കണ്ണീരുപ്പുകൂട്ടി മണ്ണുകുഴച്ചു കഴിച്ച് പശിയടക്കേണ്ടിവരുന്ന ഗതികെട്ട കുട്ടികളുള്ള നാട്ടിൽ സാധാരണക്കാരെ നോക്കി പല്ലിളിച്ചു കാണിക്കുന്ന പത്ത് വസ്തുതകൾ

74

കണ്ണീരുപ്പുകൂട്ടി മണ്ണുകുഴച്ചു കഴിച്ച് പശിയടക്കേണ്ടിവരുന്ന ഗതികെട്ട കുട്ടികളുള്ള നാട്ടിൽ സാധാരണക്കാരെ നോക്കി പല്ലിളിച്ചു കാണിക്കുന്ന പത്ത് വസ്തുതകൾ…!!

1… മുന്നറിയിപ്പ്…!
റവന്യൂ വരുമാനത്തിന്റെ 87 ശതമാനവും ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും പെൻഷനും വേണ്ടി മാത്രമാണ് ചിലവഴിക്കപ്പെടുന്നതെന്ന് ഇക്കഴിഞ്ഞ (2019 -20) ബജറ്റ് അവതരണ വേളയിൽ ധനകാര്യ വകുപ്പ് മന്ത്രി…!

2… മറച്ചുവെക്കപ്പെടുന്ന സത്യം…!
കേരള ജനസംഖ്യയുടെ വെറും 3 ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ് കേരളത്തിന്റെ റവന്യൂ വരുമാനത്തെയും മറികടന്നുവെന്ന യാഥാർഥ്യം ആരെയും അറിയിച്ചില്ല . സർക്കാർ ഖജനാവിൽ 100 രൂപ എത്തുമ്പോൾ ഈ 3 ശതമാനം വരുന്ന സംഘടിത വിഭാഗത്തിന് വേണ്ടി 2017-18 സാമ്പത്തിക വർഷത്തിൽ103 രൂപയാണ് ചിലവഴിച്ചതെങ്കിൽ

2018-19 ലെ പ്രാഥമിക കണക്കുകൾ പുറത്ത് വരുമ്പോൾ അത് 124 രൂപയായി ഉയർന്നിരിക്കുന്നു . അന്തിമ കണക്കുകൾ പുറത്ത് വരുമ്പോൾ ഇത് 130 രൂപയിൽ അധികമാവും…!

3… തമാശ…!
ഉദ്യോഗസ്ഥരുടെ ശമ്പളച്ചിലവ് റവന്യൂ വരുമാനത്തിന്റെ 47 ശതമാനം . പെൻഷൻ ചിലവ് 32 ശതമാനം . സർക്കാർ ജീവനക്കാരുടെ വിരമിക്കൽ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ മെഡിക്കൽ റീ-ഇമ്പേഴ്സ്മെന്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് ചിലവാകുന്നത്
2 ശതമാനം . വാർഡ് മെമ്പർ മുതൽ മുഖ്യമന്ത്രി വരെയുള്ളവരെയുള്ള 21970 ജനപ്രതിനിധികളേയും അവരുടെ കുടുംബത്തെയും ആശ്രിതരേയും സംരക്ഷിക്കാനുള്ള ഭരണപരമായ ചിലവ് റവന്യൂ വരുമാനത്തിന്റെ 12 ശതമാനം . വാങ്ങിയ കടത്തിന്റെ പലിശയിനത്തിൽ തിരിച്ചടവിനായി 31 ശതമാനം . അതായത് സർക്കാർ ഖജനാവിലേക്ക് 100 രൂപ കിട്ടുമ്പോൾ ഈ 3 ശതമാനത്തെ തീറ്റിപ്പോറ്റാൻ വേണ്ടി സംസ്ഥാനം ചിലവഴിക്കുന്നത് 124 രൂപ…!! കേരളത്തിന്റെ ഖജനാവ് അരിച്ചുപെറുക്കിയെടുത്തതിന് പുറമെ ഭാരിച്ച പലിശയിൽ കടം വാങ്ങിച്ചുകൂടിയാണ് 3 ശതമാനം വരുന്ന ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും നാം സംരക്ഷിക്കുന്നത് . ചുരുക്കിപ്പറഞ്ഞാൽ 97 ശതമാനം വരുന്ന സാധാരണക്കാരുടെ അദ്ധ്വാനഫലത്തിലാണ് ഈ 3 ശതമാനം വരുന്ന സംഘടിത കൂട്ടം ആഡംബരമായി ജീവിക്കുന്നത്…!

