‘അവൻ’ നാളെ വരികയാണ്…പുതിയ അങ്കം കുറിക്കാൻ. ഗരുഡനെ മലർത്തിയടിച്ച അവൻ ഇത്തവണ അധീരയുമായാണ് അങ്കം. അതെ… ഇന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന കെ ജി എഫ് 2 ലോകവ്യാപകമായി നാളെ റിലീസ് ചെയ്യുകയാണ്. സാൻഡൽ വുഡ് സിനിമാ ഇൻഡസ്ട്രിയുടെ തലവര മാറ്റി എഴുതിയ വിജയമാണ് ആദ്യഭാഗം നേടിയത്. ഇരുനൂറു കോടിയുടെ ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം സംവിധാനം ചെയ്തത് പ്രശാന്ത് നീൽ ആണ്. ഇതിലെ നായകനായി എത്തിയത് റോക്കിങ് സ്റ്റാർ യാഷ് . മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിൽ ആഗോള റിലീസ് ആയി എത്തുന്ന ഇതിന്റെ രണ്ടാം ഭാഗം നാളെ കേരളത്തിലും റെക്കോർഡ് റിലീസ് ആണ് നേടുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആണ് ഈ ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തതും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ നേതൃത്വത്തിൽ, സംവിധായകനും രചയിതാവും നടനുമായ ശങ്കർ രാമകൃഷ്ണനാണ്. എന്തായാലും പുതിയ വെടിക്കെട്ടുകൾ, ഭൂകമ്പങ്ങൾ, പ്രകമ്പനങ്ങൾ …. എല്ലാം പുത്തൻ ദൃശ്യവിരുന്നോടെ കാണാം.

കോലാറിലെ സ്വർണം.

എഴുതിയത് : Arun Paul Alackal

ഇരുപതാം നൂറ്റാണ്ട് അതിന്റെ ആദ്യപകുതിയിൽ നിന്നും രണ്ടാമത്തെ പകുതിയിലേക്ക് കാലെടുത്തു വച്ച വർഷം. അമേരിക്കയ്ക്കും സോവിയറ്റ് യൂണിയനിലെ രാജ്യങ്ങൾക്കും ഇടയിലെ ശീതയുദ്ധം കൊടുമ്പിരികൊണ്ടു നിന്ന, തന്മൂലം ആഗോള വിപണിയിൽ സ്വർണത്തിനുള്ള മൂല്യം കുതിച്ചുയർന്നു കൊണ്ടിരുന്ന ആ കാലഘട്ടത്തിൽ ദക്ഷിണേന്ത്യയിലെ മൈസൂർ സംസ്ഥാനത്തിലെ കോലാർ ജില്ലയിൽ അധികമാരും അറിയാത്ത ഒരു കണ്ടെത്തൽ നടന്നു. ഇരുട്ടും വിജനതയും ഒന്നിച്ചു പുണർന്നു കിടന്ന, പാറക്കെട്ടുകൾ നിറഞ്ഞ ഒരു താഴ്‌വര തന്റെ ഭൗമോപരിതലത്തിലെ മടക്കുകൾക്കിടയിൽ ഒളിപ്പിച്ചു വച്ച ഒരു വലിയ സമ്പത്തിനെ അന്നവിടെ ദൃഷ്ടിഗോചരമാക്കി. എന്നും മനുഷ്യന്റെ കണ്ണുകളെ പ്രകാശിപ്പിച്ച, അവന്റെ സ്വാർത്ഥതയെ ദ്യോദിപ്പിച്ച, സ്വർണമെന്ന മഞ്ഞ ലോഹത്തിന്റെ അതിരില്ലാത്ത കൂമ്പാരം ആ മണ്ണിൽ വിലയിച്ചു കിടന്നിരുന്നത് ഒരുകൂട്ടം സാധാരണക്കാരും പിന്നീട് സർക്കാരുദ്യോഗസ്ഥരുമാണ് കണ്ടെത്തുന്നത്.

