ഉമ്മന്‍ ചാണ്ടി ആയിരുന്നെങ്കില്‍…

0
686

ഉമ്മന്‍ ചാണ്ടി ആയിരുന്നെങ്കില്‍ എന്ന് പല പോസ്റ്റുകളും കണ്ടു. ശരിയാണ്‌ ഉമ്മന്‍ ചാണ്ടി ആയിരുന്നേല്‍ ഇതുപോലെയൊന്നും ആകില്ലായിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് മാത്രമല്ല മറ്റേത് UDF മുഖ്യമന്തി ആയിരുന്നാലും അവര്‍ക്കിതൊരു പ്രശ്നമെ ആകുമായിരുന്നില്ല. കാരണം അവര്‍ക്ക് ഇടതുപക്ഷ മുഖ്യമന്ത്രിമാരേക്കാള്‍ ഫ്ലക്സിബിലിറ്റിയുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്കൊരു അഴകൊഴമ്പന്‍ നിലപാട് എടുത്താലും പ്രത്യേകിച്ച് കുഴപ്പമൊന്നും വരാനില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ ഇപ്പോള്‍ ശബരിമലയിലെ സുപ്രിം കോടതി വിധിയെപ്പറ്റി അവരുടെ ദേശിയ നേതൃത്വത്തിനുള്ള നയമല്ല അവര്‍ പിന്തുടരുന്നത് .

അപ്പോള്‍ എങ്ങനെയാണ്‌ ഒരു ഇടതുപക്ഷ മുഖ്യമന്ത്രിക്ക് ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഒരു അഴകൊഴമ്പന്‍ നിലപാട് എടുക്കാന്‍ പറ്റാത്തതെന്നറിയാന്‍ നമുക്ക് ആദ്യമായി ഇപ്പോഴത്തെ ഇടതു മുഖ്യമന്ത്രി യുവതിപ്രവേശനത്തില്‍ ഒരു പിന്തിരിപ്പന്‍ നിലപാട് എടുത്തുവെന്ന് സങ്കല്‍പ്പിക്കുക. എന്തായിരിക്കും സംഭവിക്കുക ?കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും പിണറായി വിജയന്‍ സ്ത്രീപുരുഷ സമത്വത്തിന്‌ എതിരെ പ്രവര്‍ത്തിക്കുന്ന ഒരാളായും ഒപ്പം സാമുദായിക ശക്തികള്‍ക്ക് കീഴടങ്ങിയ ഒരാളായും ചിത്രീകരിക്കപ്പെടും . കേരളത്തിലെ ബുദ്ധിജീവികള്‍ സാംസ്ക്കാരിക നായകന്മാര്‍ തുടങ്ങി തൃത്താല MLA വരെ പിണറായി വിജയനെതിരെ രംഗത്തുവരും . ഫേസ്ബുക്കിലെ കോണ്‍ഗ്രസ് രാഷ്ട്രീയം പറയുന്ന ആളുകളാകട്ടെ പിണറായി വിജയന്റെ മൃദു ഹിന്ദുത്വ നിലപാടിനെപ്പറ്റിയായിരിക്കും സംസാരിക്കുക. ചുവപ്പ് നരച്ചാല്‍ കാവിയായുമെന്ന് പറഞ്ഞ് വരുന്നവരില്‍ മൈനോരിറ്റി പ്രമുഖര്‍ മുതല്‍ സ്വത്വവാദി മൈനോരിറ്റി ഗ്രൂപ്പുകള്‍ വരെ ഉണ്ടാകും . ഇടതുപക്ഷ സഹയാത്രികരായ സാഹിത്യകാരികള്‍ മുതല്‍ ആം ആദ്മി നേതാവായിരുന്ന സാറാ ജോസഫ് വരെയുള്ളവര്‍ പിണറായിക്കെതിരെ രംഗത്തുവരും . ഷാനി പ്രഭകരനും , നിഷ ജെബിയും സ്മൃതി പരുത്തിക്കാടും സിന്ദു സൂര്യകുമാറും അപര്‍ണ്ണയും ഒക്കെ വാര്‍ത്തയും വാര്‍ത്താധിഷ്ടിത പരിപാടികളുമായി പിണറായിക്കെതിരെ വരും . ഒപ്പം സോഷ്യല്‍ മീഡിയയിലെ ഇടതുപക്ഷ ഹാന്‍ഡിലുകളില്‍ കടുത്ത പാര്‍ട്ടിക്കാര്‍ അല്ലാത്തവരൊക്കെ പിണറായിക്ക് എതിരായി നിലപാട് എടുക്കും

