ഫോട്ടോഗ്രാഫറെ ഇല്ലാതാക്കിയ ഒരു ചിത്രം⭐
അറിവ് തേടുന്ന പാവം പ്രവാസി
👉പട്ടിണി കൊണ്ട് എല്ലും തോലുമായി മരണം കാത്തു കിടക്കുന്ന കുഞ്ഞും, ആ ജീവന്‍റെ ചലനങ്ങള്‍ അവസാനിക്കാന്‍ കാത്തു നില്‍ക്കുന്ന കഴുകനും. ആഫ്രിക്കയിലെ ദാരിദ്യത്തിന്റെ എല്ലാ ഭീകരതയും ഉള്‍ക്കൊണ്ട ഈ ചിത്രം കാണാത്തവര്‍ വിരളം ആയിരിക്കും. ഈ ചിത്രം കാണുന്നതിലും വലിയ വേദന ആയിരിക്കും ഇതിനു പിന്നിലെ ചരിത്രം നമ്മളില്‍ ഉണ്ടാക്കുന്നത്. അതിങ്ങനെയാണ്. 1993 ഇല്‍ കടുത്ത ദാരിദ്ര്യവും, വരള്‍ച്ചയും ബാധിച്ച സുഡാനിലെ ഒരു എയര്‍പോര്‍ട്ടില്‍ ഐക്യരാഷ്ട്രസഭയുടെ സഹായവുമായി എത്തിയ ഒരു വിമാനത്തില്‍ ഫോട്ടോ ജെനലിസ്റ്റ് ആയിരുന്ന കെവിന്‍ കാര്‍ട്ടര്‍ വന്നിറങ്ങി. ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നതിനുള്ള മുപ്പതു മിനിറ്റ് സമയം മാത്രമായിരുന്നു അവര്‍ക്ക് അവിടെ ചിലവഴിക്കാന്‍ ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ പലരും യുദ്ധ രംഗങ്ങളും, പോരാളികളെയും തേടി പോയപ്പോള്‍ കെവിന്‍ അന്വേഷിച്ചത് അവിടുത്തെ ദാരിദ്ര്യത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ ആയിരുന്നു. അപ്പോഴാണ് കുറച്ചകലെ പുല്ലില്‍ ഒരു കഴുകന്‍ ശവം കൊത്തിവലിക്കാന്‍ തയ്യാറായി നില്‍ക്കുന്ന കാഴ്ച അദ്ദേഹം കണ്ടത്.
പട്ടിണി മൂലം അനേകം പേര്‍ മരിക്കുന്ന അവിടെ അത്തരം മൃതദേഹം ഒരു കാഴ്ച ആയിരുന്നില്ല. പക്ഷെ അടുത്ത് ചെന്ന കെവിന് മനസ്സിലായി അത് ശവ ശരീരം അല്ല. കൊടും പട്ടിണി കൊണ്ട് ഇഴയാന്‍ പോലും സാധിക്കാത്ത, ഏതു നിമിഷവും പ്രാണന്‍ പോകാവുന്ന ഒരു മനുഷ്യ കുഞ്ഞു ആണ് അതെന്നു. കഴുകന്‍ ചിറകു വിരിച്ചാല്‍ തനിക്കു കിട്ടുന്നത് ഒരു അസാധാരണ ചിത്രം ആയിരിക്കുമെന്ന് അറിയാമായിരുന്ന കെവിന്‍ ഇരുപതു മിനിറ്റോളം അവിടെ കാത്തു നിന്നെകിലും അത് സംഭവിച്ചില്ല. ഒടുവില്‍ കഴുകന്റെയും, കുട്ടിയുടെയും കുറച്ചു ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി, കഴുകനെ ആട്ടി ഓടിച്ചു കൊണ്ട് അയാള്‍ വിമാനത്തിലേക്ക് മടങ്ങി.1993 മാർച്ച് 26 നു പുറത്തിറങ്ങിയ ന്യൂ യോര്‍ക്ക് ടൈംസ് പത്രത്തില്‍ കെവിന്‍ കാര്‍ട്ടര്‍ പകര്‍ത്തിയ ചിത്രം അച്ചടിച്ച് വന്നു.
ലോക മനസാക്ഷിയെ ഞെട്ടിച്ച ചിത്രത്തിലെ കുട്ടിക്ക് എന്ത് സംഭവിച്ചു എന്ന് ആരാഞ്ഞു കൊണ്ട് ലോകമെബാട് നിന്നും ന്യൂ യോര്‍ക്ക് ടൈംസ്‌ലേക്ക് കത്തുകളും ,ഫോണ്‍ കോളുകളും വന്നു. കുട്ടിക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് കെവിനോ മറ്റാര്‍ക്കെങ്കിലുമോ അറിയുമായിരുന്നില്ല. എന്നാല്‍ ഫോട്ടോ പകര്‍ത്തിയ കെവിന് നേരെയുള്ള പ്രതിഷേധം ആയി അത് വളരെ വേഗം പരിണമിച്ചു. ഇതിനോടകം തന്നെ പ്രശശ്തിയുടെ കൊടുമുടിയില്‍ എത്തി കഴിഞ്ഞിരുന്ന കെവിന്‍ തനിക്കു ഒരു ഫോട്ടോ കിട്ടുന്നതിനു വേണ്ടി മനസാക്ഷിയെ പണയപ്പെടുത്തിയ ക്രൂരന്‍ ആണെന്നും ,കണ്ണില്‍ ചോര ഇല്ലാത്ത കച്ചവട ലോകത്തിന്‍റെ സൃഷ്ടി ആണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു.

