
ടെക്നോപാര്‍ക്ക് ജീവനക്കാരന്റെ ഇരുചക്രവാഹനത്തില്‍ നിന്ന് കാണാതായ ഹെല്‍മറ്റ് ഒ.എല്‍.എക്സ് സൈറ്റില്‍ വില്ക്കാന് വച്ചിരുന്നത് ഒറ്റരാത്രികൊണ്ട് പോലീസ് വീണ്ടെടുത്ത് ഉടമസ്ഥന് തിരികെ നല്കി.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കമ്പനിയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇരുചക്രവാഹനത്തില്‍ എത്തിയ ടെക്നോപാര്‍ക്ക് ജീവനക്കാരനും തമിഴ്നാട് സ്വദേശിയുമായ ജെറിന് ആല്‍ബര്‍ട്ട് സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് വാഹനത്തില്‍ തന്നെ ഹെല്‍മറ്റ് വെച്ചിട്ട് പരിപാടിക്ക് പോയി.
രാത്രി തിരികെ വാഹനത്തിന് സമീപത്തെത്തിയപ്പോള്‍ ഹെല്‍മറ്റ് ഇല്ല. പരിസരത്തൊക്കെ അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മോഷണം പോയതായിരിക്കുമെന്നു കരുതി തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങി. വിലകൂടിയ ഹെല്‍മറ്റ് നഷ്ടപ്പെട്ടതില്‍ നിരാശനായ ജെറിന് രണ്ട് ദിവസത്തിനുശേഷം പ്രമുഖ ഓണ്‍ലൈന്‍ വില്പന വെബ്സൈറ്റായ ഒ.എല്‍.എക്സ് സന്ദര്‍ശിച്ചപ്പോള്‍ കണ്ടത് 3000 രൂപ വിലയിട്ട് വില്പനയ്ക്ക് വച്ചിരിക്കുന്ന സ്വന്തം ഹെല്‍മറ്റ്. വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങളുള്‍പ്പെടുത്തി തിങ്കളാഴ്ച രാത്രി തന്നെ ജെറിന് കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
അടുത്ത ദിവസം രാവിലെ 10.30 നു സ്റ്റേഷനില്‍ നിന്ന് വിളിയെത്തി. സ്റ്റേഷനിലെത്തി ഹെല്‍മറ്റ് പരിശോധിക്കാന്‍ പറഞ്ഞായിരുന്നു ആ ഫോണ്‍കോള്‍. ഇത്ര എളുപ്പത്തില്‍ ഹെല്‍മറ്റ് തിരികെ ലഭിക്കുമെന്ന് കരുതാതിരുന്ന ജെറിന് അവിശ്വസനീയതയോടെ സ്റ്റേഷനിലെത്തി പരിശോധിച്ച് തന്റേത് തന്നെയെന്ന് ബോധ്യപ്പെട്ട് ഹെല്‍മറ്റ് കൈപ്പറ്റി. ഹെല്‍മറ്റിലുണ്ടായിരുന്ന ഉരവിന്റെ പാടുകളാണ് കൃത്യമായി തിരിച്ചറിയാന്‍ ജെറിന് തുണയായത്. കേരള പോലീസിന്റെ തക്കസമയത്തുളള പ്രവര്‍ത്തന മികവാണ് തനിക്ക് നഷ്ടമായ സാധനം ഇത്രവേഗം തിരികെ ലഭിക്കാന്‍ കാരണമായതെന്ന് ജെറിന് പിന്നീട് ഫെയ്സ് ബുക്കില്‍ കുറിച്ചു.
രാത്രി വൈകി ലഭിച്ച പരാതിയായിട്ടും ഒട്ടും താമസിക്കാതെ കൃത്യമായ അന്വേഷണം നടത്തിയതിനാലാണ് രണ്ട് ദിവസത്തിനുളളില്‍ മൂന്ന് കൈമറിഞ്ഞ ഹെല്‍മറ്റ് ഒറ്റ രാത്രി കൊണ്ട് സ്റ്റേഷനിലെത്തിക്കാന്‍ പോലീസിനായത്. വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് സി.സി.ടി.വി ദൃശ്യങ്ങളില്ലാതിരുന്നിട്ടും കിട്ടിയ ഫോണ്‍ നമ്പരുകള്‍ പിന്തുടര്ന്നാണ് പോലീസ് ഹെല്‍മറ്റ് കണ്ടെത്തിയത്.