ഇത്രയുമായിക്കഴിയുമ്പോള്‍ ഡല്‍ഹി ബ്യൂറോകള്‍ ഉണരും സംസ്ഥാന ഘടകത്തിന്റെ അഴകൊഴമ്പന്‍ നിലപാടുകള്‍ക്കെതിരെയുള്ള കേന്ദ്ര നേതൃത്വത്തിന്റെ അസ്വസ്ഥതകള്‍ അവര്‍ ബ്രേക്കിങ്ങ് ന്യൂസുകളായി കൊടുക്കും . കേരളത്തില്‍ നിന്ന് പിബിക്കുള്ള കത്തുകള്‍ ഡല്‍ഹി ലേഖകര്‍ ജനങ്ങളെ അറിയിക്കും . ബ്രിന്ദകാരാട്ടിനും സുഭാഷിണി അലിക്കുമൊക്കെ കേരളത്തിലെ വനിതകളുടെ കത്തുകളും പ്രസ്താവനകളും ലഭിക്കും . അതോടെ ഈ വിഷയത്തില്‍ സംസ്ഥാനഘടകത്തിന്റെ നിലപാട് പരിശോധിക്കാന്‍ പിബികളും കേന്ദ്രക്കമ്മറ്റികളും നടക്കും . കേന്ദ്രക്കമ്മറ്റി ഒന്നടങ്കം ഇതിനെ എതിര്‍ത്താലും സംസ്ഥാന നേതൃത്വം വഴങ്ങില്ല എന്നാകും അപ്പോഴും നടക്കുന്ന ചര്‍ച്ചകള്‍ . അതിനിടയില്‍ ഈ വിഷയം CPI ക്കുള്ളിലും ചര്‍ച്ചയാകും . CPM ന്‌ സംഭവിച്ച ക്ഷീണം തങ്ങള്‍ക്കുണ്ടാകരുതെന്ന് കരുതുന്ന CPI യുവതി പ്രവേശനത്തെ അനുകൂലിക്കുന്നതോടെ കേരളം മുഴുവന്‍ അത് അടുത്ത വിവാദവും ചര്‍ച്ചയുമാകും . CPI യുടെ കേന്ദ്രനേതൃത്വവും അവരുടെ വനിത നേതാക്കളും ഒപ്പം ഡല്‍ഹിയിലെ മറ്റ് ഇടതുബുദ്ധിജീവികളുമൊക്കെ CPM സംസ്ഥാന ഘടകത്തിനെതിരെ രംഗത്തുവരും . യുവതിപ്രവേശനം സ്വാഗതം ചെയ്ത രാഹുല്‍ ഗാന്ധിയുടെ നിലപാടായിരിക്കും അവരെല്ലാം സിപിഎമിനെ അപ്പോള്‍ ഓര്‍മ്മിപ്പിക്കുക. ദേശിയ ചാനലുകള്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സാമുദായിക ശക്തികള്‍ക്ക് കീഴടങ്ങുന്നതിനെ പരിഹസിക്കും . അവസാനം സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തെ തിരുത്തുന്നത് വരെ ഈ ചര്‍ച്ചകള്‍ കേരാളത്തില്‍ നിറയും . ചിലപ്പോള്‍ ജനം ടിവി പോലും അപ്പോള്‍ പുരോഗമന പക്ഷത്ത് നില്‍ക്കും

ഇതിനിടയില്‍ RSS മാറ്റുവിന്‍ ചട്ടങ്ങളെയെന്ന് പറഞ്ഞ് എത്തുകയും . O രാജഗോപാലിന്റെ പഴയ മാതൃഭൂമി ലേഖനവും കുമ്മനത്തിന്റേയും കെ സുരേന്ദ്രന്റെയും ഫേസ്ബുക്ക് പോസ്റ്റുകളുമായി വരും . ഇന്ന് പിന്നിലായിപ്പോയ ടിജി മോഹന്ദാസ് ആയിരിക്കും RSS ന്‌ വേണ്ടി മുന്നില്‍ നിന്ന് നയിക്കുക. അവര്‍ ശക്തമായ നിലപാടുകള്‍ പ്രചരിപ്പിക്കുകയും ഒരു പ്രശ്നം ഈ വിഷയം ഒരു ഹൈന്ദവ നവീകരണ വിഷയമായി അവതരിപ്പിക്കുകയും ചെയ്യും. ഒരു പ്രശ്നമൊക്കെ വച്ച് ഈ വിധി നടപ്പിലാക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി സമാധാന സന്ദേശത്തിലാകും അവര്‍ പ്രവര്‍ത്തിക്കുക.അവസാനം പിണറായി വിജയന്റെ നിലപാടിനേറ്റ പരാജയമായും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചൂടും ചൂരും നഷ്ടപ്പെടുത്തിയ മുതലാളിത്തത്തിന്റെ ദത്തുപുത്രനെതിരെ മുന്‍ ഇന്ത്യാവിഷന്‍കാര്‍ നടത്തുന്ന പല പോര്‍ട്ടലിലും യഥാര്‍ത്ഥ ഇടതു രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും

