മതിലും മതവും കൊണ്ട്‌ മനുഷ്യരെ വിഭജിച്ച രാജ്യത്ത്, വായിൽ വിരലിട്ട പ്രതിപക്ഷമുള്ള രാജ്യത്ത്, കേരളത്തെ കുറിച്ച് ചരിത്രം പറയും

117

Kiran A R

ആറേഴ് വർഷം മുമ്പാണ്. എഞ്ചിനീയറിങ്ങ് കോളേജിലെ പഴയ എസ് എഫ് ഐ ക്കാരനാണെങ്കിലും അന്ന് ഇടതുപക്ഷത്തെ വിമര്‍ശിച്ചു നന്നാക്കാനുള്ള ലിബറൽ ആശയങ്ങളോടാണ് കൂടുതൽ അടുപ്പം. വി എസ് പക്ഷക്കാരനായിരുന്നു. കാരണമെന്താ, പിണറായിയെ കുറിച്ച് ആകെ അറിയാവുന്നത് പത്രങ്ങൾ ദിവസേന വിളമ്പിവെച്ചിരുന്ന ലാവ്ലിൻ കേസും ധാര്‍ഷ്ട്യവും മാത്രം.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഇറങ്ങിയ സമയം. നാലാം ദിവസം സിനിമ കണ്ടു. നിര്‍ത്താതെ കൈയടിച്ചു. ഐഡിയല്‍ കമ്മ്യൂണിസം ഇങ്ങനെയായിരിക്കണമെന്ന് ഉള്ളുകൊണ്ടഭിമാനിച്ചു. രോമാഞ്ചം കൊണ്ടു.
സിനിമയ്ക്ക് കൂട്ടു വന്ന ഏറ്റവും അടുത്ത കൂട്ടുകാരൻ മാത്രം കൈയടിച്ചില്ല. പകരം, പടം കഴിഞ്ഞിറങ്ങി നാല്‍പത് മിനിറ്റ് ക്ലാസെടുത്തു. അതിൽ പിണറായി വിജയനുണ്ടായി, അയാളുടെ ജീവിതവും സമരങ്ങളുമുണ്ടായി, അടിയന്തിരാവസ്ഥക്കാലത്തെ ചോരക്കറ പുരണ്ട പ്രസംഗമുണ്ടായി, തലശ്ശേരി കലാപമുണ്ടായി, നാല്‍പത് മണിക്കൂറുകൊണ്ട് പറഞ്ഞുതീർക്കാൻ കഴിയാത്ത മാദ്ധ്യമങ്ങളുടെ വേട്ടയാടൽ കഥകളുണ്ടായി. ആദ്യമായി എനിക്കൊരു ഞെട്ടലുണ്ടായി.
അവിടുന്നങ്ങോട്ട് അയാളുടെ ജീവിതത്തെ, രാഷ്ട്രീയ ഭൂമികയെ അറിയാനുള്ള ശ്രമം തുടങ്ങിവെച്ചു. കണ്ണൂരിലെ കയ്യൂരിലെ തൃക്കരിപ്പൂരിലെ ധര്‍മടത്തെ നേരുള്ള സഖാക്കൾ കഥ പറഞ്ഞു, പുസ്തകങ്ങൾ മുതൽ ഫേസ്ബുക്ക് രാഷ്ട്രീയ എഴുത്തുകള്‍ വരെ പരതിപ്പരതി വര്‍ഷം രണ്ട് കഴിഞ്ഞു. യുക്തിയും അജണ്ടയും വേര്‍തിരിച്ചു കാണാന്‍ പഠിച്ചു. സത്യാനന്തരകാലത്തെ സോഷ്യൽ ഓഡിറ്റിങ്ങ് ഇടതുപക്ഷത്തിന്റെ മാത്രം ഗതികേടെന്നറിഞ്ഞു. പണ്ട് സ്പെല്ലിങ് മാത്രമറിയാമായിരുന്ന ലാവ്ലിന്‍ കേസും ധാര്‍ഷ്ട്യവും ചിരിക്കാത്ത മുഖവും ലക്ഷ്വറി ബംഗ്ലാവും, മനോ-മാതൃ മാധ്യമങ്ങൾ എഴുതിത്തുലച്ച കഥകളിൽ പലതു മാത്രമെന്നറിഞ്ഞു. പിണറായി വിജയൻ അന്നാദ്യമായി എനിക്ക് കൊള്ളാവുന്നൊരു നേതാവായി. പിണറായി വിരുദ്ധനായ ഇടതുപക്ഷ ലിബറലെന്ന നാറിയ ടാഗ് ചവറ്റുകുട്ടയിലിട്ട് ഞാൻ അന്നാദ്യമായി ഇടതൻ മാത്രമായി.