ഈ പശ്ചാത്തലത്തിലേക്കാണ് സൂര്യവർദ്ധൻ എന്ന പ്രതാപശാലിയായ നാട്ടുപ്രമാണിയുടെ കടന്നു വരവ്. ന്യായമായും സർക്കാരിലേക്ക് പോകേണ്ടുന്ന ആ സ്വർണ ഖനി സ്വന്തമായി കൈക്കലാക്കാൻ അയാൾ ആദ്യം ചെയ്തത് സർക്കാർ പ്രതിനിധികളായ ആ ഉദ്യോഗസ്ഥന്മാരെയൊന്നാകം കൊലപ്പെടുത്തുക എന്നതായിരുന്നു. ശേഷം ഈ വാർത്ത അധികമാൾക്കാരിലേക്കെത്താതെ അമൂല്യമായ നിധിശേഖരം ഒളിച്ചു വച്ച ആ ഭൂമി ചുണ്ണാമ്പിന്റെ ഖനനത്തിനെന്ന പേരിൽ 99 വർഷത്തേക്ക് പാട്ടത്തിന് കൈക്കലാക്കി അയാൾ തന്റെ സുവർണ സാമ്രാജ്യം കെട്ടിപ്പടുക്കാൻ ആരംഭിച്ചു. എന്തിനും പോന്ന, ആജ്ഞാനുവർത്തികളായ ഒരു സൈന്യത്തെ തന്നെ അതിനായി ഒരുക്കിയ സൂര്യവർദ്ധൻ നരാച്ചി ഖനന കമ്പനി എന്ന പേരിൽ ആ ഭൂമികയെ മാലോകരിൽ നിന്നും ഒളിപ്പിച്ചു വച്ചു. ആരുമറിയാതെ നിർധനരും നിരാലംബരുമായ ജനങ്ങളെ പലനാടുകളിലെയും ഉൾപ്രദേശങ്ങളിൽ നിന്നും ബലാൽക്കാരമായി പിടിച്ചു കൊണ്ടുവന്ന് തന്റെ സാമ്രാജ്യത്തിലെ പണിക്കാരാക്കി മാറ്റി അയാൾ സ്വർണത്തിന്റെ മൊത്തക്കച്ചവടക്കാരനായി വളർന്നു.

ചോരയും വിയർപ്പും സ്വപ്നങ്ങളും വീണ് മണ്ണിനുള്ളിലെ സ്വർണം വെളിവായ ആ ഖനിയുടെ കൃത്യവും ശക്തവുമായ നടത്തിപ്പിനായി അയാൾ സൈന്യാധിപന്മാരെയും നിശ്ചയിച്ചു. തന്റെ മുൻകാല സഹവർത്തിയായ ഭാർഗവനെയും അയാളുടെ മകൻ കമലിനെയും സ്വർണത്തിന്റെ ശുദ്ധീകരണ പ്രവർത്തനങ്ങളുടെയും, രാജേന്ദ്ര ദേശായിയെ ശുദ്ധീകരിച്ച സ്വർണത്തിന്റെ കയറ്റിയയപ്പിന്റെയും, ആൻഡ്രൂസിനെ പശ്ചിമ തീരഭാഗത്തേക്കുള്ള കള്ളക്കടത്തിനായും, ഗുരു പാണ്ഡ്യനെ ദേശീയ രാഷ്ട്രീയത്തിലുള്ള സഹവർത്തിത്വത്തിനായും, ഒടുവിൽ സഹോദരനായ അധീരയെ തന്റെ മുഴുവൻ സാമ്രാജ്യത്തിന്റെയും സുരക്ഷാക്രമീകരണങ്ങളുടെയും ചുമതലകൾ ഏൽപ്പിച്ച് സൂര്യവർദ്ധൻ കിരീടം വയ്ക്കാത്ത സ്വർണരാജാവായി ശക്തിയാർജിച്ചു. മേൽപ്പറഞ്ഞ എല്ലാ സൈന്യാധിപന്മാർക്കും സ്വർണം കുന്നുകൂടിയ ആ മണ്ണിൽ ഓരോ കണ്ണുണ്ടായിരുന്നു. ആൻഡ്രൂസിന്റെ ബോംബെയിലെ വലംകൈ ആയിരുന്ന ഷെട്ടിയുടെ ദുബൈക്കാരനായ എതിരാളി ഇനായത്ത് ഖലീലും ഈ സ്വർണഖനിയിൽ കണ്ണു വച്ചിരുന്നു.