ഇനി നിങ്ങള്‍ ആലോചിക്കൂ എന്തുകൊണ്ടാണ്‌ ഉമ്മന്‍ ചാണ്ടിക്കോ മറ്റേത് UDF മുഖ്യമന്ത്രിക്കോ കഴിയുന്നത് പിണറായിക്കോ മറ്റേത് ഇടതു മുഖ്യമന്ത്രിക്കോ ചെയ്യാന്‍ പറ്റാത്തതെന്ന്. യുവതികളെ പ്രവേശിക്കുമെന്ന് പറഞ്ഞിട്ടും പ്രതിക്ഷേധക്കാരെ മറികടന്ന് അവരെ കയറ്റാന്‍ പറ്റാതിരിന്നപ്പോള്‍തന്നെ നിങ്ങള്‍ നവോത്ഥാന പ്രസംഗം നിര്‍ത്തി സ്ത്രീകളെ മല ചവിട്ടിക്കൂ എന്നായിരുന്നു ഇവിടെ ഉയര്‍ന്ന നിഷ്പക്ഷ വിമര്‍ശനങ്ങള്‍ എന്നതുകൂടി ഈ അവസരത്തില്‍ ചിന്തിക്കണം . മനീതി സംഘത്തെ പ്രവേശിപ്പിക്കാന്‍ പറ്റാതെ വന്നപ്പോള്‍ അന്നുവരെ പിന്തുണച്ച സണ്ണി കപിക്കാടും കൂട്ടരും പറഞ്ഞതൊക്കെ ഓര്‍ത്തെടുത്താല്‍ ഇടതുപക്ഷത്തിന്റെ ഇത്തരം വിഷയങ്ങളിലുള്ള അക്കൌണ്ടബിലിറ്റിയുടെ ആഴം മനസിലാകും

ഉമ്മന്‍ ചാണ്ടിയോ മറ്റ് UDF മുഖ്യമന്ത്രിമാരോ ചെയ്യുന്നത് പോലെയൊരു നിലപാട് ഇടതുപക്ഷ സര്‍ക്കാര്‍ എടുത്താല്‍ അത് ആത്യന്തികമായി അവരുടെ പൊളിറ്റിക്കല്‍ അലൈന്‍മെന്റില്‍ ഉള്ളവരെ ഇടതുപക്ഷത്തില്‍ നിന്ന് അകറ്റും . എന്നാല്‍ UDF ന്‌ അങ്ങനെയല്ല. അവരുടെ നയം അവര്‍ ഇടതുസര്‍ക്കാര്‍ കൊടുത്ത അഫിഡവറ്റ് തിരുത്തിയതില്‍ നിന്ന് തന്നെ വ്യക്തമാണ്‌. അന്ന് അങ്ങനെ ഒരു അഫിഡവറ്റ് തിരുത്തിയത് ഇവിടെ ഒരു വിവാദമായില്ലാന്ന് ഓര്‍ക്കണം . അത് പോലെ പിണറായി സര്‍ക്കാര്‍ ആ അഫിഡവിറ്റ് മാറ്റിയപ്പോഴും ഇവിടെ വിവാദം ഉണ്ടായില്ല.അതാണ്‌ ഇരു മുന്നണികളില്‍ നിന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നതെന്നതാണ്‌ ഇത് വ്യക്തമാക്കുന്നത്.അപ്പോള്‍ ചില വിഷയങ്ങളിലെങ്കിലും ഇടതുപക്ഷത്തിന്‌ ഇടതുപക്ഷമായിത്തന്നെ നില്‍ക്കേണ്ടി വരും . അല്ലെങ്കില്‍ അതാകും വിവാദം . അപ്പോള്‍ അത്തരം വിഷയങ്ങളില്‍ പിണറായിക്ക് ഉമ്മന്‍ ചാണ്ടി ആകാന്‍ പറ്റില്ലാന്ന് ചുരുക്കം

Facebook post by Kiran Thomas