നേപ്പാളിലെ കിരാത ജനത
വിപിൻ കുമാർ
പുരാണ-ഇതിഹാസങ്ങളില്‍ പര്‍വത പ്രദേശങ്ങളില്‍ പ്രത്യേകിച്ച് ഹിമാലയത്തിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും വസിക്കുന്നവര്‍ക്കുള്ള പൊതുപദമാണ് കിരാതര്‍. ആയിരക്കണക്കിന് വര്‍ഷങ്ങളായി നേപ്പാളിന്റെ ചരിത്രവുമായി ബന്ധമുള്ള ഒരു പുരാതന ജനതയാണ് കിരാതര്‍. നേപ്പാളിനു പുറമേ ഹിമാലയന്‍ പ്രദേശങ്ങളായ സിക്കിമിലും ഡാര്‍ജിലിങിലും കിരാതരെ കാണാന്‍ സാധിക്കും. ചില പഠനങ്ങള്‍ കിരാതരെ കാഠ്മണ്ഡു താഴ്വരയിലെ ആദ്യകാല ഭരണവര്‍ഗമായി വിശേഷിപ്പിക്കുന്നുണ്ട്. ദീര്‍ഘകാല സമ്പര്‍ക്കം വഴി ടിബറ്റന്‍, ഇന്തോ-നേപ്പാള്‍ സംസ്കാരങ്ങളുടേ സ്വാധീനം ഉണ്ടായിട്ടുണ്ടെങ്കിലും വ്യതിരിക്തമായ സാംസ്കാരിക സ്വത്വം കിരാതര്‍ കാത്തുസൂക്ഷിക്കുന്നു. ടിബറ്റോ-ബര്മ്മന് ഭാഷാ കുടുംബത്തില്‍ ഉള്‍പ്പെടുന്നതാണ് അവരുടെ ഭാഷകള്‍.
കണക്കുകള്‍ പ്രകാരം നേപ്പാളിലെ 3 ശതമാനം ജനങ്ങള്‍ കിരാതമതം അഥവാ കിരാത് മുന്ധും പിന്തുടരുന്നു. ശൈവ, ബൗദ്ധ, പ്രകൃത്യാരാധന, പൂര്‍വികാരാധന ധാരകളുടെ സങ്കലനമാണ് കിരാതമതം. നാലു പ്രധാനപ്പെട്ട ഗോത്രങ്ങളാണ് കിരാതര്ക്കിടയില് ഉള്ളത്- യാക്ഖ (യക്ഷ), റായ്, ലിംബു, സുനുവര്‍. മുന്ധും എന്നാണ് ഇവരുടെ വിശുദ്ധ ഗ്രന്ഥത്തിന്റെ പേര്. പ്രാചീന കിരാത ഭാഷയിലാണ് മുന്ധും എഴുതപ്പെട്ടിരിക്കുന്നത്. കിരാത് സംസ്കാരം, ആചാരങ്ങൾ, പാരമ്പര്യങ്ങൾ, ആരാധനാക്രമങ്ങള്‍, സാമൂഹിക മൂല്യങ്ങള്‍ എന്നിവയുടെ പല വശങ്ങളും ഇത് ഉൾക്കൊള്ളുന്നു. ഓരോ ഗോത്രവും പിന്തുടരുന്ന പതിപ്പുകള്‍ തമ്മില്‍ അല്പസ്വല്പം വ്യത്യാസങ്ങളുണ്ട്. ഓരോ ഗോത്രത്തിന്റെയും സാമൂഹിക സ്വത്വം രൂപപ്പെടുത്തുന്നതിനും മറ്റു ഗോത്രങ്ങളുമായി സാംസ്കാരിക ഐക്യം നിലനിര്‍ത്തുന്നതിനും മുന്ധും വഴികാട്ടിയായി വര്‍ത്തിക്കുന്നു. മുന്ധും അധ്യാപനവും ആചാരങ്ങളുടെ നിര്‍വഹണവും നാക്ച്ചോങ് എന്ന് വിളിക്കുന്ന ഗോത്രപുരോഹിതന് മാത്രമാണ് നടത്തുന്നത്.
