കോവിഡ് പിടിമുറുക്കിയപ്പോൾ നമ്മൾ കോവിഡിനെ മറന്നു

  85

  Kiran Narayanan

  നമ്മുടെ നാട്ടില് കൊവിഡ്-19 നന്നായിട്ട് പിടിമുറുക്കി വരുന്നുണ്ട്… അതിപ്പോ ഞാനായിട്ട് ഉദ്ഘോഷിക്കേണ്ട കാര്യമില്ല എന്നറിയാം.ആളുകൾക്ക് ഈ വിഷയത്തിന്റെ ഗൗരവം വേണ്ടത്ര രീതിയിൽ മനസ്സിലാകുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല… ആദ്യകാലങ്ങളിൽ കൊടുത്തിരുന്ന ഒരു ശ്രദ്ധ ഈ വിഷയത്തിൽ ആളുകൾ പൊതുവേ കൊടുത്തു കാണുന്നില്ല.
  🕳️ കല്യാണം, ചോറൂണ്, വീട് കേറിത്താമസം, മരണവീട്, അങ്ങനങ്ങനെ ചടങ്ങുകൾ അനുസ്യൂതം നടക്കുന്നു… ( അങ്ങനെ ഒരു മാസ്കില്ലാ നാട്ടിൽ നടന്ന കല്യാണാഭാസത്തിൻറെ ബാക്കിയാണ് താഴെ കാണുന്ന PPE ൽ നിക്കുന്ന എന്റെ ടീം, ഇന്നായിരുന്നു ആ containment zone ലെ പരിശോധന )
  🕳️ ടി.വി. തുറന്നാൽ പിന്നെ ബോധം പോകും… പാർട്ടി ഇന്നത് എന്നില്ല… റിപ്പോർട്ടർ ഇന്ന ചാനലിന്റെ എന്നില്ല… ഒരുത്തനും മാസ്കില്ല… ഉന്തും തള്ളും പിടിവലിയും ജലപീരങ്കിയും കെട്ടിമറിയലും ചുവന്നമഷി കോരിയൊഴിക്കലും… ഹോ… 😡 കൊവിഡ് വിഷയം ഒക്കെ ഒന്ന് മിന്നിമറഞ്ഞാലായി…
  🕳️ സകലരും യാത്രകൾ പോകുന്നു, അർമ്മാദിക്കുന്നു, ടൂറ്, ഗെറ്റ് ടുഗതർ, ഓണത്തിന് reverse quarantine ൽ ഇരിക്കുന്ന grand parents ൻറെ അടുത്തേക്ക് സ്നേഹം അടക്കാൻ വയ്യാതെ ഓടിപ്പോകുന്നു… ഹയ്യോ… ബാക്കി പറയുന്നില്ല… അത് കഴിഞ്ഞ് മൂന്നാഴ്ച ആകുന്നല്ലോ.. അതിന്റെ കണക്ക് ഏകദേശം എത്തിത്തുടങ്ങിയിട്ടുണ്ട്… വച്ചടി വച്ചടി പുരോഗതി ആയിരിക്കും ഇനി… ഇന്നത്തെ റെക്കോർഡ് ഒക്കെ പുഷ്പം പോലെ ഭേദിക്കപ്പെടും..
  ഇനി ഇതുവരെ ടെസ്റ്റിംഗ് നടത്തിയതിന്റെ വിശേഷവും പറയാം…
  🌗 വളരേ നേരത്തേ തന്നെ appointment കൊടുത്ത്, അവനവന്റെ വണ്ടിയിൽ ടെസ്റ്റിംഗ് ഫെസിലിറ്റിയുടെ അടുത്ത് എത്തി അവരവരുടെ വണ്ടികളിൽ തന്നെ ഇരിക്കണം. ഫോണിൽ വിളി വരുമ്പോൾ മാത്രം വണ്ടിയിൽ നിന്നും ഇറങ്ങി കെട്ടിടത്തിലേക്ക് വരിക എന്നതാണ് കൊടുക്കുന്ന നിർദ്ദേശം.
  🌗 Covid suspects ആണല്ലോ വരുന്നത്. അവർ കൂട്ടം കൂട്ടമായി എത്തി, testing facility യുടെ പരിസരത്ത് നിന്ന് ഇടപഴകിയാൽ പിന്നെ അവിടന്ന് അസുഖം കിട്ടുന്ന ദുരവസ്ഥയാകും. അതൊഴിവാക്കാനാണ് ഈ planning മൊത്തം. ഇത് ensure ചെയ്യാൻ പോലീസും അതേ സ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ട് ( അവരുടെ വണ്ടിയിൽ തന്നെ )
  🌗 ഇതൊക്കെ ചെയ്താലും ടെസ്റ്റിംഗ് നടക്കുമ്പോൾ വാതിൽക്കൽ വന്ന് കൂട്ടംകൂടി ബഹളം വയ്ക്കുന്ന ആളുകളെ എല്ലാ ദിവസവും കാണേണ്ടിവന്നു 😔
  🌗 ചുമ്മാ അവിടെ കൂടിയിരുന്ന് നാട്ടുകാര്യം പറയുന്ന ആളുകളെയും ( ഭാഷ വേറേ ആണ് വേണ്ടത്.. മുതിരുന്നില്ല… കാര്യമില്ല… ) കണ്ടു..
  🌗 ടെസ്റ്റ് കഴിഞ്ഞാൽ നേരേ തന്നെ വീട്ടിൽ പോകുക, ആരോടും mingle ചെയ്യരുത്, 14 ദിവസത്തെ quarantine തന്നെ complete ചെയ്തിരിക്കണം എന്നാണ് പറഞ്ഞുവിടുന്നത്..
  🌗 ടെസ്റ്റ് കഴിഞ്ഞ് പോസിറ്റീവ് റിപ്പോർട്ട് പറയാനായി വിളിച്ചപ്പോൾ ആള് നിൽക്കുന്നത് 15 കിലോമീറ്റർ ദൂരെ ഒരു സ്ഥലത്ത് ഇറച്ചിക്കടയിൽ ഇറച്ചി വാങ്ങാൻ ക്യൂവിൽ.. 😡 ഭാര്യയും പോസിറ്റീവ്.. അവർക്കാണേൽ നല്ല രോഗലക്ഷണങ്ങളും ഉണ്ട്, ആശുപത്രിയിലേക്ക് ഷിഫ്റ്റ് ചെയ്യേണ്ട കേസും.. ഭർത്താവ് ആ ഗ്യാപ്പിൽ quarantine ൽ നിന്ന് ചാടിയ തക്കത്തിന് ഇറച്ചി മേടിച്ച് ആഘോഷിക്കാൻ ഓടിയേക്കുന്നു..
  ഇനി എനിക്ക് അറിയാവുന്ന, ഞാൻ മനസ്സിലാക്കുന്ന കുറച്ച് കാര്യങ്ങൾ കൂടി പറയാം… വേണ്ടവര് മനസ്സിലാക്ക്…

