ഗണിതജ്ഞന്‍റെ കണക്ക് തെറ്റുമ്പോള്‍ !!

239

പതിനായിരക്കണക്കിന് ലൈക്കുകളുമായി ഫേസ്ബുക്കില്‍ കറങ്ങുന്ന ഒരു വീഡിയോ ആണിത്. മുന്നില്‍ ഇരിക്കുന്നവരുടെ അജ്ഞത മുതലെടുത്ത് കല്ലുവെച്ച നുണ അടിച്ചു വിട്ടു ചില രഹസ്യ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന ഇയാള്‍ ഇന്ന് ഇന്ത്യയിലെ തന്നെ വലിയ പ്രശസ്തിയും ആള്‍ബലവും ഉള്ള ഒരു വാഴ്ത്തപ്പെട്ടവന്‍ ആണ്. (അതുതന്നെയാകണം അജണ്ടയിലെ മുഖ്യ ഇനം, പ്രശസ്തി). രണ്ട് കാര്യങ്ങളാണ് അയാളുടെ പ്രധാന പിടിവള്ളികള്‍- ഒന്ന് അയാള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നവര്‍ക്ക് തീരെ അറിയില്ല. രണ്ട്, സ്വന്തം രാജ്യത്തോട് ജനങ്ങള്‍ക്കുള്ള വൈകാരിക അടുപ്പം. നമ്മുടേത് വലിയ മഹത്തായ പാരമ്പര്യമാണെന്ന് കേള്‍ക്കുമ്പോള്‍ തോന്നുന്ന അഭിമാനം കാരണം അയാള്‍ പറയുന്ന കാര്യങ്ങളില്‍ സംശയം തോന്നില്ല. ഇപ്പറഞ്ഞ കാര്യം പ്രശസ്തിയുടെ ആദ്യഘട്ടത്തില്‍ മാത്രം മതിയാകും. പ്രശസ്തനായിക്കഴിഞ്ഞാല്‍ പിന്നെ ഒരാള്‍ പറയുന്നതില്‍ ജനങ്ങള്‍ക്ക് തീരെ സംശയം തോന്നില്ല.

ഈ പരിപാടിയിലെ എന്റെ മുഖ്യ ഇനം അയാള്‍ പറഞ്ഞ ഞെട്ടിക്കുന്ന സത്യങ്ങളുടെ ഒരു സംപൂര്‍ണ പൊളിച്ചടുക്കല്‍ യജ്ഞമാണ്.  ദാ തുടങ്ങുന്നു

സത്യം 1: ‘ഫൂമി’ ഉരുണ്ടതാണെന്ന് 10000 വര്‍ഷങ്ങള്‍ക്ക് മുന്പ് നമ്മള്‍ ‘ഫാരതീയര്‍ക്ക്’ അറിയാമായിരുന്നു. കാരണം വിഷ്ണുവിന്റെ വരാഹാവതാരം ഭൂമിയെ വെള്ളത്തില്‍ നിന്നും പൊക്കിയെടുക്കുന്ന ചിത്രത്തില്‍ ഭൂമി ഉരുണ്ടതായാണ് കാണപ്പെടുന്നത്.

