പിണറായി വിജയൻ മൈക്കിന്റെ മുന്നിലിരുന്ന് പത്രസമ്മേളനം നടത്തിത്തുടങ്ങിയത്‌ എന്നാണെന്ന് ഓര്‍മയുണ്ടോ?

259

Kiran AR

പിണറായി വിജയനൊരു മൈക്കിന്റെ മുന്നിലിരുന്ന് ദിവസേനയുള്ള പത്രസമ്മേളനം നടത്തിത്തുടങ്ങിയത്‌ എന്നാണെന്ന് ഓര്‍മയുണ്ടോ? തോരാത്ത മഴ പെയ്തൊരു നാട് മുങ്ങിയിട്ട് കരയും കടലും തിരിച്ചറിയാൻ കഴിയാതിരുന്ന കാലത്ത്. മതവും രാഷ്ട്രീയവും പണവും പവറും മറന്നവർ ജീവനും ജീവിതവും കൊണ്ട്‌ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പലായനം ചെയ്ത കാലത്ത്. പ്രാണന്‍ കൈയിലെടുത്ത് ഭീതി ഭക്ഷിച്ച് മൂന്നരക്കോടി മനുഷ്യര്‍ അന്തിച്ചു നിന്ന കാലത്ത്. അന്നവര്‍ക്ക് കിട്ടിയ ഏറ്റവും വലിയ പ്രതീക്ഷയായിരുന്നെടോ അയാളുടെ പത്രസമ്മേളനങ്ങൾ. “നമ്മള് എല്ലാവരും കൂടെയങ്ങ് ഇറങ്ങുവല്ലേ” എന്നു പറഞ്ഞ അയാളുടെ മുഖത്തെ ആത്മവിശ്വാസമാണ് ഒരു ജനതയ്ക്ക് നീന്തിക്കയറാൻ ധൈര്യം കൊടുത്തത്. ഉരുക്കുപോലെ നിൽക്കാനൊരു അമരക്കാരനായി നാടിന്റെ മുഖ്യനുണ്ടായിരുന്നതുകൊണ്ടാണ് മലയാളി അതിജീവനത്തിന്റെ തോണി തുഴഞ്ഞത്, ഉള്ളവൻ ഇല്ലാത്തവനെ കൈപിടിച്ചു കയറ്റിയത്, സൈന്യം വഞ്ചിയിലും കരുതല്‍ കളക്ഷന്‍ സെന്ററുകളിലും വന്നത്, ഡോക്ടർമാരും നഴ്സുമാരും പോലീസുകാരും കെഎസ്ഇബി ജീവനക്കാരും വോളണ്ടിയർമാരും ബ്യൂറോക്രാറ്റുകളും ജനപ്രതിനിധികളും ക്യാബിനറ്റുമടക്കം മനസ്സിൽ വിഷം കലരാത്ത സകലരും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചത്, സഹവര്‍ത്തിത്വം മലയാളിയുടെ ഞരമ്പുകളിൽ പാഞ്ഞത്, തെക്കും വടക്കും പറയാതെ മാവേലിനാട് ഒന്നിച്ചിരുന്ന് ഓണമുണ്ടത്. പ്രളയം ഒരു നാടിനോട് തോറ്റത്, ഒന്നല്ല രണ്ടു വട്ടം.

പിന്നെയിപ്പോ കൊറോണക്കാലം വന്നു. മെഡിക്കൽ എമർജൻസി എന്നത് സ്റ്റേറ്റ് എമർജൻസി ആയപ്പോൾ അയാൾക്ക് വീണ്ടും മൈക്കിനു മുന്നിലിരിക്കേണ്ടി വന്നു. പന്തലിട്ട് ആളെക്കൂട്ടി, എല്ലൊടിഞ്ഞവന്റെ എക്സ്റേ നോക്കുന്ന പി ആര്‍ വര്‍ക്ക് നടത്താനും, നിവേദനമേറ്റുവാങ്ങി കണ്ണീരൊപ്പാനുമല്ല അയാള്‍ ആഴ്ചയിലഞ്ചുദിവസം ഓരോ മണിക്കൂർ പ്രസംഗിച്ചത്. നാടൊരു മുന്നറിയിപ്പില്ലാതെ അടച്ചിടേണ്ടി വന്നപ്പോൾ, മൂന്നരക്കോടി മനുഷ്യർ വീണ്ടും പ്രാണൻ കൈയിലെടുത്തു നിന്നപ്പോൾ, അവരെ ഒരാളൊഴിയാതെ സംരക്ഷിച്ച് പിടിക്കാനുള്ള പ്ലാനും പോളിസിയും സ്ട്രാറ്റജിയും പറയാനാണ് അയാള് തന്നെ വോട്ടിട്ട് തിരഞ്ഞെടുത്തവരുടെ മുന്നില്‍ വീണ്ടുമിരുന്നത്. ഒരു നാട് ഒന്നടങ്കം ഒരിക്കല്‍കൂടി അവരുടെ നേതാവിലേക്ക് ചുരുങ്ങിയത്.

