ഷെയിൻ നിഗം എന്ന ഇരുപത്തിരണ്ടുകാരന്റെ അപക്വമായ ചില നിലപാടുകൾ മറന്നുകൊണ്ടുതന്നെ കൂടെ നില്‍ക്കാനുള്ള കാരണങ്ങൾ

185

Kiran AR

“യുവ തലമുറയില്പെട്ട പല പ്രമുഖ നടന്മാരും അഹങ്കാരികളാണ്.”

“പലരും കഞ്ചാവടക്കമുള്ള ലഹരി പദാര്ത്ഥങ്ങള് വ്യാപകമായി ഉപയോഗിക്കുന്നവരാണ്.”

“കാരവാനിൽ നിന്ന് പുറത്തിറങ്ങാന് പോലും മടിയുള്ള ഇക്കൂട്ടരുടെ കയ്യിലാണ് ഇന്ന് മലയാള സിനിമയുടെ ഭാവി.”

ആരൊക്കെയാ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നറിയാമോ??

നിര്മാതാക്കളുടെയും നടന്മാരുടെയും സംഘടനയിലെ കാലഹരണപ്പെട്ട കാരണവന്മാരുടെ കൂട്ടം..

എന്തായിരുന്നു ഇവരുടെയൊക്കെ മുന്കാല നിലപാടുകൾ??

കസബ വിവാദം ഉണ്ടായ സമയത്ത് പാർവതി എന്ന നടിയെ നികൃഷ്ടമായ, മനുഷ്യത്വരഹിതമായ സൈബര് ആക്രമണം നടത്തിയ ആരാധകന് തന്റെ സെറ്റില് ജോലി നല്കും എന്ന് പ്രസ്താവിക്കുക..

സഹപ്രവര്ത്തകയെ സിനിമാചരിത്രത്തിലില്ലാത്ത വണ്ണം ക്രൂരമായ ശാരീരിക-മാനസിക പീഡനത്തിന് വിധേയയാക്കാൻ ചരടുവലിച്ച കേസില് വിചാരണ നേരിടുന്ന പേട്ടനെ പരവതാനി വിരിച്ച് സ്വീകരിച്ച്, സംഘടനകളിലേക്ക് തിരിച്ചെടുക്കാന് മത്സരിക്കുക..

ഇരയായ പെണ്കുട്ടിയുടെ ഒപ്പം നിന്നുകൊണ്ട് വേട്ടക്കാരനുവേണ്ടി പ്രാര്ത്ഥിക്കുന്ന സമത്വസുന്ദരമായ നിലപാടിന് കുടപിടിക്കുക. ആ നടിക്ക് മേലാല് ഒരു മലയാള സിനിമയും ലഭിക്കില്ലെന്ന് ഉറപ്പുവരുത്തുക.

ഡബ്ലിയു സി സി പോലെയുള്ള സംഘടനകൾ രൂപം കൊള്ളാനുള്ള കാരണങ്ങളും, അവർ മുന്നോട്ടു വച്ച ആശയങ്ങളും “ഫെമിനിച്ചികളുടെ രോദനങ്ങള്” മാത്രമായി നിസ്സാരവൽക്കരിക്കുക.

തങ്ങളുടെയും തങ്ങൾ താങ്ങി നടക്കുന്ന സൂപ്പര് താരങ്ങളുടെയും ധാര്ഷ്ട്യത്തോട് തോൽക്കാന് തയാറാകാതിരുന്ന തിലകനെ പോലുള്ള നട്ടെല്ലുള്ള നടന്മാരുടെ തൊഴിൽ നിഷേധിക്കുക. അവർക്ക് അപ്രഖ്യാപിത വിലക്ക് ഏര്പ്പെടുത്തുക.. അവരുടെ സിനിമകൾ കളിക്കുന്ന തീയേറ്ററുകളിൽ ആളെ കാശു കൊടുത്ത് കയറ്റി കൂവിക്കുക..

ഷെയിൻ നിഗം എന്ന ഇരുപത്തിരണ്ടുകാരനെ വിശ്വസിക്കാൻ, അയാളുടെ അപക്വമായ ചില നിലപാടുകൾ മറന്നുകൊണ്ടുതന്നെ അയാളുടെ കൂടെ നില്ക്കാന് ഈ കാരണങ്ങൾ ധാരാളമാണ്. അയാളെ ഒറ്റപ്പെടുത്താനുള്ള ധൃതി കാണിക്കുന്നവരുടെ മുന്നിലപാടുകൾ തന്നെയാണ് അവര്ക്ക് കൃത്യമായ അജണ്ട ഉണ്ടെന്ന് ഉറപ്പ് നല്കുന്നത്. സിനിമാ മേഖലയെ പുണ്യാഹം തളിച്ച് ശുദ്ധീകരിക്കാനുള്ള സാംസ്കാരികത്വരയൊന്നുമല്ല അവരുടെ ലക്ഷ്യം, തങ്ങളുടെ മാടമ്പിത്തരത്തോട് വിധേയപ്പെട്ട് പണിയെടുക്കാന് തയ്യാറാകാത്ത മനുഷ്യരെ ക്രൂരമായി മായ്ച്ചുകളയുക മാത്രമാണത്..

