സ്റ്റേഷനിലേക്ക് കയറി വരുന്ന പോലീസ് ഇൻസ്പെക്റ്റർ പോലീസുകാരോട് : നാളെ മുതൽ ട്രാഫിക് ഡ്യൂട്ടിലൊള്ളവർ കൃത്യസമയത്ത് ഡ്യൂട്ടി പോയിന്റിലെത്തിക്കോണം (അലറിക്കൊണ്ട് ) അല്ലെങ്കിലെല്ലാത്തിന്റേം പണി ഞാൻ കളയും. ഓരോത്തന്മാരുടെ അയഞ്ഞ കോണോത്തിലെ കളി കാരണം ബാക്കിയൊള്ളവനു മെനക്കേട്. അടുത്ത സീനിൽ ലീവ് ചോദിക്കുന്ന കുഞ്ചാക്കോ പോലീസിനോട്
ഇലക്ഷനാണ്, ലീവും പറിയുമൊന്നുമില്ല..(ആപ്ലിക്കേഷനെടുത്ത് സൈഡിലേക്ക് മാറ്റിയിടുന്നു)നാളെ അമ്മെ അമൃതേൽ കൊണ്ട് കാണിക്കാനാരുന്നു. ഇന്ന് തൊട്ട് സീയെമ്മെടക്കം സകലമന്ത്രിമാരുടേം പൊതുയോഗമിവിടെയുണ്ട്….അതിന്റെടെലാ ലീവ്. രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താൻ വരും, പൊക്കോ മൈ***
ധൈര്യമുണ്ടേൽ പോയി നീ മെഡിക്കലടിക്കടാ, നിന്റെ പണി ഞാൻ കളയും, ഇറങ്ങെടാ..
ഷെഡാ ഒരു പോലീസോഫീസർ വെറുതേ ഇത്രയും കിടന്ന് അഗ്രഷൻ കാണിച്ച് പുളയുന്നതെന്തിനാണെന്ന് ഏതെങ്കിലും പ്രേക്ഷകനു സംശയം തോന്നുന്നെങ്കിൽ 2019ൽ News18ൽ വന്ന ഒരു റിപ്പോർട്ട് വായിക്കണം. അതിപ്രകാരമായിരുന്നു. 5 വർഷത്തിനുള്ളിൽ കേരളത്തിലെ പോലീസ് സേനയിൽ പല റാങ്കുകളിലായി 65 ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തിരിക്കുന്നു. അതിൽ 11 മരണങ്ങൾ 2019ൽ മാത്രം നടന്നത്. പല ഇൻസ്പെക്റ്ററന്മാരും ആത്മഹത്യ ചെയ്തത് വർക്ക് പ്രഷർ മൂലമെന്നൊക്കെ വിശദീകരിക്കുന്ന വാർത്തകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. മുകളിൽ നിന്നും താഴെനിന്നും കിട്ടുന്ന പ്രഷറിനു പുറമേ സമൂഹത്തിൽ നിന്നുള്ള റിയൽ ലൈഫ് ത്രെറ്റ് സിറ്റുവേഷനുകൾ വരുന്നതിന്റെ കൂടെ വീടുകളിൽ നിന്നും കൂടിയൊക്കെ പ്രഷർ കിട്ടുമ്പോൾ ചിലരൊക്കെ ജീവിതം വെറുത്ത് പോവും. തന്റെ തൊഴിലിടത്തിന്റെ ചില ഗ്രേ ഏരിയകളിലെ മർമ്മം നോക്കിത്തന്നെയാണ് ഷാഹി കബീർ തിരക്കഥയെഴുതിയിരിക്കുന്നതെന്ന് വ്യക്തമാവുന്ന സിനിമയിലെ ഒന്ന് രണ്ട് ഉദാഹരണങ്ങളാണ് മുകളിലുള്ളത്.
ഇനി നമ്മുടെ പോയിന്റിലേക്ക് വരാം നെറ്റ്ഫ്ലിക്സിൽ നായാട്ട് കണ്ട ശേഷം പല നടീനടന്മാരെയും പേരുകൾ വച്ച് തിരഞ്ഞു. പക്ഷേ ഒരാളെ നേരത്തേ കണ്ട് പരിചയമില്ലാത്തതിനാൽ ഫേസ്ബുക്കിൽ തിരഞ്ഞ് കിട്ടാതെ വന്നപ്പോൾ പിന്നെ കഴിവതും തിരഞ്ഞത് കേരള പോലീസിന്റെ വെബ്ബിലും ലിസ്റ്റിലുമൊക്കെയാണ്. കാരണം മുകളിൽപ്പറഞ്ഞ തരത്തിൽ ഇത്രയും ടെൻഷനും അഗ്രഷനുമൊക്കെ കൺവിൻസിംഗായ ഒരു പോലീസ് മാനറിസം പെർഫക്ഷനോടെ കൊണ്ട് വരാൻ ഒന്നുകിൽ അയാൾ പോലീസ് സേനയിൽ നിന്നൊരു വ്യക്തിയാരിക്കണം. അങ്ങനെ ഒരു കീഴ്‌വഴക്കം ഇപ്പോ സിനിമകളിൽ കണ്ട് വരുന്നുണ്ടല്ലോ. പക്ഷേ അവിടെയൊന്നും തിരഞ്ഞ് കിട്ടാതെ വന്നപ്പോ വെറുതേ m3db നോക്കി. അപ്പഴാണ് ആളെ മനസിലായത്. ജിത്തു അഷറഫ് എന്നതൊരു ഒന്നാന്തരം സിനിമാക്കാരൻ തന്നെയാണ്. നായാട്ടിന്റെ ചീഫ് അസോസിയേറ്റ് സംവിധായകനായ ജിത്തു സ്വതന്ത്ര സംവിധാനം നിർവ്വഹിക്കുന്ന ടോവിനോച്ചിത്രമായ ആരവം 2019ൽ അനൗൺസ് ചെയ്തിരുന്നു. ഉദാഹരണം സുജാതയിലും ചീഫ് അസോസിയേറ്റ് ജിത്തു തന്നെയായിരുന്നു. ആലപ്പുഴക്കാരനായ ജിത്തു മുൻപ് ഭ്രമം, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ സിനിമകളിൽ അസോസിയേറ്റ് സംവിധായകനുമായിരുന്നു.