അബ്ദുൾ സലാമിന്റെയും രേണുകയുടെയും മകൾ മനുഷ്യരെ മതിലുകെട്ടി തിരിക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടാകില്ല പൊട്ടൻഷ്യൽ വർഗീയവാദികളേ

0
292

Kiran AR

ജന്മം കൊണ്ട് മുസ്ലീമായ അച്ഛന്റെയും ജന്മം കൊണ്ട് ഹിന്ദുവായ അമ്മയുടെയും മകളായ, വിഷുവും റംസാനും ഒരുപോലെ ആഘോഷിക്കുന്നുവെന്ന് അഭിമാനത്തോടെ പറയുന്ന, സമൂഹത്തിലെ പൊതുബോധത്തിന് വിപരീതമായി വിവാഹശേഷം അഭിനയജീവിതത്തിലേക്ക് കാലെടുത്തുവെച്ച സിനിമാതാരമാണ് അനു സിതാര. അവരുടെ രാഷ്ട്രീയ ബോധമോ അറിവിന്റെ ആഴമോ എത്ര തന്നെയായാലും, സമൂഹത്തിൽ അവരിടപെടുന്നുണ്ടോ ഇല്ലയോ എന്നത് നാമറിഞ്ഞാലും ഇല്ലെങ്കിലും ഒരു കാര്യമുറപ്പാണ്. മതത്തിന്റെ പേരിൽ മനുഷ്യരെ മതിലുകെട്ടി തിരിക്കുന്നവരുടെ കൂട്ടത്തിൽ അബ്ദുൾ സലാമിന്റെയും രേണുകയുടെയും മകൾ ഉണ്ടാകില്ലെന്ന്.

Anu Sithara- Ultimate Collection of HD Images ~ Facts N' Frames-Movies |  Music | Health | Tech | Travel | Books | Education | Wallpapers | Videosഅതുകൊണ്ടാണ് ഈദ് മുബാറക്ക് ആശംസിച്ചുകൊണ്ട് അവരിട്ട ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ വന്ന് നിങ്ങളേതു മതത്തിലേക്കാണ് കൺവേർട്ടായത് എന്ന് ചോദിക്കുന്ന പൊട്ടൻഷ്യൽ വർഗീയവാദിയുടെ ചോദ്യത്തിന് മറുപടിയായി “മനുഷ്യനിലേക്ക്” എന്നവർക്ക് പറയാനാവുന്നത്. ഒറ്റബുദ്ധികളുടെ സമുദായചാപ്പകളുടെ നെറുകയ്ക്ക് ഒരൊറ്റവാക്കുകൊണ്ട് പ്രഹരിക്കാനാവുന്നത്. ഇരുപത് വയസ്സിൽ വിവാഹം കഴിച്ച് ഇരുപത്തിമൂന്നാം വയസ്സിൽ സിനിമാജീവിതമാരംഭിച്ച രാമന്റെ ഏദൻതോട്ടത്തിലെ മാലിനിയ്ക്ക്, നല്ല കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പുണ്ടെങ്കിൽ ഓരോ സിനിമകൊണ്ടും മെച്ചപ്പെടുന്നുവെന്ന് വ്യക്തിപരമായി തോന്നിച്ചിട്ടുള്ള ക്യാപ്റ്റനിലെ അനിതയ്ക്ക്, നിസ്കാരതഴമ്പിനും കൊന്തമാലയ്ക്കും ചന്ദനക്കുറിയ്ക്കുമപ്പുറമുള്ള മനുഷ്യരെ തരംതിരിച്ചു കാണാത്ത വ്യക്തിത്വത്തിന് ഐക്യദാർഢ്യം.

എന്നാപ്പിന്നെ പതിവ് തെറ്റിക്കണ്ട. കമന്റ് ബോക്‌സിൽ ആളെക്കൂട്ടിയുള്ള സ്ലട്ട്ഷേമിങ്, തീവ്രവാദിയെന്ന ടാഗ് ലൈൻ, സിനിമാ ബഹിഷ്കരണ ഭീഷണി തുടങ്ങിയ സ്ഥിരം പ്രതികാരനടപടികൾ തുടങ്ങിയാട്ടെ ചേട്ടന്മാരെ.. ഈദ് മുബാറക്..! 😊