വിനയനും പത്തൊൻപതാം നൂറ്റാണ്ടും
കിരൺ തോമസ്✍️ .
മലയാള സിനിമയിലേക്കുള്ള വിനയൻ എന്ന സംവിധായകന്റെ ശക്തമായ തിരിച്ചുവരവ്. അദ്ഭുതദ്വീപ്,കരുമാടിക്കുട്ടൻ , വാസന്തി ലക്ഷ്മിയും പിന്നെ ഞാനും , ആകാശഗംഗ, വെള്ളിനക്ഷത്രം, ഊമപ്പെണ്ണിന് ഉരിയാടപയ്യൻ തുടങ്ങി വ്യത്യസ്തമായ സിനിമകൾ എടുത്ത് വിജയിപ്പിച്ചിട്ടുള്ള ആളാണ് വിനയൻ. യാതൊരുവിധ സിനിമ പശ്ചാത്തലവും ഇല്ലാതിരിന്നിട്ടും അയാൾ മലയാള സിനിമയിൽ വിസ്മയങ്ങൾ സൃഷ്ടിച്ചു. സൈഡുറോളുകളിലും കോമഡി റോളുകളിലും ഒതുങ്ങി നിന്നിരുന്ന കലാഭവൻ മണിക്ക് അഭിനയപ്രാധാന്യമുള്ള നായക വേഷങ്ങൾ വിനയൻ നൽകിയപ്പോൾ അത് ചരിത്രമായി. കരുമാടിക്കുട്ടനും ,വാസന്തി ലക്ഷ്മിയും പിന്നെ ഞാനും മലയാള സിനിമയിലെ വേറിട്ട അടയാളപ്പെടുത്തലുകളായി. ഊമപ്പെണ്ണിന് ഉരിയാടപയ്യനിലൂടെ ജയസൂര്യയെ നായകനിരയിലേക്ക് കൊണ്ട് വന്നു. മലയാളത്തിൽ വിജയിച്ച തന്റെ ചിത്രങ്ങൾ തമിഴിലേക്ക് റീമേക്ക് ചെയ്ത് അവിടേയും വിജയങ്ങൾ സൃഷ്ടിച്ചു. വാസന്തി ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തമിഴ് റിമേക്ക് ആയ കാശി വിക്രമിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ വേഷങ്ങളിൽ ഒന്നാണ്. വിനയന്റെ അദ്ഭുതദ്വീപ്
മലയാളത്തിലെയെന്നല്ല ലോക സിനിമയിലെ തന്നെ ഒരു വേറിട്ട പരീക്ഷണമായി കണക്കാക്കാം. 300 ൽ അധികം കുള്ളൻമാരും ഉയരം കൂടിയ മനുഷ്യരും ചിത്രത്തിൽ വേഷമിട്ടു. ഏറ്റവും ഉയരം കുറഞ്ഞ നായകനെന്ന പേരും ഗിന്നസ് റെക്കോർഡും അജയ് കുമാർ എന്ന പക്രു ചിത്രത്തിലൂടെ സ്വന്തമാക്കി. അദ്ഭുതദ്വീപ് എന്ന വിനയൻ ചിത്രം കണ്ടിട്ട് അമേരിക്കൻ സംവിധായകനും നടനും നിർമ്മാതാവുമായ റോൺ ഹോവാർഡ് വരെ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഇംഗ്ലീഷ് വേർഷൻ ഇറക്കാൻ റോൺ ഹോവാർഡ് താൽപര്യം പ്രകടപ്പിച്ചതും അന്ന് വാർത്തയായിരുന്നു. മലയാള സിനിമയിലെ വിനയന്റെ പരീക്ഷണങ്ങളും നിലപാടുകളും ഉള്ളത് ഉള്ളതു പോലെ മുഖത്ത് നോക്കി പറയുന്ന പ്രകൃതവും മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന ഒരു കൂട്ടം ആളുകൾക്ക് പിടിച്ചില്ല. സിനിമയിൽ വിനയന് വിലക്കു വീണു. മലയാള സിനിമയിലെ ടെക്നീഷ്യൻമാരേയും താരങ്ങളേയും വിനയന് അപ്രാപ്യമായി. ഏതെങ്കിലും ഒരു താരമോ ടെക്നീഷ്യനോ വിനയനെ അനുകൂലിച്ചാൽ അയാളെയും മലയാള സിനിമയുടെ ഭൂപടത്തിൽ നിന്നും വെട്ടിമാറ്റുന്ന കാലം. തലങ്ങും വിലങ്ങും നിന്ന് ആക്രമിച്ചിട്ടും ഒറ്റപ്പെടുത്തിയിട്ടും അയാൾ തളർന്നില്ല .