  🚦 കേസുകൾ ക്രമാതീതമായി വർധിച്ചുവരുന്നുണ്ട്.
  🚦 ഇതുവരെ പ്രധാനമായും ഗവൺമെന്റ് സ്ഥാപനങ്ങളിൽ ആണ് കൊവിഡ് ചികിത്സ നടന്നിരുന്നത്.
  🚦 കേസുകൾ കൂടുന്നതിന് ആനുപാതികമായി critical care വേണ്ട കേസുകളും ഉയരുന്നുണ്ട്.
  🚦 ഏതൊരു ഗവൺമെന്റ്/പ്രൈവറ്റ് സംവിധാനത്തിനും ഒരു saturation point ഉണ്ട്.
  🚦 അതിനപ്പുറം എന്നൊരു ചോദ്യത്തിനു പോലും സ്കോപ്പില്ല.
  🚦 വിചാരിക്കുന്നത്ര എളുപ്പത്തിൽ, ആ പഴയ വേഗതയിൽ രോഗികളെ ആശുപത്രികളിൽ ഒന്ന് എത്തിക്കാൻ പോലും പറ്റില്ല ഇനിയങ്ങോട്ട്.
  🚦 കീശയിൽ നിന്നും പണം ചിലവാക്കി critical care നേടുവാൻ എത്രപേർക്ക് പറ്റും. പണം മാത്രം ഉണ്ടായാലും പോര, അവിടെ ബെഡ്ഡും മറ്റ് ഉപകരണങ്ങളും നമുക്ക് ലഭ്യമാകണം.
  🚦 അങ്ങനെ പറ്റാത്തവർക്ക് എന്തുപറ്റും??? ഉത്തരം കിട്ടാത്തവർ നാലഞ്ച് മാസം മുന്നേ തൊട്ടുള്ള ‘ഇറ്റലി, ബ്രിട്ടൻ, ബ്രസീൽ’ കൊവിഡ് വാർത്തകളിലേക്കും ദൃശ്യങ്ങളിലേക്കും ഒന്ന് കണ്ണോടിച്ചാൽ മതിയാകും.
  🚦 മരണം ഉറപ്പായും കൂടും. അത് ഒഴിവാക്കണേൽ ഓരോരുത്തരും തന്നെ തീരുമാനമെടുക്കണം.
  🚦 ഉടായിപ്പ് ഇമ്യൂണിറ്റി ബൂസ്റ്റിംഗ് പരിപാടികൾ ഏത് കൊലകൊമ്പൻ endorse ചെയ്തതാണേലും ശരി, നമ്പരുത്. പോയി തലവച്ച് ‘ഹായ്, മുട്ടക്കാട്ടൻ ഇമ്യൂണിറ്റി കിട്ടിയേ, യുറേക്കാ’ ന്നും പുലമ്പി പുറത്തിറങ്ങി നെഗളിച്ചാൽ പോകുന്നത് നിങ്ങൾക്ക് മാത്രമാണ്.
  🚦 ഗവൺമെന്റ് ഇനിയങ്ങോട്ടുള്ള ചടങ്ങുകൾക്ക് 100 പേരെ അനുവദിച്ചു എന്നും പറഞ്ഞ് ആളെ തികയ്ക്കാൻ നെട്ടോട്ടം ഓടുന്ന ആളുകളെയാകും ഇനി കാണേണ്ടിവരുന്നത് എന്നത് എനിക്ക് നൂറല്ല, നൂറ്റിപ്പത്ത് ശതമാനം ഉറപ്പാണ്. ഒരു വിളി വന്നാൽ കെട്ടിയൊരുങ്ങി എഴുന്നള്ളി പണി ഇരന്ന് വാങ്ങണോ എന്ന് ആലോചിക്കേണ്ടത് നിങ്ങളാണ്. കാരണം അത്തരം ചടങ്ങുകളിൽ മാസ്കില്ല, സാമൂഹിക അകലം ഇല്ലേയില്ല…
  🚦 ഇങ്ങനെ എത്ര നാളാ? കൊള്ളാവുന്ന ഒരു വാക്സിൻ വരണം, അത് ഈ നാട്ടില് മൊത്തം കുത്തി തീർക്കണം, ബഹൂഭൂരിഭാഗത്തിനും ആവശ്യമുള്ളത്ര antibody titre ആയിട്ടുണ്ട് എന്ന് ഉറപ്പാക്കണം. ഇനിയും നല്ല സമയമെടുക്കും.