സ്വർണവും സ്വർണത്തിന് മുകളിൽ മനുഷ്യന്റെ അത്യാഗ്രഹവും അതിനൊക്കെ മുകളിൽ അധികാരത്തിന്റെ ദുർമോഹങ്ങളും വട്ടമിട്ടു പറന്ന കോലാറിലെ ആകാശത്തിന് കീഴിൽ ഇവരാരുമറിയാത്ത ഒന്നു കൂടി ആ ഖനിയുടെ ഒപ്പം ജനിച്ചിരുന്നു. സൂര്യവർദ്ധൻ കൈയ്യൂക്കുകൊണ്ടും ചോരചിന്തിക്കൊണ്ടും സൃഷ്ടിച്ച ആ സാമ്രാജ്യത്തിന്റെ വിധിയിൽ നിർണായകമായ സ്വാധീനം ചെലുത്താൻ കാലം കാത്തു വച്ച ഒരുവൻ. കോലാർ ഖനിയിൽ സ്വർണമോഹം കൈയ്യാളിയവരുടെയും ഭരണപക്ഷത്തിരുന്ന അധികാരികളുടെയും അധോലോക നേതാക്കളുടെയും ഉറക്കം ഒരുപോലെ കെടുത്തിയ അവനെ ലോകം റോക്കി എന്നു വിളിച്ചു….!

കോലാറിൽ സ്വർണഖനി ജനിച്ച അതേ രാത്രി, നിസഹായയായ ഒരു യുവതിയുടെ പ്രസവവേദനയാലുള്ള കരച്ചിലും അവിടത്തെ ഇരുട്ടിനെ ശബ്ദമുഖരിതമാക്കിയിരുന്നു. പതിനഞ്ചാം വയസിൽ ഭാര്യയും ഗർഭിണിയും വിധവയുമായ ശാന്തമ്മ ആ രാത്രി ജന്മം കൊടുത്തത് ഒരു തീനാളത്തിനായിരുന്നു. തന്റെ ഒപ്പം ജനിച്ച ആ സ്വർണവനത്തിനെ മുഴുവനായി എരിക്കാനുള്ള ഒരു കാട്ടുതീയായി മാറാൻ കെൽപ്പുള്ള ഒരു ജ്വാല അന്നവിടെ പിറന്നു. ദാരിദ്ര്യത്തിന്റെ തൊട്ടിയിലേക്കാണവൻ പിറന്നു വീണതെങ്കിലും തന്റെ മകൻ എന്തിനെയും വെല്ലുന്ന ഒരു രാജാവാകാൻ കൊതിച്ച ആ അമ്മ അവന് നൽകിയ പേര് രാജ എന്നായിരുന്നു. രാജ കൃഷ്ണപ്പ ഭൈര്യ. സമ്പത്തിന്റേയും അധികാരത്തിന്റെയും ശക്തിയുടെയും ആവശ്യകത അവനെ പഠിപ്പിച്ച ആ സ്ത്രീയ്ക്ക് മകന് ചുവടുകളുറയ്ക്കും മുൻപേ അവനോടും ഈ ലോകത്തോടും വിട പറയേണ്ടി വന്നു. മരിക്കും മുമ്പേ അമ്മയ്ക്ക് നൽകിയ, താനൊരിക്കൽ മരിക്കുകയാണെങ്കിൽ സമ്പന്നനായെ മരിക്കൂ എന്ന വാക്ക് പാലിക്കാൻ അവൻ കയറിയ ജീവിതവണ്ടി അവനെ എത്തിച്ചത് ബോംബെയിലെ അധോലോകത്തിലേക്കായിരുന്നു. ഷെട്ടി ഭരിച്ചിരുന്ന ബോംബെയിലേക്ക് വച്ച അവന്റെ കാൽപാദങ്ങൾ ചെറുതായിരുന്നെങ്കിലും അവിടെയവൻ സൃഷ്ടിച്ച പാദമുദ്രകൾ വളരെ വലുതായിരുന്നു. അവിടെയവൻ രാജയായിരുന്നില്ല, റോക്കിയായിരുന്നു. കുട്ടികളുടെ തോഴനായും എതിരാളികളുടെ പേടിസ്വപ്നമായും അധോലോക നേതാക്കന്മാരുടെ കണ്ണിലുണ്ണിയും കണ്ണിലെ കരടുമായി, ബോംബയുടെ ഒരു വശത്തു കടലെങ്കിൽ മറുവശത്ത് റോക്കിയെന്ന മട്ടിൽ അവന്റെ വളർച്ച അസൂയാവഹമായിരുന്നു.

