ലവ്ജിഹാദും സംഘികളുടെ കുരുപൊട്ടലും

0
184

Kiran AR

** പിണറായി വിജയന്റെ വീണ ഇനി റിയാസ് വായിക്കും.
** ഡിവൈഎഫ്ഐ യുടെ ആക്രിക്കച്ചവടം പൊടിപൊടിക്കുന്നുണ്ട്.
** ആദ്യ രാത്രിയിൽ “കടക്ക് പുറത്ത്” എന്ന് പറയുമോ??
** രണ്ടാംകല്യാണം കേടുവന്ന ഭക്ഷണം കഴിക്കുന്ന പോലെയാണ്.
** സിപിഎം – ജിഹാദി കൂട്ടുകെട്ട് യാഥാർത്ഥ്യമാകുന്നു. ഇരട്ടച്ചങ്കൻ ഇനി ഞമ്മന്റെ ബിജയനിക്ക.
പാർട്ടി ഓഫീസിൽ നിന്നും ഇനി നിസ്കാരപ്പായകൾ വിതരണം ചെയ്യും.
കേരളത്തിലെ ഹിന്ദുക്കൾക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദു സഖാക്കൾ തിരിച്ചറിവില്ലാത്ത വർഗ്ഗമാണ്.

ബാംഗ്ലൂരിലെ ഒരു ഐടി സംരംഭത്തിന്റെ മാനേജിംഗ് ഡയറക്ടർ, ഒരു നാൽപ്പത്തിനാലുകാരൻ നിയമബിരുദധാരിയെ പുനർവിവാഹം കഴിക്കാൻ പോകുന്നു എന്നതുകൊണ്ടല്ല, വീണയുടെയും റിയാസിന്റെയും വിവാഹവാർത്തയ്ക്ക് നേരെ ആരോപിക്കപ്പെടുന്ന ലവ്ജിഹാദും സംഘികളുടെ കുരുപൊട്ടലും മുകളിൽ കൊടുത്ത തരം അശ്ലീലക്കമന്റുകളും. ഇത് വാർത്തയാകുന്നതും സദാചാര സർക്കിളുകൾ ഏറ്റുപിടിക്കുന്നതും, കേരളം ഭരിക്കുന്ന പിണറായി വിജയന്റെ മകൾ ഇടതുപക്ഷ യുവജനസംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റിനെ പുനർവിവാഹം ചെയ്യുന്നതുകൊണ്ടാണ്. പിന്നിൽ വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന നിഷ്കളങ്കയുക്തി മാത്രമൊന്നുമല്ല, പക്കാ രാഷ്ട്രീയം കൂടിയാണ്. പുരോഗമന ഇടതിനോടുള്ള തീരാത്ത വെറുപ്പാണ്. ഹിന്ദുത്വയിലൂന്നിയ വലതുബോധമാണ്. രണ്ടും രണ്ടായി പറയേണ്ടതുമാണ്.

പ്രായപൂർത്തിയായ, സ്വന്തമായി ചിന്താശേഷിയുള്ള, തീരുമാനങ്ങളെടുക്കാനും തെറ്റ് തിരുത്താനും പക്വതയുള്ള രണ്ടുപേര് ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചാൽ പിന്നെ, അവരുടെ മതം വേറെയാണോ, മുടി നരച്ചതാണോ, തൊലി വെളുത്തതാണോ, മുമ്പൊന്ന് കെട്ടിയതാണോ, അവർക്ക് കൊച്ചുണ്ടോ, ആദ്യവിവാഹത്തിലെ കുഴപ്പമെന്തായിരുന്നു എന്നൊക്കെയുള്ള സത്യാന്വേഷണപരീക്ഷണങ്ങൾ പരമബോറാണ് ചങ്ങായിമാരേ. അന്യന്റെ വീട്ടിലെ കിടപ്പുമുറിയിലെ താക്കോൽദ്വാരം വഴി ഒളിഞ്ഞുനോക്കി കിട്ടുന്ന ടിപ്പിക്കൽ സദാചാരമലയാളിത്തരത്തിന് പേര് ലൈംഗികദാരിദ്യമെന്നാണ്. ആദ്യരാത്രിയിലെ വീണവായിക്കലും ആക്രിക്കച്ചവടവും കേടായ ഭക്ഷണവും അതിന്റെ തെളിവാണ്. ആർഷഭാരതസംസ്കാരം സംരക്ഷിക്കുന്നുവെന്ന് അഭിമാനപൂർവം
ധരിച്ചുവെച്ചിട്ടുള്ള നിങ്ങള് ഒറ്റവാക്കിൽ പറഞ്ഞാൽ മനോരോഗികളാണ്. കാര്യമായ ചികിത്സ വേണ്ട സൂക്കേടാണ്. കുടുംബത്തിൽ നിന്നും തുടങ്ങേണ്ടതാണ്. പ്രായം കൂടുംതോറും പരിഹാരമില്ലാത്തതാണ്.

