ഈ ഇരട്ടത്താപ്പിന്റെ രാജകുമാരിയിൽ ഇനി പ്രതീക്ഷ വേണ്ട

155

Kiran AR, Rj Bala

ഒരു സ്ത്രീ ഒരു പ്രശ്നത്തിലകപ്പെടുന്നുവെങ്കിൽ അതിനുത്തരവാദി അവൾ തന്നെയാണെന്ന് പറഞ്ഞുകൊണ്ട് വർഷങ്ങൾക്കു മുമ്പ് ഒരു ഇന്റർവ്യൂ നൽകിയത് ഇതേ മംമ്തയാണ്. എന്നുവെച്ചാൽ പ്രണയം തിരസ്കരിച്ച തെറ്റിന് സ്വന്തം മുഖത്ത് കാമുകന്റെ പ്രതികാരമായി ആസിഡ് വീഴുന്നതിനും, സിനിമാ തീയറ്ററിലെ ഇരുട്ടിലോ തിങ്ങിനിറഞ്ഞ ബസിലോ തന്റെ സ്വകാര്യ ഇടങ്ങളിൽ മുഖമില്ലാത്ത കൈകളോടുന്നതിനും, നാലും അഞ്ചും വയസ്സുമാത്രമുള്ള കുരുന്നുകൾ മൃഗീയമായി പീഡിപ്പിക്കപ്പെടുന്നതിനുമടക്കം എല്ലാത്തിനും ഉത്തരവാദി പ്രശ്നത്തിനിരയായ അതേ പെണ്ണാണെന്ന്. അവരുപയോഗിച്ച ഭാഷയിലെ എലൈറ്റിസം മാറ്റിവെച്ചു പച്ചയ്ക്ക് പറഞ്ഞാൽ, പെണ്ണുങ്ങൾക്ക് ആണുങ്ങൾക്ക് കീഴ്പ്പെട്ട് അടങ്ങിയൊതുങ്ങി ജീവിച്ചാൽ പോരെ എന്ന്‌..

കൊച്ചി നഗരത്തിലെ തിരക്കിനിടയിൽ തന്റെ സഹപ്രവർത്തക ക്രൂരമായി അപമാനിക്കപ്പെട്ടിട്ടു മാസങ്ങൾ തികയുന്നതിനു മുമ്പേ, WCC എന്ന സംഘടന സിനിമാമേഖലയിൽ അധികപ്പറ്റെന്നും, സ്ത്രീകൾക്ക് മാത്രമായി ഒരു സംഘടന ആവശ്യമില്ലെന്നും പറഞ്ഞത് ഇതേ മംമ്തയാണ്. തന്റെ ജൻഡറിനെ, സ്ത്രീയെന്ന സ്വത്വത്തെ, ഉപഭോഗവസ്തുവായി കാണാനും ചിത്രീകരിക്കാനും മുൻപന്തിയിൽ നിൽക്കുന്ന ഒരു ഇൻഡസ്ട്രിയിൽ നിന്നുകൊണ്ട്, തന്റെ കൂടെ ജോലിചെയ്യുന്ന പെണ്ണിനേറ്റ അപമാനത്തിൽ ഒരു തരിമ്പുപോലും ആത്മരോഷം തോന്നാതെ, ഇരട്ടത്താപ്പെന്നോ അവസരവാദമെന്നോ പ്രിവിലേജിന്റെ അങ്ങേയറ്റമെന്നോ വിളിക്കാവുന്ന ആ പ്രസ്താവനയിൽ അവരിന്നോളം പിന്നോട്ടുപോയിട്ടുമില്ല. ടു കണ്ട്രീസും മൈ ബോസുമൊക്കെ സൂപ്പർ ഹിറ്റുകളാണല്ലോ, അതൊക്കെ ആവർത്തിക്കണമെങ്കിൽ ഇങ്ങനെയൊക്കെ ആയല്ലേ പറ്റുള്ളൂ. നേരുള്ള നിലപാടുണ്ടാവലൊക്കെ ഇച്ചിരി പാടല്ലേ..

മംമ്ത മോഹൻദാസിന്റെ നിലപാടുകളുടെ ചരിത്രമിങ്ങനെ രണ്ടാൾപ്പൊക്കത്തിൽ നിവർന്നുനിൽക്കെ, കഴിഞ്ഞയാഴ്ച നടന്ന എഫ്എം ചാനലിലെ റെഡ് കാർപ്പെറ്റിലെ അവരുടെ പെർഫോമൻസ് കണ്ടിട്ട് അത്ഭുതം തോന്നുന്നവരെക്കുറിച്ചോർത്താണ് നമ്മൾ അത്ഭുതപ്പെടേണ്ടത്. രണ്ടുമൂന്നു വർഷങ്ങൾക്ക് മുമ്പ് മാത്രം പൊട്ടിമുളച്ച സ്ത്രീവിമോചനം കാരണം ഇന്ന് ആൺകുഞ്ഞുങ്ങൾ പേടിച്ചാണ് ജനിക്കുന്നതെന്നും, തന്റെ അച്ഛൻ തന്നെയൊരു ആൺകുട്ടിയെപ്പോലെ വളർത്തിയ കാരണം ഇതുവരെ തനിക്ക് ചുറ്റുപാടുമുള്ള ആൺകോയ്മയുടെ പ്രശ്നങ്ങൾ ഇക്കാലമത്രയും തോന്നിയിട്ടില്ലെന്നും, സിനിമാമേഖലയിൽ ആകെ താൻ കാണുന്ന ലിംഗ അസമത്വം വേതനത്തിന്റെ കാര്യത്തിൽ മാത്രമാണെന്നുമൊക്കെ പറഞ്ഞുവെക്കുന്ന നേരത്ത്, അവർ വർഷങ്ങൾക്കു മുമ്പ് പറഞ്ഞ അതേ നിലപാടുകൾ ഒന്നുകൂടി അടിവരയിട്ടു ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

