Kiranz Atp
ചില പരിമിതികൾ
ബഹദൂറിന്റെ കഥാപാത്രം താഴെക്കുത്തിയിരുന്ന് കരയുന്ന രംഗമാണ്. സഹായത്തിനു കൂടെ വന്ന് നിൽക്കുന്ന ചെറുപ്പക്കാരന്റെ കൈകൾ നോക്കുക. ഒരു മനുഷ്യൻ സർവ്വവും നഷ്ടപ്പെട്ട് കരയുന്ന സീനിൽ കൂടെ സഹായത്തിനു വന്നവന്റെ സാന്ത്വനം പോയിട്ട് ആ കൈയൊന്ന് ചലിപ്പിക്കുന്നില്ല. 1971ൽ പുറത്തിറങ്ങിയ കെ എസ് സേതുമാധവന്റെ അനുഭവങ്ങൾ പാളിച്ചകളെന്ന സിനിമയാണ് മമ്മൂട്ടി ആദ്യമായി സ്ക്രീനിലെത്തുന്ന സിനിമ. മെല്ലി ഇറാനിയാണ് ക്യാമറാ മാൻ – ഈ സീൻ ഷൂട്ട് ചെയ്യുമ്പോൾത്തന്നെ മമ്മൂട്ടിയുടെ കാലൊക്കെ നീണ്ട് കൊക്ക് പോലെയുള്ള ശരീരവും വാ പൊളിച്ചും കണ്ണടച്ചും ഓടി വരുന്നത് കണ്ട് മാറിനിൽക്കൂ എന്ന് പറഞ്ഞതാണ്. പക്ഷേ അവസാന ടേക്കിലത് ശരിയായി. ദാ ഇവിടെയുണ്ട്
സംവിധായകൻ പി എ ബക്കർ മണിമുഴക്കത്തിന്റെ ഷൂട്ടിംഗ് ചർച്ചകളുമായി എറണാകുളത്തുണ്ടെന്നറിഞ്ഞ് ആ നോവലൊക്കെ വായിച്ച് ഹൃദിസ്ഥമാക്കി നായകനായി സ്വയം സങ്കൽപ്പിച്ച് ടിപ്പ് ടോപ്പ് വേഷത്തിൽ മമ്മൂട്ടി ഹോട്ടലിലെത്തി. പരിചയക്കാരനായ സഹസംവിധായകൻ സേനന്റെ നിർദ്ദേശപൂർവ്വം ബക്കർ കൂടിക്കാഴ്ച അനുവദിച്ചു. രാജകീയപ്രൗഡിയുള്ള ഹോട്ടലിലെ വലിയ റൂമുകളിലൊന്നിൽ ഒരു കൊതുകു വല നിവർത്തിയ കട്ടിലിൽ ഇരിക്കുന്ന ബക്കർ കൊതുക് വലയൊന്ന് മാറ്റി മമ്മൂട്ടിയെ നോക്കിയിട്ട് ഒറ്റമിനിറ്റിനുള്ളിൽ പറഞ്ഞൂ. പൊയ്ക്കോളൂ ഞാനറിയിക്കാം. വളരെ പ്രതീക്ഷയോടെ ചെന്ന മമ്മൂട്ടിക്ക് വൈകുന്നേരം ഫീഡ്ബാക്ക് കിട്ടി. മമ്മൂട്ടിയുടെ കണ്ണുകൾ കൊള്ളില്ല. ഈ ക്യാരക്റ്ററിനു പറ്റില്ല. കണ്ണ് രണ്ടും കുത്തിപ്പൊട്ടിക്കാനുള്ള സങ്കടവും ദേഷ്യവുമുണ്ടായി. അക്കാലത്തെ ശരീരത്തിന്റെ ലുക്സ് വച്ച് ആ ചിത്രത്തിലൊരു കാസരോഗിയുടെ റോളിനു പോലും ശ്രമിച്ചു, അതും കിട്ടിയില്ല.
