കേരളം നമ്പർവൺ തന്നെയാണ്…

192

Mujeeb Rahman Wayanad

കേരളം നമ്പർവൺ തന്നെയാണ്…

ഒരു കുഞ്ഞ് സ്‌കൂളിൽ വച്ച് പാമ്പുകടിയേറ്റ് മരിക്കുമ്പോൾ ആ വിഷയം മാത്രം ചർച്ചയ്ക്ക് വന്ന ഒരു ദിനമുണ്ടായ സോഷ്യൽ മീഡിയയുള്ള നാടാണ് കേരളം.

ആ വിഷയം മാത്രം പ്രധാനവാർത്തയാക്കിയ മാധ്യമങ്ങളുള്ള നാടാണ് കേരളം. ആ വിഷയത്തിൽ കുറ്റമേറ്റുപറയുകയും, ചാനലുകളിൽ വിതുമ്പുകയും ചെയ്ത ജനപ്രതിനിധികൾ ഉള്ള നാടാണ് കേരളം.!

വിഷയത്തിൽ വീഴ്ച വരുത്തിയവരെന്നു തോന്നിയ ഡോക്ടറെയും, അദ്ധ്യാപകനെയും മണിക്കൂറുകൾക്കുള്ളിൽ സസ്പെൻസ് ചെയ്ത നാടാണ് കേരളം.! മണിക്കൂറുകൾക്കുള്ളിൽ സംഭവത്തിന്റെ സമഗ്ര റിപ്പോർട്ട് ആവശ്യപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുള്ള നാടാണ് കേരളം. ഈ വിഷയത്തിൽ ഇടുങ്ങിയ രാഷ്ട്രീയം കളിക്കാതെ ശരിയും ശാസ്ത്രീയവും, സക്രിയവും, ക്രിയാത്മകവുമായ നിലപാടെടുത്ത പ്രതിപക്ഷമുള്ള നാടാണ് കേരളം.!!

നിർഭാഗ്യ സംഭവം നടന്ന സ്കൂൾ അടച്ചുപൂട്ടാനും, ആധുനിക സൌകര്യമുള്ള ഒരു ഹൈടെക് സ്‌കൂളാക്കി മാറ്റിയതിനു ശേഷംമാത്രം തുറന്നാൽ മതിയെന്ന് തീരുമാനമെടുത്ത നാടാണ് കേരളം…!!

പിഞ്ചു കുട്ടികളുടെ ക്ലാസ് മുറികളിൽ മുസ്ലിം കുട്ടികളെ പച്ചയും, ഹൈന്ദവ കുട്ടികളെ കാവിയുമുടുപ്പിച്ച് വെവ്വേറെ ക്ലാസ് മുറികളിലിരുത്തുന്ന നാടല്ല കേരളം. സംസ്കൃതം പഠിപ്പിക്കുന്ന മുസ്ലിം അദ്ധ്യാപകനെ ബഹിഷ്‌കരിച്ചു നാടുകടത്താൻ തീരുമാനിക്കുന്ന, അറബി പഠിപ്പിക്കുന്ന ഹൈന്ദവ അധ്യാപികയെ മതമൗലികവാദികൾക്ക് ഇരയായി നൽകുന്ന നാടല്ല കേരളം…!!

ദൗർഭാഗ്യകരമായ ഒരു സംഭവം നടന്നു നേര്…
പക്ഷേ, ഓക്സിജൻ ലഭിക്കാതെ മരിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഓക്സിജൻ തേടിയിറങ്ങിയ ഡോക്ടർ കഫീൽ ഖാനെ, ജയിലിലടച്ച നാടല്ല കേരളം. സ്കൂളിൽ പഠിക്കാൻ ദാരിദ്ര്യം അനുവദിക്കാത്തതിനാൽ, കാലിച്ചന്തയിൽ കാലികളെ വളർത്തിവിറ്റ് കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ആഗ്രഹിച്ച കുഞ്ഞുങ്ങളെ മരത്തിൽ കെട്ടിത്തൂക്കി കൊന്നുകളഞ്ഞ ശവംതീനികളുടെ നാടല്ല കേരളം…!!

ചിന്തയുടെ ഇടുങ്ങിയ ആകാശത്തിനു കീഴെ ജീവിക്കുന്ന ചില അദ്ധ്യാപകരുടെ കാരണത്താൽ ഒരു ഒററപ്പെട്ട വീഴ്ചയുണ്ടായി, നേരാണ്. പക്ഷേ അക്കാരണത്താൽ, ഏത് ഏകകം വച്ചാണെടോ നീയൊക്കെ കേരളം സമസ്ത മേഖലകളിലും നമ്പർവൺ അല്ലെന്നു സമർത്ഥിക്കുന്നത്. കേരളം നമ്പർ വൺ തന്നെയാ.