പതിനഞ്ച് കിലോ റേഷനരിയും പലവ്യഞ്ജനക്കിറ്റുകളും വീട്ടിലെത്തിയ ക്ഷേമ പെന്‍ഷനും കമ്മ്യൂണിറ്റി കിച്ചണും ഇളവ് നല്‍കിയ വൈദ്യുതിബില്ലും വീടില്ലാത്തവർക്കുള്ള തണലും കുഞ്ഞുങ്ങള്‍ക്കുള്ള അന്നവും വായിക്കാനുള്ള പുസ്തകവും മിണ്ടാപ്രാണികളോടുള്ള കരുതലും ഒരു വശത്ത് നടന്നപ്പോള്‍ മറ്റൊരിടത്ത് മറ്റു ചിലത് നടന്നു. നേരമിരുട്ടി വെളുക്കുന്ന സമയം കൊണ്ട്‌ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ ഐസൊലേഷൻ വാര്‍ഡുകളായി. വ്യവസായ വകുപ്പ് വഴി കുറഞ്ഞ വിലയ്ക്ക് സാധാരണക്കാരന് സാനിറ്റൈസറുണ്ടായി. ജയിലുകളും യുവജനസംഘടനകളും വഴി മാസ്കുകളും പി പി ഇ കിറ്റുകളുമുണ്ടായി. ഒരൊറ്റ ദിവസം കൊണ്ട്‌ ഇരുന്നൂറോളം ഡോക്ടർമാരെ നിയമിക്കാനുള്ള നടപടികളുണ്ടായി. കാസര്‍ഗോഡ് നാല് ദിവസം കൊണ്ടൊരു കോവിഡ് ആശുപത്രിയുണ്ടായി. ജീവൻ കൊടുത്തു കൂടെ നിന്ന ഡോക്ടർമാരും നഴ്സുമാരും ആശുപത്രി ജീവനക്കാരും ആശാ വർക്കര്‍മാരും കുടുംബശ്രീക്കാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും പോലീസുകാരും സന്നദ്ധപ്രവര്‍ത്തകരും ബ്യൂറോക്രാറ്റുകളും ജനപ്രതിനിധികളും ക്യാബിനറ്റുമടക്കം സകല വകുപ്പുകളുടെയും ഏകോപനം നടന്നു. തലയ്ക്ക് മീതെ വെള്ളം വന്നാല്‍ അതുക്കു മേലെ തോണിയെന്ന കണക്കെ അയാൾ വീണ്ടും ക്യാപ്റ്റനായി. അടിമുടി ചിട്ടയായ പ്രവർത്തനമുണ്ടായി. അതിന്‌ റിസൾറ്റുമുണ്ടായി.