പരിമിതമായ ബഡ്ജറ്റിൽ ലഭ്യമായ പുതുമുഖങ്ങളേയും സാങ്കേതിക വിദഗ്ദ്ധരേയും വെച്ചു അയാൾ സിനിമകൾ ചെയ്തു കോണ്ടേ ഇരുന്നു. അതിൽ ചില സിനിമകൾ സാമ്പത്തികമായി വിജയിച്ചുവെങ്കിലും ചിലത് ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. എന്റെ ബിരുദ പഠന കാലത്താണ് വിനയന്റെ ഡ്രാക്കുള 3D റിലീസ് ആവുന്നത്. കമലഹാസന്റെ വിശ്വരൂപവും തിയറ്ററിൽ കളിക്കുന്ന കാലം. ഞാൻ ആദ്യം പോയി കണ്ടത് ഡ്രാക്കുള 3D യാണ് . അന്ന് കോളേജിലെ സുഹൃത്തുക്കൾ ഒരു പാട് കളിയാക്കി. വിശ്വരൂപംപോലൊരു സിനിമ കളിക്കുമ്പോൾ വിനയന്റെ ഈ ബോംബ് പടം റിലീസിന് തിയറ്ററിൽ പോയി കണ്ട നിന്നെ സമ്മതിക്കണം. ഇത്തരത്തിലുള്ള കമന്റുകളാണ് അന്ന് വന്ന് കൊണ്ടിരുന്നത്. ഡ്രാക്കുള 3D വിനയന്റെ മഹത്തരമായ ഒരു സൃഷ്ടിയൊന്നുമല്ല. പക്ഷേ അത്തരം സിനിമകൾ അദ്ധേഹം ചെയ്തത് മലയാള സിനിമയിലെ മേലാളൻമാരെല്ലാം തനിക്കു വിലക്കേർപ്പെടുത്തിയ ഒരു കാലഘട്ടത്തിലാണെന്നോർക്കണം. അരികുവൽക്കരിക്കപ്പെട്ടവരേയും ഒറ്റയാൾ പോരാളികളേയും നിലവിലുള്ള തെറ്റായ വ്യവസ്ഥിതിക്കെതിരേ പോരാടുന്നവരേയും ഞാൻ എന്നും ഹൃദയത്തോട് ചേർത്ത് വയ്ക്കാറുണ്ട്. അത്തരത്തിലുള്ള ഒരു പോരാട്ടത്തിന്റെ ഭാഗമായ വിനയനെന്ന ഒറ്റയാന്റെ സിനിമകൾ കാണേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഇനി പത്തൊൻപതാം നൂറ്റാണ്ടിലേക്ക് വരാം. താരമൂല്യമുള്ള ഒട്ടേറെ താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടും അവരെയൊന്നും കൂട്ടുപിടിക്കാതെ താരതമ്യേന താരമൂല്യം കുറഞ്ഞ സിജു വിൽസണെ വച്ച് വിനയൻ വിസ്മയം സൃഷ്ടിച്ചു. കേരള ചരിത്രത്തിൽ അധികം കൊട്ടിഘോഷിക്കപ്പെടാത്ത പേരുകളിലൊന്നാണ് ആറാട്ടുപുഴ വേലായുധ പണിക്കരുടേത്. കേരള ചരിത്രം സംബന്ധിച്ച ഒരു പിടി പുസ്തകങ്ങൾ റഫറൻസിനായി എടുത്താൽ അതിൽ ആറാട്ടുപുഴ വേലായുധ പണിക്കരുടെ പേര് അധികം കാണാൻ സാധിക്കുകയില്ല. വേലായുധൻ പണിക്കശ്ശേരി എഴുതിയ ‘ആറാട്ടുപുഴ വേലായുധപണിക്കർ – ചരിത്രത്തിൽ ഇടം കിട്ടാതെപോയ വിപ്ലവകാരി ‘, ദലിത് ബന്ധു എഴുതിയ ‘ആറാട്ടുപുഴ വേലായുധപണിക്കർ – ഒരു പഠനം ‘ , അജിത്ത് കുമാർ ഗോതുരുത്ത് എഴുതിയ ആറാട്ട്പുഴ വേലായുധപണിക്കർ, ‘ ആറാട്ട്പുഴ വേലായുധ പണിക്കർ – കെ.വാസുദേവൻ’ എന്നീ പുസ്തകങ്ങളൊഴിച്ചാൽ പിന്നീട് അധികം പുസ്തകങ്ങൾ ആറാട്ട്പുഴ വേലായുധപണിക്കരെ പറ്റി മലയാളത്തിൽ പുറത്ത് വന്നിട്ടില്ല.
