സാജൻ ബേക്കറി കണ്ടാൽ നിങ്ങൾക്ക് ഗണേഷ്‌കുമാറിനെ കുറിച്ചുള്ള അഭിപ്രായം മാറിമറിയും

198

മലയാള സിനിമ ഗണേഷ്‌കുമാറിനെ വേണ്ട രീതിയിൽ ഉപയോഗിച്ചില്ല എന്ന് പ്രേക്ഷകർക്ക് ഉറപ്പായും തോന്നും സാജൻ ബേക്കറി എന്ന സിനിമ കണ്ടാൽ. ഒരു നല്ല സിനിമയെന്ന് നിശബ്ദമായി പേരെടുത്ത സാജൻ ബേക്കറിയെ കുറിച്ചുള്ള റിവ്യൂകളും മറ്റൊന്നല്ല പറയുന്നത്. Kiranz Atp മനോഹരമായി ആ സിനിമയെ കുറിച്ചും അതിലെ ഗണേഷ് കുമാറിനെ കുറിച്ചും എഴുതിയിട്ടുണ്ട്, വായിക്കാം .

Kiranz Atp

പണ്ടൊരു സഹായം ചെയ്തതിന്റെ പ്രത്യൂപകരമായി മദ്രാസിൽ നിന്ന് പിഷാരടി എന്നൊരു മനുഷ്യൻ ഗാന്ധിമതി ബാലനെ കാണാൻ വരുന്നു. ചെറിയ ബഡ്ജറ്റിലൊരു സിനിമ നിർമ്മിക്കണം, ഗാന്ധിമതി ഫിലിംസതിന്റെ വിതരണം ഏറ്റെടുക്കണം, തന്നെയുമല്ല കെ ജി ജോർജ്ജിനേക്കൊണ്ടത് ചെയ്യിക്കണം. ഗാന്ധിമതി ബാലൻ കെ ജി ജോർജിനേക്കണ്ട് കാര്യം അറിയിക്കുന്നു. അടിയന്തിരാവസ്ഥയുടെ അരാജകത്വവും ഇന്ദിരാഗാന്ധിയും മകൻ സഞ്ജയ്‌ഗാന്ധിയുമൊക്കെ ചരിത്രപശ്ചാത്തലത്തിലെ കഥാപാത്രങ്ങളാക്കി “ഇരകളെന്ന” സിനിമ സ്വന്തമായി തിരക്കഥയെഴുതി ജോർജ്ജ് രൂപപ്പെടുത്തി. എല്ലാം ഉഷാറായി ഷൂട്ടിംഗിനുള്ള ലൊക്കേഷൻ കാണാനായി നിർമ്മാതാവും സംവിധായകനുമൊക്കെ മുണ്ടക്കയത്ത് പോവുന്നു. എന്നാൽ ലൊക്കേഷൻ സന്ദർശന വേളയിൽ നിർമ്മാതാവ് മരണപ്പെടുന്നു. ലൊക്കേഷനിലെ ചെറിയൊരു മലകയറുന്നതിനിടക്ക് കുഴഞ്ഞ് വീണ് ഹൃദയാഘാതം മൂലമാണ് മരണമടയുന്നത്. അദ്ദേഹത്തിന്റെ ശരീരവുമായി കെ ജി ജോർജ്ജ് മദ്രാസിലേക്ക് പോവുന്നു.അങ്ങനെ “ഇരകൾ” എന്ന പടം മുടങ്ങുന്നു.