അല്ല ഒരു സംശയം, ഈ ഹിന്ദുക്കള്‍ക്ക് പഴയകാലം എന്ന് പറഞ്ഞാല്‍ 10000 വര്‍ഷത്തില്‍ കുറഞ്ഞ കണക്കൊന്നും ഇല്ലേ? ഇന്നാള് വേറൊരു മഹാനും പറയുന്ന കേട്ടു 10000 വര്ഷം മുന്‍പത്തെ കാര്യം. ഈ വരാഹാവതാരത്തെക്കുറിച്ചുള്ള ഏറ്റവും പഴയ സൂചന പോലും ക്രിസ്തുവിന് വെറും 500 വര്ഷം മാത്രം മുന്പ് എഴുതപ്പെട്ട ഛാന്ദോക്യോപനിഷത്തില്‍ ആണ്. അതായത് എങ്ങനെ കൂട്ടിയാലും 2500 വര്‍ഷത്തിന് മുകളില്‍ അത് പോവില്ല! വരാഹപുരാണം ഉള്‍പ്പടെയുള്ള പുരാണങ്ങള്‍ മിക്കതും എഴുതപ്പെട്ടത് ക്രിസ്തുവര്‍ഷം 3-5 നൂറ്റാണ്ടുകളില്‍ ഗുപ്ത കാലഘട്ടത്തില്‍ ആണ്. (ക്രിസ്ത്യാനികളെ സംബന്ധിച്ച് ആണെങ്കില്‍ ഭൂമി ഉണ്ടായിട്ട് തന്നെ വെറും 6000 വര്‍ഷമേ ആയിട്ടുള്ളൂ. അപ്പോഴാണ് ഹിന്ദുക്കള്‍ 10000 വര്‍ഷം മുന്പ് എഴുതിയ പൊത്തകത്തിന്റെ കണക്ക് പറയുന്നത്). മറ്റൊന്നുള്ളത് വരാഹപുരാണത്തില്‍ ഭൂമി എന്ന് സൂചിപ്പിക്കുന്നതല്ലാതെ അത് പരന്നത് എന്നോ ഉരുണ്ടത് എന്നോ പറയുന്നില്ല. ഇവിടെ സാര്‍ ചൂണ്ടിക്കാണിക്കുന്ന ചിത്രങ്ങള്‍ വളരെ അടുത്ത കാലത്ത് വരയ്ക്കപ്പെട്ടതാണ്. വികിപീഡിയയില്‍ കാണുന്ന 1923 ല്‍ വരയ്ക്കപ്പെട്ട വരാഹാവതാര ചിത്രത്തില്‍ ഭൂമിയ്ക്ക് ഒരു മലയുടെ രൂപം ആണെന്നത് കൂടി ശ്രധിക്കുമ്പോള്‍ സാറിന്റെ ഉദ്ദേശം വ്യക്തമാവും. ഇതൊക്കെ പോട്ടെ, ഈ പറയുന്ന സംഗതി ഒക്കെ സത്യമാണെന്ന് സമ്മതിച്ചാല്‍ തന്നെ ഭൂമിയെ ഏതോ കടലില്‍ നിന്നും പൊക്കിയെടുത്തു എന്ന് പറയുന്ന ഭൂലോക വിഡ്ഢിത്തത്തെ കുറിച്ച് സാറിന് ഒന്നും പറയാനില്ല. ഭൂമിയെ മുക്കാന്‍ പോന്ന ആ കടല്‍ എവിടെയാണാവോ?

കഴിഞ്ഞില്ല, ഫാരതത്തിലെ പഴയ പുലികളുടെ മഹത്വം കാണിക്കാന്‍ സാര്‍ യൂറോപ്യന്‍മാര്‍ക്കിട്ട് ഒരു താങ്ങും കൊടുക്കുന്നുണ്ട്. അപ്പോളോ മിഷന്‍ (1970’s) എടുത്ത ഭൂമിയുടെ ചിത്രം കാണുന്നതുവരെ ഭൂമി ഉരുണ്ടതാണെന്ന് യൂറോപ്യന്‍മാര്‍ക്ക് അറിയില്ലായിരുന്നു എന്ന്. തള്ളുമ്പോള്‍ ആഞ്ഞു തള്ളണമല്ലോ അല്ലേ? പണ്ട് പതിനഞ്ചാം നൂറ്റാണ്ടില്‍ മഗല്ലന്‍ കപ്പലില്‍ യാത്ര പോയ കഥ സ്കൂള്‍ മുതല്‍ പഠിക്കുന്ന ചേട്ടന്‍മാര്‍ ആണ് മുന്‍പില്‍ ഇരുന്ന്‍ ഈ സാറിന് കൈയടിക്കുന്നത് എന്നോര്‍ക്കണം.