മമ്മൂട്ടി നടനായ ശേഷം കെ ജി ജോർജ്ജിന്റെ മേളയിൽ ഫൈറ്റ് സീനിൽ അഭിനയിക്കുന്നു. വായ പൊളിച്ച് ഭയങ്കരം ബലം പിടിച്ച് ടിഷ്യൂം ടിഷ്യൂമെന്നൊക്കെ ശബ്ദം കേൾപ്പിച്ചാണ് മമ്മൂട്ടിയുടെ ഫൈറ്റ്. കെ ജി ജോർജ്ജ് പറഞ്ഞു ” മമ്മൂട്ടി നിങ്ങൾ വായകൊണ്ടല്ല കൈകൊണ്ട് വേണം ഫൈറ്റ് ചെയ്യാൻ. ശബ്ദമൊക്കെ ഞങ്ങൾ സ്റ്റുഡിയോയിൽ ഇട്ട് കൊള്ളാം”. കെ ജി ജോർജ്ജ് തന്നെയായിരുന്നു സംഘട്ടനസംവിധാനവും. ഒരു കമ്പിയിൽത്തൂങ്ങി കൂടെയുള്ള നടനെ ചവിട്ടുന്ന സീനെടുക്കാൻ പലതവണ നോക്കിയിട്ടും മമ്മൂട്ടിശരിയാവുന്നില്ല. കെ ജി ജോർജ്ജ് നടനേമാറ്റി നിർത്തിയിട്ട് ആ സ്ഥാനത്ത് നിന്നിട്ട് മമ്മൂട്ടിയോട് ചവിട്ടാൻ പറഞ്ഞു. ഒന്നും ആലോചിക്കാതെ ഒറ്റച്ചവിട്ടിൽ ജോർജ്ജ് സാർ രണ്ട് മലക്കം മറിഞ്ഞ് പോയി വീണൂ. ഇത്രയൊക്കെ ടേക്കുകളും പ്രാക്റ്റീസുമൊക്കെ കഴിഞ്ഞ് യഥാർത്ത സീനെടുക്കുമ്പോൾ കൂടെയുള്ള അഭിനേതാവും സുഹൃത്തുമായ ഷറഫിന്റെ മൂക്കിന്റെ പാലമിടിച്ച് പൊളിച്ചയാളാണ് മമ്മൂട്ടി. അത് വഴി ഷറഫ് അഭിനയവുമുപേക്ഷിച്ച് ഗൾഫിനു പോയി 😃
മേളക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളിലൊന്നായ സ്ഫോടനത്തിന്റെ ഡബ്ബിംഗ് നടക്കുന്നു. തൊണ്ടയിൽ അൽപ്പം ബലം പിടിച്ചാണ് മമ്മൂട്ടി ഡബ്ബ് ചെയ്യുന്നത്. ഷീലയുമൊത്തുള്ള കോമ്പിനേഷൻ ഡബ്ബിംഗ് പല ടേക്കുകളെടുത്തും ശരിയാവുന്നില്ല. എത്ര ശ്രമിച്ചിട്ടും ശരിയാവാത്ത കാരണം ഷീലയും ഒപ്പം ടീമും ഒക്കെ അസ്വസ്ഥരാവുന്നു. ഗംഭീരമായ ശബ്ദമാണ് തന്റേതെന്ന അഹന്തയിൽ നിന്ന മമ്മൂട്ടി പ്രസാദ് സ്റ്റുഡിയോയുടെ പുൽത്തകടിയിൽ മലർന്ന് കിടന്ന് സങ്കടത്തോടെ നക്ഷത്രമെണ്ണാൻ തുടങ്ങി. ഒടുവിലാ യാഥാർത്ത്യം സഹസവിംധായകൻ ശ്രീകുമാർ തുറന്ന് പറഞ്ഞു. മമ്മൂട്ടിയുടെ ശബ്ദം ശരിയാവുന്നില്ല, ഈ സിനിമയിൽ ഡബ്ബ് ചെയ്യാൻ പറ്റില്ല. ഒടുവിൽ അന്തിക്കാട് മണിയാണ് മമ്മൂട്ടിക്ക് വേണ്ടി ഡബ്ബ് ചെയ്തത്.