4… ഞെട്ടിക്കുന്ന കണക്കുകൾ…!

10 വർഷം മുമ്പ് കേരളത്തിലെ ഒരു സർക്കാർ ജീവനക്കാരന്റെ ശരാശരി പ്രതിമാസ ശമ്പളം 12,546 രൂപയായിരുന്നുവെങ്കിൽ ഇന്നത്
58,663 രൂപയിലേക്ക് ഉയർന്നിരിക്കുന്നു . ഒരു MLA യ്ക്ക് വേണ്ടി ഖജനാവിൽ നിന്നും ഒരു വർഷം ചിലവഴിച്ചിരുന്നത്
21 ലക്ഷം രൂപയായിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം നിലവിൽ വന്ന ജനപ്രതിനിധികളുടെ ശമ്പള പരിഷ്കരണത്തോടെ അത്
60 ലക്ഷത്തോളം രൂപയായി അധികരിച്ചു . ഒരു മന്ത്രിയെ സംരക്ഷിക്കാൻ ഓരോ വർഷവും ഖജനാവിൽ നിന്ന് ചിലവഴിച്ചത്
38 ലക്ഷം രൂപയായിരുന്നുവെങ്കിൽ ഇന്നത് ഒരു കോടിയിലധികം രൂപയാണ്…!

5… നമുക്കുവേണ്ടിയല്ലാതെ അദ്ധ്വാനിച്ച്

നടുവൊടിയുന്ന നമ്മൾ…! മന്ത്രിമാരുടെയും കുടുംബാഗങ്ങളുടെയും ചികിത്സാച്ചിലവ്… രാജ്യത്തും വിദേശത്തും നടത്തുന്ന യാത്രാച്ചിലവ്… ബത്ത… ഫോൺ… ചായസൽക്കാരം… കാറിന്റെയും ഭവനവായ്പയുടെയും പലിശ… ഔദ്യോഗിക വസതിയുടെ വാടക… പുസ്തകങ്ങൾ… കണ്ണട… തോർത്ത്… മുണ്ട്… ഔദ്യോഗിക വസതിയിലെ ടിവി… ഫ്രിഡ്ജ്… കട്ടിൽ… കിടക്ക… ചട്ടി… കലം എന്നിവ വാങ്ങിക്കുന്നതിനും ആഡംബരത്തോടെയും ആർഭാടത്തോടെയും ജീവിക്കാനും എണ്ണിയാൽ ഒടുങ്ങാത്ത ആനുകൂല്യങ്ങൾക്കും വേണ്ടി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചിലവഴിച്ചത് 22,23,35,396 രൂപയാണ്… !മന്ത്രിമാരുടെ മുൻപേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ ഇനത്തിൽ മാത്രം ഒരു വർഷം ഖജനാവിൽ നിന്ന് ചിലവഴിക്കുന്നത് 11 കോടി രൂപ . 25,000 രൂപ മുതൽ
50,000 രൂപ വരെ സർവ്വീസ് പെൻഷൻ വാങ്ങിക്കുന്നവർ പെൻഷനൊപ്പം 75,000 രൂപ മുതൽ 1,25,000 രൂപ വരെ ശമ്പളവും വാങ്ങി ഇന്നും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായി വിവിധ മന്ത്രിമന്ദിരങ്ങളിലുണ്ടെന്നുള്ളത് നഗ്നയാഥാർഥ്യം . മുൻ MLA മാർക്ക് വേണ്ടി ഒരു വർഷം ചിലവഴിക്കുന്നത്

18 കോടി രൂപ . അങ്ങനെ ഞാനും നിങ്ങളുമടങ്ങുന്ന 97 ശതമാനം സാധാരണക്കാരായ ജനങ്ങൾ നൽകുന്ന നികുതിപ്പണവും നമ്മളെ വീണ്ടും പണയം വെച്ച് സർക്കാർ വാങ്ങിക്കുന്ന കനത്ത പലിശ നൽകേണ്ട വായ്പയുമുപയോഗിച്ച് ഒരു ന്യൂനപക്ഷം മാത്രംസുഖലോലുപതയിലും അത്യാഡംബരത്തിലും ജീവിക്കുമ്പോൾ സാധാരണക്കാരന് സാമൂഹ്യ നീതി പോലും നിഷേധിക്കപ്പെടുന്ന വൈചിത്ര്യം…!