പിന്നെ രാഷ്ട്രീയം.
റിയാസ് നയിക്കുന്ന ഡിവൈഎഫ്ഐ, കേരളത്തിലേറ്റവും കൂടുതൽ മിശ്രവിവാഹങ്ങൾ നടത്തിയ യുവജനസംഘടനയാണ്. വറുതിയുടെ കോവിഡ് കാലത്തും, നിങ്ങള് കമന്റിട്ട്‌ പരിഹസിച്ച ആക്രിക്കച്ചവടവും ബക്കറ്റ് പിരിവും നടത്തി പത്തും നൂറും കൂട്ടിക്കിട്ടിയ കോടികൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത സംഘടനയാണ്. ജില്ലകള്‍ തോറും ഉപയോഗശൂന്യമായിക്കിടന്ന നാലുനില കെട്ടിടങ്ങൾ പലതും ഒരൊറ്റ രാത്രി കൊണ്ട്‌ ഐസൊലേഷൻ വാർഡുകളാക്കി മാറ്റിയ സംഘടനയാണ്. അവരുടേത്, മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ഇൗ നാടുമുഴുവൻ മനുഷ്യരെ അണിനിരത്തിയ രാഷ്ട്രീയമാണ്. അല്ലാതെ റെക്‌സിൻ കൊണ്ട് മാസ്കടിക്കുന്ന, സ്വാതന്ത്ര്യസമരം തൊട്ടിങ്ങോട്ട് കൊള്ളാവുന്നവരുടെ പ്രവർത്തനങ്ങൾ കുമ്മനടിക്കുന്ന, ചൈനീസ് ഉപകരണങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിന്റെ അടുത്ത മണിക്കൂറിൽ എംഐ ടിവി സമ്മാനം നൽകുന്ന വെളിവില്ലാത്ത സേവാ ടീമുകളല്ല.

വീണയുടെ അച്ഛൻ സഖാവ് പിണറായി വിജയൻ, തൊള്ളായിരത്തി എഴുപത്തിയൊന്നിൽ, തന്റെ ഇരുപത്തേഴാം വയസ്സു മുതൽ, തലശ്ശേരിക്കലാപം മുതൽ കണ്ടുതുടങ്ങിയതാണ് നിങ്ങള് സംഘപരിവാരങ്ങളെ. അയാളടക്കമുള്ള കമ്മ്യൂണിസ്റ്റുകാർ കൊണ്ടും കൊടുത്തും ചെറുത്തും നിന്നതിന്റെ ഗുണമാണ്, അഞ്ച് പതിറ്റാണ്ടുകളായി നിരന്തരം ശ്രമിച്ചിട്ടും, കഴിഞ്ഞകൊല്ലം ശബരിമല ചേർത്ത് ആഞ്ഞുകത്തിച്ചിട്ടും നിങ്ങൾക്കിവിടെ നിലയില്ലാതെ പോയത്. ആ ചെറുത്തുനിൽപ്പ് കാരണമാണ് കേരളത്തിൽ അങ്ങോളമിങ്ങോളവും, മലബാറിൽ പ്രത്യേകിച്ചും നിങ്ങളിട്ട പ്ലാനുകൾ മുഴുവൻ നനഞ്ഞ പടക്കങ്ങളായത്. പട്ടിണിയും, ദാരിദ്ര്യവും, വസൂരിക്കാലത്തിന്റെ ദുരിതവും, അടിയന്തരാവസ്ഥയുടെ പോലീസ് മുറകളും, വലതുമാധ്യമങ്ങൾ വക പതിറ്റാണ്ടുകൾ നീണ്ട വേട്ടയാടലും, ഭരണകാലത്തെ പ്രളയവും ഒാഖിയും നിപയും അതിജീവിച്ചാണ് അയാളീ മുഖമന്ത്രിക്കസേരയിൽ നിവർന്നിരുന്ന് മറ്റൊരു ദുരന്തമുഖത്തു നിൽക്കുന്ന നാടിനെ തളരാതെ നയിക്കുന്നത്. പൊളിറ്റിക്കൽ ഇസ്ലാമിനോടും ഹിന്ദുത്വയോടും ഒരേ അവജ്ഞ കാട്ടിയ
പിണറായി വിജയനെ ഇൗ നാടിനറിയാവുന്ന കാലത്തോളം അയാൾക്കും അയാളുടെ മകൾക്കും അയാളുടെ പാർട്ടിക്കും, നിങ്ങളുടെ മുസലിയാർ-വിജയൻ സ്റ്റിക്കറൊട്ടിപ്പും, കോൺ-ലീഗാദികൾ വക വർഗീയതയ്ക്ക് ഐക്യദാർഢ്യവും, ഹിന്ദുക്കൾക്ക് പഞ്ചായത്തിൽ പെണ്ണ് കിട്ടാത്ത കഥകളും, സിപിഎം-ജിഹാദി-ബിജയനിക്ക ചാപ്പയുമൊക്കെ വെറും കോപ്പാണ്. ഊറിച്ചിരിക്കാനൊരു വകയാണ്.
കൊടുങ്കാറ്റിൽ കാവിക്കോണകം പാറിയ കഥയാണ്.
വീണക്കും റിയാസിനും അവരെടുത്ത തീരുമാനത്തിനും അഭിവാദ്യങ്ങൾ