ഷെയിൻ സിനിമാ സെറ്റില് അപക്വമായ പെരുമാറ്റം നടത്തിയെങ്കിൽ, അയാൾ ജനാധിപത്യപരമല്ലാതെ പ്രതിഷേധിച്ചെങ്കിൽ, അയാളത് തിരുത്തേണ്ടതാണ്. അയാളിലെ വ്യക്തി എങ്ങനെയായാലും ഒരു തൊഴിലിടത്തിൽ പാലിക്കേണ്ട ചില മര്യാദകള്ക്ക് അയാളും വിധേയനാണ്.. അത് പക്ഷേ അമ്മക്ക് വിളിച്ചവന്റെ മുന്നിലും കാറിടിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയവന്റെ മുന്നിലും മുട്ടിടിച്ച് മിണ്ടാതെയിരിക്കലല്ല. അങ്ങനെയൊരു അവഹേളനം അയാൾ നേരിട്ടുവെങ്കില് അയാളുടെ എല്ലാ പ്രതിഷേധങ്ങളും ന്യായീകരിക്കപ്പെടുന്നുമുണ്ട്..

അയാൾ തൊഴിലെടുക്കുന്ന സമയത്ത്‌ ലഹരി പദാര്ത്ഥങ്ങൾ ഉപയോഗിച്ചെങ്കിൽ, (ഉപയോഗിച്ചെങ്കിൽ മാത്രം) അത് അയാളിലെ നടന് ഉറപ്പായും തിരുത്തേണ്ട തെറ്റാണ്. അതിന് ഒരു ന്യായീകരണങ്ങളും പറയുന്നുമില്ല.. പക്ഷേ അതൊരു ആരോപണം മാത്രമായി നിലനില്ക്കുന്ന കാലത്തോളം വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. പ്രത്യേകിച്ച് ആരോപണവിധേയനായ പേട്ടനെ പൂമാലയിട്ട് സ്വീകരിച്ച ചരിത്രമുള്ളവർ തന്നെ ഇതിന് പിറകിലുള്ളിടത്തോളം കാലം..

ഒരു ഇരുപത്തിരണ്ടുകാരനിൽ വേണ്ടതിൽ കവിഞ്ഞ പാകത ഇന്നോളം ഷെയിൻ പലതവണ പ്രകടിപ്പിച്ചിട്ടുണ്ട്. നമ്മളിലെ ഭൂരിഭാഗവും , തകർന്ന പ്രണയത്തെക്കുറിച്ചും എഴുതേണ്ട അക്കാദമിക് പരീക്ഷകളെക്കുറിച്ചും മാത്രം ആലോചിക്കുന്ന ഇരുപത്തിരണ്ടാം വയസ്സില് അയാൾ തൊഴിലെടുത്ത് അച്ഛനില്ലാത്ത ഒരു കുടുംബം പോറ്റുന്നുണ്ട്. നിലവാരമില്ലാത്ത സ്ഥിരം ടിവി ഇന്റര്വ്യൂ ചോദ്യങ്ങള്ക്ക് ക്ലീഷേകളെ പാടെ തെറ്റിച്ചുകൊണ്ട് തെളിച്ചമുള്ള ഒരുപിടി ഉത്തരങ്ങൾ കൊടുത്തിട്ടുണ്ട്. അയാൾ ഇന്നോളം അഭിനയിച്ച മറ്റു സിനിമാക്കാർക്കെല്ലാം അയാളെപ്പറ്റി പറയാൻ നൂറു നൂറ് നല്ല കാര്യങ്ങളുമുണ്ട്..

അതുകൊണ്ട്‌ ചില വിയോജിപ്പുകൾ മറന്നുകൊണ്ട് തന്നെ ആ ചെറുപ്പക്കാരന്റെ കൂടെയാണ്.. രാമലീല കാണാന് നാടുനീളെ ആഹ്വാനം ചെയ്ത പ്രബുദ്ധ സിനിമാക്കാരുടെ ഇക്കാര്യത്തിലെ ഇരട്ടത്താപ്പിനൊപ്പം തുള്ളാൻ ബുദ്ധിമുട്ടാണ്.. അയാളെ ഒറ്റപ്പെടുത്താനുള്ള ശ്രമം ചെറുക്കുന്ന, സമൂഹത്തെ നവീകരിച്ച ഒരുപിടി സിനിമകൾ നല്കിയ രാജീവ് രവി അടക്കമുള്ളവർക്കൊപ്പമാണ്.. അയാളെ കുരുതികൊടുക്കാൻ കൂട്ടുനില്ക്കുന്നതുവഴി, ആ മാടമ്പിത്തരത്തോട് ഐക്യപ്പെടാൻ അറിഞ്ഞും അറിയാതെയും തയ്യാറായ മനുഷ്യരുടെ എതിർപക്ഷത്താണ്..

ഇത് പൊളിറ്റിക്സ് വേറെയാണ് .