ഒരു സാധാരണ സ്ത്രീയേക്കാളും സാമൂഹ്യപ്രിവിലേജുള്ള സിനിമാ സെലിബ്രിറ്റികൾ പൊതുവിടത്തിൽ ഇറങ്ങിയാലുള്ള അവസ്ഥയുടെ നേർചിത്രമാണിത്

59

Kiran A R

യൂട്യൂബിലോ ഗൂഗിളിലോ തിരഞ്ഞാൽ ഒരു ബുദ്ധിമുട്ടുമില്ലാതെ കാണാം, ഏതെങ്കിലും ഉദ്‌ഘാടനത്തിനോ, തന്റെ സിനിമകളുടെ പ്രൊമോഷനോ പങ്കെടുക്കാൻ വരുന്ന പ്രമുഖ നടിമാരെ, തനിയെ ഉണ്ടാകുന്നതോ ഉണ്ടാക്കുന്നതോ ആയ തിരക്കിനിടയിൽ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുന്ന, നെഞ്ചിലോ പിറകിലോ പിടിച്ചമർത്തുന്ന, നെറികെട്ട മുഖം വെളിപ്പെടുത്താത്ത കുറെ കൈകളുടെ വീഡിയോസ്. ഭാഷാഭേദമില്ലാതെ, വടക്കെന്നോ തെക്കെന്നോ ഇല്ലാതെ, ഒരൊറ്റ ജനുസിൽപ്പെട്ടവർ ഒളിവിൽ കാട്ടിക്കൂട്ടുന്ന ഗ്യാങ് റേപ്പ്.

CAN I TOUCH YOUR BUTT ?? | College Girls Edition - YouTubeനേരിട്ടാ ക്രൈം ചെയ്യാൻ പറ്റാത്തവരെ, അതിനുള്ള അവസരമില്ലാത്തവരെ, എന്നാൽ മനസ്സിൽ അവരെയൊരുപാടുവട്ടം മാനഭംഗപ്പെടുത്തിയവരെ കാണണമെങ്കിൽ അതേ നടിമാരുടെ സോഷ്യൽ മീഡിയ പേജുകളിൽ വരുന്ന കമന്റുകൾ നോക്കിപ്പോയാൽ മതി. ഇന്റർനെറ്റ് കണക്ഷനുള്ള തന്റെ സ്മാർട്ട്ഫോണിന്റെ ബലത്തിൽ ഇടുന്ന ഒരൊറ്റ കമന്റുകൊണ്ട് ആ പെണ്ണുങ്ങൾ അവർക്ക് വെടികളാവും, രാത്രിയുടെ വിലയെത്രയെന്ന ചോദ്യമാകും, തീരാത്ത വെർബൽ അബ്യൂസുകളുടെ ഇരയാകും.

പട്ടാപ്പകൽ മെട്രോനഗരത്തിൽ, സിസിടിവി ക്യാമറകളുള്ള ഒരു ഷോപ്പിങ്ങ് മാളിൽ, തന്റെ സ്വകാര്യഭാഗത്ത് സ്പർശിക്കാനും, അതിലവസാനിപ്പിക്കാതെ പിന്നീട് പിന്തുടരാനും ഒരു സംഭാഷണത്തിന് ശ്രമിക്കാനുമടക്കം “ധൈര്യം” ലഭിച്ച ആണുങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞാലോ, അവരെ നിയമപരമായി ശിക്ഷിക്കാൻ വേണ്ട നടപടികളുണ്ടായാലോ പോലും പെണ്ണിന് നേരെയുള്ള സോഷ്യൽ ഓഡിറ്റിങ് തീരുന്നില്ല. അവിടെയാണ് നേരത്തെ പറഞ്ഞ രണ്ടുകൂട്ടരേക്കാളും വിഷമുള്ള മൂന്നാമത്തെ കൂട്ടർ പ്രത്യക്ഷപ്പെടുന്നത്. അവരാ സംഭവത്തെ ഇങ്ങനെ വളച്ചൊടിക്കും..