വടക്കിൽ റോക്കി അനിഷേധ്യനായി വളരുമ്പോൾ തെക്കിൽ സൂര്യവർദ്ധന്റെ സാമ്രാജ്യത്തിന് ആദ്യ വിള്ളൽ വീഴുകയായിരുന്നു. പക്ഷാഘാതത്തിന്റെ രൂപത്തിൽ വിധി സൂര്യവർദ്ധനെ രോഗക്കിടക്കയിൽ എത്തിച്ചപ്പോൾ ഖനിയുടെ അധികാരത്തിനായി എല്ലിൻ കഷണം കിട്ടിയ നായ്ക്കൂട്ടത്തെ പോലെ കമലും രാജേന്ദ്ര ദേശായിയും ഗുരുപാണ്ഡ്യനും ആൻഡ്രൂസും അധീരയും ഓരോ വശങ്ങളിൽ നിന്ന് കുരച്ചു. അവർക്കിടയിലേക്ക് അപ്രതീക്ഷിതമായി ഒരാൾ കൂടെ കടന്നു വന്നു, ഗരുഡ. ശക്തനായിരുന്ന സൂര്യവർദ്ധന്റെ ശക്തനായ മകൻ. ആദ്യ ഏറ്റുമുട്ടലിന് ശേഷം സൂര്യവർദ്ധന്റെ മരണശേഷമേ ഇനിയൊരു മടങ്ങിവരവുള്ളൂ എന്നും പറഞ്ഞ് പോയ അധീരയുടെ അഭാവത്തിൽ ഗരുഡ കൂടുതൽ ശക്തിയാർജിച്ചു കോലാറിന്റെ അധികാരം ഏതാണ്ട് മുഴുവനായും കൈവശപ്പെടുത്തി. അധീരയൊഴികെയുള്ളവർ ശത്രുവിന്റെ ശത്രുകൾ എന്ന മട്ടിൽ ഒന്നിച്ചു കൈകോർത്തു മിത്രങ്ങളായി. അവർക്ക് ഒറ്റ അജണ്ടയെ ഉണ്ടായിരുന്നുള്ളൂ, ഗരുഡയുടെ മരണം, ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, കോലാർ ഖനിയുടെ അധീശത്വം. അതിനുള്ള മാർഗമായി അവർ ആൻഡ്രൂസിന്റെ പരിചയത്തിൽ, ബോംബെയിൽ നിന്നും ഒരു വാടകക്കൊലയാളിയെ ഇറക്കാനായി തീരുമാനിക്കുന്നു. ഷെട്ടി വഴിയുള്ള പരിചയം വച്ച് ആ നാൽവർ സംഘത്തെ പ്രതിനിധീകരിച്ച് ആൻഡ്രൂസ് റോക്കിയിലേക്കത്തുന്നു.

