കോവിഡ് -19 ഹോട്ട്സ്പോട്ടുകൾക്ക് മസ്ജിദുകളുടെ പേരുനൽകിയതിലൂടെ യോഗി പറയാതെ പറയുന്നതെന്താണ് ?

37

Palghar lynching case: Yogi Adityanath dials Uddhav Thackeray ...Khaleel Kalanad

കോവിഡ് -19 ഹോട്ട്സ്പോട്ടുകൾക്ക് മസ്ജിദുകളുടെ പേരുനൽകിയതിലൂടെ യോഗി പറയാതെ പറയുന്നതെന്താണ് ?

മസ്ജിദ് അലി ജാനും സമീപപ്രദേശവും , മുഹമ്മദിയ മസ്ജിദും സമീപപ്രദേശങ്ങളും ,ഖജൂർ അലി മസ്ജിദും സമീപ പ്രദേശങ്ങളും ,ഫുൾബാഗ് നാസർ ബാഗ് മസ്ജിദും സമീപ പ്രദേശങ്ങളും.. ഇതൊക്കെ ഉത്തർ പ്രദേശ് സർക്കാർ ചില സ്ഥലങ്ങൾക്ക് പുതുതായി നൽകിയിരിക്കുന്ന പേരുകളാണ് .അല്ല ഇതെന്താ കഥ അല്ലെ .. മുസ്ലിം പേരുകളായതിനാൽ അലാഹാബാദ് എന്നത് മാറ്റി പ്രയാഗ്‌രാജ് എന്നും ഫൈസാബാദ് എന്നത് മാറ്റി അയോദ്ധ്യ എന്നും നഗരങ്ങൾക്ക് പുനർനാമകരണം ചെയ്ത യോഗി ആദിത്യനാഥിന് ഇതെന്തു പറ്റിയല്ലേ .

യോഗിക്ക് വെളിപാടുണ്ടായി ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്തതൊന്നുമല്ല .. കേരളമടക്കം രാജ്യത്തിൻറെ എല്ലാ സംസ്ഥാനങ്ങളിലും കൊറോണ കൂടുതൽ ബാധിച്ച മേഖലകളെ പ്രത്യേക ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ടല്ലോ , ഇന്ന ജില്ലയാണ് , ഇന്ന പഞ്ചായത്താണ് , ഇന്ന വില്ലേജാണ് ഹോട്ട്‌പോട്ടുകൾ എന്നാണ് അറിയിപ്പുകൾ വരാറുള്ളത് , അത് പോലെ ചെയ്തതാണ് യു പിയിലും .. ഒരു വ്യത്യാസം മാത്രം .. ജില്ലകളുടെയും പഞ്ചായത്തുകളുടെയും വില്ലേജുകളുടെയും പേരുകൾക്ക് പകരം യു പി സർക്കാർ ഹോട്സ്പോട്ടുകൾക്ക് മുസ്ലിം ആരാധനാലയങ്ങളുടെ പേരു നൽകിയെന്ന വ്യത്യാസം മാത്രം .

അതിലൂടെ ആദിത്യനാഥ്‌ എന്ന ആർ എസ് എസ് മുഖ്യമന്ത്രി എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായി കാണുമല്ലോ .. മനസ്സിലാവാത്ത ആളുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇസ്ലാംമത വിശ്വാസികളാണ് ഇന്ത്യയിൽ കോവിഡിന്റെ വാഹകരെന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളും ഹോട്സ്പോട്ടുകൾക്ക് മസ്ജിദുകളുടെ പേരു നൽകിയ നടപടികളും ചേരുംപടി ചേർത്തു ചിന്തിച്ചു നോക്കിയാൽ മനസ്സിലായിക്കൊള്ളും .

ഒരു മതവിഭാഗത്തെ അവഹേളിക്കുകയും അവരുടെ രാജ്യസ്നേഹം പോലും ചോദ്യം ചെയ്യുന്ന തരത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന യു പി സർക്കാരിന് മുന്നിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം സമർപ്പിക്കുന്നു .. എന്താണ് ഇന്ത്യയെന്നും എന്താണ് ഈ രാജ്യത്തിൻറെ പാരമ്പര്യമെന്നും ഇവർ ഒന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ .”ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്കായി സംവിധാനം ചെയ്യുവാനും;അതിലെ പൗരന്മാർക്കെല്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും;

ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉളള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും; അവരുടെയെല്ലാപേരുടെയുമിടയിൽ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിൻറെ ഐക്യവും സുനിശ്ഛിതമാക്കിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണ ഘടനനിർമ്മാണ സഭയിൽ ഈ 1949 നവംബർ 26-ാം ദിവസം ഇതിനാൽ ഈ ഭരണ ഘടനയെ സ്വീകരിക്കുകയും അധിനിയമം ചെയ്യുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.”