ആണും പെണ്ണും ഒരുമിച്ചിരുന്നാൽ എന്താ പ്രിൻസിപ്പാളേ ?

100
Kiran A R എഴുതുന്നു
“ഇനി ക്ലാസ്സിനിടയിൽ മിണ്ടിയാല്, നിന്നെ പെണ്കുട്ടികളുടെ ഇടയില് കൊണ്ടിരുത്തും.”
അധ്യാപകന്റെ ആ ഭീഷണിക്കു മുന്നില് ദയനീയമായി തോറ്റുപോയ, ഒടുക്കം പെണ്കുട്ടികളുടെ ഇടയില് അടിമുടി അപകര്ഷതാബോധത്തോടെയിരുന്നൊരു ഒന്നാം ക്ലാസ്സുകാരനുണ്ട്, കുട്ടിക്കാലത്തെ ഓര്മകളില്..
അന്നത്തെ ആ ശിക്ഷയുടെ ആഘാതം ഒരു ദിവസം കൊണ്ട് തീര്ന്നില്ല. പെൺകുട്ടികൾ തനിക്ക് സംവദിക്കാൻ കൊള്ളാത്തവരാണെന്നും, അവരോട് ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും സൗഹൃദപൂർവം ഇടപെടുന്നതും അങ്ങേയറ്റം അശ്ലീലമാണെന്നുമുള്ള “സദാചാര തിയറി” പന്ത്രണ്ട് വര്ഷത്തോളം ഒപ്പം കൊണ്ടുനടന്നു. കൂടെ പഠിക്കുന്ന കൂട്ടുകാരികളോട് അസഹിഷ്ണുതയില്ലാതെ സംസാരിക്കാൻ, ആൺപെൺ വ്യത്യാസമില്ലാതെ സൗഹൃദങ്ങളെ കാണാനും ഇടപെടാനും കാലങ്ങളെടുത്തു.
ഇതെന്റെ മാത്രം കഥയല്ല. എന്നെക്കൊണ്ട്, എന്നെപ്പോലുള്ള നിരവധി കുട്ടികളെക്കൊണ്ട്‌ ഏറ്റവും വലിയ ശരികളിലൊന്നിനെ പാപമെന്ന് വിശ്വസിപ്പിച്ച അധ്യാപകര് ഇന്നാട്ടിലൊരു അപൂര്വതയുമല്ല.
താഴെ വീണ പേന എടുക്കാന് കുനിഞ്ഞ തന്റെ വിദ്യാര്ത്ഥിനിയോട് “സ്വര്ഗം കാണിക്കല്ലേ മോളേ” എന്ന് വഷളത്തം വിളമ്പുന്ന, തൃശ്ശൂരിലെ മുന്തിയ എൻട്രൻസ് കോച്ചിംഗ് സെന്ററിലെ സാറന്മാരെ പിന്നീട് കണ്ടിട്ടുണ്ട്. താന് പഠിപ്പിക്കുന്ന പെണ്കുട്ടികളുടെ സ്തനങ്ങള് ബത്തയ്ക്ക പോലെയാണെന്ന് ഒരു ഉളുപ്പുമില്ലാതെ പറയുന്ന കോഴിക്കോട്ടെ അധ്യാപകനെക്കുറിച്ച് കേട്ടിട്ടുണ്ട്. ആണ്കുട്ടികളും പെണ്കുട്ടികളും ഒന്നിച്ചിരിക്കുന്നത് വിലക്കി അഭിമാനപൂര്വ്വം സര്ക്കുലര് ഇറക്കുന്ന അധികാരികളെക്കുറിച്ച് വായിച്ചിട്ടുണ്ട്. ഹോസ്റ്റലിലെ പെണ്കുട്ടികള്ക്ക് രാത്രിയില് മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള അവകാശം നിയമപരമായി കോടതിവഴി നേടിയെടുക്കേണ്ടിവന്നതിനെപ്പറ്റി അറിഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷവും പലതും മാറ്റമില്ലാതെ തുടരുന്നുവെന്നോർത്ത് തരിച്ചിരുന്നുപോയിട്ടുണ്ട്.