സത്യം 2: തിളക്കത്തില്‍ 15-ആം സ്ഥാനത്ത് നില്‍ക്കുന്ന അന്‍റാറസ് നക്ഷത്രത്തെ ജ്യേഷ്ഠ എന്ന് നമ്മള്‍ വിളിച്ചത് അത് സൂര്യനെക്കാള്‍ 40,000 മടങ്ങ് വലിപ്പമുള്ള, ആകാശത്തെ ഏറ്റവും വലിയ നക്ഷത്രമായതുകൊണ്ടാണ് .

നമ്മുടെ വൃശ്ചികം രാശിയിലെ ഏറ്റവും തിളക്കമുള്ള Antares നക്ഷത്രം ആകാശത്ത് 15-ആമത്തെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ്. പക്ഷേ അതിന് സൂര്യനെക്കാള്‍ വെറും 880 മടങ്ങ് മാത്രമാണ് വലിപ്പം. ഈ 40,000 എന്ന നമ്പര്‍ ഒക്കെ സാറിന്റെ ഒരു ‘നമ്പര്‍’ ആണ്. തിളക്കത്തില്‍ എട്ടാമത് നില്‍ക്കുന്ന, ഒറിയോണ്‍ നക്ഷത്രഗണത്തിലെ Betelgeuse നക്ഷത്രം പോലും സൂര്യനെക്കാള്‍ 1200 മടങ്ങ് വലിപ്പമുള്ളതാണ്. അതിനെയോ സൂര്യനെക്കാള്‍ 1500 മടങ്ങ് വലിപ്പമുള്ള CY Canis Majoris എന്ന നക്ഷത്രത്തെയോ പോലും ‘പഴയ പുലികള്‍’ ജ്യേഷ്ഠ എന്ന് വിളിച്ചില്ലല്ലോ! ഇനിയിപ്പോ ജ്യേഷ്ഠ എന്ന് വിളിക്കാതിരിക്കാന്‍ ഇവരെല്ലാം അച്ഛന്റെ മുന്‍ ഭാര്യയില്‍ ഉണ്ടായ മക്കളാണോ?

സത്യം 3: മിക്ക ഇരട്ടനക്ഷത്രങ്ങളും ഒരെണ്ണം മറ്റേതിനെ ചുറ്റി കറങ്ങുന്നതായാണ് കാണപ്പെടുന്നത് (ചിത്രം കാണിക്കുന്നു). എന്നാല്‍ അരുന്ധതി-വസിഷ്ഠ നക്ഷത്ര ജോഡികള്‍ പരസ്പരം കറങ്ങുകയാണ് ചെയ്യുന്നത്. ഇതും നമ്മള്‍ ആയിരക്കണക്കിന് വര്‍ഷം മുന്‍പേ മനസിലാക്കി അവരെ ഭാര്യാഭര്‍ത്താക്കന്‍മാര്‍ ആയി സങ്കല്‍പ്പിച്ചു.