കുഞ്ഞിനെ കൊത്തി വലിക്കാന്‍ ഇരിക്കുന്ന കഴുകനേക്കാള്‍ ഭീകരന്‍ ആണ് അത് വിറ്റ് കാശാക്കാന്‍ ശ്രമിക്കുന്ന കെവിന്‍ കഴുകന്‍ എന്നാ രീതിയില്‍ കാര്‍ട്ടൂണുകള്‍ പുറത്തു വന്നു. കുഞ്ഞിനെ സഹായിക്കാനോ ,അതിനു ഒരു തുള്ളി വെള്ളം നല്‍കാനോ കെവിന് ആഗ്രഹം ഉണ്ടെങ്കില്‍ പോലും അത് സാധിക്കുമായിരുന്നില്ല എന്ന് വിമര്‍ശകര്‍ അറിഞ്ഞിരുന്നില്ല. കാരണം അങ്ങനെ ചെയ്യുന്നത് പകര്‍ച്ചവ്യാധികള്‍ പകരുന്നതിനും മറ്റും കാരണം ആവുന്നത് കൊണ്ട് അധികൃതര്‍ ശക്തമായി വിലക്കിയിരുന്നു. ജീവിതത്തില്‍ ഏറെ ദാരുണമായ രംഗങ്ങള്‍ കാണുകയും, പകര്‍ത്തുകയും ചെയ്തിട്ടുള്ള കെവിന്‍ പക്ഷെ സ്വന്തക്കാരില്‍ നിന്നും അടുത്ത കൂട്ടുകാരില്‍ നിന്ന് പോലും ഉള്ള കുറ്റപ്പെടുത്തലില്‍ തളര്‍ന്നു പോകുകയും വിഷാദ രോഗത്തിന് അടിപ്പെടുകയും ചെയ്തു.
ആ വര്‍ഷത്തെ പുലിസ്റ്റാര്‍ പ്രൈസ് പോലും അദ്ദേഹത്തെ സന്തോഷവാന്‍ ആക്കിയില്ല. എല്ലാവരില്‍ നിന്നും അകന്ന കെവിന്‍ സ്വന്തം മനസാക്ഷിക്ക് മുന്നിലും താന്‍ ചെയ്തതിനെ ന്യായീകരിക്കാന്‍ ആവാതെ കുറ്റബോധത്തിന്റെ പടുകുഴിയില്‍ വീണു പോയി. ഒടുവില്‍ ആരോപണങ്ങള്‍ക്ക് വിരാമം ഇട്ടു കൊണ്ട് താന്‍ ബാല്യം ചിലവിട്ട തന്‍റെ ഗ്രാമത്തിലെ ഒരു ഒഴിഞ്ഞ മൂലയില്‍ സ്വന്തം കാറിന്‍റെ എക്സോസ്റ്റ്, മറ്റൊരു പൈപ്പ് വഴി കാറിനുള്ളിലേക്ക് തന്നെ കണക്റ്റ് ചെയ്തു കൊണ്ട് അദ്ദേഹം വിഷപ്പുക ശ്വസിച്ചു ജീവിതം അവസാനിച്ചു. ആത്മഹത്യാ കുറിപ്പില്‍ അദ്ദേഹം “റിയലി റിയലി സോറി” എന്നെഴുതിയിരുന്നു.
കേവലം ഒരു ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതതിന്റെ കുറ്റബോധം ആയിരുന്നു ആ മഹാനായ ഫോടോഗ്രഫാരുടെ ജീവന്‍ എടുത്തത് എങ്കിലും കെവിന്‍ പകര്‍ത്തിയ ചിത്രം പിന്നീടു അനേകം മനുഷ്യരുടെ ജീവന്‍ രക്ഷിക്കുന്നതിനു കാരണമായി എന്നതാണ് വിചിത്രമായ സത്യം. ചിത്രം ഉണ്ടാക്കിയ സഹതാപ തരംഗം മൂലം ആഫ്രിക്കയിലേക്ക് ലോകമെമ്പാടു നിന്നും ഫണ്ടുകളും ,ഭക്ഷണവും ഒഴുകി. വലിയൊരളവു വരെ ആഫ്രിക്കയുടെ പട്ടിണി പിടിച്ചു നിര്‍ത്താന്‍ ഇത് വഴി സാധിച്ചു. ഇന്നും ഈ ചിത്രം കണ്ടിട്ടുള്ള ഏതൊരാളും ഭക്ഷണം വെറുതെ കളയുമ്പോള്‍ രണ്ടു വട്ടം ചിന്തിക്കും. കഴിഞ്ഞ നൂറ്റാണ്ടിലെ ലോകം മാറ്റി മറിച്ച പത്തു ചിത്രങ്ങളില്‍ ഒന്നായി കുട്ടിയും കഴുകനും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പത്രപ്രവര്‍ത്തത്തിന്‍റെ ചരിത്രത്തില്‍ ഇന്നും ഒരു കണ്ണ് നീര്‍ തുള്ളിയായി കെവിന്‍ കാര്‍ട്ടറും അദ്ദേഹം പകര്‍ത്തിയ ചിത്രവും നിലനില്‍ക്കുന്നു.