ടെസ്റ്റിലും രോഗികളോടുള്ള കരുതലിലും റിക്കവറി റേറ്റിലും കൊച്ചുകേരളം രാജ്യത്തിന് മാതൃകയായി. എണ്‍പത്തിയെട്ടുകാരിയും തൊണ്ണൂറ്റിമൂന്നുകാരനും വിദേശപൗരനും പിഞ്ചുകുഞ്ഞുമടക്കം രോഗമുക്തരായി. ദിവസം ചെല്ലുന്തോറും രോഗികളുടെ എണ്ണത്തില്‍ കുറവുകളുണ്ടായി. കേരള മോഡലനുകരിക്കാൻ കേന്ദ്രത്തിൽ നിന്ന് നിര്‍ദേശമുണ്ടായി. കമ്മ്യൂണിസ്റ്റുകാർ ഭരിക്കുന്ന പടവലങ്ങപോലൊരു കൊച്ചുനാട് മഹാമാരിയെ പിടിച്ചുകെട്ടിയതിനെപ്പറ്റി കോളമെഴുതാൻ അതേ മഹാമാരിയോട് തോറ്റമ്പിയ അമേരിക്കൻ ബ്രിട്ടീഷ് പത്രങ്ങളുണ്ടായി. പിണറായി വിജയനും ഷൈലജ ടീച്ചറും അവരുടെ രാഷ്ട്രീയവും അവർ ചിരിക്കുന്ന പടവും രാജ്യം കടന്നങ്ങ് രാജ്യാന്തരമായി. പിണറായി വിജയൻ കഴിഞ്ഞ മൂന്നാഴ്ച ആ മൈക്കിലൂടെ വിളിച്ചു പറഞ്ഞതും, ചോദ്യങ്ങള്‍ക്ക്
കൃത്യമായ കണക്കു നല്‍കി മറുപടി നല്‍കിയതും, ആശങ്കകളില്ലാതെ അതിജീവനത്തെപ്പറ്റി മാത്രം സംസാരിച്ചതും എന്താണെന്നും എന്തിനാണെന്നും നാട്ടുകാര്‍ക്കറിയാം. രണ്ടു വര്‍ഷം കൊണ്ട്‌ അഞ്ചാമത് ദുരന്തം കണ്ടൊരു ജനതയുടെ ഒപ്പമല്ല, മുന്നില്‍ തന്നെയുണ്ട് ഭരണകൂടമെന്ന ഓര്‍മപ്പെടുത്തലല്ലാതൊരു പ്രസംഗവും അവിടെ നടന്നിട്ടില്ല. ആത്മവിശ്വാസമല്ലാതെ മറ്റൊന്നും അയാളിൽ നിന്ന് പ്രസരിച്ചിട്ടില്ല. പിന്നില്‍ നിന്ന് കുത്തിയവരോടൊഴികെ അയാളീ ദുരിതസമയത്ത് രാഷ്ട്രീയം പറഞ്ഞിട്ടില്ല, ഒരു ഭിന്നിപ്പുമുണ്ടാക്കാൻ നോക്കിയിട്ടില്ല. പ്രളയകാലത്തുള്ളതിലുമേറെ അയാളിന്ന് ഈ ജനതയുടെ ഭാഗമാണ്, ആശ്വാസവും ഊർജ്ജവും കണ്ടെത്താനൊരു കാരണമാണ്. ആളുകള്‍ക്ക് പ്രായഭേദമന്യേ അയാളിന്നൊരു ഓർഗാനിക്ക് ലീഡറാണ്. സ്ട്രാറ്റജി പ്ലാൻ ചെയ്ത് കൃത്യമായി എക്സികൂട്ട് ചെയ്ത് വിജയം കണ്ടൊരു ക്രൈസിസ് മാനേജറാണ്.

ഇരുപത് ലക്ഷം പേരെ ലോകത്താകമാനം ബാധിച്ച വ്യാധികാലത്തുപോലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്വപ്നം കണ്ടവർക്കത് തിരിയില്ല. അവര്‍ക്കു പറഞ്ഞും ചെയ്തും പരിചയമുള്ള നന്മ വിതറിയ പ്രകടനപരത ഇതിലില്ല. അല്ലാത്തതൊട്ട് കണ്ട് ശീലവുമില്ല. അപ്പൊ പിന്നെയവർ പ്രസ് മീറ്റും ബ്രീഫിങ്ങും പി ആര്‍ വര്‍ക്കാക്കും. നാടൊന്ന് ശ്വാസംവിട്ടു തുടങ്ങിയതോടെയാണ് ദിവസേനയുള്ള പത്രസമ്മേളനം ഒന്നിടവിട്ട ദിവസങ്ങളിലേക്ക് ചുരുങ്ങിയതെന്ന ലളിതയുക്തി മനപ്പൂര്‍വ്വം മറക്കും. നുണ പറഞ്ഞ്‌ നാലാളെക്കൂട്ടിയൊടുവിൽ കണ്ടം വഴി പാഞ്ഞവന്റെ മുന്നിലുള്ള തോല്‍വിയായിക്കണ്ട് പുറമെ ആനന്ദിക്കും, അകമേ ആശ്വസിക്കും. അജണ്ട മാത്രം പൊതിഞ്ഞ ആരോപണങ്ങളുടെ പേരില്‍ ഒരിക്കല്‍ വെറുത്ത അതേ ജനത തന്റെ കൂടെയുള്ള കാലത്തോളം അയാളത് കണ്ടു ചിരിച്ചുതള്ളും. ഇനിയും ജയിച്ചിട്ടില്ലാത്ത സമരത്തിൽ ചെയ്തുതീര്‍ക്കാനുള്ള അടുത്ത നടപടികളെക്കുറിച്ചാലോചിക്കും. ക്ലിഫ് ഹൗസിലെ കഞ്ഞികുടിച്ച് കമലടീച്ചറോട് നാല് വർത്തമാനവും പറഞ്ഞ്‌ കിടന്നുറങ്ങും.
അതുകൊണ്ട്, തൊട്രാ പാക്കലാം..!