Share The Article

‘തമാശ’ സിനിമയെ പശ്ചാത്തലമാക്കി ഇന്നത്തെ സാമൂഹ്യവ്യവസ്ഥതിയെ വിമർശിക്കുന്നു കിരൺ. എ.ആർ

പഠിച്ചിരുന്ന സ്കൂളിൽ അമിതവണ്ണമുള്ള ഒരു ടീച്ചർ ഉണ്ടായിരുന്നു. ആ തടിയുടെ പേരില്അവരറിയാതെ അവരെ കളിയാക്കി ചിരിച്ചവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. അന്നത് എനിക്കൊരു തമാശ മാത്രമായിരുന്നു..

കുട്ടിക്കാലത്ത് ഇന്ദ്രൻസ് എന്ന പേരുപോലും ഒരു കുറവായിരുന്നു. കുടക്കമ്പി എന്ന ദ്വയാർത്ഥം, അയാളെപ്പോലെ മെലിഞ്ഞവരെ നോക്കിച്ചിരിക്കാനുള്ള വക മാത്രമായിരുന്നു. അയാൾ വില്ലന്റെ തോളില് കയറിയിരുന്ന് തല്ലുന്നതും നായകൻ അയാളുടെ കഴുത്ത് കൊക്കിന്റെ കഴുത്തിനോട് ഉപമിക്കുന്നതും മലയാള സിനിമ അയാളെ കോമാളി മാത്രമാക്കിയ നൂറു കണക്കിന് നിമിഷങ്ങൾ ഞാൻ ആസ്വദിച്ചിരുന്നു. അന്നത് എനിക്കൊരു തമാശ മാത്രമായിരുന്നു..

Image may contain: 2 people, people smiling, people sitting, outdoor and textവഴിയില് കാണുന്ന, തലയില് വിഗ്ഗ് വെച്ചവരോട് അന്ന് തോന്നിയ വികാരം പരിഹാസം മാത്രമായിരുന്നു. ഒരിക്കലെങ്കിലും ആ വിഗ്ഗ് കാറ്റില് പറന്നുപോയി അവരുടെ കഷണ്ടി അനാവൃതമായിരുന്നെങ്കിലെന്ന്, അവർ നാലു പേരുടെ മുന്നില് ഇളിഭ്യരായി നിന്നിരുന്നെങ്കിലെന്ന് ഞാനൊരു കള്ളച്ചിരിയോടെ കൊതിച്ചിരുന്നു.. അച്ഛന്റെ ജ്യേഷ്ഠന് തലയിലൊരു മുടി പോലുമില്ലെന്നും, അദ്ദേഹം മഴ കൊള്ളുന്ന നേരം തലയില് വീഴുന്ന മഴത്തുള്ളികള് നാലുപാടും ചിതറിത്തെറിച്ചു പോകുന്ന കാഴ്ച്ച കണ്ടു ഞാൻ പൊട്ടിച്ചിരിച്ചെന്നും കൂട്ടുകാരനോട് പറയുന്നതില് ഞാൻ എന്തെന്നില്ലാത്ത ഒരാനന്ദം കണ്ടെത്തിയിരുന്നു. അന്നത് എനിക്കൊരു തമാശ മാത്രമായിരുന്നു..

“ഇവന്/ഇവള്ക്ക് ഇടാനുള്ള ഡ്രസിന്റെ സൈസ് നാട്ടിലുള്ള ഒരു കടയിലും കാണില്ല, അതൊക്കെ അളവെടുത്ത് തയ്പിക്കേണ്ടി വരും” എന്ന വാചകം മറ്റുള്ളവരെക്കുറിച്ച് പറഞ്ഞുകേള്ക്കുമ്പോള് എനിക്കൊരു അരോചകത്വവും തോന്നിയിരുന്നില്ല. അന്നത് എനിക്കൊരു തമാശ മാത്രമായിരുന്നു..

ജനനം മുതലിങ്ങോട്ട് ചുറ്റുപാടുകളും കണ്ട കാഴ്ചകളും കേട്ട വാക്കുകളും ഉള്ളില്കുത്തിവെച്ച പൊതുബോധമാണ് അത്തരം “തമാശകള്” ആസ്വാദിക്കാൻ പഠിപ്പിച്ചത്.

