ദൃശ്യം-2 കണ്ടിട്ട് ദൃശ്യം-1 കണ്ട ഒരാളുടെ വിചിത്രമായ അനുഭവം

215

KJ Jacob

“ഞാൻ ‘ദൃശ്യം രണ്ട്’ കണ്ടിട്ടാണ് ഒന്ന് കണ്ടത്. ആദ്യത്തേതാണ് കുറച്ചുകൂടി ലോജിക്കലായി തോന്നിയത്. അതെന്താണച്ഛാ?”
“അതിനൊരു കാരണമുണ്ട്. ‘ഒന്നി’ൽ ജോർജൂട്ടിയ്ക്കു എന്താണ് പണി?”
“കേബിൾ ടി വി ഓപ്പറേറ്റർ”
“‘രണ്ടി’ലോ?”
“ഹി റൺസ് എ തീയേറ്റർ”
“അതാണ്. ‘ഒന്നി’ൽ അയാൾ രാത്രിയിൽ വീട്ടിൽ പോകാതെ ഓഫീസിലിരുന്ന് സിനിമ കാണുന്നത് കണ്ടില്ലേ? കാണുന്നത് മുഴുവൻ വിദേശ സിനിമകളാണ്. ത്രില്ലറുകൾ ഒക്കെ. ‘രണ്ടി’ൽ വന്നപ്പോൾ അയാൾ തിയറ്ററുടമയായി; വെറും ഉടമയല്ല, തിയറ്ററിൽ കൃത്യമായി പോയി അവിടുള്ള കാര്യങ്ങളൊക്കെ നോക്കിനടത്തുന്ന ഉടമ. സ്വാഭാവികമായും അയാൾ അവിടെ വരുന്ന സിനിമകളും കാണും. അതൊക്കെ മിക്കവാറും മലയാളം സിനിമകൾ ആയിരിക്കും; പിന്നെ വല്ലപ്പോഴും ഒരു തമിഴും.”
“അച്ഛൻ കാര്യം പറയ്.”
“വിദേശ സിനിമകൾ തട്ടുപൊളിപ്പൻ ആണെങ്കിലും കഥയ്ക്ക് ബേസിക് ലോജിക് ഉണ്ടാകും. ആർട്ടിസ്റ്റിക് ലൈസൻസ് എന്നുപറഞ്ഞു അസംബന്ധം വിളമ്പില്ല. നമ്മുടെ നാട്ടിൽ അതല്ലലോ കഥ. ‘ഒന്നി’ൽ വിദേശ സിനിമ കാണുന്ന ജോർജൂട്ടി ലോജിക്കലായി ഓരോന്ന് ചെയ്യുന്നു; ‘രണ്ടി’ൽ നമ്മുടെ സിനിമകൾ കാണുന്ന ജോർജൂട്ടി ‘എന്തിനധികം പറയുന്നു, അങ്ങിനെ സൾഫ്യൂറിക്കാസിഡ് ഉണ്ടായി’ എന്ന് പഠിപ്പിക്കുന്ന കെമിസ്ട്രി അധ്യാപകനെപ്പോലെ ഓരോന്ന് ചെയ്യുന്നു.”
“ബെസ്റ്റ്”.


‘ദൃശ്യം മൂന്നി’ന്റെ ക്ളൈമാക്സ് സംവിധായകൻ ജിത്തു ജോസഫിന്റെ കൈയിൽ ഉണ്ടെന്നാണ് പറഞ്ഞത്; ബാക്കി കിട്ടിയാൽ മതി; ‘മൂന്ന്’ റെഡി. എനിക്കറിയാവുന്ന ഒരു വിധം എല്ലാ മലയാളികളും ഇപ്പോൾ ബാക്കി കഥ കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ്.
മുഴുവൻ സിനിമയ്ക്കു പറ്റിയ കഥയൊന്നുമില്ലെങ്കിലും ഞാൻ ഉണ്ടാക്കിയാൽ ‘ദൃശ്യം മൂന്നി’ൽ ജിത്തു ജോസഫിനും ഒരു റോളുണ്ടാകും; ‘രണ്ടി’ൽ ആന്റണി പെരുമ്പാവൂർ വന്നപോലെ.
കേബിൾ ടി വിയിൽ തുടങ്ങി ഇപ്പോൾ തിയറ്ററുടമയായ ജോർജൂട്ടി ‘മൂന്നി’ൽ ഒരു സ്ട്രീമിങ് കമ്പനി നടത്തുവാണ്. നെറ്ഫ്ലിക്സിന്റെ ഇന്ത്യയിലെ വലിയ എതിരാളി. വലിയ സെറ്റപ്പൊക്കെ ഉണ്ടെങ്കിലും സിനിമകളുടെയും സീരിയലിന്റെയും ഒക്കെ ഫൈനൽ അപ്പ്രൂവൽ ജോർജൂട്ടിതന്നെയാണ്.
അങ്ങിനെയിരിക്കെ ഒരു ദിവസം ഒരു കഥയുമായി ജോർജൂട്ടിയും ജീത്തു ജോസഫിന്റെ സംവിധായക കഥാപാത്രവും ഇരിക്കുകയാണ്. ഒരു ഇടിവെട്ട് കഥയുണ്ട് ആളുടെ കൈയിൽ. ദൃശ്യം ഒന്നും രണ്ടുമൊക്കെ വലിയ ഹിറ്റാക്കിയ ആളല്ലേ. അപ്പോൾ ജോർജൂട്ടി പറയുന്നു: “സംവിധായക, കഥ എനിക്കിഷ്ടപ്പെട്ടു; ഞങ്ങൾ എടുത്തോളാം. പക്ഷെ ഇതിൽ കുറെയേറെ കാര്യങ്ങൾക്കു ഒരു ലോജിക്കും ഇല്ല. കേരളത്തിൽ മാത്രമാണെകിൽ കുഴപ്പമില്ലായിരുന്നു; മലയാളിക്ക് ദൃശ്യങ്ങൾ-സ്‌പെക്ടക്കിളുകൾ–മതി. ദൃശ്യവിസ്മയങ്ങൾ….അതിങ്ങിങ്ങനെ കണ്ണ് നിറയെ കാണണം. ലോജിക്കൽ, ഫാക്ച്വൽ ഗ്യാപ്പൊന്നും മനസിലാകില്ല. ഉണ്ടെങ്കിലും ആർട്ടിസ്റ്റിക് ലൈസൻസ് എന്ന് പറഞ്ഞു അതടച്ചോളും. ഇതിപ്പോ നമ്മൾ പതിനാലു ഭാഷകളിലാണ് നമ്മൾ പടം പിടിക്കുന്നത്; ഇംഗ്ലീഷും ജർമ്മനും ജാപ്പനീസുമടക്കം. അവിടെയൊന്നും ഇത് ചെലവാകില്ല. ഒന്നൂടെ ഒന്ന് നോക്കൂ..നമുക്ക് വീണ്ടും കാണാം..കാണണം. എനിക്ക് നിങ്ങളുടെ കഥ പറച്ചിൽ വലിയ ഇഷ്ടാണ്.”
നിരാശനായി പടിയിറങ്ങിവരുന്ന ജീത്തു ജോസഫ്. പുറത്തേക്കു നടന്ന് ഒരു വോൾവോ കാറിൽ കയറുന്നു.
കട്ട്.
(അവിടെവച്ച് നിർത്തണം. കാറിൽ കയറി കഥയ്ക്ക് ലോജിക്ക് ഉണ്ടാക്കാൻ പോകരുത്. ‘ദൃശ്യം മൂന്ന്’ ഷെഡ്യൂളിൽ തീർക്കണം.)