Kiranz Atp
ശ്രീമതി സാവിത്രി നായരുടെയും ശ്രീമാൻ കെ എം എ റഹ്മാന്റെയും മകനായി ജനിച്ച റഷീൻ റഹ്മാനെങ്ങനെ സിനിമയിലെത്തി എന്ന കൗതുകം ചിലരെങ്കിലും അറിയാത്തവരുണ്ടെങ്കിൽ അവർക്കായി..
മാതാപിതാക്കൾ ജോലി ചെയ്യുന്ന അബുദാബിയിൽ ജനിച്ച് വളർന്ന റഷീൻ, അബുദാബി, ബാംഗ്ലൂർ എന്നിവിടങ്ങളിലെ പ്രാഥമിക സ്കൂൾ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് ഊട്ടിയിലെ റെക്സ് ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന കാലം.
ഊട്ടിയിൽ ഷൂട്ടിംഗ് നടക്കുന്ന കൂടെവിടെ എന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മത്തിനായി സ്കൂളിന്റെ പ്രിൻസിപ്പാളായ അച്ചനെ ക്ഷണിക്കാൻ സ്കൂളിലെത്തുന്ന നിർമ്മാതാവ് രാജൻ ജോസ്‌പ്രകാശാണ്, അവധിക്കാലം തുടങ്ങി നാട്ടിൽ നിലമ്പൂരുള്ള വീട്ടിലേക്ക് പോകാൻ നിൽക്കുന്ന അലസനായ റഷീനേക്കാണുന്നത്.
കൂടെവിടെ എന്ന സിനിമക്ക് വേണ്ടി ആദ്യം കാസ്റ്റ് ചെയ്ത പയ്യൻസ് തീരെ ആകാരം കുറഞ്ഞു പോയി എന്ന് തോന്നിയതിനാൽ രാജൻ റഷീനെ തന്നോടൊപ്പം ഡയറക്റ്ററായ പത്മരാജനെ ഒന്ന് കാണിക്കാൻ കൂടെ വിടുമെങ്കിൽ, പത്ത് മിനിറ്റുള്ളിൽ തിരികെയെത്തിക്കാമെന്ന ഉറപ്പിന്മേൽ പ്രിൻസിപ്പാളിനോട് സമ്മതം വാങ്ങുന്നു.
അന്ന് വൈകുന്നേരം നിലമ്പൂർ ചെന്ന ശേഷം പിറ്റേ ദിവസം അബുദാബിക്ക് യാത്ര ചെയ്യാനിരിക്കുന്ന, സിനിമാ അഭിനയത്തിൽ ഒരു താല്പര്യവുമില്ലാത്ത പയ്യൻസിനെ ഒരുവിധം സ്വാധീനിച്ച് സെറ്റിലെത്തിക്കുന്നു. പത്മരാജനും സുഹാസിനിക്കുമൊക്കെ ആദ്യനോട്ടത്തിൽത്തന്നെ പയ്യൻസിനെ ഇഷ്ടമാവുന്നു. സെറ്റിലെത്തി പത്ത് മിനിറ്റിനുള്ളിൽ മേക്കപ്പുമിട്ട് റഷീൻ അഭിനയം തുടങ്ങുന്നു.
ആദ്യത്തെ 24 മണിക്കൂർ കഷായം കുടിക്കുന്ന മനസോടെ ആണ് റഷീൻ അഭിനയിച്ച് തീർത്തതെന്ന് രാജൻ ജോസ്പ്രകാശ് ഓർമ്മിക്കുന്നു. ആദ്യ സിനിമയിൽത്തന്നെ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡാണ് തന്റെ പതിനാറാം വയസിൽ ഈ ചുള്ളനായ റഷീൻ റഹ്മാൻ അടിച്ചെടുത്തത്. പിന്നീടുള്ള ചരിത്രമൊക്ക പറയേണ്ടതില്ലല്ലൊ..