ബോംബേയിൽ തനിക്ക് പരമാധികാരം ലഭിക്കാനുതകുന്ന ആദ്യ പടിയെന്ന നിലയിൽ ആൻഡ്രൂസിന്റെ വാഗ്ദാനം ഏറ്റെടുക്കുന്ന റോക്കിയ്ക്ക് അപ്പോൾ താൻ പോകാനിരിക്കുന്ന സ്ഥലത്തെ പറ്റിയും അതിന്റെ അമാനുഷിക ചരിത്രത്തെ പറ്റിയും അറിയില്ലായിരുന്നു.ബോംബെയിൽ നിന്നും ബാംഗ്ലൂർ, അവിടെ നിന്നും കോലാർ, രാജേന്ദ്ര ദേശായിയും ആൻഡ്രൂസും അടങ്ങുന്ന സംഘമൊരുക്കുന്ന സ്വീകരണം, കൃത്യമായ നിരീക്ഷണങ്ങൾ, പിഴവില്ലാത്ത ആസൂത്രണം… റോക്കി കാത്തിരിക്കുകയായിരുന്നു, ഇതുവരെ കണ്ടിട്ടില്ലാത്ത തന്റെ ഇരയുടെ, ഗരുഡയുടെ വരവിനായി. പക്ഷെ അന്നേ വരെ അജയ്യനായി നിന്ന റോക്കിയെയും ആസൂത്രിതമായി കരുക്കൾ നീക്കിയ നാൽവർ സംഘത്തിനെയും ഒറ്റയടിക്ക് മറിച്ചിട്ടു കൊണ്ടായിരുന്നു ഗരുഡ അവരിലേക്ക് കടന്നു വരുന്നത്. അധികാരത്തിന്റെയും ശക്തിയുടെയും വ്യക്തമായ കൈയ്യൊപ്പ് ചാർത്തി, കൊല്ലാൻ കാത്തിരുന്നവരെ ഒരു വിരലുപോലും അനക്കാൻ വയ്യാത്ത വിധത്തിൽ നിഷ്പ്രഭരാക്കി ഗരുഡ രംഗത്ത് നിന്നും നിഷ്ക്രമിച്ചപ്പോൾ… തോറ്റുപോയി, എല്ലാവരും.

മുറിവേറ്റ സിംഹത്തിന്റെ ശ്വാസം അതിന്റെ ഗർജനത്തേക്കാൾ ഭീതിജനകമായിരിക്കുമെന്ന് റോക്കിയ്ക്ക് പലരെയും കാണിച്ചു കൊടുക്കേണ്ടതുണ്ടായിരുന്നു. അതിനപ്പുറം ബോംബെയിൽ താൻ കണ്ടു മറന്ന, സ്വർണമടങ്ങിയ പെട്ടികളിലെ അടയാളങ്ങൾ ഇങ്ങിവിടെ കോലാറിൽ കണ്ടതിന്റെ പുറകിലെ രഹസ്യവും അവന് കണ്ടെത്തേണ്ടതുണ്ടായിരുന്നു. റോക്കി തയ്യാറെടുക്കുകയിരുന്നു. തന്റെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ, മരണക്കിടയിൽ അമ്മയ്ക്ക് നൽകിയ വാക്കിന്റെ പൂർണതയിലെത്താൻ, തന്നെ വിളിച്ചു വരുത്തിയവർക്ക് മുന്നിൽ രുചിച്ച പരാജയത്തിന്റെ കയ്പ്പു മാറ്റാൻ, ഏവരും പേടിസ്വപ്നമായി കരുതുന്ന ആ ഖനിയിലേക്ക് പോയി അവിടെ വച്ചു ഗരുഡയെ കൊന്ന് കണക്കുകൾ തീർക്കാൻ…