കിരാതേശ്വര് മഹാദേവ് എന്നും വിളിക്കപ്പെടുന്ന വിരൂപാക്ഷ (ബിരൂപാക്ഷ്യ) നാണ് കിരാത ജനതയുടെ പ്രധാന ആരാധനാമൂര്‍ത്തി. വിരൂപാക്ഷനെ കിരാത ജനത തങ്ങളുടെ കുലപൂര്വികനായി കരുതുന്നു. കാഠ്മണ്ഡുവിലെ പശുപതീനാഥ് ക്ഷേത്രത്തിനു സമീപമുള്ള, ബാഗ്മതീ നദിതീരത്തെ ആര്യഘട്ടിലെ വിരൂപാക്ഷ പ്രതിഷ്ഠ കിരാതരുടെ മുഖ്യ തീര്‍ത്ഥാടന കേന്ദ്രമാണ്. ഇവിടത്തെ വിഗ്രഹത്തിന്റെ പകുതി മാത്രമേ ഭൂമിക്ക് മുകളില്‍ ദൃശ്യമാകുന്നുള്ളൂ.. ബാക്കി പകുതി ഭൂമിക്കടിയിലാണ്. വിഗ്രഹം പതുക്കെ പുറത്തേക്ക് വരുന്നുവെന്നും മുഴുവന്‍ പുറത്തുവന്നാല്‍ ലോകാവസാനമാകുമെന്നുമാണ് വിശ്വാസം.
സാകേല കിരാത ഗോത്രങ്ങളുടെ പ്രധാന ഉല്‍സവങ്ങളില്‍ ഒന്നാണ്. സാകേല വര്‍ഷത്തില്‍ രണ്ടുതവണ ആചരിക്കുന്നു. സാകേല-ഉഭൗലി വൈശാഖ മാസത്തിലെ പൗര്‍ണമി നാളിലും സാകേല-ഉധൗലി മാര്‍ഗശീര്‍ഷ മാസത്തിലെ പൗര്‍ണമി നാളിലും. പരമ്പരാഗത വസ്ത്രം ധരിച്ച കിരാതരുടെ വലിയ സംഘങ്ങൾ വൃത്തത്തില്‍ നിന്ന് അവതരിപ്പിക്കുന്ന സാകേല നൃത്തം എന്ന ആചാരപരമായ നൃത്തമാണ് ഈ ഉത്സവത്തിന്റെ പ്രധാന സവിശേഷത.
മനുഷ്യജീവിതത്തിന്റെ വിവിധ വിന്യാസങ്ങളെയും പ്രകൃതിയുമായുള്ള അവരുടെ ബന്ധത്തെയും സാകേല നൃത്തം പ്രതിഫലിപ്പിക്കുന്നു. നല്ല വിളവിനും പ്രകൃതി ദുരന്തങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനും വേണ്ടി പ്രകൃതി മാതാവിനോടുള്ള പ്രാർത്ഥനയാണ് സാകേല-ഉഭൗലി. വൈശാഖ പൂർണിമ നാളിലാണ് ഉത്സവം ആരംഭിക്കുന്നത്, കാർഷിക വർഷത്തിന്റെ ആരംഭം കുറിക്കുന്ന വൈശാഖിൽ (ഏപ്രിൽ/മെയ്) 15 ദിവസത്തേക്ക് സകേല ഉഭൗലി ആഘോഷിക്കുന്നു. അതുപോലെ, വിളവെടുപ്പ് കാലമായ മാര്‍ഗശീര്‍ഷ (നവംബർ/ഡിസംബർ) സമയത്ത് സകേല ഉധൗലി ആഘോഷിക്കുന്നത് നല്ല വിളവെടുപ്പ് നൽകിയതിന് പ്രകൃതിക്ക് നന്ദി അര്പ്പിക്കലായാണ്.