ഒരു വ്യക്തിക്ക് ഏറ്റവും ആവശ്യമെന്ന് കരുതപ്പെടുന്ന വിദ്യാഭ്യാസം നൽകാൻ വേണ്ടി കെട്ടിപ്പൊക്കിയ നാല് ചുമരുകള്ക്കുള്ളിൽ ഇവര് പ്രസംഗിക്കുന്ന “കുടുംബത്തിൽ പിറന്ന മനുഷ്യര്ക്കുള്ള ചിന്ത” ഉണ്ടാക്കുന്നത് ഡോക്ടറെയും എഞ്ചിനീയറെയും വക്കീലിനെയും കച്ചവടക്കാരെയുമൊന്നുമല്ല, ലിംഗനീതിയെപ്പറ്റിയും ആരോഗ്യപരമായ സൗഹൃദങ്ങളെപ്പറ്റിയും അങ്ങേയറ്റം വികലമായ കാഴ്ചപ്പാട് മാത്രം കൈമുതലായി പഠിച്ചിറങ്ങുന്ന ഒരു കൂട്ടത്തെ മാത്രമാണ്.
പ്രണയം നിരസിച്ച പെണ്കുട്ടികളുടെ നേരെ ആസിഡൊഴിക്കുന്നവര്, പൊതുവഴികളിലും തൊഴിലിടങ്ങളിലും ബസ്സിലും പാര്ക്കിലും തീയറ്ററിലും ഫേസ്ബുക്കിലും “തരുമോ മോളെ” എന്ന് ചോദിക്കുന്നവർ, മുന്നിലൂടെ നടന്നുപോകുന്ന പെണ്ണിനെ നോക്കി പ്രായഭേദമന്യേ “എജ്ജാതി ചരക്ക് ” എന്ന് കമന്റ് അടിക്കുന്നവർ, ഒരുമിച്ചൊരു ബൈക്കില് സഞ്ചരിക്കുന്ന ആണിനെയും പെണ്ണിനേയും തടഞ്ഞുവെച്ച് മര്ദ്ദിച്ച് തല തകര്ക്കുന്ന സദാചാര ഗുണ്ടകള്, തരം കിട്ടിയാല് നടുറോഡിലും ഓടുന്ന ബസ്സിലും പെണ്ണിന്റെ ശരീരം ചവിട്ടിയരയ്ക്കുന്ന ക്രിമിനലുകൾ. ഇവരുടെയൊക്കെ ഉള്ളിലെ വൈകൃതങ്ങള്ക്ക് വിത്തുപാകുന്നത് വീട്ടിലും സ്കൂളിലും കുത്തിവെയ്ക്കപ്പെടുന്ന ഇതേ സ്ത്രീവിരുദ്ധത തന്നെയാണ്.
എന്നാലിന്ന് കണ്ട ഈ ചിത്രവും വാര്ത്തയും തന്ന പ്രതീക്ഷകൾ രണ്ടാണ്.
ആണും പെണ്ണും ഒന്നിച്ചിരുന്നാലോ ഒപ്പം പഠിച്ചാലോ പൊട്ടിച്ചിരിച്ചാലോ ലോകമവസാനിക്കാത്ത, പൂർണ്ണമായും അതിനോട് ഐക്യപ്പെടുന്ന അധ്യാപകരുണ്ടെന്ന പ്രതീക്ഷ.ആ അധ്യാപകന് ഭ്രഷ്ട് കല്പിച്ച കോളേജ് അധികാരികളുടെ ധാര്ഷ്ട്യത്തോട് പോയി പണി നോക്കാൻ പറയുന്ന, അയാള്ക്ക് വേണ്ടി “ഒന്നിച്ചിരുന്ന്‌” സമരം ചെയ്യുന്ന, അയാള്ക്കെന്നും അഭിമാനിക്കാവുന്ന ഒരു കൂട്ടം വിദ്യാര്ത്ഥികള് ഉണ്ടെന്ന പ്രതീക്ഷ.അവർ ഇനിയും ഒരുമിച്ചിരിയ്ക്കും.ഒപ്പം പഠിക്കും. പൊട്ടിച്ചിരിക്കും. പാട്ടു പാടും. യാത്ര ചെയ്യും. സിനിമയ്ക്ക് പോകും. തല്ലുകൂടും. എല്ലാം മറന്ന് കെട്ടിപ്പിടിയ്ക്കും. ആണും പെണ്ണുമല്ലാതെ രണ്ട് മനുഷ്യരായി ജീവിക്കും. അതിന് നിങ്ങള്ക്കെന്താ പ്രിന്സിപ്പാളേ..!!