കുറച്ച് നാൾ കഴിഞ്ഞ് നടൻ സുകുമാരനൊരു സിനിമാ നിർമ്മാണ കമ്പനി തുടങ്ങുന്നു. പൂർത്തിയായിരിക്കുന്ന കെ ജി ജോർജ്ജിന്റെ സ്ക്രിപ്റ്റ് ഇഷ്ടമായതിനാൽ ആദ്യ സിനിമയായി അത് തീരുമാനിക്കുന്നു. കെ ജി ജോർജ്ജ് ഗാന്ധിമതി ബാലനോട് വിതരണത്തിന്റെ കാര്യങ്ങളും സംസാരിച്ചുറയ്ക്കുന്നു. പക്ഷേ സുകുമാരൻ കുറേക്കൂടി കൊമേഷ്സ്യൽ വിജയമാഗ്രഹിച്ച് അത് സെൻട്രല് ‌പിക്ചേർസിനേക്കൊണ്ട് വിതരണം ചെയ്യിക്കാനാഗ്രഹിക്കുന്നു, അതിനാലതിൽ നിന്ന് ബാലൻ പിന്മാറുന്നു. പക്ഷേ ആദ്യ നിർമ്മാതാവായ പിഷാരടിയുടെ മരണമൊരു അശുഭസൂചകമായോ മറ്റോ കണ്ട് സെൻട്രൽ പിക്ചേർസ് അത് സ്വീകരിക്കുന്നില്ല. വീണ്ടും ഗാന്ധിമതി ബാലനിലേക്ക് സിനിമയെത്തുന്നു. പന്തളം സ്വദേശിയായ ഒരു പുതുമുഖത്തെയാണ് സഞ്ജയ് ഗാന്ധിയുടെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയ പാലക്കുന്നിൽ ബേബിയെന്ന നായക കഥാപാത്രമായി കെ ജി ജോർജ്ജ് നിശ്ചയിച്ചിരിക്കുന്നത്.

ഈ ദിവസങ്ങളിൽ കുടുംബസുഹൃത്തായ ശ്രീമാൻ ആർ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഗാന്ധിമതി ബാലനോട് മകനായ ഗണേഷനെ ഒരിക്കൽ മൂകാംബിക യാത്രക്ക് കൂട്ടണമെന്ന് പറയുന്നു. മൂകാംബികയായതിനാൽ പിന്നത്തേക്ക് വെക്കണ്ട എന്ന് കരുതി രണ്ടാളും കൂടി അടുത്ത ദിവസങ്ങളിൽത്തന്നെ മൂകാംബികയിൽ പോയി തൊഴുത് തിരികെത്തുന്നു. നാട്ടിൽ തിരികെയെത്തിയ ഇവരുടെ പ്രസാദവും മറ്റും ഗണേഷന്റെ പെട്ടിയിലകപ്പെടുന്നു. പിറ്റേദിവസം ഇരകളുടെ സിനിമാചർച്ചകൾ പുനരാരംഭിച്ച ഗാന്ധിമതി ബാലന്റെ ഓഫീസിൽ ജോർജ്ജും ബാലനുമൊക്കെ ചർച്ച ചെയ്യുന്നതിനിടെ ഗണേഷ് കുമാർ പ്രസാദം ഏൽപ്പിക്കാനായി എത്തുന്നു. കെ ജി ജോർജ്ജിനെ പരിചയപ്പെടുന്നു. അവിടെ അൽപ്പനേരമൊക്കെ ചിലവഴിച്ച് പ്രസാദമൊക്കെ കൊടുത്ത് തിരികെപ്പോയ – മൊത്തത്തിലൊരു പ്ലേബോയ് സ്റ്റൈലിൽ വന്ന ഗണേഷിനെ നോക്കി കെ ജി ജോർജ്ജ് പറഞ്ഞു. നമ്മുടെ പടത്തിലെ കഥാപാത്രമിവനാ. കാസ്റ്റ് ചെയ്യാൻ പറ്റുമോ ? ബാലൻ പറഞ്ഞു ചേട്ടാ, ഇതിന്നയാളുടെ മകനാണ്. അതെനിക്ക് വിഷയമല്ല. എന്റെ കഥാപാത്രത്തിനിവൻ പെർഫെക്റ്റാണ്. അതൊന്ന് സംസാരിച്ച് നോക്കൂ എന്ന് പറഞ്ഞ് ബാലനെയും സുകുമാരനെയും ചട്ടം കെട്ടി. സിനിമയുടെ കാര്യങ്ങൾ പറഞ്ഞപ്പോ വീട്ടിൽ എതിർപ്പായിരുന്നെങ്കിലും ഗണേഷ് കുമാറിന്റെ പിടിവാശിയിൽ സമ്മതമായി.