സ്വയം നിയന്ത്രിച്ചു നിര്ത്താന് കഴിയാത്ത ശരീരവും, അനവധി വേദനകളും, മരുന്നുകളും ഹോര്മോണൽ പ്രശ്‌നങ്ങളുമടക്കം മറ്റൊരാള്ക്ക് ചിന്തിക്കാൻ പറ്റാത്തവിധം എത്രയോ സങ്കീര്ണമാണ് ഒരാളുടെ അമിതഭാരം എന്ന് മനസ്സിലാകാന്, പ്രസവിച്ച പെണ്ണ് സ്വന്തം ജീവിതത്തില് ഉണ്ടാകേണ്ടിവന്നു..

തലയില് മുടി കുറഞ്ഞവർക്ക്‌ തോന്നുന്ന അപകര്ഷതാബോധം ഈ സമൂഹം അടിച്ചേല്പിച്ചതാണെന്ന് മനസ്സിലാകാന്, സ്വന്തം നെറ്റി കയറേണ്ടിവന്നു..

ഒരാളുടെ ശരീരമല്ല അയാളുടെ ഐഡന്റിറ്റി എന്ന് മനസ്സിലാക്കാന്, ഒരിക്കല് കുടക്കമ്പി എന്ന് മാത്രം നമ്മൾ വിശേഷിപ്പിച്ച ഇന്ദ്രന്സിനെയും ഉണ്ടപ്പക്രു എന്ന് മാത്രം നമ്മൾ വിളിച്ച അജയനെയും ഈ ലോകം ആദരിക്കുന്നത് കാണേണ്ടിവന്നു..

ഇന്ന് മനസ്സിലാകുന്ന ചിലതുണ്ട്.. അവരുടെ ജീവിതം ഓരോ നിമിഷവും ദുസ്സഹമാക്കിത്തീർത്തത്, മാതൃകാ മനുഷ്യരായി ജീവിക്കുന്ന നമ്മുടെ നോട്ടങ്ങളും വാക്കുകളും തന്നെയാണെന്ന്.. നമ്മുടെ നിരന്തരമായ കളിയാക്കലുകളും ഉപദേശങ്ങളും അര്ത്ഥം വെച്ചുള്ള നോട്ടങ്ങളുമടക്കം എന്തൊക്കെയാണ്, അവര്ക്കു ദിവസേന മറികടക്കേണ്ടിവന്നിരുന്നതെന്ന്.. നമുക്ക് “തമാശ” ആയിരുന്ന പലതിന്റെയും ശരിയായ പേര് “ബോഡി ഷെയിമിങ്ങ്” എന്നായിരുന്നുവെന്ന്.

വരാൻ നമുക്കേറെപ്പേർക്കും വൈകിപ്പോയ ആ തിരിച്ചറിവാണ്, അവർ ഇന്നോളം മറന്നുപോയ അവരുടെ ചിരി.. വീപ്പക്കുറ്റിയെന്നും കുടക്കമ്പിയെന്നും കുള്ളനെന്നും തോട്ടിയെന്നും കഷണ്ടിത്തലയനെന്നും അവരെ ഇനിയും നമ്മൾ വിളിച്ചാല് അവർ ഇനിയും വിളറിയ ചിരി ചിരിക്കും. പക്ഷേ നാളെ ഈ ലോകം അവരെ വിജയിച്ചവര് എന്നും നമ്മളെ മനുഷ്യരല്ലാത്തവര് എന്നും വിളിക്കും.. പോയകാലം പുലര്ത്തിയ, നമുക്ക് മാത്രം തമാശയെന്ന് തോന്നിയ നെറികെട്ട ന്യായീകരണം നാളെ നമ്മളെത്തന്നെ നോക്കി പുച്ഛിക്കും.

ഇനിയെങ്കിലും നമ്മളെ പേടിക്കാതെ ശ്രീനിവാസനും ചിന്നുവും, അവർ പ്രതിനിധാനം ചെയ്ത കോടാനുകോടി മനുഷ്യരും ഹൃദയം തുറന്നു ചിരിക്കട്ടെ. ഇനിയെങ്കിലും അവരുടെ ശരീരം അവരുടെ മാത്രം സ്വാതന്ത്ര്യമായിരിക്കട്ടെ..

© Kiran AR | MOVIE STREET

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.