അടുത്ത കാലത്ത് ലിഗമെന്റ് പൊട്ടിയ കാലിന്റെ പരിമിതി പറഞ്ഞിരുന്നു മമ്മൂട്ടി, പക്ഷേ അതിനു മുമ്പ് തന്നെ ഡാൻസ് രംഗങ്ങളൊക്കെ മമ്മൂട്ടിക്ക് കൃത്യമായി വഴങ്ങാറില്ല എന്നതും കാണാം. ലിഗമെന്റ് പൊട്ടുന്നതിനും മുമ്പേയുള്ള മാനേ മധുരക്കരിമ്പേ ഒക്കെ എടുത്തൊന്ന് കണ്ടാൽ മതി.
ചുരുക്കത്തിൽ ഒരു അഭിനേതാവിന്റെ കരുത്തിൽ വലിയ പങ്ക് വഹിക്കേണ്ട കാര്യങ്ങളെന്ന് പലരും പറയുന്ന ശരീരവും കൈകളും കാലുകളും കണ്ണും ശബ്ദവുമെന്ന് വേണ്ട – കൃത്യമായി കിട്ടിയ ശാരീരിക പരിമിതികളെ ഒക്കെ മറികടന്നാണ് 50 ഗ്ലോറിയസ് അഭിനയ വർഷങ്ങളിലേക്ക് ഈ നടൻ കടക്കുന്നത് . തൃഷ്ണയിലെ റോളിനേപ്പറ്റി പറയുമ്പോ മമ്മൂട്ടിപ്പറയുന്നത് തന്നോട് തന്നെ ലജ്ജയും പുച്ഛവും ഭയവും ആശങ്കയുമൊക്കെ തോന്നാറുള്ളത് കാരണം ആ സിനിമ കാണാറില്ലെന്നാണ്. ശരീരത്തിന്റെ പരിമിതികളോടൊപ്പം തന്നെ അഭിനയമെന്ന സംഗതിയിൽപ്പോലും ഒരു തുടക്കക്കാരന്റെ പരിമിതമായ ലോകത്തു നിന്നും വിവിധയിനം വേഷങ്ങൾ ഭ്രമാത്മകമായി കൈകാര്യം ചെയ്ത് പ്രേക്ഷകനെ ആനന്ദിപ്പിച്ച് ഗോൾഡൻ ജൂബിലിയടിക്കുന്നത്.
ചില പ്രവചനങ്ങൾ
പ്രേംനസീറുമൊത്തായിരുന്നു രണ്ടാം സിനിമ. അതിലെ കടത്തുകാരനായി പ്രേംനസീറാണുള്ളത്. ജോലിയിൽ നിന്ന് പിരിച്ച് വിടുന്ന കടത്തുകാരനു പകരമായി പുതിയ കടത്തുകാരനായി മമ്മൂട്ടിയാണ് വരുന്നത്. കടത്തുടമയായി രംഗത്തെത്തുന്നത് മേക്കപ്പ്മാൻ എംഒ ദേവസ്യയാണ്. പ്രേനസീറിന്റെ കഥാപാത്രത്തെ ശകാരിച്ച ശേഷം ദേവസ്യ തുഴ വാങ്ങി മമ്മൂട്ടിയുടെ കഥാപാത്രത്തെ ഏല്പിച്ച് കൊണ്ടൊരു ഡയലോഗുണ്ട്. ” നീ ഇത് കൊണ്ട് ജീവിച്ചോ!”. അതിന്റെ ഷൂട്ടിംഗ് തുടങ്ങുമ്പോൾ പ്രേംനസീർ ആദ്യമായി മമ്മൂട്ടിയോട് ചോദിച്ചതും ഏകദേശമിത് പോലെ ഒരു അറം പറ്റുന്ന ഡയലോഗാണ് ” എനിക്ക് പകരം വന്ന ആളാണല്ലേ” ?