  അപ്പോ to conclude,
  കേസുകൾ വിരലിലെണ്ണാവുന്ന സമയത്ത്, ആ ലോക്ക്ഡൗൺ സമയത്ത് കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്, എങ്ങനെ മിതത്വത്തോടെ ഈ കാലഘട്ടത്തിൽ ഒന്ന് തട്ട് കിട്ടാതെ ജീവിച്ചുപോകാം എന്ന്… അതൊക്കെ മറന്നവർ ഒന്ന് റിവിഷൻ എടുക്കണം… ചുറ്റും ഉള്ള ആരും, അത് കൂട്ടുകാരാകട്ടേ, സഹപ്രവർത്തകരാകട്ടേ, ബന്ധുക്കളാകട്ടേ, കുഞ്ഞമ്മേടെ നാത്തൂനാകട്ടേ.. ആരും, പോസിറ്റീവ് ആയിരിക്കാം, അവർ asymptomatic ആവും, ചെന്ന് കേറി നെഗളിച്ചാൽ അവരിൽ നിന്ന് അസുഖം നമുക്ക് കിട്ടാം, പിന്നെ അത് നമ്മള് വീട്ടിൽ എത്തിക്കും, അവിടെ reverse quarantine ൽ ഇരിക്കുന്നവർ നമ്മുടെ കൈയിലിരിപ്പിൻറെ കൊണം കാരണം മരിച്ചുപോയേക്കാം എന്നൊക്കെയുള്ള ഒരു സാമാന്യബോധം… അത്രയേ പ്രതീക്ഷിക്കുന്നുള്ളൂ….

  പിന്നെ ഈ തെരുവിലെ സമരാഭാസം… അയ്ന് ഒരൊറ്റ കാര്യമേ പറയാനുള്ളൂ… ഈ ഇലക്ഷൻ വർഷത്തിൽ ഈ രാജ്യത്ത് കൊവിഡ് വന്നതിന് മറ്റേത് രാജ്യത്തേക്കാളും വലിയ വില നമ്മള് കൊടുക്കേണ്ടിവരും… അത് ഒഴിവാക്കാനുള്ള ഒരു മര്യാദയൊന്നും ആരിൽ നിന്നും പ്രതീക്ഷിക്കണ്ട…
  പോയി പണി മേടിക്കാതിരുന്നാൽ അവനവന് കൊള്ളാം… പിന്നെ ഞങ്ങളെ പോലുള്ളവർക്കും കൊള്ളാം… ദേ ആ താഴെ കാണുന്ന വേഷത്തിനുള്ളിലെ നിൽപ്പ് ഒട്ടും ഒരു സുഖമുള്ള കാര്യമേയല്ല…
  ഹല്ല… ആരോടാ ഇതൊക്കെ പറയുന്നത്… ല്ലേ.? അപ്പോ ശരി.. ഒരു സമാധാനത്തിന് എഴുതി എന്ന് മാത്രം..