനവും സൗന്ദര്യവും
എല്ലാമുള്ള കിളുന്തു പെണ്ണിനെ മതി
അല്ലേ?

ഇങ്ങനെ തീരുമാനിക്കാൻ പെൺകുട്ടികൾ കുറച്ചു നിബന്ധനകൾ വയ്ച്ചാലോ

മിനിമം – കുടുംബം പോറ്റാനും വീട്ടുപണി
ചെയ്യാനും കഴിവുണ്ടാകണം കെട്ടാൻ വരുന്ന
വന് എന്നു തീരുമാനമെടുത്താലോ

ഒരുപാടു മഹാനുഭാവന്മാർ പെണ്ണു കിട്ടാതിരിക്കേണ്ട ഗതിയിലാവും.

ഞങ്ങളുടെ നാട്ടിലെ പ്രബല ഹിന്ദു കുടുംബത്തിലെ സുന്ദരനായ യുവാവു ശബരിമലക്കു പോയി..
യാത്രാമദ്ധ്യേ ഒരു നഴ്സിനെ ഒരു നോക്കു കണ്ടു.. ഒരു ആരോഗ്യകേന്ദ്രത്തിൽവച്ച് .

ശബരിമലയിൽനിന്നു തിരിച്ചെത്തിയ
യുവാവ് അച്ഛനോട് ആ പെൺകുട്ടിയെ
കണ്ടുപിടിച്ച് വിവാഹം നടത്തിത്തരണമെന്ന്
ആവശ്യപ്പെട്ടു.

അച്ഛൻ ആ ആഗ്രഹം നിറവേറ്റിക്കൊടുത്തു.
യാതൊരു നിബന്ധനയും വക്കാതെ പെൺകുട്ടി വിവാഹിതയായി.
പയ്യന്റെ അച്ഛൻ പെൺകുട്ടിക്ക് നാട്ടിലുള്ള
ആരോഗ്യ കേന്ദ്രത്തിലേക്കു് സ്ഥലം മാറ്റം വാങ്ങിക്കൊടുത്തു.

അടിപൊളി. പക്ഷേ അടുത്ത ദിവസങ്ങളിൽത്തന്നെ ഭാര്യ ആശുപത്രിയിൽ
നൈറ്റ് ഡ്യൂട്ടി ചെയ്യുന്നത് ഭർത്താവു വിലക്കി.
ജോലി രാജിവച്ചോളു എന്നായി.

പെൺകുട്ടി അമ്മായിയച്ഛനെ ശരണം
പ്രാപിച്ചു.

അദ്ദേഹം മകനെ വിളിച്ചു..
മകൻ മുന്നിലെത്തി വിനീതനായി നിന്നു..

“നീ ഇവളെ നൈറ്റ് ഡ്യൂട്ടിക്കു വിടില്ല എന്നു
പറഞ്ഞോടാ”

“പറഞ്ഞു .. ”

“അതവളുടെ ജോലിയെ ബാധിക്കില്ലേ?”

:”ബാധിക്കും. അവൾ രാജിവച്ചോട്ടെ”

“ഭാ…വൃത്തികെട്ടവനേ..
നീ നിന്റെ പണി ചെയ്യ് നേരാം വണ്ണം.
അവൾ അവളുടെ ജോലി നോക്കട്ടേ ”

കാർന്നോര് മരുമകളെ അടുത്തു വിളിച്ചിട്ട്
പറഞ്ഞു ..
” മകളേ.. നീ നിന്റെ തൊഴിൽ ഒരിക്കലും
ഉപേക്ഷിക്കരുത്.
പിന്നീടു നീ ദു:ഖിക്കേണ്ടി വരും.
നീ ഇവനെ വേണമെങ്കിൽ ഉപേക്ഷിച്ചോളു.
നിന്റെ തൊഴിലിന്റെ മഹാത്മ്യം അറിയാത്ത
ഇവൻ പോയാലും നിനക്കു ദു:ഖിക്കേണ്ടി വരില്ല.
നിനക്കു തൊഴിൽ സഹായമാവും ജീവിക്കാൻ. ഭർത്താവിനെ വേറെ കിട്ടുകയും
ചെയ്യും.”

മരുമകൾ തൊഴിൽ ഉപേക്ഷിച്ചില്ല.
ഭർത്താവിനേയും.

നിരവധി തവണ ,ഞാൻ എന്റെ കുട്ടികളെ
രാത്രിയിൽ ഗവ.ആശുപത്രിയിൽ
കൊണ്ടുപോയിട്ടുണ്ട് .. അപ്പോഴൊക്കെ
നിറഞ്ഞ ചിരിയും സ്നേഹവും ആത്മാർത്ഥമായ സേവനവുമായി ആ ചേച്ചി
എന്നെ സഹായിച്ചിട്ടുണ്ട്.
ആ തൊഴിലിന്റെ മഹത്വം ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

അതുകൊണ്ടു പെൺകുട്ടികളേ,
ഭൂമിയോളം താഴ്ന്നു കൊടുത്തിട്ട്
നേടാൻ ,അത്ര വലിയ മഹത്വമൊന്നും
വിവാഹത്തിനില്ല കേട്ടോ..

ധൈര്യമായി സ്വന്തം അഭിപ്രായങ്ങളിൽ
തൊഴിലിൽ ,നിലപാടുകളിൽ ഉറച്ചു
നില്ക്കുക നല്ലതേ വരു.
ആശംസകൾ.

(Geetha Pushkaran)