എണ്ണത്തിലും വണ്ണത്തിലുമവസാനിക്കാത്ത അഴിമതിയില്‍ മുങ്ങിക്കുളിച്ച് നാട് മുടിച്ച് മുച്ചൂടും മൂടിയ ഭരണം മടുത്ത ജനങ്ങൾ നിയമസഭയില്‍ ഇടതുപക്ഷത്തിന് വോട്ടിട്ടു. അടിമുടി പാർട്ടിക്കാരനായ ഒരു നേതാവ് അങ്ങനെ നാടിന്റെ ഇരുപത്തിരണ്ടാമത് മുഖ്യമന്ത്രിയായി. അയാള്‍ക്ക് നയിക്കാനും പണിയെടുപ്പിക്കാനും കറ പുരളാത്തൊരു മന്ത്രിസഭയുണ്ടായി.തറക്കല്ലും താക്കോലും മാത്രം ഉണ്ടാക്കിവെച്ച് സോളാര്‍ സർക്കാർ ഉദ്ഘാടനപ്രഹസനം നടത്തിയ കണ്ണൂർ എയർ പോര്‍ട്ടിൽ പണിയറിയാവുന്ന മുഖ്യമന്ത്രി വന്നപ്പോ കാര്യം നടന്നു. വിമാനം പറന്നു.

പരീക്ഷാപേപ്പർ ചോർന്നപ്പോളും പുസ്തകങ്ങൾ സമയത്തിന് കിട്ടാതിരുന്നപ്പോളും സർക്കാർ സ്കൂൾ അടച്ചുപൂട്ടിയപ്പോളും മാത്രം വാര്‍ത്തകളില്‍ ഇടം പിടിച്ച് ശീലിച്ച വിദ്യാഭ്യാസരംഗത്ത്‌ വിപ്ലവം വന്നു. സ്മാര്‍ട്ട് ക്ലാസ് മുറികള്‍ വന്നു. പുസ്തകങ്ങൾ മുൻകൂർ വന്നു. പൂട്ടാനിരുന്ന കാരപ്പറമ്പ് സർക്കാർ സ്കൂളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ വന്നു. ചേര്‍ന്നു പഠിക്കാൻ പുതിയ കുട്ടികൾ ക്യൂ നിന്നു. നാട് ഒന്നാമതായി നെഞ്ചുവിരിച്ച് നിവര്‍ന്ന് നിന്നു.

ആരോഗ്യമേഖലയില്‍ മുൻകാല മാതൃകകളില്ലാത്ത കുതിച്ചുചാട്ടം കണ്ടു . സർക്കാർ മെഡിക്കൽ കോളേജുകളിൽ വൃത്തിയും കൊള്ളാവുന്ന നിലവാരവും വന്നു. ആലപ്പുഴയിലൊരു വൈറോളജി ലാബ് വന്നു. രാത്രി ഒന്നരമണിക്ക് അടിയന്തിരയോഗം കൂടിയും, പാതിരാത്രിയിലും പുലര്‍ച്ചെയും ഫോണിന് മുന്നില്‍ കുത്തിയിരുന്നും, ഫേസ്ബുക്ക് പേജിലെ പരാതികള്‍ക്കടക്കം പരിഹാരം കണ്ടും, നിപ്പയെയും കൊറോണയെയും വന്നപോലെ മടക്കിയയക്കാൻ മുന്നില്‍ നിന്ന, 600 കോടിയുടെ അഴിമതി നടത്താത്തൊരു ആരോഗ്യമന്ത്രിയെ നാടും നാട്ടാരും കണ്ടു.