“ചെറുതും വലുതുമായ ധാരാളം നടന്മാർ എന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. പക്ഷേ എന്നെ ദേഷ്യം പിടിപ്പിക്കാതെ എന്റെ വഴക്ക് കേൾക്കാതെ ചിത്രം പൂർത്തിയാക്കിപ്പോവുന്ന ആദ്യത്തെ നടനാണ് നിങ്ങൾ”. തൃഷ്ണയുടെ ഷൂട്ടിംഗിനു ശേഷം ഒരു കാലഘട്ടത്തിന്റെ കൊമേഴ്സ്യൽ സിനിമകളുടെ തലതൊട്ടപ്പൻ ഐ വി ശശി വികാരാധീനനായി മമ്മൂട്ടിയോട് പറഞ്ഞ വാക്കുകളാണിത്. “നന്നായി വരും ഭയങ്കര സന്തോഷമുണ്ട്. ഒരു പാട് വലിയ ആളാകും” എന്ന് പറഞ്ഞ് മേക്കപ്പ്മാൻ ദേവസ്യയും തൃഷ്ണയുടെ സെറ്റിൽ വച്ച് കണ്ണ് നിറച്ച് ആലിംഗനം ചെയ്ത് മമ്മൂട്ടിയുടെ ജീവിതത്തിന്റെ ഭാഗമായി.
അഭിഭാഷകന്റെ പണി വേണോ അഭിനേതാവിന്റെ പണി വേണോ എന്ന ജീവിത ഡിലമയിൽ കുപ്പായമുപേക്ഷിച്ച് അഭിനേതാവാൻ മമ്മൂട്ടിയെ പ്രേരിപ്പിക്കുന്നത് എം ടി വാസുദേവൻ നായരാണ്. കണ്ട് മുട്ടുമ്പോൾ അഭിനയിക്കാനറിയാമെന്നോ നന്നാകുമെന്നോ എംടിക്ക് യാതൊരു തെളിവുകളുമില്ലായിരുന്നു. എങ്കിലും കണ്ടപ്പോളൊരു ദീർഘദർശിത്വം തോന്നിക്കാണാം. തൃഷ്ണ എന്ന സിനിമയിൽ എംടി തന്നെ മമ്മൂട്ടിക്ക് വേണ്ടി ഒരു ഡയലോഗെഴുതിയത് ഇപ്രകാരമായിരുന്നു..
“മൂത്താശാരി ഒരു വടിയുമായി പാറയുടെ മുകളിൽ ചെന്നിട്ട് ഇവിടെ കുഴിച്ചോളൂ വെള്ളം കാണുമെന്ന് പറഞ്ഞിട്ട് കുഴിച്ച് നോക്കിയാൽ അവിടെ വെള്ളം കാണും”. മമ്മൂട്ടിയെ കണ്ട മാത്രയിൽ ഒരു അഭിനേതാവിന്റെ ഉറവയുണ്ടെന്ന് കരുതിയ മൂത്താശാരിയുടെ പ്രവചനം തെറ്റിയില്ല. ഒരുറവ എന്നതൊരു ചോലയായി മാറി 50 അഭിനയ വർഷങ്ങൾ കടന്നു പോവുന്നു മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ❤
മമ്മൂട്ടിയുടെ കഥാപാത്രങ്ങളുടെ പേരുകളും ഉൾപ്പെട്ട ഏകദേശം സമ്പൂർണ്ണമായ പ്രൊഫൈൽ https://m3db.com/mammootty ❤
(മമ്മൂട്ടിയുടെ വിവിധ പുസ്തകങ്ങൾ, ഇന്റർവ്യൂകളെന്നത് ആധാരം)