6… അടിസ്ഥാന പ്രശ്നം…!
സംസ്ഥാനത്തിന്റെ പൊതുവരുമാനം ഒരു ന്യൂനപക്ഷത്തിന്റെ കൈകളിൽ കേന്ദ്രീകരിക്കപ്പെടുന്നതാണ് കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം . ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ശമ്പളമായി ലഭിക്കുന്ന തുകയുടെ 45 ശതമാനം മാത്രമാണ് പൊതുമാർക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ബാക്കി 55 ശതമാനവും സ്വർണ്ണത്തിലോ ഭൂമിയിലോ ഓഹരി വിപണിയിലോ ബാങ്കിലോ നിക്ഷേപിക്കപ്പെടുന്നതുവഴി അത്രയും തുക നിഷ്ക്രിയമാക്കപ്പെടുന്നു . അതുകൊണ്ട് പൊതുസമൂഹത്തിന് ഒരു ഗുണവും ലഭിക്കുന്നില്ല എന്ന് മാത്രമല്ല വൻ നഷ്ടവും സംഭവിക്കുന്നു…!

7… നമ്മുടെ ഭാവി…!

കേരളത്തിന്റെ പൊതുക്കടം 2,36,055 കോടിയിലേക്ക് കുത്തനെ ഉയർന്നിരിക്കുന്നു . (പ്രാഥമികമായ കണക്ക് മാത്രമാണിത്. അന്തിമ കണക്ക് വരുമ്പോൾ 2,50,000 കോടി കവിയുമെന്ന് വിദഗ്ദർ ) അങ്ങനെ കടബാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാം സ്ഥാനവും പിന്നിട്ട് ബഹുദൂരം മുന്നേറിയിരിക്കുന്നു…! ഇന്ന് ഈ സംസ്ഥാനത്ത് ജനിച്ച് വീഴുന്ന ഓരോ കുഞ്ഞും 86,000/- രൂപയുടെ കടക്കാരനായിട്ടാണ് ജനിക്കുന്നത്…!

8… നിർഭാഗ്യവശാൽ സംഭവിക്കുന്നത്…!

മൂന്നംഗ കുടുംബത്തിന് ഒരു മാസം മാന്യമായി ജീവിക്കാൻ ഏകദേശം 25,000 രൂപയേ വേണ്ടതുള്ളു . 40,000രൂപ ശമ്പളം കിട്ടുന്ന ഒരാളെ സംബന്ധിച്ച് 25,000 കഴിച്ച് ബാക്കി 15,000 രൂപ സുരക്ഷിത നിക്ഷേപമായി മാറുന്നു . ഇതിന്റെ പലിശ അദ്ദേഹത്തിന് ലഭിക്കുമ്പോൾ അതു കൊണ്ട് പൊതു സമൂഹത്തിന് ഒരു ഗുണവും ലഭിക്കുന്നില്ല . 40,000 രൂപ ശമ്പളം 65,000 രൂപയായി വർദ്ധിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വർദ്ധിക്കുന്നില്ല . ചിലപ്പോൾ ഭക്ഷണത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിച്ചെന്നിരിക്കാം . അപ്പോൾ പ്രതിമാസ ചിലവ് 25,000 ൽ നിന്ന് 30,000 ആയി വർദ്ധിക്കാം . പക്ഷേ ശമ്പളത്തിൽ ചിലവ് കഴിച്ച് ബാക്കി വരുന്ന തുക 15,000 ൽ നിന്ന് 35,000 രൂപയായി വർദ്ധിക്കുന്നു . അതായത് ശമ്പളം വർദ്ധിച്ചപ്പോൾ ഡിപ്പോസിറ്റായി അല്ലെങ്കിൽ നിഷ്ക്രിയമായി മാറുന്ന തുക 15000 ൽ നിന്ന് 35000 ആയി വർദ്ധിക്കുന്നു . ശമ്പളവർദ്ധനവ് വഴി ഖജനാവിൽ നിന്ന് പുറത്തേക്ക് പോകുന്ന പണത്തിന്റെ അളവ് കൂടുമ്പോൾ നിഷ്ക്രിയമാക്കപ്പെടുന്ന പണത്തിന്റെ തോതും കൂടുന്നു . എന്നാൽ കമ്പോളത്തിൽ ചിലവഴിക്കുന്ന പണത്തിന്റെ തോത് കൂടുന്നില്ല .