സ്ത്രീകള്‍ക്ക് ആദ്യമായി ഇവിടെയൊരു സർക്കാരുണ്ടായി. തൊഴിലാളികൾക്ക് ഇരിപ്പവകാശമുണ്ടായി. ആർത്തവം പെണ്ണിന് അശുദ്ധിയല്ലെന്ന് ഉറക്കെപ്പറയാൻ മുഖ്യനുണ്ടായി. സ്വകാര്യമേഖലയിലെ അധ്യാപകര്‍ക്ക് പ്രസവാവധിയുണ്ടായി. പെണ്ണിന് പേടിക്കാതെ രാത്രിയിറങ്ങിനടക്കാൻ ആദ്യ കാല്‍വെയ്പ്പുണ്ടായി. ഒറ്റയ്ക്ക് നഗരത്തിലെത്തുന്ന പെണ്ണുങ്ങൾക്ക് താമസിക്കാൻ ‘എന്റെ കൂടും’ ഷീ ലോഡ്ജുകളുമുണ്ടായി. പൊതുവഴിയിൽ 12000 ശുചിമുറികൾ നിർമ്മിക്കാൻ ആദ്യ നടപടികളുണ്ടായി.
അധികാരമേറ്റ മൂന്നാം വര്‍ഷം ഒരു ലക്ഷം പട്ടയങ്ങൾ ഭൂരഹിതർക്ക് നല്‍കിയ വാർത്ത വന്നു. അന്നോളം നരകയാതന അനുഭവിച്ച് തീവണ്ടിയുടെ ജനറൽ കമ്പാര്‍ട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന കായികതാരങ്ങളെ, മുഹമ്മദലിയെ അറിയാത്ത കായികമന്ത്രി വിമാനത്തില്‍ പറഞ്ഞയച്ചു. അച്യുതാനന്ദന്‍ ഭരിച്ച സമയം ലാഭത്തിലായ, പിന്നീട് കോണ്‍ഗ്രസ്സ് ഒന്നൊഴിയാതെ നഷ്ടത്തിലാക്കിയ പരമ്പരാഗത വ്യവസായങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും വീണ്ടും ലാഭത്തിൽ വന്നു. കേരളാബാങ്കും ഇടമണ്‍ പവര്‍ ഗ്രിഡും വന്നു. കഴിഞ്ഞ സർക്കാർ പൂട്ടിക്കെട്ടി പറഞ്ഞയച്ച ഗെയിൽ പദ്ധതി വന്നു. കക്കാനും ഗ്രൂപ്പ് കളിക്കാനും കുതികാൽവെട്ടാനും മാത്രം പഠിച്ച കൂട്ടർ കുരു പൊട്ടിയിരുന്നു.

മുടി ചീകിവെക്കാൻ പോലും സമയമില്ലാത്ത ജനസേവനത്വരയുടെയും ജനറൽ കമ്പാർട്ട്മെന്റിലെ ഉറക്കത്തിന്റെയും ഫോട്ടോഷൂട്ട് മാമ്മന്‍ മാപ്പിള വഴി നാട്ടുകാരെക്കാണിച്ച് പാവപ്പെട്ടവന്റെ ഹീറോ ആകുന്ന പുതുപ്പള്ളി ഉടായിപ്പ് ശീലമില്ലാത്ത മുണ്ടയിൽ കോരന്റെ മകനെ നിലപാടും വര്‍ഗബോധവും മാത്രം മുന്നോട്ട് നയിച്ചപ്പോൾ ഇവിടെ വികസനമുണ്ടായി. രണ്ട് പ്രളയം വന്നു മൂടിയിട്ടും കൊച്ചുകേരളം തുടരെത്തുടരെ ദേശീയ ശരാശരിയുടെ മുകളില്‍ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. ഇടത് ബദലെന്നൊരു നയമുണ്ടായി. പത്രപ്പരസ്യം കൊടുക്കാതെ തന്നെ അത് തിരിച്ചറിയാൻ മനുഷ്യരുണ്ടായി. സാധാരണക്കാരന്റെ ജീവിത സാഹചര്യത്തിനൊരു മുന്നോട്ടുപോക്കുണ്ടായി.
ഈ സര്‍ക്കാരിന് പിഴവുകള്‍ പറ്റിയില്ലെന്നല്ല.