ഗണപതിക്ക് വെച്ചതേ കാക്ക കൊണ്ടുപോയി സാര്‍! സാര്‍ പറഞ്ഞപോലെ മിക്ക നക്ഷത്രജോടികളും ഒന്ന് മറ്റൊണിനെ ചുറ്റുന്ന രീതിയില്‍ അല്ല എന്നുമാത്രമല്ല, എല്ലാ നക്ഷത്രജോടികളും അവയുടെ പൊതുവായ ഗുരുത്വകേന്ദ്രത്തെയാണ് ചുറ്റുന്നത്. നക്ഷത്രങ്ങള്‍ മാത്രമല്ല, ഭൂമി-ചന്ദ്രന്‍ ഉള്‍പ്പെടെ കറങ്ങുന്ന എല്ലാ ആകാശഗോളങ്ങളും ഇത് തന്നെയാണ് ചെയ്യുന്നത്. ഭൂമി-ചന്ദ്രന്‍മാരുടെ കാര്യത്തില്‍ ഗുരുത്വകേന്ദ്രം ഭൂമിയുടെ ഉള്ളില്‍ ആയതുകൊണ്ട് ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതായി നമുക്ക് തോന്നുന്നു. സൌരയൂദത്തിന്റെ മൊത്തം ഗുരുത്വകേന്ദ്രം സൂര്യന്റെ ഉള്ളില്‍ ആയതുകൊണ്ട് മാത്രമാണ് ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുന്നതായി കാണുന്നത്. യഥാര്‍ത്ഥത്തില്‍ സൂര്യന്‍ ഉള്‍പ്പെടെ എല്ലാവരും ഒരു പൊതു ഗുരുത്വകേന്ദ്രത്തിന് ചുറ്റും കറങ്ങുകയാണ് ചെയ്യുന്നത്. ഏറ്റവും കോമണ്‍ എന്നുപറഞ്ഞു സാര്‍ കാണിക്കുന്ന ആദ്യ ചിത്രം പൊട്ടത്തെറ്റാണു.

ഇനി വസിഷ്ഠ-അരുന്ധതിമാരുടെ കാര്യം. Ursa Major എന്ന ഗണത്തിലെ Mizar-Alcor ജോഡികളെ ആണ് ഈ പറയുന്ന വസിഷ്ഠ-അരുന്ധതിമാര്‍ ആയിട്ട് ഭാരതീയജ്യോതിഷികള്‍ വിളിച്ചത്.  ഇവരെ രണ്ട് നക്ഷത്രങ്ങള്‍ ആയി തിരിച്ചറിഞ്ഞു അവരെ ദമ്പതികള്‍ ആയി കണക്കാക്കി എന്നതാണ് പഴമയുടെ മഹത്വമായി സാര്‍ പറയുന്നത്. മിക്ക ഇരട്ട നക്ഷത്രങ്ങളെയും വെറും കണ്ണുകൊണ്ട് രണ്ടായി തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ, പണ്ട് മുതലേ കണ്ണിന്റെ കാഴ്ച പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഒരു ലോക്കല്‍ ടെസ്റ്റ് ആണ് Mizar-Alcor ജോഡികളെ വേര്‍തിരിച്ചു കാണാന്‍ കഴിയുമോ എന്ന് നോക്കുന്നത്. ആവേറേജ് കാഴ്ചശക്തി ഉള്ള ഏതൊരാള്‍ക്കും നല്ല ആകാശത്തില്‍ ഇവയെ രണ്ടായി തിരിച്ചറിയാന്‍ കഴിയും. അതിന് അതിഭയങ്കരമായ ദൈവീകശക്തി വേണം എന്നാണ് സാര്‍ ഇവിടെ അര്‍ഥമാക്കുന്നത്. പക്ഷേ പിന്നീട് ശാസ്ത്രം കണ്ടെത്തിയത് Mizar-Alcor എന്നത് രണ്ട് നക്ഷത്രങ്ങള്‍ അല്ല, മറിച്ച് 6 നക്ഷത്രങ്ങള്‍ ഉള്‍പ്പെട്ട ഒരു വ്യൂഹമാണെന്നാണ്. ആറുപേര്‍ ഉള്‍പ്പെടുന്ന ഒരു വിവാഹബന്ധം സാര്‍ എങ്ങനെ വിശേഷിപ്പിക്കുമോ എന്തോ!

IIT യില്‍ നിന്നും Mathematics ഇല്‍ MSc എടുത്ത സാര്‍ ഇതൊന്നും Maths സിലബസില്‍ ഇല്ലായിരുന്നു എന്നുപറഞ്ഞു ഒഴിഞ്ഞുമാറുമോ?