സിനിമാ ലോകം കണ്ട മികച്ച സംവിധായകന്മാരിലൊരാൾ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച തിരക്കഥകളിലൊന്നിലെ ഒരു നായക കഥാപാത്രത്തെ തിരഞ്ഞെടുത്ത പ്രോസസും ഇരകളുണ്ടായതിന്റെ കഥയുമാണ് മുകളിലെഴുതിയിരിക്കുന്നത്. വിവരങ്ങൾക്ക് കടപ്പാട് സാക്ഷാൽ ഗാന്ധിമതി ബാലൻ തന്നെ. പറയാനാഗ്രഹിച്ചത് ദാ ഇതാണ്. കഴിഞ്ഞ ദിവസങ്ങൾ സാജൻ ബേക്കറി കണ്ടു. മലയാളത്തിലെ മികച്ച സംവിധായകൻ കൊടുത്ത പോലെ ഒരു മുഴുനീള വേഷം ഗണേഷ് കുമാറിനു പിന്നെ കിട്ടിയത് ഈ സിനിമയിലാണെന്ന് തോന്നുന്നു. ഗണേഷ് കുമാറിന്റെ ഇതു വരെയുള്ള ചെറു വേഷങ്ങളൊക്കെ നന്നായി വന്നിട്ടുണ്ടെങ്കിലും ഈ സിനിമ കണ്ടപ്പോൾ മുതൽ ഗണേഷ്‌കുമാറിനെ അൽപ്പം അണ്ടർ റേറ്റഡായി സിനിമാലോകം ഉപയോഗിച്ച പോലെയാണ് തോന്നിയത്. ചുരുക്കം ചില ടെലിവിഷൻ ചാനലുകളിൽ അഭിനയപ്രാധാന്യത്തോടെ കണ്ടതൊഴിച്ചാൽ സാജൻ ബേക്കറിയിലെ മുഴുനീള അമ്മാച്ചൻ വേഷമിദ്ദേഹം മനോഹരമാക്കി എന്ന് തോന്നി. വളരെ ഇൻസിഡന്റലായി “ഇരകളുടെ” ഷൂട്ടിംഗിവിടെയെങ്ങാണ്ടാണ് നടന്നതെന്ന് ഈ സിനിമയിൽ പറഞ്ഞ് വെക്കുന്നുമുണ്ട്.

സാജൻ ബേക്കറി ഓടിടിയിൽ എല്ലാ രാജ്യങ്ങളിലും ലഭ്യമായിരുന്നെങ്കിൽ കുറച്ച് പേരൂടെ ഒക്കെ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയേനേമെന്ന് തോന്നുന്നു. ഇതിനേപ്പറ്റി അധികം റിവ്യൂകളൊന്നും തന്നെ കേൾക്കാതിരുന്നതിനാൽ മോശമായിരിക്കുമെന്നൊരു മുൻവിധിയോടെയാണ് കാണാനിരുന്നത്. പക്ഷേ അധികം കൊമേഴ്സ്യൽ ചേരുവകളില്ലാതെ ഒരു റിയലിസ്റ്റിക് സ്റ്റോറി പറഞ്ഞുവെന്ന് തോന്നി. ഒരൽപ്പം കൂടിയൊക്കെ സംസാരിക്കപ്പെടേണ്ട പടമല്ലേ ഇത് ?

അജു വർഗീസിന്റെ ചിത്രം തന്നെ ഒപ്പമിടാൻ കാരണമുണ്ട്. ചെയ്ത് പോന്ന ടൈപ്പ് കാസ്റ്റ് കോമഡികളിൽ നിന്ന് മാറി നിൽക്കാനുള്ള കാമ്പുണ്ടെന്ന് തെളിയിച്ച് വരുന്നു. ഹെലൻ പോലെയുള്ള സിനിമകളിലായി അത് കാണാം. അതൽപ്പം കൺസിസ്റ്റന്റായി പ്രകടമാവുന്നുണ്ട് സാജനിലെത്തുമ്പോൾ. അജുവിന്റെ കോമഡി മാനറിസങ്ങൾ കാരണം സീരിയസാണോ മറിച്ച് കോമഡിയിലേക്ക് വഴുതി വീഴുകയാണോ എന്ന് തോന്നലിൽ അത്തരം വേഷങ്ങൾ കൈമോശം വരാതിരിക്കട്ടെ.