അവർ ഫെമിനിസത്തിന് ഫീമെയിൽ ഷോവനിസമെന്നു അർത്ഥം കാണുമ്പോ, പേടിച്ചു ജനിക്കുന്ന ആൺകുഞ്ഞുങ്ങളെക്കുറിച്ചോർത്ത് വേവലാതിപ്പെടുമ്പോ ഈ രാജ്യത്ത് ഹത്രാസും,നിർഭയയും, കത്വയും പലപേരുകളിൽ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. പെണ്ണിനെ ആണിനെപ്പോലെ വളർത്തിയതിൽ അഭിമാനത്താൽ അവർ രോമാഞ്ചം കൊള്ളുന്ന നേരത്ത്, ആ വാചകം കൊണ്ട് വേരറുക്കപ്പെടുന്നത് താനുൾപ്പെടുന്ന സ്ത്രീസമൂഹത്തിന്റെ സ്വത്വമാണെന്ന് തിരിച്ചറിയാതെ പോകുന്നു, അത് പെണ്ണിനെ പെണ്ണായി വളർത്തുന്നത് കുറച്ചിലാണെന്ന ഗതികേടിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കലുമാകുന്നു. മലയാളസിനിമയിലെ നായികയായാലും കോർപറേറ്റ് കമ്പനിയിലെ ജോലിക്കാരിയായാലും സ്ത്രീ നേരിടുന്ന പ്രതിസന്ധി സാമ്പത്തികം മാത്രമെന്ന് പറയുന്ന നേരത്ത്, രണ്ടുകൊല്ലം മുമ്പ് തന്റെ സഹപ്രവർത്തക നേരിട്ട അപമാനത്തെ കൊഞ്ഞനംകുത്തിയ അതേ ഇരട്ടത്താപ്പ് വെളിയിൽ വരുന്നു, “നിലനിൽപ്പും പണവും മാത്രമാണ്” അവരുടെ പ്രശ്നമെന്ന് മൂന്നു നേരം ചോറുണ്ണുന്നവർക്ക് മനസ്സിലാകുന്നു..

അവർ ജനിച്ചു വീണതും, ഇന്നോളം ജീവിച്ചതും, സ്വപ്നം കണ്ടതും, സ്വയം നേടിയതും, ഇന്ന് ചവിട്ടി നിൽക്കുന്നതും പ്രിവിലേജ് എന്ന ഒറ്റവാക്കിലാണെന്ന ബോധ്യം അവരിങ്ങനെ അലങ്കാരമായി കൊണ്ടുനടക്കുന്ന കാലത്തോളം ഇതിങ്ങനെ തന്നെ തുടരും. ആ നിലപാടുകളിലെ സെക്സിസവും സ്ത്രീവിരുദ്ധതയും ആഘോഷിക്കപ്പെടും. ലിംഗനീതിയെന്ന വാക്കിനെ അവരെക്കാൾ ക്രൂരമായി ഷോവനിസ്റ്റുകൾ പരിഹസിക്കും.. അവരെ വ്യക്തമായി അറിയാവുന്നിടത്തോളം, നിലപാടുകളിൽ അവർ കാണിച്ച ഇരട്ടത്താപ്പ് വർഷങ്ങൾക്കുമുമ്പ് വെളിപ്പെട്ടു കഴിഞ്ഞിടത്തോളം, സ്വന്തം ജൻഡറിനെ അവർ ചിരിച്ചുകൊണ്ട് വീണ്ടും വീണ്ടും ചതിക്കുന്നത് കാണുമ്പോ നിങ്ങളെന്തിനാണ് മനുഷ്യരേ ഞെട്ടുന്നത്..!


റേഡിയോ ഷോയിൽ വന്നിരുന്ന് മണ്ടത്തരം പറഞ്ഞത്‌ നമ്മൾ മലയാളികൾ ഇഷ്ടപ്പെടുന്ന പ്രിയ താരം മംതാ മോഹൻദാസ്‌ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ലാ അത്‌ ‌ലോസ്‌ ആഞ്ചലസിൽ നിന്ന് കേരളം കാണാൻ വന്ന ഏതോ ‘മംറ്റാ മൊഹാണ്ടസ്‌’ ആണു.