പുറം ലോകമറിയാത്ത ഒരു സ്ഥലത്തേയ്ക്ക്, നിയമത്തിന്റെയും ഭരണവ്യവസ്ഥയുടെയും നിയന്ത്രണങ്ങൾ കൊണ്ടുണ്ടാക്കിയ വേലികൾക്ക് അപ്പുറത്തുള്ള ഒരിടത്തേയ്ക്ക് ബലം പ്രയോഗിച്ചു പിടിച്ചു കൊണ്ട് വന്ന സാധുക്കളെ രക്തം വിയർപ്പാക്കി മാറ്റി പണിയെടുപ്പിക്കുന്ന, സഹജീവിസ്നേഹം, ദയ, മനുഷ്യത്വം എന്നിവയെന്താണെന്ന് അറിയുകപോലുമില്ലാത്ത, ഗരുഡയുടെ ക്രൂരന്മാരായ ശിങ്കിടികളും അവർക്ക് കീഴിൽ സർവവും ത്യജിച്ച് അടിമകളായി ജീവിക്കുന്ന ഒരുകൂട്ടം ജനങ്ങളുടെയും ഇടയിലേക്കാണ് റോക്കി പോകാൻ ഒരുങ്ങുന്നത്. ഉള്ളിൽ എന്തെന്നറിയില്ല, കാര്യങ്ങൾ എങ്ങനെയെന്നറിയില്ല, തിരിച്ചെങ്ങനെ വരാനാകുമെന്നറിയില്ല… എന്നാലും മനസിലെ തീയിലിട്ട് ഉരുക്കിയെടുത്ത ലക്ഷ്യങ്ങളുടെ ഉറപ്പു പരിശോധിക്കാൻ അവന് പോയെ പറ്റൂ.

കല്ലിനും മണ്ണിനോടും മല്ലിട്ട് അവയിൽ നിന്നും സ്വർണത്തരികളെ മറ്റാർക്കോ വേണ്ടി കണ്ടെത്താൻ ജീവിതം ഹോമിച്ചവർക്കിടയിലേക്ക്, അവരിൽ ഒരുവനായി, നിശബ്ധനായി റോക്കി കോലാറിന്റെ പൊടിപടങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്നു. ആ ഖനിയെയും അതിന്റെ ഭൂപ്രകൃതിയെയും സുരക്ഷാക്രമീകരണങ്ങളെയും പറ്റി പഠിക്കാൻ, അവിടന്ന് കിട്ടുന്ന പാഠങ്ങളിൽ നിന്നും ആസൂത്രിതമായ മറ്റൊരു കൊലപാതക ശ്രമത്തിൽ ഗരുഡയെ ഇല്ലാതാക്കുക എന്നത് മാത്രമായിരുന്നു റോക്കിയുടെ ലക്ഷ്യം. എന്നാൽ അവിടെ റോക്കിയെ വരവേറ്റത് ദൈന്യതയും നിസ്സഹായതയും ചങ്ങലകളിലാക്കിയ ഒരുപാട് ജന്മങ്ങളാണ്. തോക്കിൻ മുനകളിൽ അധികാരത്തിന്റെ വന്യഭാവങ്ങൾ സൂക്ഷിച്ച, ഗരുഡന്റെ ഭടന്മാർ മനുഷ്യരായി പോലും കണക്കാക്കാത്ത ജന്മങ്ങൾ. വർഷങ്ങളും പതിറ്റാണ്ടുകളുമായി കോലാറിന്റെ പുറത്തുള്ള കാര്യങ്ങൾ എന്താണെന്നറിയാത്ത ജന്മങ്ങൾ, അവിടെ ജനിച്ചു വീഴുന്നത് പെൺകുട്ടിയാണെങ്കിൽ അതിനെ സ്വന്തം കൈകൊണ്ട് ഞെരിച്ചു കൊല്ലേണ്ടി വരുന്ന അമ്മമാരുടെ ജന്മങ്ങൾ, ജോലിയ്ക്കിടയിൽ മുറിവേറ്റാൽ അതിന് ശുശ്രൂഷ ലഭിക്കാതെ ജോലി ചെയ്യാൻ യോഗ്യരല്ലാത്തവർ എന്നു മുദ്ര കുത്തി മരണത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ വിധിയ്ക്കപ്പെട്ടവരുടെ ജന്മങ്ങൾ, ഒരു ദിവസത്തിന്റെ അർധഭാഗവും ഇടതടവില്ലാതെ അധ്വാനിക്കാൻ മാത്രം തടവിലാക്കപ്പെട്ട ജന്മങ്ങൾ…ചുറ്റും നടക്കുന്ന മൃഗീയമായ അന്യായങ്ങൾ കണ്ടില്ലെന്ന് നടിയ്ക്കാൻ പറ്റുന്നത്ര ശ്രമിച്ച റോക്കിയ്ക്ക് ഒരിക്കൽ അവിടെയുള്ള ഒരു ഭ്രാന്തന്റെ കഥ കേൾക്കേണ്ടി വന്നു. ആ ഖനിയിലെ ചുടുകാട്ടിൽ ജീവിതം ഹോമിക്കേണ്ടി വന്ന ജന്മങ്ങൾക്ക് രക്ഷകനായി വന്ന ഒരു വീരന്റെ കഥ. വിധിയുടെ ചങ്ങല മുറിച്ച് നെഞ്ചു വിരിച്ച് അഭിമാനപൂർവം തലയുയർത്തിയ നിമിഷങ്ങളിൽ, മാഹാത്മ്യമേറിയ ഒരമ്മയിൽ നിന്നും ജാതനായ, ഉലകത്തിൽ തുടിച്ച ശൈവതാളം പോലെ, അശാന്തിയുടെ മേൽ ഇലങ്കാറ്റായി വീശിയ ശാന്തി മന്ത്രം പോലെ, ശനിശാപ ദുരിതം തീർക്കാൻ വന്ന അവതാരം പോലെ, മരണത്തെ മുന്നിൽ കണ്ട കാലം കഴിഞ്ഞെന്നു പറയാൻ, മരണത്തെ തോൽപ്പിച്ച സുൽത്താനെ പോലെ, വേട്ടക്കാരെ വേട്ടയാടാൻ വന്ന മഹാവേട്ടക്കാരന്റെ കഥ…