സമൂഹത്തിൽ ഈഴവർ തൊട്ട് താഴെക്കിടയിലുള്ളവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ആ പോരാളിയേ എന്തുകൊണ്ടോ ചരിത്രം തിരസ്ക്കരിച്ചു.മാമാങ്കവും മരയ്ക്കാറും നൽകാത്ത ആവേശവും സംതൃപ്തിയും പത്തൊൻമ്പതാം നൂറ്റാണ്ട് നമുക്ക് നൽകുന്നുണ്ട്. ചിത്രത്തിലെ ചില കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ കൃത്രിമത്വം തോന്നുന്നുണ്ടെങ്കിലും മൊത്തലിലുള്ള സിനിമയുടെ മേക്കിംഗ് അത്തരത്തിലുള്ള ചില പാളിച്ചകളെ നിഷ്പ്രഭമാക്കുന്നു. സിജു വിൽസന്റെ ഹൈ വോൾട്ടേജിലുള്ള ആക്ഷൻ രംഗങ്ങളും അഭിനയ മികവും തന്നേയാണ് പത്തൊമ്പതാം നൂറ്റാണ്ടിനെ ആസ്വാദ്യകരമാക്കുന്നത്. സിനിമയുടെ തുടക്കത്തിലുള്ള മല്ലയുദ്ധം തൊട്ട് സിനിമ നമ്മെ പിടിച്ചിരുത്തുന്നു. ഒരു വടക്കൻ വീരഗാഥയിൽ എം.ടി. ചെയ്തതുപോലെ ഇവിടെ കായം കുളം കൊച്ചുണ്ണിയെ വിനയൻ തന്റേതായ രീതിയിൽ പൊളിച്ചെഴുതിയത് വ്യത്യസ്ഥമായ കാഴ്ച്ചാനുഭമായിരുന്നു. കായംകുളം കൊച്ചുണ്ണിയായി വന്ന ചെമ്പൻ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. നങ്ങേലിയായി വന്ന കയാധു ലോഹറും കഥാപാത്രത്തോട് നീതി പുലർത്തി.സെന്തിലിന്റെ കഥാപാത്രം കലാഭവൻ മണിയെ ഓർമപ്പെടുത്തി.സിനിമയുടെ അവസാനമുള്ള കുറച്ച് സീനുകളിലേയുള്ളൂവെങ്കിലും ഇന്ദ്രൻസിന്റെ കഥാപാത്രം നമ്മുടെ കണ്ണിനെ ഈറനണിയിക്കും. സുരേഷ് കൃഷ്ണയുടേയും സുദേവ് നായരുടേയും വിഷ്ണുവിനയന്റേയും വില്ലൻ കഥാപാത്രങ്ങളും മികച്ച് നിൽക്കുന്നു. ഗോകുലം ഗോപാലന്റെ വ്യത്യസ്തമായ ഒരു വേഷ പകർച്ചയും സിനിമയിൽ നിങ്ങൾക്കു കാണാം.ആയിരം ചിറകുള്ള മോഹങ്ങളിൽ തുടങ്ങി പത്തൊൻമ്പതാം നൂറ്റാണ്ടിൽ എത്തി നിൽക്കുന്ന വിനയനെന്ന പോരാളിക്ക് ഇനിയും മലയാള സിനിമയിൽ വിസ്മയങ്ങൾ തീർക്കാൻ സാധിക്കട്ടെ .