ഖജനാവ് അക്ഷയപാത്രമല്ലാത്തതിനാൽ ഖജനാവിൽ നിന്ന് പുറത്തേക്ക് പോകുന്ന പണം കമ്പോളത്തിൽ പോയി കമ്പോളത്തെ ചലിപ്പിക്കുകയും കമ്പോള വിനിമയത്തിലൂടെ നികുതിയായി ഖജനാവിലേക്ക് തന്നെ തിരികെയെത്തുകയും ചെയ്‌താൽ മാത്രമേ ഖജനാവിൽ വീണ്ടും പണമുണ്ടാവുന്നുള്ളൂ . ശമ്പള വർദ്ധനവിലൂടെ ഖജനാവിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന പണംകൊണ്ട്
ഒരു ന്യൂനപക്ഷത്തിന്റെ മാത്രം ജീവിത നിലവാരം ഉയരുകയും ഖജനാവിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന പൊതു വരുമാനം കൊണ്ട് കമ്പോള വിനിമയത്തിലൂടെ ഉയരേണ്ട ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ ജീവിത നിലവാരം താഴോട്ട് പോകുകയുമാണ് ചെയ്യുന്നത് .

പണം എപ്പോഴും ചലിച്ച് കൊണ്ടിരിക്കണം എന്ന അടിസ്ഥാന തത്വം ഇവിടെ സംഭവ്യമാകുന്നില്ല . എങ്കിൽ മാത്രമേ സമൂഹത്തിന് അതിന്റെ ഗുണം ലഭിക്കുകയുള്ളൂ . പണംചലിക്കണമെങ്കിൽ സാധാരണക്കാരന്റെ കൈവശം പണമെത്തണം . എങ്കിൽ മാത്രമേ ചെറുകിട- നാമമാത്ര കച്ചവട സ്ഥാപനങ്ങളിൽ കച്ചവടം നടക്കൂ . ഓട്ടോ-ടാക്സി തൊഴിലാളികൾക്കും കർഷക തൊഴിലാളികൾക്കും നിർമ്മാണ തൊഴിലാളികൾക്കും തൊഴിലും വരുമാനവും ഉണ്ടാവണമെങ്കിൽ സാധാരണക്കാരന്റെ കൈകളിലേക്ക് പണം വരണം . അത് സാധ്യമാകണമെങ്കിൽ പൊതുവരുമാനം ആനുപാതികമായി എല്ലാ കുടുംബങ്ങളിലുമെത്തണം . വീണ്ടും അത് പൊതുമാർക്കറ്റിലേക്ക് ഇറങ്ങുകയും മാർക്കറ്റ് ചലിക്കുകയും അതുവഴി ഖജനാവിൽ നിന്നും പുറത്തേക്ക് ഒഴുകിയ പണം തിരിച്ച് ഖജനാവിലേക്ക് തന്നെ എത്തുകയും ചെയ്യണം…!

9… തായ്‌ലൻഡ്… അല്ലെങ്കിൽ പിടിച്ചുപറി മോഷണം…!!
സാമ്പത്തിക അച്ചടക്കമില്ലായ്‌മ കുടുംബങ്ങളെ ആത്മഹത്യകളിലേക്കും പലായനത്തിലേക്കും നയിക്കുമെന്ന് നമുക്കറിയാം .
അങ്ങനെയെങ്കിൽ നമ്മുടെ സംസ്ഥാനത്തിന്റെ ഗതിയെന്താണ്…? തായ്‌ലൻഡ് മോഡലിലേക്ക് കേരളത്തെ നയിക്കാമെന്നാണോ ഭരണാധികാരികൾ ഉദ്ദേശിക്കുന്നത്…? ഔദ്യോഗിക കണക്കനുസരിച്ച് 21,698 സ്ത്രീകൾ കുടുംബം പുലർത്താനായി ശരീരം വിറ്റ് ഇന്നത്തെ കേരളത്തിൽ ജീവിക്കുന്നുണ്ട്…! നമ്മുടെ കൂടുതൽക്കൂടുതൽ സഹോദരിമാർ മാനം വിറ്റ് അന്നം കണ്ടെത്തേണ്ടി വരുമോ…?
യുവസഹോദരങ്ങൾ പിടിച്ചുപറിയിലേക്കും മോഷണത്തിലേക്കും എടുത്തെറിയപ്പെടുമോ…? അല്ലെങ്കിൽ സമത്വത്തിന് വേണ്ടി ആയുധമെടുത്ത് പൊരുതാൻ നിർബന്ധിതരാകുമോ…?