അവിടെ ഒരു നായകൻ ജനിക്കുകയായിരുന്നു. കാരണമെന്തെന്നറിയാതെ പേരും പെരുമയും നേടാൻ മാത്രം ഒരുവനെ കൊല്ലാൻ വന്ന സാഹസികനിൽ നിന്നും തനിക്ക് പിന്നിൽ അണിനിരന്ന ജീവിതങ്ങളെ നയിക്കുന്ന, താൻ മുന്നിൽ നിന്ന് നയിച്ചാൽ മരണത്തെ വീരമായി എതിർക്കാൻ കെൽപ്പുള്ള ഒരു പടയുടെ അധിപനായ, സമ്പത്തെന്നാൽ കൂമ്പാരം കണക്കിനുള്ള സ്വർണമോ അധികാരം എന്നാൽ ആജ്ഞാപിച്ചാൽ തല കുനിച്ചു മുന്നിൽ നിൽക്കുന്ന അടിമക്കൂട്ടത്തെ ഉണ്ടാക്കലോ, വീരനെന്നാൽ ശത്രുവിനെ കൊന്നുതള്ളൽ മാത്രമോ അല്ലെന്ന് മനസിലാക്കിയ ഒരു നായകന്റെ ജനനം. ആ നായകത്വത്തിന് ഒരു തിലകക്കുറി കൂടെ വേണമായിരുന്നു. കോലാറിലെ നിസ്സഹായ ജന്മങ്ങളുടെ ഒക്കെ കാരണഭൂതൻ ഗരുഡന്റെ അന്ത്യം….
ഒടുവിലൊരു രാത്രിയിൽ അതും സംഭവിച്ചു. ഒന്നൊന്നായി സൈന്യത്തെയും സേനാപതികളെയും ചവിട്ടി മെതിച്ചും കബളിപ്പിച്ചും മുന്നേറി ഉഗ്രരൂപിണിയായ കാളിമാതാവിന്റെ ശിലാരൂപത്തിന് മുന്നിൽ തന്റെ പിന്നിൽ അണിനിരന്ന ജനക്കൂട്ടത്തെ സാക്ഷികളാക്കി റോക്കി ഗരുഡന്റെ തലയറുത്തു….!
കെട്ടുകഥകളെ യാഥാർഥ്യമാക്കി മാറ്റി, നിയമപാലകരുടെ പട്ടികയിൽ കുറ്റവാളിയായി നിന്നവൻ ജനഹൃദയങ്ങളിലേക്ക് നെടുനായകനായി നടന്നു കയറുകയായിരുന്നു…
ഇതാണ് ആദ്യത്തെ അധ്യായം…