** എന്തുകൊണ്ട് അതിക്രമം നേരിട്ട നിമിഷം പ്രതികരിച്ചില്ല?? അവനെയൊക്കെ അപ്പൊത്തന്നെ എന്തുകൊണ്ട് പിടിച്ചുകൊടുത്തില്ല??
** എന്തുകൊണ്ട് സോഷ്യൽ മീഡിയയിൽ എല്ലാം അറിയിച്ചിട്ടു മിണ്ടാതിരുന്നു?? പോലീസിനെ എന്തുകൊണ്ട് അറിയിച്ചില്ല?? അപ്പോഴത് ആസ്വദിച്ചിട്ട് പിന്നെ വന്നു ആളുകളിക്കുന്നോ??
** ഇറക്കം കുറഞ്ഞ തുണിയുടുത്തു ഫോട്ടോഷൂട്ട് നടത്തുന്ന നേരത്ത് ആലോചിക്കണമായിരുന്നു, ഇങ്ങനൊക്കെ ഉണ്ടാകുമെന്ന്. പെണ്ണുങ്ങൾ നന്നായാലെ നാട് നന്നാവൂ..!!

കുറ്റവാളികളെന്നു സംശയിക്കപ്പെടുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ച വാർത്തകൾക്ക് താഴെ വരുന്ന കമന്റുകളാണിത്. കാൽനഖം മുതൽ മുടിനാരുവരെ ഓഡിറ്റ് ചെയ്യപ്പെടുന്ന, ഓരോ വട്ടം പുറത്തിറങ്ങുന്ന നേരത്തും തുറിച്ചുനോട്ടങ്ങൾ കൊണ്ട് അനവധിതവണ മുറിവേറ്റുകൊണ്ടേയിരിക്കുന്നവർ, തന്റെ ശരീരത്തിൽ അനുവാദമില്ലാതെ കയറിപ്പിടിച്ചതിന്റെ ഞെട്ടലിൽ അപ്പൊ പ്രതികരിക്കാൻ കഴിയാതിരുന്നതിന്‌ കേൾക്കേണ്ടിവരുന്ന പഴികളാണിത്. ഒരു സാധാരണ സ്ത്രീയേക്കാളും സാമൂഹ്യപ്രിവിലേജുള്ള, താരതമ്യേന സുരക്ഷിതയെന്നു പൊതുബോധം കരുതുന്ന സിനിമാ സെലിബ്രിറ്റികൾ പൊതുവിടത്തിൽ ഇറങ്ങിയാലുള്ള അവസ്ഥയുടെ നേർചിത്രമാണിത്..

പ്രതികരിച്ചില്ലെങ്കിൽ മരണം വരെ കൊണ്ടുനടക്കാൻ മാത്രം വലിയൊരു ട്രോമയാണ് സമ്പാദ്യം. തന്റെ സ്വാതന്ത്ര്യമെന്നത് ഒരവകാശമല്ലെന്നും അത് ഏതുനിമിഷവും ആർക്കും ചവിട്ടിയരക്കാനുള്ളതാണെന്നുമുള്ള മുടിഞ്ഞ ചിന്തയും ചേർത്തുപിടിച്ചു ശ്വാസംമുട്ടി ജീവിക്കാം.. പ്രതികരിച്ചാൽ നാട്ടിലെ ആൺകോയ്മയുടെ കാവലാളുകൾ ഇട്ടുതരുന്ന വെടിയെന്ന വിളിപ്പേരാണ് സമ്പാദ്യം. പ്രതികരിക്കുന്ന നേരം ഒരു നോട്ടം കൊണ്ടുപോലും സഹായിക്കാൻ വരാത്ത ചുറ്റുപാടുള്ള സഹജീവികളും, ഇലയുടെയും മുള്ളിന്റെയും കഥപറഞ്ഞുകൊടുക്കുന്ന ഉപദേശികളും, തീയില്ലാതെ പുകയുണ്ടാകില്ലെന്ന യുക്തിയിലഭിരമിക്കുന്ന സദാചാര അഭ്യുദയ കാംക്ഷികളും പുളച്ചുമറിയുന്ന നാട്ടിൽ ഒന്നിനോടും തോൽക്കാൻ കൂട്ടാക്കാതെ ജീവിക്കാം..

ഒന്നാമത്തേത് മനസ്സിന്റെ മരണമാണെങ്കിൽ രണ്ടാമത്തേത് അവസാനമില്ലാത്ത പോരാട്ടമാണ്.. മരിച്ചുജീവിക്കാൻ വഴങ്ങാതെ പോരാടാൻ തീരുമാനിക്കുന്ന പെണ്ണുങ്ങളോടൊപ്പം നിൽക്കാൻ, മുമ്പേ പറഞ്ഞ മൂന്നു കൂട്ടരല്ലാത്ത മനുഷ്യരായിട്ടുള്ളവരെല്ലാം ബാധ്യതപ്പെട്ടവരുമാണ്..!