പിഴവുകൾ സംഭവിക്കാത്ത, തെറ്റുപറ്റാത്തൊരു ഭരണകൂടവും ഇന്നേവരെ ലോകചരിത്രത്തിൽ ഉണ്ടായിട്ടില്ല, അങ്ങനെയുണ്ടാകാൻ ജനാധിപത്യം മുതൽവൻ സിനിമയുമല്ല. പക്ഷേ സമീപകാല കേരളചരിത്രത്തിലെങ്ങും പിഴവുകള്‍ക്കപ്പുറം പറയാൻ കൊള്ളാവുന്ന നേട്ടങ്ങൾ സമ്മാനിച്ച ഒരു ഭരണകൂടവും, നിലപാട് മറക്കാത്തൊരു മുഖ്യമന്ത്രിയുമുണ്ടായിട്ടില്ലെന്ന് അടിസ്ഥാനവര്‍ഗത്തിനറിയാം, വാര്‍ദ്ധക്യ പെൻഷൻ വാങ്ങുന്നവര്‍ക്കറിയാം, കുടുംബശ്രീ ഹോട്ടലുകളില്‍ ചെറിയ പൈസയ്ക്ക് വിശപ്പ് മാറ്റുന്നവര്‍ക്കറിയാം, തണല് പറ്റിയവര്‍ക്കറിയാം.

പിണറായി വിരുദ്ധനായ ഇടതുപക്ഷ ലിബറലെന്ന നാറ്റം ഉപേക്ഷിച്ചവന് ഇന്ന് മാധ്യമ അജണ്ടകളറിയാം, അതിൽ വീണുപോകുന്ന മനുഷ്യരെയറിയാം, വേണ്ടാത്തവരെ അകറ്റി നിര്‍ത്താനറിയാം, പറ്റുന്നവരെ തിരുത്താനുമറിയാം. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എഴുതിയ പോ മോ ബുദ്ധിജീവി വളച്ചൊടിക്കാൻ ശ്രമിച്ച ചരിത്രമറിയാം, അതടക്കം സകല സിനിമകളിലും ഒളിച്ചു കടത്താൻ ശ്രമിച്ച വലതുപക്ഷരാഷ്ട്രീയമറിയാം, അതിനോട് നടുവിരല്‍ കാണിക്കാനുമറിയാം.

എത്രകാലം ഏതജണ്ട കൊണ്ട്‌ മൂടിവെയ്ക്കപെട്ടാലും ഈ നാല് വർഷത്തെ ഭരണനേട്ടങ്ങളുടെ കൂട്ടത്തിൽ ഏറ്റവും തിളക്കമുള്ള, ഏറ്റവും മനുഷ്യത്വ മൂല്യമുള്ള, ഹൃദയം തൊടുന്ന സമാനതകളില്ലാത്ത ഒരു കാല്‍വെയ്പ്പ് നാളെയുടെ ചരിത്രം കാണും. മതിലും മതവും കൊണ്ട്‌ മനുഷ്യരെ വിഭജിച്ച രാജ്യത്ത്, വായിൽ വിരലിട്ട പ്രതിപക്ഷമുള്ള രാജ്യത്ത്, ഭവനരഹിതരായ 2 ലക്ഷം കുടുംബങ്ങൾക്ക് നാല് വര്‍ഷം കൊണ്ട്‌ കയറിക്കിടക്കാനൊരു കൂരയുണ്ടാക്കിയ സർക്കാറിനെ കുറിച്ച് ആ ചരിത്രം പറയും. കാലാകാലങ്ങളായി പത്രങ്ങളും ചാനലുകളും അസത്യങ്ങളെഴുന്നള്ളിച്ച് എഴുതിത്തോല്‍പ്പിക്കാന്‍ നോക്കിയിട്ടും അവരുടെ കഴുതക്കാലുപിടിക്കാൻ നട്ടെല്ല് വളയാത്ത മുഖ്യമന്ത്രിയാണതിന് ചുക്കാന്‍ പിടിച്ചതെന്ന് പറയും.

പത്തൊമ്പതാം വയസ്സില്‍ ഇടത്തോട്ട് ചാഞ്ഞെങ്കിലും, കമ്മ്യൂണിസ്റ്റാകാൻ ഇരുപത്തിയഞ്ച് വയസ്സാകേണ്ടിവന്നവൻ അത് കേട്ട് നിറഞ്ഞുചിരിക്കും. അന്ന് പുച്ഛിച്ചുതള്ളിയവർക്ക് കാലം കൊടുക്കുന്ന മറുപടി കണ്ടാനന്ദിക്കും. നെറികെട്ട കാലത്തെ പ്രതിരോധിച്ച ഇടതുരാഷ്ട്രീയത്തോടുചേർന്ന് അക്കാലമത്രയും ജീവിച്ചിരുന്നുവെന്ന് അഭിമാനിക്കും. ചോര ചുവക്കും..!!

Advertisements