10… സാർവ്വത്രിക പെൻഷൻ പദ്ധതി…!
കഴിഞ്ഞ 20 വർഷത്തിനിടയിൽ കടബാധ്യത കാരണം 23,973 കർഷകരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്…!
അപ്പോൾ എവിടെയാണ് സോഷ്യലിസം…? ആർക്കാണ് സോഷ്യലിസം…? സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം പൂർണ്ണമായും ജനസംഖ്യയിൽ 3 ശതമാനം മാത്രം വരുന്ന സർക്കാർ ജീവനക്കാർക്ക് വേണ്ടി വിനിയോഗിക്കപ്പെടുമ്പോൾ ജനസംഖ്യയിലെ 97 ശതമാനം ജനങ്ങൾക്കും സർക്കാറിൽ നിന്നും ഒന്നും ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം . അതു കൊണ്ട് തന്നെ ഭരണഘടന ഉറപ്പ് നൽകുന്ന സോഷ്യലിസം നടപ്പിലാവുന്നില്ല . അതുസംഭവിക്കണമെങ്കിൽ സാർവ്വത്രിക പെൻഷൻ പദ്ധതി നടപ്പിലാക്കേണ്ടതുണ്ട് .
കർഷകരെന്നോ കർഷകത്തൊഴിലാളിയെന്നോ ഉദ്യോഗസ്ഥരെന്നോ വേർതിരിവില്ലാതെ 55 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ജീവിക്കാനാവിശ്യമായ പെൻഷൻ നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയാണ് . ജീവിക്കാൻ ആവശ്യമായതിലും അധികം തുക പെൻഷനായി ആർക്കും നൽകേണ്ടതുമില്ല…!

സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കും അരാജകത്വത്തിലേക്കും അതിവേഗം കൂപ്പുകുത്തുന്ന സംസ്ഥാനത്തിന് പൊതുവികസനത്തിനും ദീർഘവീക്ഷണമുള്ള പുരോഗമന പദ്ധതികൾക്കും അടിസ്ഥാനവിഭാഗങ്ങളുടെ ജീവിതരീതി മെച്ചപ്പെടുത്തുന്നത് പോലുള്ള അടിയന്തിര പ്രാധാന്യമുള്ള പരിപാടികൾക്കുമായി ഭാരിച്ച പലിശയും കോർപ്പറേറ്റ് താല്പര്യങ്ങളുടെ തിട്ടൂരവുമില്ലാതെ ഒരുരൂപപോലും മാറ്റിവെക്കാൻ സാധിക്കുന്നില്ല…!മേൽപ്പറഞ്ഞ വിഷയങ്ങളാണ് ഇതിനെല്ലാം കാരണം .
ഇത്തരം വിഷയങ്ങളിൽ അടിയന്തിര ശ്രദ്ധയും ത്വരിത പ്രതിവിധികളും അത്യാവശ്യമാണ് . സാധ്യമല്ലെങ്കിൽ സാധാരണക്കാരായ നമ്മുടെ കുട്ടികളുടെ ശോഭനമായ ഭാവിക്ക് വേണ്ടി വിശപ്പടക്കാനുള്ള പുതിയ കണ്ടുപിടുത്തം കണ്ണീരുപ്പുകൂട്ടി മണ്ണുകുഴച്ച് കഴിക്കുന്നത് നിയമവിധേയമാക്കേണ്ടതും ( എങ്കിൽ ആരെയും കുറ്റപ്പെടുത്തേണ്ടതില്ലല്ലോ )അതിനുവേണ്ട സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകേണ്ടതുമാണ്…!!

കടപ്പാട്…
Adv…പ്രദീപ്‌ കുമാർ…
വിവിധ സർക്കാർ വകുപ്പുകളുടെ വിവരാവകാശ രേഖകൾ…
വിവിധ സമയത്ത് വന്ന വാർത്തകൾ…
വിദഗ്ധരുടെ ചാനൽ ചർച്ചകൾ…
Times of India..
Chamakkalayil Ratheesh…✍️