ലിംബുഗോത്രത്തിലെ ഗ്രാമത്തലവന്മാർക്ക് ഷാ രാജാക്കന്മാർ നൽകിയ സ്ഥാനപ്പേരാണ് സുബ്ബ. അതേപോലെ ദെവാന് എന്നത് യാക്ഖഗോത്രവും മുഖ്യ എന്നത് ലിംബുഗോത്രവും ഉപയോഗിക്കുന്നു. ഓരോ ഗോത്രത്തിനും തനതുഭാഷയുണ്ട്. കിഴക്കന്‍ നേപ്പാളിലെ അരുണ്‍ താഴ്വര പരിസരത്ത് വസിക്കുന്ന യാക്ഖ ചെറീയൊരു ഗോത്രമാണ്. അവരുടെ തനതുഭാഷ ഏതാണ്ട് നാശോന്മുഖമാണ്.
ലിംബു ഗോത്രത്തിന്റെയും മറ്റ് കിരാത സമൂഹങ്ങളുടെയും പരമ്പരാഗത പാനീയമാണ് തോങ്ബ. തിന അടിസ്ഥാനമാക്കിയുള്ള ഒരു ലഹരിപാനീയമാണിത്. ലിംബു ജനതയ്ക്ക് സാംസ്കാരികമായും മതപരമായും പ്രാധാന്യമുള്ള തോങ്ബ പ്രത്യേക ചടാങ്ങുകൾക്കും ഉത്സവങ്ങൾക്കും ഒരു പ്രധാന പാനീയവുമാണ്. തോങ്ബ വിളമ്പുന്നത് അതിഥിയോടുള്ള ആദരവിന്റെ കൂടി പ്രതീകമാണ്.
കിരാത വംശത്തിലെ പ്രബല ഗോത്രമാണ് റായ്. നേപ്പാളിലെ ദൂധ് കോശിക്കും തമോർ നദിക്കും ഇടയിലാണ് അവർ താമസിച്ചിരുന്നത്. റായ് “ജിംദാർ” എന്നും ചില സ്ഥലങ്ങളിൽ “ഖംബു” എന്നും അറിയപ്പെടുന്നു. “ജിം” എന്നാൽ “ഭൂമി” എന്നാണ് അർത്ഥമാക്കുന്നത്. കൃഷിയാണ് റായികളുടെ പരമ്പരാഗത തൊഴില്‍. ഒരുകാലത്ത് ഗണ്യമായ അധികാരവും പ്രദേശവും കൈവശം വെച്ചിരുന്ന മലയോര ഗോത്രവർഗ്ഗക്കാരാണ് റായ്.
ഗൂർഖകളുടെ അധിനിവേശത്തിനെതിരെ ശക്തമായ ചെറുത്തുനില്പ് അവര്‍ നടത്തിയിരുന്നു. 1773-ൽ പൃഥ്വി നാരായൺ ഷാ കീഴടക്കിയതോടെ നേപ്പാളിലെ കിഴക്കൻ മലനിരകളിലെ കിരാതി ഭരണം അവസാനിച്ചു.
റായ് ഗോത്രക്കാര്‍ തങ്ങളുടെ കുലപൂര്വികരായി കരുതി ആരാധിക്കുന്ന ദേവതമാരാണ് സുംനിമയും പരുഹാങും. സ്ത്രീ ദേവതയായ സുംനിമ ഭൂമിമാതാവാണെന്നും സുംനിമയുടെ ഭര്‍ത്താവായ പരുഹാങ് ആകാശത്തിന്റെ ദേവനാണെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. സിക്കിമിലെ റങ്ക ഗ്രാമത്തില്‍ റായ് ഗോത്രത്തിന്റെ സാംസ്കാരിക ഗവേഷണ കേന്ദ്രവും പരുഹാങ്-സുംനിമ ക്ഷേത്രവും ഉണ്ട്.
ചരിത്രത്തിന്റെ ഗതിയില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ക്ക് കിരാത ജനത വിധേയരായിട്ടുണ്ട്. ജനസംഖ്യാനുപാതത്തില്‍ ചെറുതെങ്കിലും നേപ്പാളിന്റെ രാഷ്ട്രീയ-സാംസ്കാരിക മണ്ഡലത്തില്‍ കിരാത ജനത ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.