ഞാനിത്‌ വരേ ഡിസ്ക്രിമിനേഷൻ അനുഭവിച്ചട്ടില്ലാ. അതുകൊണ്ട്‌ ഇവിടെ ഡിസ്ക്രിമിനേഷൻ ഇല്ലാ. സിമ്പിളായ്‌ പറഞ്ഞാ കാറുള്ള ഞാൻ ഇതു വരേ ട്രെയിനിൽ കയറിയിട്ടില്ലാ, അതു കൊണ്ട്‌ ട്രെയിനില്ലാ എന്ന് പറഞ്ഞാ എങ്ങനെയിരിക്കും.? ഇവിടേ ഈ കാർ എന്ന് പറയുന്നതാണു പ്രിവിലേജ്‌. ആരും സംസാരിക്കേണ്ടത്‌ പ്രിവിലേജുകളിൽ നിന്നുകൊണ്ടാവരുത്‌. അത്‌ മോശമാണു.
തുല്യതെയെക്കുറിച്ചും സ്ത്രീശാക്തീകരണത്തെയും കുറിച്ചുള്ള ചർച്ചകൾ കേട്ടു പേടിച്ചാണു ഇപ്പോ ഇവിടേ ആൺകുട്ടികൾ ജനിക്കുന്നത്‌ പോലൂം. കണ്ടുപിടുത്തം ഓഫ്‌ ദി ഇയർ. ജനിക്കാൻ പോവുന്നത്‌ പെൺകുഞ്ഞാണെന്നാറിഞ്ഞാൽ വേണ്ടാ എന്ന് വയ്ക്കാൻ മനസ്സുകാണിക്കുന്ന, ഇനി ജനിച്ച്‌ പോയാൽ അവരെ സമൂഹവും മതവും കൽപ്പിക്കുന്ന എല്ലാ ബന്ധനങ്ങളിലും വളർത്തുന്ന നാട്ടിൽ നിന്നാണു ഈ ബ്യൂട്ടിഫുൾ സംസാരം.

പക്ഷെ എന്തൊക്കെ പറഞ്ഞാലും എന്നെ എന്റെ അച്ഛൻ വളർത്തിയത്‌ ഒരു ആൺകുട്ടിയായിട്ടാണു. അടീ കൈ.. ഇന്നത്തെ കാലത്ത്‌ ഒരു പെൺകുട്ടിയോട്‌ പറയാവുന്ന ഒരു മോശം കമന്റെന്താന്ന് അറിയാമോ “നീ ഒരു ആൺകുട്ടിയായ്‌ വളരുക” എന്നതാണു. കാരണം ആണുങ്ങൾ മോശമായത്‌ കൊണ്ടല്ലാ, ആണാണു വലുതെന്ന ബോധം പറയുന്ന സ്റ്റേറ്റ്മെന്റാണു അത്‌.റേഡിയോ ഷോകളിലും ടീവിയിലും വന്ന് സെലിബ്രിറ്റികൾ പറയുന്ന ആശയങ്ങൾ ജനങ്ങൾ കേൾക്കുന്നതാണു. കണ്ടീഷൻഡായ്‌ പോയ വല്യോരു കൂട്ടം ജനങ്ങൾ മാറിവരുന്നൊരു നാടാണു നമ്മുടേത്‌. അപ്പോ അത്തരം സംസാരങ്ങൾ റിഗ്രസ്സീവ്‌ ആണെങ്കിൽ മാറ്റത്തിന്റെ പാതയിലുള്ള ജനങ്ങളെ അത്‌ കൺഫൂഷനാക്കും. ഇത്‌ ഓഡിറ്റിങ്ങിന്റെ കാലമാണു പറയുന്നത്‌ ചുമ്മാ വിഴുങ്ങാൻ ഇപ്പോ ആളുകളെ കിട്ടില്ലാ എന്ന് സാരം. പുറിഞ്ചിതാ..?

പ്രിയപ്പെട്ട മംതാ മോഹൻദാസ്‌,നിങ്ങളെ ഞങ്ങളൊക്കെ കാണുന്നത്‌ ജീവിതവുമായ്‌ നിരന്തരം പടവെട്ടുന്ന ഒരു വാരിയറായാണു. ഒരു മോട്ടിവേഷനാണു നിങ്ങൾ. അതുകൊണ്ട്‌ തന്നേ കാര്യമായ്‌ അറിവില്ലാത്ത, റിഗ്രസീവായ കാര്യങ്ങൾ പ്രിവിലേജുകളിൽ നിന്ന് അപാര കോൺഫിഡൻസോടെ പറയുന്ന ‘മംറ്റാ മൊഹാണ്ടസ്’ ആവാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.? സ്നേഹം ❤️അതുപോലെ പിന്നിലേക്ക്‌ നടത്തുന്ന സ്റ്റേറ്റ്മെന്റുകൾ പറയുമ്പോൾ ഓഫ്‌ ചെയ്തില്ലേലും അത്‌ കൂടുതൽ ഉച്ചത്തിൽ കേൾപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന ‘മൈക്കുകൾ’ ദയവു ചെയ്ത്‌ റേഡിയോക്കാർ റീപെയർ ചെയ്യേണ്ടതാണു.