കഥ, ഇനിയാണ് ആരംഭിക്കുന്നത്….
നീണ്ടു കിടക്കുന്ന സ്വർണപ്പാടങ്ങളെ പാശ്ചാത്തലമാക്കി, തന്റെ നായകത്വത്തിൽ കൂടെ കൂടിയ ജനസാഗരത്തെയും കൂട്ടി വരുന്ന റോക്കിയ്ക്ക് ഇനി എതിരിടാനുള്ളത് ഗരുഡന്റെ മരണശേഷം കോലാറിനെ സ്വന്തമാക്കാൻ കാത്തിരിക്കുന്ന കമൽ-ആൻഡ്രൂസ്-രാജേന്ദ്ര ദേശായി-ഗുരു പാണ്ഡ്യൻ സംഘത്തെയും, തക്കം നോക്കി പത്തിയ്ക്കടിക്കാൻ കോലാറിലെ സ്വർണശേഖരത്തിൽ കണ്ണുനട്ടിരിക്കുന്ന ഇനായത്ത് ഖലീലിനെയും, ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിമിനലിനെ വേട്ടയാടാൻ സർവസന്നാഹങ്ങളുമായി ഇറങ്ങിയ റമിക സെൻ എന്ന പ്രധാനമന്ത്രിയേയും, ഒടുവിൽ നഷ്ടപ്പെട്ടുപോയ തന്റെ സാമ്രാജ്യം വീണ്ടെടുക്കാൻ വരുന്ന അധീരയെയുമാണ്….
History tells us, that
Powerful people come from Powerful places…
History, was wrong…
Powerful people… Make places… Powerful…
Only hours to Go for Chapter 2….

Leave a Reply
You May Also Like

മാസ് ഗെറ്റപ്പിൽ ജയം രവി (ഇന്നത്തെ പ്രധാന സിനിമാ വാർത്തകൾ )

പ്രേക്ഷകർക്ക് ഹരം പകർന്ന് ഹക്കീം ഷാജഹാൻന്റെ ‘കടകൻ’ലെ സെക്കൻഡ് സോങ്ങ് ‘അജപ്പമട’ പുറത്ത് ! ദുൽഖർ…

പ്രേക്ഷകനെ വിസ്മയിപ്പിക്കുകയാണ് പ്രസാദ് എന്ന കള്ളൻ

Rageeth R Balan കള്ളൻ പ്രസാദ് ❣️ “നമ്മളൊക്കെ ഒരു പണിക്കു ഇറങ്ങുമ്പോ.. കട്ടരോണ്ട്.. സോഫ്റ്റായിട്ട്……

200 കോടിയുടെ സ്വത്ത്.. ആഡംബര വീടുകൾ.. സ്വകാര്യ ജെറ്റ്.. തെന്നിന്ത്യയിലെ ഏറ്റവും ധനികയായ നടി..!

രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ ഈ നടി തെന്നിന്ത്യയിലെ ഏറ്റവും ധനികയായ…

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ അവരുടെ…